ഓണം: പരിശോധന കര്‍ശനമാക്കി

മാവേലിക്കര: ഓണവിപണി ലക്ഷ്യമാക്കി അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ പടക്കശേഖരം പിടികൂടി. വള്ളികുന്നം വില്ളേജില്‍ കാരാഴ്മ രാജുവിന്‍െറ ഉടമസ്ഥതയിലെ ശ്രീരംഗം വീട്ടില്‍നിന്നാണ് 500 കിലോ പടക്ക ശേഖരം പിടികൂടിയത്. അനധികൃത സ്ഫോടകവസ്തു നിര്‍മാണം, ശേഖരണം, വിപണനം എന്നിവക്കെതിരെ മാവേലിക്കര സി.ഐ പി. ശ്രീകുമാറിന്‍െറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ ലൈസന്‍സിന്‍െറ മറവിലാണ് പടക്കങ്ങള്‍ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാക്രമീകരണങ്ങള്‍ ഒന്നുമില്ലാതെ ജനവാസകേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരുന്ന ഈ സ്ഫോടകവസ്തുക്കള്‍ പിടികൂടിയതോടെ വന്‍ ഭീഷണിയാണ് ഒഴിവായത്. സി.ഐക്കൊപ്പം എസ്.ഐ സംജിത്ത് ഖാന്‍, സി.പി.ഒമാരായ രാഹുല്‍രാജ്, ഉണ്ണികൃഷ്ണപിള്ള എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് സി.ഐ പറഞ്ഞു. ഹരിപ്പാട്: തീരപ്രദേശങ്ങളിലും മണ്ഡലത്തിന്‍െറ ഉള്‍പ്രദേശങ്ങളിലും അനധികൃത മദ്യവില്‍പന ഉണ്ടാകുമെന്ന നിഗമനത്തിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് വിഭാഗം റെയ്ഡ് ശക്തമാക്കി. തൃക്കുന്നപ്പുഴയിലെ ലക്ഷ്മി തോപ്പ്, ആറാട്ടുപുഴയിലെ വലിയഴീക്കല്‍, തീരപ്രദേശങ്ങള്‍, കിഴക്കന്‍ ഭാഗങ്ങളായ പള്ളിപ്പാട്, ചേപ്പാട് തുടങ്ങിയ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് റെയ്ഡ്. റവന്യൂ, പൊലീസ് വിഭാഗങ്ങളും ഇതിനോട് സഹകരിക്കുന്നുണ്ട്. നിലവില്‍ താമല്ലാക്കല്‍ ഭാഗത്ത് റെയ്ഡ് നടത്തി മൂന്ന് കേസ് എടുത്തിട്ടുണ്ട്. ചെങ്ങന്നൂര്‍: ഓണം പ്രമാണിച്ച് ജില്ലയിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളില്‍ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി ചെങ്ങന്നൂര്‍, മാന്നാര്‍ ടൗണുകളിലെ പച്ചക്കറിക്കടകള്‍, തുണിക്കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപൈ്ള ഓഫിസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം മിന്നല്‍ പരിശോധന നടത്തി. ക്രമക്കേട് കണ്ടത്തെിയ മാന്നാറിലെ രണ്ട് ബേക്കറികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കെസെടുത്തു. രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കി. ആകെ 5000 രൂപ പിഴ ഒടുക്കാന്‍ ശിപാര്‍ശ ചെയ്തു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എ.എന്‍. ബൈജു, എം.എച്ച്. സൈബു, എസ്. ഷാജി, ഫുഡ് സേഫ്റ്റി ഓഫിസര്‍ ആരക് ശ്രീകുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഷൈനി വാസവന്‍, വിനീത് ശിവരാം എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.