ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയുടെ ശോച്യാവസ്ഥ എടുത്തുകാട്ടി നിയോജകമണ്ഡലത്തിന്‍െറ സമഗ്രവികസനം സാധ്യമാക്കാനുള്ള പദ്ധതികളുടെ രൂപരേഖ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ വകുപ്പ് മന്ത്രിമാര്‍ക്ക് കൈമാറി. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുക, ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങള്‍, പ്രവര്‍ത്തനരഹിതമായ ഉപകരണങ്ങള്‍, അപരിഷ്കൃതമായ ലബോറട്ടറി, ഉപയോഗശൂന്യമായ എക്സ്റേ യൂനിറ്റ് എന്നിവ നവീകരിക്കുക, അസ്ഥിരോഗ നിവാരണത്തിനും ഡയാലിസിസ് നടത്തുന്നതിനും സ്കാനിങ്ങിനുമായി പുതിയ യൂനിറ്റുകള്‍, അത്യാധുനിക മോര്‍ച്ചറി സംവിധാനം എന്നിവ ആരംഭിക്കണമെന്നും ആയുര്‍വേദ ആശുപത്രിക്ക് സ്വന്തം സ്ഥലത്ത് പുതിയകെട്ടിടം പണിയാന്‍ തുക അനുവദിക്കണമെന്നും ആരോഗ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. മണ്ഡലത്തില്‍ നിലവിലുള്ള പ്രധാനപ്പെട്ടതും തകര്‍ന്നതുമായ ഒമ്പത് റോഡുകളുടെ നവീകരണം, വര്‍ഷങ്ങളായി നിര്‍മാണപ്രവര്‍ത്തനം നിലച്ച പാണ്ടനാട് മിത്രമഠം, ചെങ്ങന്നൂര്‍ കൈപ്പാലക്കടവ് എന്നീ പാലങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പൊതുമരാമത്ത് മന്ത്രിക്ക് നല്‍കിയി നിവേദനത്തില്‍ ആവശ്യപ്പെട്ടു. വേനല്‍ക്കാലത്ത് ചെങ്ങന്നൂരിലെ ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാന്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളപദ്ധതികള്‍ ആവിഷ്കരിക്കനും നിലവിലുള്ളവയുടെ സംഭരണ ശേഷി വര്‍ധിപ്പിക്കാനും മുടങ്ങിക്കിടക്കുന്ന ചെന്നിത്തല തൃപ്പെരുന്തുറ കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കാനും നടപടി കൈക്കൊള്ളണമെന്ന് ജലവിഭവമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിര്‍മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ച ഗാരേജ് കം കോംപ്ളക്സിന്‍െറ അശാസ്ത്രീയ പ്ളാനും എസ്റ്റിമേറ്റും പുതുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടു. ചെങ്ങന്നൂരിലെ ഹാച്ചറി അടച്ചുപൂട്ടലിന്‍െറവക്കിലാണ്. ഹാച്ചറിയുടെ പുനരുജ്ജീവനത്തിന് സര്‍ക്കാറിന്‍െറ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും പൊതുശ്മശാനവും ടൗണ്‍ ഹാളും ടെക്നോപാര്‍ക്കിനും ബജറ്റില്‍ തുക വകകൊള്ളിക്കണമെന്ന് ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.