വിമാന ഇന്ധനവുമായി പോയ ടാങ്കര്‍ലോറികള്‍ കൂട്ടിയിടിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ വിമാന ഇന്ധനവുമായി പോയ ടാങ്കര്‍ലോറികള്‍ കൂട്ടിയിടിച്ചു. കളര്‍കോട് ബ്ളോക് ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. കൊച്ചിയില്‍ നിന്ന് വിമാന ഇന്ധനവുമായി തിരുവനന്തപുരത്തേക്ക് പോയ ബി.പി.സി.എല്ലിന്‍െറ ടാങ്കര്‍ലോറികളില്‍ ഒന്ന് മറ്റൊന്നിന്‍െറ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലെ ടാങ്കറിലെ ഏഴ്് അറകളില്‍ ഒന്ന് തകര്‍ന്ന് ഇന്ധനം പുറത്തേക്ക് ഒഴുകി. പിന്നിലെ ടാങ്കറിന്‍െറ മുന്‍ഭാഗവും തകര്‍ന്നു. സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി ജാഗ്രതപാലിക്കുകയാണ്. ആലപ്പുഴയില്‍ നിന്നും സമീപ സ്റ്റേഷനുകളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തി വെള്ളം പമ്പുചെയ്ത് അപകട സാധ്യത ഇല്ലാതാക്കാന്‍ രാത്രി വൈകിയും ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം മണിക്കൂറുകള്‍ കരുക്കില്‍പെട്ടു. പിന്നീട് വാഹനങ്ങള്‍ തീരദേശ പാതയിലൂടെയും പഴയനടക്കാവ് റോഡിലൂടെയും തിരിച്ചുവിട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി ക്യാമ്പുചെയ്യുകയാണ്. പരിസരപ്രദേശങ്ങളില്‍ നിന്ന് പൊലീസ് ജനങ്ങളെ മാറ്റിയിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി വിതരണവും വിഛേദിച്ചു. കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പൊലിസ് ചീഫ് വി. സുരേഷ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.