പൊലീസ് സംഘത്തിനുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമം

കായംകുളം: കഞ്ചാവ് ലോബിയെ തേടിയിറങ്ങിയ പൊലീസ് സംഘത്തിനുനേരെ കഞ്ചാവ് ക്വട്ടേഷന്‍ സംഘത്തിന്‍െറ ആക്രമണം. വടിവാള്‍ ആക്രമണത്തില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘാംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. നര്‍ക്കോട്ടിക് സെല്ലിലെ സ്പെഷല്‍ സ്ക്വാഡിനുനേരെ കൃഷ്ണപുരം പനയന്നാര്‍കാവ് വിശ്വഭാരതി സ്കൂളിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണശ്രമമുണ്ടായത്. സ്കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് കച്ചവടത്തിലെ കണ്ണികളെ തേടിയാണ് പൊലീസ് എത്തിയത്. സംശയാസ്പദനിലയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിരത്തിന്‍െറ അടിസ്ഥാനത്തില്‍ കഞ്ചാവ് കച്ചവടക്കാരെ പിടിക്കാന്‍ പൊലീസ് രണ്ടായി തിരിഞ്ഞ് സ്കൂള്‍ പരിസരത്ത് കാത്തുനിന്നു. വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായാണ് പത്തംഗസംഘം എത്തിയത്. പൊലീസ് പാഞ്ഞടുത്തതോടെ കഞ്ചാവ് സംഘം വിവിധ ഭാഗങ്ങളിലേക്ക് ചിതറിയോടി. നിരവധി കേസുകളില്‍ പ്രതിയായ സംഘത്തലവന്‍ കട്ടച്ചിറ നല്ളേത്ത് റിയാസ് ഖാനെ (35) പിടിക്കാനായി എ.എസ്.ഐ അലി അക്ബറും സിവില്‍ പൊലീസ് ഓഫിസര്‍ അനൂപ് ജി. ഗംഗയും ശ്രമം നടത്തിയതോടെയാണ് വടിവാള്‍ ആക്രമണം ഉണ്ടായത്. രണ്ടുതവണ വടിവാള്‍ വീശിയെങ്കിലും ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടത്. ഈ സമയം ഓടിമാറിയ സിവില്‍ പൊലീസ് ഓഫിസര്‍ അനൂപ് ജി. ഗംഗയെ പിന്തുടര്‍ന്നെങ്കിലും നാട്ടുകാര്‍ എത്തിയതോടെ സംഘം പിന്തിരിഞ്ഞു. പൊലീസിന്‍െറ അമ്പരപ്പ് മുതലെടുത്ത് ബൈക്കുകളില്‍ കഞ്ചാവ് സംഘം രക്ഷപ്പെടുകയായിരുന്നു. കായംകുളത്തുനിന്ന് എത്തിയ പൊലീസ് സംഘം റിയാസ് ഖാനെ പിന്നീട് കസ്റ്റഡിയിലെടുത്തു. അഞ്ചാമത്തെ തവണയാണ് അലി അക്ബര്‍ മയക്കുമരുന്നു മാഫിയയുടെ ആക്രമണത്തിന് വിധേയനാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.