തെങ്ങുകളും വൈദ്യുതി പോസ്റ്റുകളും റോഡില്‍ നിലനിര്‍ത്തി പുനര്‍നിര്‍മാണം

ആറാട്ടുപുഴ: അപകടഭീഷണി ഉയര്‍ത്തുന്ന തെങ്ങുകളും വൈദ്യുതി പോസ്റ്റുകളും നീക്കംചെയ്യാതെ തൃക്കുന്നപ്പുഴ-ആറാട്ടുപുഴ റോഡ് പുനര്‍നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം. പി.ഡബ്ള്യൂ.ഡി അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നല്‍കിയെങ്കിലും പേരിനുപോലും നടപടി സ്വീകരിച്ചിട്ടില്ളെന്നാണ് ആക്ഷേപം. ഭരണരംഗത്ത് സ്വാധീനമുള്ള കരാറുകാരന്‍ തോന്നുംപോലെ റോഡ് നിര്‍മിക്കുമ്പോള്‍ പി.ഡബ്ള്യൂ.ഡി അധികാരികള്‍ കണ്ടില്ളെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡരികില്‍ അപകടഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന മണ്ടയില്ലാത്ത തെങ്ങും നിസ്സാര തടസ്സങ്ങളുംപോലും നീക്കാനുള്ള ശ്രമം കരാറുകാരന്‍ നടത്തിയിട്ടില്ല. പി.ഡബ്ള്യൂ.ഡി അധികൃതരോട് പരാതി പറയുമ്പോള്‍ തെങ്ങും പോസ്റ്റും ഉടന്‍ നീക്കുമെന്നായിരുന്നു മറുപടി. എന്നാല്‍, കഴിഞ്ഞദിവസം ടാറിങ് ആരംഭിച്ചെങ്കിലും തടസ്സങ്ങള്‍ നീക്കാന്‍ നടപടി ഉണ്ടായിട്ടില്ല. ഭീഷണി ഉയര്‍ത്തുന്ന വൈദ്യുതി പോസ്റ്റുകള്‍ എല്ലാംതന്നെ നീക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വൈദ്യുതിബോര്‍ഡ് അധികാരികള്‍ക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, തെങ്ങുകള്‍ മാറ്റുന്ന കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. റോഡ് നിര്‍മാണത്തില്‍ കരാറുകാരന്‍ കാട്ടുന്ന ക്രമക്കേടുകള്‍ പഞ്ചായത്ത് അധികാരികളും കണ്ടില്ളെന്ന് നടിക്കുന്നു. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ളെന്ന തരത്തിലാണ് അവര്‍. റോഡരികില്‍ കാലങ്ങളായി അപകടഭീഷണി ഉയര്‍ത്തുന്ന തെങ്ങുകള്‍ വെട്ടിമാറ്റണമെന്നും പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കാന്‍ സീമ സാംസ്കാരിക സമിതി തീരുമാനിച്ചു. പ്രസിഡന്‍റ് എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.