കടല്‍കയറ്റം: അന്ധകാരനഴി മുതല്‍ പള്ളിത്തോട് ചാപ്പക്കടവ് വരെ കടല്‍ഭിത്തി തകരുന്നു

അരൂര്‍: ശക്തമായ കടല്‍കയറ്റം മൂലം അന്ധകാരനഴി മുതല്‍ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള കടല്‍ഭിത്തി തകര്‍ന്ന അവസ്ഥയിലായി. തീരം സംരക്ഷിക്കാന്‍ ബലമുള്ള കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കടല്‍ക്ഷോഭം മൂലം തീരപ്രദേശത്ത് ഏക്കറുകണക്കിന് കരഭാഗമാണ് കടലെടുത്തത്. പള്ളിത്തോട് ചാപ്പക്കടവില്‍ മത്സ്യബന്ധന വള്ളങ്ങള്‍ കയറ്റിവെക്കാനുള്ള കരഭാഗം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കടല്‍ഭിത്തിയും കടന്നത്തെുന്ന തിരമാല ഓരോവര്‍ഷവും തീരത്ത് വന്‍നാശമാണ് ഉണ്ടാക്കുന്നത്. കടല്‍ ചെറുതായി ക്ഷോഭിച്ചാല്‍ ആയിരത്തിലധികം വീടുകളാണ് തീരപ്രദേശത്ത് വെള്ളത്തിലാകുന്നത്. കടല്‍ഭിത്തി നിര്‍മാണത്തിന് വര്‍ഷംതോറും കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് തകര്‍ന്ന കടല്‍ഭിത്തിക്കുമുകളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണല്‍വാട നിര്‍മിച്ച് താല്‍ക്കാലിക പ്രതിരോധം തീര്‍ത്തെങ്കിലും ഇവയും കടല്‍ തകര്‍ത്ത നിലയിലാണ്. തീരത്ത് കല്ലുകള്‍ കൊണ്ട് ഭിത്തി നിര്‍മിച്ച് തിരയെ തടയുന്ന മാര്‍ഗം ശാശ്വതമല്ല. എല്ലാ വര്‍ഷവും നിര്‍മിക്കുന്ന ഭിത്തി കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് ഭൂമിയിലേക്ക് താഴ്ന്നുപോവുകയാണ്. ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യപ്രദേശവും ചെല്ലാനം ഹാര്‍ബറിന് സമീപവും കടലാക്രമണം ഇല്ല. പുലിമുട്ടുള്ളതുമൂലം ഈ പ്രദേശം ശാശ്വതമായി സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഓരോവര്‍ഷവും സര്‍ക്കാര്‍ കോടികള്‍ മുടക്കി കടല്‍ഭിത്തി ബലപ്പെടുത്തുന്നതിനോടൊപ്പം പുലിമുട്ടുകൂടി നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ കടലാക്രമണ പ്രദേശങ്ങള്‍ സുരക്ഷാമേഖലയാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.