മന്ത്രിമാര്‍ക്ക് പഞ്ഞമില്ല; ആലപ്പുഴയില്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ജനം

ആലപ്പുഴ: നല്ല കുടിവെള്ളം, നല്ല റോഡുകള്‍, മികവ് പുലര്‍ത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രി, മറ്റ് ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ആഗ്രഹങ്ങളാണ് ഇടത് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ ആലപ്പുഴക്കാരുടെ മനസ്സിലുള്ളത്. ജില്ലയില്‍നിന്ന് കൂടുതല്‍ മന്ത്രിമാര്‍ വരുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ജനം. കഴിഞ്ഞ സര്‍ക്കാറില്‍ ആലപ്പുഴയില്‍ നിന്നുള്ള യു.ഡി.എഫ് പ്രതിനിധികള്‍ രണ്ടുപേരായിരുന്നു. രമേശ് ചെന്നിത്തലയും പി.സി. വിഷ്ണുനാഥും. അതില്‍ രമേശ് ചെന്നിത്തല മന്ത്രിയായെങ്കിലും ഹരിപ്പാട് മണ്ഡലത്തിലായിരുന്നു കൂടുതല്‍ കേന്ദ്രീകരിച്ചത്. അതിന്‍െറ ഗുണം ഹരിപ്പാടിനുണ്ടായി. പ്രതിപക്ഷ എം.എല്‍.എമാര്‍ കൂടിയതുകൊണ്ട് ആലപ്പുഴയുടെ വ്യവസായിക മുരടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കഴിഞ്ഞ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ളെന്ന് ആരോപണമുണ്ട്. മാത്രമല്ല, വ്യവസായ സ്ഥാപനങ്ങള്‍ തകരുകയും സഹകരണ ആശുപത്രി ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ എത്തുകയും ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളജ്, ഗവ. നഴ്സിങ് കോളജ് എന്നിവയുടെ നിലവാര തകര്‍ച്ചയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുമ്പത്തെ വി.എസ് മന്ത്രിസഭയുടെ കാലത്ത് ആലപ്പുഴക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ ഉണ്ടായിരുന്നു. ഇത്തവണ മുഖ്യമന്ത്രി ആലപ്പുഴക്കാരനല്ളെങ്കിലും ധനമന്ത്രിയായി തോമസ് ഐസക്കും പൊതുമരാമത്ത് മന്ത്രിയായി ജി. സുധാകരനും ചേര്‍ത്തലയില്‍നിന്ന് പി. തിലോത്തമനും മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയും മന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്. ഇതോടെ ആലപ്പുഴയുടെ പരാധീനതകള്‍ക്കും അവഗണനകള്‍ക്കും അവസാനമുണ്ടാകുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്ക്. തീരദേശ ജില്ലയെന്നും പിന്നാക്ക ജില്ലയെന്നും ആലപ്പുഴക്ക് വിശേഷണമുണ്ട്. ഭൂരിഭാഗം ജനങ്ങളും ഇടത്തരക്കാരോ അതിന് താഴെയുള്ളവരോ ആണ്. ശരാശരി വരുമാനം മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണ്. പൊതുവെ ജീവിതത്തിന്‍െറ വിവിധങ്ങളായ പ്രയാസങ്ങളും അവസ്ഥകളും അഭിമുഖീകരിക്കുന്നവര്‍. നല്ല വെള്ളം കുടിക്കാന്‍ ഇനിയും ആലപ്പുഴക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ആലപ്പുഴ കുടിവെള്ള പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്ന് നിശ്ചയമില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിയും ആകെ പ്രതിസന്ധിയിലാണ്. വ്യവസായ ശാലകളുടെ ഊര്‍ധശ്വാസം വലിക്കല്‍ അവസാനിക്കുമെന്ന പ്രതീക്ഷയും ജനങ്ങള്‍ക്കുണ്ട്. കയര്‍മേഖല, മത്സ്യമേഖല, ടൂറിസം മേഖല എന്നിവയിലെല്ലാം വ്യക്തമായ നിലപാട് ഇടതുമുന്നണി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്ജനം. ദേശീയപാതയുടെ കാര്യത്തില്‍ സുപ്രധാന നിലപാട് ഇടതുമുന്നണിക്ക് സ്വീകരിക്കേണ്ടി വരും. നിലവിലുള്ള റോഡിന്‍െറയും അനുബന്ധ സ്ഥലത്തിന്‍െറയും വീതി ഉപയോഗപ്പെടുത്തി നാലുവരിപ്പാത നിര്‍മിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ജനങ്ങള്‍. ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്ന ആലപ്പുഴ ദേശീയപാത ഇപ്പോഴുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി നാലുവരി പാതയാക്കണമെന്ന ആവശ്യം ശക്തമാണ്. സമാന്തരമായുള്ള ഒട്ടേറെ ഗ്രാമീണ റോഡുകളുടെ ദുരവസ്ഥക്കും പരിഹാരം കാണണം. ആരോഗ്യവകുപ്പ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജില്ലയെ അവഗണിച്ച മട്ടിലായിരുന്നു. അതിന്‍െറ ദുരന്തം പലരീതിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായി. ഇപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ പാരാമെഡിക്കല്‍ സ്റ്റാഫോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇല്ല. സാധാരണ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ കഴിയാത്തതുകൊണ്ട് കൂടുതല്‍ കേസുകളും സമീപ ജില്ലകളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. നേതാക്കളും മന്ത്രിമാരും ഉണ്ടായിട്ടും എന്തുകൊണ്ട് ആലപ്പുഴയിലെ വിഷയങ്ങള്‍ പരിഹരിക്കപ്പെടുന്നില്ളെന്ന ചോദ്യം ഓരോ മന്ത്രിസഭയുടെ കാലത്തും ഉയരാറുണ്ട്. ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ ഇതിന് മാറ്റംവരുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.