വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് പാതിവഴിയില്‍ ഉപേക്ഷിച്ചു

കായംകുളം: കൊട്ടിഘോഷിച്ച് തുടങ്ങിയ നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കല്‍ രാഷ്ട്രീയ ഇടപെടലില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. പൊലീസ് വന്‍ സന്നാഹവുമായി ബുധനാഴ്ച രാവിലെ 10 മണിയോടെ പൊളിക്കല്‍ തുടങ്ങിയെങ്കിലും ഒരു മണിക്കൂറിനകം നിര്‍ത്തിവെച്ചു. ടി.ബി റോഡില്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍നിന്ന് തുടങ്ങിയ ഒഴിപ്പിക്കല്‍ നഗരസഭാ ഭാഗത്ത് എത്തിയതോടെയാണ് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായത്. ഭരണകക്ഷിക്കാരായ സി.പി.ഐക്കാരാണ് ആദ്യം എതിര്‍പ്പുമായി രംഗത്തുവന്നത്. പിന്നീട് സി.പി.എമ്മും ഇടപെട്ടു. ഇതോടെ, നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശിക്കുകയായിരുന്നു. റോഡിലേക്ക് ഇറക്കിയും കൈയേറിയും സ്ഥാപിച്ച പത്തോളം കടകള്‍ നീക്കംചെയ്തു. ചിലര്‍ എതിര്‍ത്തെങ്കിലും പൊലീസിന്‍െറ ശക്തമായ പിന്തുണയോടെ നഗരസഭ ഉദ്യോഗസ്ഥര്‍ കടകള്‍ നീക്കംചെയ്യുകയായിരുന്നു. വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കും തടസ്സം സൃഷ്ടിക്കുന്ന വഴിയോര കൈയേറ്റം ഒഴിവാക്കണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുണ്ട്. എന്നാല്‍, നഗരവികസനത്തിനപ്പുറം രാഷ്ട്രീയമായ താല്‍പര്യങ്ങളാണ് ഭരണക്കാര്‍ക്കുള്ളതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി ചില കടകള്‍ മാത്രം ഒഴിപ്പിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. ഇതിനിടെ നീക്കംചെയ്ത ചില കടകള്‍ രാത്രിയോടെ പുന$സ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.