വേനലിനൊപ്പം ജലക്ഷാമവും രൂക്ഷമാകുന്നു; കെ.ഐ.പി കനാല്‍ തുറക്കാന്‍ നടപടിയില്ല

ചാരുംമൂട്: വേനല്‍ കടുത്തുതുടങ്ങിയതോടെ പലയിടത്തും ജലക്ഷാമം രൂക്ഷമാകുന്നു. എന്നിട്ടും കെ.ഐ.പി കനാല്‍ വൃത്തിയാക്കി വെള്ളം തുറന്നുവിടാന്‍ നടപടിയില്ല. ചാരുംമൂട് മേഖലയിലൂടെ കടന്നുപോകുന്ന കനാല്‍ വിവിധ ഭാഗങ്ങളില്‍ കാടുമൂടി വൃത്തിഹീനമായി കിടക്കുകയാണ്. വേനല്‍ കനത്തതോടെ കിണറുകളും തോടുകളുമൊക്കെ വറ്റിവരണ്ടുതുടങ്ങി. താമരക്കുളം, ആദിക്കാട്ടുകുളങ്ങര തുടങ്ങിയ ഉയര്‍ന്ന ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമായിട്ടും കനാലിലൂടെ വെള്ളം ലഭ്യമാക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാട്ടുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജനുവരി പകുതി കഴിഞ്ഞിട്ടും കനാല്‍ വൃത്തിയാക്കാനുള്ള നടപടി കെ.ഐ.പി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. താമരക്കുളം, വള്ളികുന്നം തുടങ്ങിയ പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി കനാലിന്‍െറ ചില ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നുമാത്രം. കഴിഞ്ഞതവണ കനാലിന്‍െറ ചില ഭാഗങ്ങള്‍ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാലമേല്‍, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലാണ് ജലക്ഷാമം കൂടുതല്‍ രൂക്ഷമായത്. പഞ്ചായത്തുകളിലെ നിരവധി ജലവിതരണ പദ്ധതികള്‍ ഉണ്ടെങ്കിലും എല്ലാദിവസവും പൈപ്പ് വഴി കുടിവെള്ളം എത്താറില്ല. ലഭിക്കുന്ന വെള്ളം അഴുക്ക് നിറഞ്ഞതിനാല്‍ ഉപയോഗിക്കാനും കഴിയില്ല. വെള്ളം ഇല്ലാത്തതിനാല്‍ കൃഷിയും നാശത്തിലേക്ക് നീങ്ങുകയാണ്. മാലിന്യം നീക്കംചെയ്ത് കനാല്‍ വൃത്തിയാക്കി വെള്ളം തുറന്നുവിടാന്‍ കെ.ഐ.പി അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.