റോഡരികില്‍ കക്കൂസ് മാലിന്യം തള്ളുന്നു

ഹരിപ്പാട്: റെയില്‍വേ സ്റ്റേഷന്‍ റോഡിന്‍െറ സമീപത്തും മറ്റും രാത്രിയില്‍ ടാങ്കര്‍ ലോറികളില്‍ മനുഷ്യ വിസര്‍ജ്യം കൊണ്ടുതള്ളുന്നത് മൂലം ജനജീവിതം ദുസ്സഹമായി. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോഴാണ് മാലിന്യ നിക്ഷേപം ശ്രദ്ധയില്‍ പെട്ടത്. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ കരുവാറ്റയില്‍ ദേശീയ പാതയോരത്തും വന്‍തോതില്‍ മാലിന്യ നിക്ഷേപം നടത്തിയിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് അവിടെ ശല്യം ഒഴിവായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയെന്നോണമാണ് ഇവിടെ ശല്യം രൂക്ഷമായത്. രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തണമെന്നും സംശയാസ്പദമായിക്കാണുന്ന ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കണമെന്നുമുള്ള ആവശ്യം ശക്തമായി. ഇവിടങ്ങളില്‍ തെരുവ് വിളക്കുകള്‍ കത്താത്തതും പാതയോരം വിജനമായതും, മാലിന്യ നിക്ഷേപത്തിന് സൗകര്യമായി. ഇതിനെതിരേ പല പ്രാവശ്യം അധികൃത സ്ഥാനങ്ങളില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ ക്ഷുഭിതരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.