സമാന്തര സര്‍വിസില്‍ പ്രതിഷേധിച്ച് ബസ് പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

ആറാട്ടുപുഴ: തൃക്കുന്നപ്പുഴ തോട്ടപ്പള്ളി റൂട്ടില്‍ സ്വകാര്യബസുകള്‍ പണിമുടക്കിയത് യാത്രക്കാരെ വലച്ചു. സമാന്തര സര്‍വിസുകള്‍ തടയുന്നതില്‍ അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസുകള്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ ഓട്ടം നിര്‍ത്തിയത്. അപ്രതീക്ഷിതമായുണ്ടായ സമരം വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിലാക്കി. തൃക്കുന്നപ്പുഴ-ആറാട്ടുപുഴ റോഡിന്‍െറ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ രണ്ടുമാസമായി ഇതുവഴിയുള്ള സര്‍വിസ് നിലച്ചിരിക്കുകയാണ്. ഇതുമൂലം കലക്ഷനില്‍ വലിയ കുറവാണ് ദിനേന ഉണ്ടാകുന്നത്. തോട്ടപ്പള്ളിയില്‍ തുടങ്ങി തൃക്കുന്നപ്പുഴയില്‍ സര്‍വിസ് അവസാനിപ്പിക്കുകയാണ്. എന്നാല്‍, ഈ റൂട്ടില്‍ ഓട്ടോടാക്സികള്‍ സമാന്തര സര്‍വിസ് നടത്തുന്നത് തങ്ങള്‍ക്ക് കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു. ഇന്ധനച്ചെലവിന് കലക്ഷന്‍പോലും മിക്ക ദിവസങ്ങളിലും ലഭിക്കാറില്ല. നാലുപേരെ കയറ്റാന്‍ അനുമതിയുള്ള ഓട്ടോടാക്സികള്‍ ഏഴും എട്ടും പേരെ കുത്തിനിറച്ച് തലങ്ങുംവിലങ്ങും ഓടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇവര്‍ പറയുന്നത്. അധികാരികളോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. നിയമം ലംഘിച്ച് സമാന്തര സര്‍വിസുകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.