മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പൊതുതാല്‍പര്യ ഹരജി

ചാരുംമൂട്: ചാരുംമൂട് മുതല്‍ കിഴക്കോട്ട് കെ.പി റോഡരുകിലെ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പൊതുതാല്‍പര്യ ഹരജി. പൊതുപ്രവര്‍ത്തകനും സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമായ അഡ്വ. ഒ. ഹാരിസ് മാവേലിക്കര ലീഗല്‍ സര്‍വിസ് കമ്മിറ്റി മുമ്പാകെയാണ് ഹരജി ഫയല്‍ ചെയ്തത്. എതിര്‍ കക്ഷിയായ പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം ഡിവിഷന്‍ അസി. എന്‍ജിനീയര്‍ക്ക് അടിയന്തര നോട്ടീസയച്ചു. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ലേല നോട്ടീസ് പുറപ്പെടുവിക്കുകയും അതിനെതിരെ പൊതുജനങ്ങളും സാമൂഹിക സംഘടനകളും രംഗത്തുവരുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങളാണ് മുറിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിച്ചത്. പടര്‍ന്ന് പന്തലിച്ച് പൊതുജനങ്ങള്‍ക്ക് തണലും പക്ഷിമൃഗാദികള്‍ക്ക് ആവാസവ്യവസ്ഥ നല്‍കുന്നതും റോഡുകളെ സൗന്ദര്യവത്കരിക്കുന്നതുമായ മരങ്ങളാണ് മുറിക്കാന്‍ നോട്ടീസ് പുറപ്പെടുവിച്ചത്. വൃക്ഷങ്ങള്‍ വെട്ടുന്നത് വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കും. അപകടാവസ്ഥയിലായ മരങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ പകരം വൃക്ഷം നട്ടുപിടിപ്പിച്ചശേഷമെ വൃക്ഷങ്ങള്‍ നശിപ്പിക്കാവൂ എന്നും ഹരജിയില്‍ പറയുന്നു. നിരോധ ഉത്തരവ് പുറപ്പെടുവിക്കുന്നതിലേക്ക് ഹരജി ഏപ്രില്‍ എട്ടിന് പരിഗണിക്കും. മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ പ്രതിഷേധമുയരുന്നതായി ‘മാധ്യമം’ ശനിയാഴ്ച വാര്‍ത്ത കൊടുത്തിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ ഹരജി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.