നടുവൊടിക്കും റോഡുകള്‍; പ്രതിഷേധം ശക്തമാകുന്നു

വടുതല: യാത്രക്കാരുടെ നടുവൊടിച്ച് പ്രധാന റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയില്‍. അപ്രതീക്ഷിതമായ ഗട്ടറില്‍ ചാടി അപകടങ്ങളും സ്ഥിരം കാഴ്ചളായി. അപകടം നടക്കുമ്പോള്‍ എല്ലാത്തിനും പരിഹാരം കാണുമെന്ന് വാക്കുകൊടുക്കുന്ന ജനപ്രതിനിധികള്‍ വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തുകയാണെന്നാണ് നാട്ടുകാരുടെ അരോപണം. തിരക്കുള്ള ചേര്‍ത്തല-അരൂക്കുറ്റി റോഡ് ഉള്‍പ്പെടെ പ്രധാന പാതകളെല്ലാം തകര്‍ന്നിരിക്കുകയാണ്. റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റിയും വായനശാലകളും ക്ളബുകളും രംഗത്തുവന്നു. നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും അല്ളെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ചെറിയ കുഴികള്‍ രൂപപ്പെടുമ്പോഴേ അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നെങ്കില്‍ റോഡുകള്‍ കുറെയെങ്കിലും സംരക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ കാണിക്കുന്ന അലംഭാവം വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയാണ്. കുഴികള്‍ എത്ര പെരുകിയാലും ഇക്കാര്യത്തില്‍ ഒരു പരിഹാരവും കാണുകയില്ളെന്ന വാശിയിലാണ് അധികൃതര്‍. ചേര്‍ത്തല-അരൂക്കുറ്റി റോഡ് കുഴികളും വെള്ളക്കെട്ടുമായി തകര്‍ന്നിരിക്കുകയാണ്. നിരവധി വളവുകളുള്ള റോഡ് ഇപ്പോഴും ഒരു പുരോഗതിയുമില്ലാതെ നിലനില്‍ക്കുകയാണ്. റോഡിന് മതിയായ വീതിയില്ലാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ചേര്‍ത്തല, അരൂര്‍, വൈറ്റില, ഇടക്കൊച്ചി, എറണാകുളം എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകളടക്കം നൂറുകണക്കിന് ബസുകളാണ് ദിനേന ഇതുവഴി സര്‍വിസ് നടത്തുന്നത്. കൂടാതെ അരൂര്‍ വ്യവസായ മേഖലയിലേക്ക് പോകുന്ന ചെറുതും വലുതുമായ അനേകം വാഹനങ്ങളും ഈ റോഡുവഴിയാണ് പോകുന്നത്. മഴക്കാലമായതോടെ റോഡിന്‍െറ മിക്ക ഭാഗങ്ങളിലും വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാവുകയും രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. വാഹനങ്ങളുടെ വര്‍ധനയും റോഡിന്‍െറ വീതികുറവും മൂലം അരൂക്കുറ്റി പാലം മുതല്‍ അരൂര്‍ വരെ യാത്രചെയ്യാന്‍ മണിക്കൂറുകള്‍ കാത്തുകിടക്കേണ്ടി വരുകയും ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.