കൈയേറ്റങ്ങള്‍ക്ക് അറുതിയില്ല; അധികാരികള്‍ നിസ്സംഗതയില്‍

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ പ്രധാന ജലസ്രോതസ്സായ വരട്ടാര്‍ കൈയേറ്റക്കാരുടെ പിടിയിലമര്‍ന്ന് അപ്രത്യക്ഷമാവുകയാണ്. തിരുവന്‍വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനുസമീപം സ്വകാര്യവ്യക്തി വരട്ടാറിന്‍െറ കൈത്തോട് കൈയേറി. നീരൊഴുക്ക് പൂര്‍ണമായും തടഞ്ഞാണ് കൈയേറ്റം. തോടിന് കുറുകെ കരിങ്കല്‍ കെട്ടി വഴിയുണ്ടാക്കി. ഇരുവശങ്ങളിലും മണ്ണിട്ടുനിരത്തി തെങ്ങിന്‍ തൈകളും വാഴയും മറ്റ് കൃഷികളും ഇറക്കി പഴയപുരയിടം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാക്കി എടുക്കുകയും ചെയ്തിരിക്കുകയാണ്. നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചട്ട് പ്രതികരണം ഉണ്ടായിട്ടില്ല. രണ്ടാഴ്ചയായി മണ്ണടിക്കലും കരിങ്കല്‍ ഭിത്തി നിര്‍മാണവും നടക്കുന്നു. ഈഭാഗത്ത് നല്ല വീതിയുണ്ടായിരുന്ന തോട് ഇപ്പോള്‍ ഇരുസൈഡിലും മണ്ണ് നിരത്തിയതുകാരണം നാമമാത്രമായി. തെരഞ്ഞെടുപ്പായതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ മുന്നോട്ടുവന്നില്ല. കുടിവെള്ളപ്രശ്നവും നീര്‍ത്തടസംരക്ഷണവും പരിസ്ഥിതി പ്രശ്നവും മറ്റും ലഘുലേഖകളിലും പ്രസ്താവനകളിലും കവലപ്രസംഗങ്ങളിലും മാത്രം ഒതുങ്ങുകയാണെന്ന് പറയുന്നു. 14 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന വരട്ടാറിന് ഇപ്പോള്‍ അതിന്‍െറ പൂര്‍വസ്ഥിതിയില്ല. കൈയേറ്റം സംബന്ധിച്ച് പൊതുമരാമത്ത്, ജലസേചനവകുപ്പ്, റവന്യൂ മന്ത്രിമാര്‍, കലക്ടര്‍, ആര്‍.ഡി.ഒ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടി എടുക്കാത്തത് കൈയേറ്റക്കാര്‍ക്ക് സഹായകമായി. വെള്ളം കിട്ടാത്തതിനാല്‍ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചതോടെ ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ കൃഷി ഇല്ലാതായി. ഇതോടെയാണ് നന്നാട് ഭാഗത്ത് നിലംനികത്തല്‍ വ്യാപകമായെന്നും പരാതിയുണ്ട്. കൈയേറ്റങ്ങളും നിലംനികത്തലും നടക്കുന്നത് റവന്യൂ അധികാരികളുടെ മൗനാനുവാദത്തോടെയും ഒത്താശയോടുമാണെന്ന് ആക്ഷേപമുണ്ട്. മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിച്ച് വരട്ടാറും കൈത്തോടുകളും പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.