താരപരിവേഷത്തില്‍ അവസാനത്തെ അടവുമായി ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥികള്‍

ചെങ്ങന്നൂര്‍: ചതുഷ്കോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ താരപരിവേഷത്തിന്‍െറ ആവേശവും പ്രചാരണത്തിലെ അടവുകളുമായി സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന് വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയത് നടന്‍ ജയറാമായിരുന്നു. താന്‍ രാഷ്ട്രീയത്തിന്‍െറ പേരില്‍ വന്നതല്ളെന്നും സൗഹൃദത്തിന്‍െറ ഭാഗമായാണ് വോട്ട് അഭ്യര്‍ഥിക്കുന്നതെന്നും ജയറാം പറഞ്ഞു. മാന്നാര്‍ കുന്നത്തൂര്‍ ജങ്ഷനിലെ സ്വീകരണ യോഗത്തിലായിരുന്നു ജയറാം പങ്കെടുത്തത്. ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടന്‍ സുരേഷ് ഗോപി റോഡ്ഷോ നടത്തി. പരുമലക്കടവില്‍നിന്ന് തുറന്ന വാഹനത്തില്‍ സ്റ്റോര്‍ ജങ്ഷന്‍ വരെയാണ് റോഡ്ഷോ നടത്തിയത്. അതിനുശേഷം വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍ നായര്‍ക്കായി സിനിമാതാരങ്ങള്‍ എത്തിയില്ല. എന്നാല്‍, നാസിക് ധോളും ഫ്ളാഷ് മോബുമായി സ്ഥാനാര്‍ഥി ജനങ്ങളെ കൈയിലെടുത്തു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് ഫ്ളാഷ്മോബ് അവതരിപ്പിച്ചത്. ശോഭന ജോര്‍ജിന്‍െറ പ്രവര്‍ത്തകരും സിനിമാപരിവേഷമില്ലാതെ പ്രചാരണത്തിന് പുതുമ കാണിക്കുന്നുണ്ട്. കലാശക്കൊട്ട് മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. കൊട്ടിക്കലാശത്തോടനുബന്ധിച്ച് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് കര്‍ശന നിര്‍ദേശങ്ങള്‍ മുന്നണി നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.