ഇടത് വിജയാഹ്ളാദത്തില്‍ നിറഞ്ഞുനിന്നത് ബി.ഡി.ജെ.എസിനോടുള്ള പ്രതിഷേധം

കായംകുളം: കായംകുളത്തെ ഇടത് വിജയാഹ്ളാദത്തില്‍ നിറഞ്ഞുനിന്നത് ബി.ഡി.ജെ.എസിനോടുള്ള പ്രതിഷേധം. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് കുടങ്ങള്‍ ഉടച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കുട്ടനാട്ടിലെ സ്ഥാനാര്‍ഥിയുമായിരുന്ന സുഭാഷ് വാസുവിന്‍െറ വീടിന് മുന്നില്‍വരെ ഈ പ്രതിഷേധം അലയടിച്ചു. എസ്.എന്‍.ഡി.പിയും സി.പി.എമ്മും തമ്മില്‍ മണ്ഡലത്തില്‍ ഏറെനാളായി നിലനില്‍ക്കുന്ന തര്‍ക്കവും പ്രതിഷേധത്തിന് ശക്തിപകര്‍ന്നു. സുഭാഷ് വാസു നേതൃത്വം നല്‍കുന്ന കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളജിന്‍െറ മറവില്‍ നടക്കുന്ന നിലംനികത്തലും വഴി കെട്ടിയടക്കലുമാണ് തര്‍ക്കത്തിന്‍െറ പ്രധാനകാരണം. പൊതുവഴി കെട്ടിയടച്ച കോളജ് മാനേജ്മെന്‍റിന്‍െറ നടപടിക്കെതിരെ സി.പി.എം നടത്തിവരുന്ന സമരം ഇപ്പോഴും അവസാനിച്ചിട്ടില്ല. പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ കട്ടച്ചിറയിലത്തെി സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. യു.ഡി.എഫ് ഭരണത്തിന്‍െറ പിന്‍ബലത്തിലായിരുന്നു സി.പി.എം സമരത്തെ എസ്.എന്‍.ഡി.പി നേരിട്ടത്. ഭൂമി കൈയേറ്റവും അനധികൃത നിലംനികത്തലും നടന്നതായി റവന്യു അധികൃതര്‍ സമ്മതിച്ചിട്ടും ഭരണസ്വാധീനം ഇവര്‍ക്ക് ബലമാവുകയായിരുന്നു. സി.പി.എമ്മിന്‍െറ അടിത്തറ തോണ്ടാനായി ബി.ഡി.ജെ.എസ് നടത്തിയ ഇടപെടലുകളെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് സി.പി.എം പ്രതിരോധിച്ചത്. ബി.ഡി.ജെ.എസിന്‍െറ പിറവിക്കുമുമ്പ് ഭരണിക്കാവ് പഞ്ചായത്തിലെ ഇടതുപക്ഷഭരണം അവസാനിപ്പിക്കാന്‍ ഇവര്‍ നടത്തിയ ഇടപെടലുകളും പരാജയപ്പെട്ടിരുന്നു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവരുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും ഇടയാക്കി. മണ്ഡലത്തിന്‍െറ എല്ലാ ഭാഗത്തും പ്രതിഭാഹരിക്ക് വന്‍മുന്നേറ്റമുണ്ടാകുന്നതിനും ഇത് സഹായകമായി. ഈഴവ രാഷ്ട്രീയം സി.പി.എമ്മിന്‍െറ അടിത്തറയിളക്കുമെന്ന കോണ്‍ഗ്രസിന്‍െറ അമിതപ്രതീക്ഷക്കുള്ള തിരിച്ചടി കൂടിയാണ് കായംകുളത്തെ ഫലമെന്നും വിലയിരുത്തുന്നു. വര്‍ഗീയ രാഷ്ട്രീയത്തോട് മൃദുസമീപനം സ്വീകരിച്ച കോണ്‍ഗ്രസിന് രണ്ടുനിലയില്‍ വോട്ടുകള്‍ നഷ്ടമായി. ബി.ഡി.ജെ.എസിന് വോട്ട് ചോര്‍ന്നതിനൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് നഷ്ടമാവുകയും ചെയ്തു. എന്നാല്‍, ബി.ഡി.ജെ.എസിനെ കരുതിയിരുന്ന ഇടതിന് നഗരസഭയിലും എല്ലാ പഞ്ചായത്തിലും വ്യക്തമായ മുന്നേറ്റമുണ്ടായി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന്‍െറ തട്ടകമായ ഭരണിക്കാവിലും ഇടതുപക്ഷം വന്‍ മുന്നേറ്റമാണ് നടത്തിയത്. 1841 വോട്ടിന്‍െറ ലീഡാണ് പ്രതിഭാഹരി ഇവിടെ നേടിയത്. 2690 വോട്ട് മാത്രമെ എന്‍.ഡി.എക്ക് നേടാനായുള്ളൂ. പത്തിയൂര്‍ പഞ്ചായത്തില്‍ 2622 വോട്ടിന്‍െറയും ചെട്ടികുളങ്ങരയില്‍ 3303ഉം നഗരസഭയില്‍ 897ഉം കണ്ടല്ലൂരില്‍ 613ഉം ദേവികുളങ്ങരയില്‍ 1429ഉം കൃഷ്ണപുരത്ത് 1186 വോട്ടിന്‍െറയും ലീഡ് ഇടതുപക്ഷം നേടി. നഗരത്തിലും ചെട്ടികുളങ്ങരയിലുമാണ് എന്‍.ഡി.എക്ക് കൂടുതല്‍ വോട്ട് ലഭിച്ചത്. നഗരസഭയില്‍ 5147ഉം ചെട്ടികുളങ്ങരയില്‍ 4686 വോട്ടും ലഭിച്ചു. പത്തിയൂരില്‍ 2387ഉം കണ്ടല്ലൂരില്‍ 1160ഉം ദേവികുളങ്ങരയില്‍ 1558ഉം കൃഷ്ണപുരത്ത് 2332 വോട്ടുമാണ് എന്‍.ഡി.എക്ക് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.