ഹരിപ്പാട് കുടിവെള്ളപദ്ധതി നിര്‍മാണോദ്ഘാടനം 26ന്

ഹരിപ്പാട്: 200 കോടിയുടെ ഹരിപ്പാട് കുടിവെള്ളപദ്ധതിയുടെ നിര്‍മാണോദ്ഘാടനം 26ന് മന്ത്രി പി.ജെ ജോസഫ് നിര്‍വഹിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പദ്ധതിക്ക് കേരള വാട്ടര്‍ അതോറിറ്റി കഴിഞ്ഞ മേയില്‍ പള്ളിപ്പാട് പഞ്ചായത്തില്‍ മൂന്നര ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. പമ്പയാറ്റില്‍ മാന്നാറിനടുത്തുനിന്ന് ജലം ശേഖരിച്ച് പ്രതിദിനം 50 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള പള്ളിപ്പാടിനടുത്ത് സ്ഥാപിക്കുന്ന പ്ളാന്‍റിലത്തെിച്ച് ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി സ്ഥാപിക്കുന്ന പുതിയ ഉന്നത ജലസംഭരണികളിലൂടെ ശുദ്ധീകരിച്ച് വിതരണം ചെയ്യും. പഞ്ചായത്തുകളില്‍ ഉപരിതല ടാങ്കുകള്‍ നിര്‍മിക്കേണ്ട സ്ഥലങ്ങള്‍ അതത് പഞ്ചായത്തുകളില്‍ ലഭ്യമാക്കി. ശുദ്ധീകരണശാലയും കിണറും സ്ഥാപിക്കേണ്ട സ്ഥലത്തെ മണ്ണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്‍ററിലെ വിദഗ്ധര്‍ പരിശോധിച്ചു. പമ്പ് സെറ്റും മറ്റും സ്ഥാപിക്കാന്‍ പള്ളിപ്പാടിന് കിഴക്ക് പമ്പയാറിന്‍െറ തീരത്ത് സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലം കേരള വാട്ടര്‍ അതോറിറ്റിക്ക് റവന്യൂ വകുപ്പ് കൈമാറി. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ 2,90,000 ജനസംഖ്യയാണുള്ളത്. നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളജിലും ഇതര സ്ഥാപനങ്ങള്‍ക്കും ശുദ്ധജലം എത്തിക്കാന്‍ കൂടി കഴിയുന്ന വിധത്തിലാണ് നിര്‍മാണം. മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ പള്ളിപ്പാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന 50 ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാല, പമ്പയാറിന്‍െറ തീരത്ത് സ്ഥാപിക്കുന്ന 10 മീറ്റര്‍ വ്യാസമുളള കിണറും പമ്പ് ഹൗസും, ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന്‍, റോ വാട്ടര്‍ പമ്പ് സെറ്റ് എന്നിവയാണ് ഉള്‍പ്പെടുത്തിയത്. ഇതിനുമാത്രം 35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 36 കോടി ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ടത്തില്‍ റോ വാട്ടര്‍ പമ്പിങ് മെഷീന്‍, പള്ളിപ്പാട്ട് സ്ഥാപിക്കുന്ന 14 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള ഉന്നതതല ജലസംഭരണി, ശുദ്ധീകരണശാലക്ക് ആവശ്യമായ ട്രാന്‍സ്ഫോര്‍മറുകള്‍, പമ്പ് സെറ്റുകള്‍ എന്നിവ ഉള്‍ക്കൊളളിച്ചിരിക്കുന്നു. മൂന്നാം ഘട്ടത്തില്‍ ചേപ്പാട് പഞ്ചായത്തിന് ഒമ്പതുലക്ഷം ലിറ്ററും ഹരിപ്പാടിന് 10 ലക്ഷം, ചിങ്ങോലിക്ക് ഏഴുലക്ഷം, ചെറുതന പഞ്ചായത്തിന് ആറുലക്ഷം കുമാരപുരത്തിന് 12 ലക്ഷം, ആറാട്ടുപുഴയില്‍ 13 ലക്ഷം, കരുവാറ്റയില്‍ ഒമ്പതുലക്ഷം , കാര്‍ത്തികപ്പള്ളിയില്‍ ഒമ്പതുലക്ഷം, മുതുകുളത്ത് ഒമ്പതുലക്ഷം, തൃക്കുന്നപ്പുഴയില്‍ 12 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും 60 കിലോമീറ്ററോളം ദൈര്‍ഘ്യമുളള ക്ളിയര്‍ വാട്ടര്‍ പൈപ്പ് ലൈനുകള്‍, പമ്പ് സെറ്റുകള്‍ എന്നിവയുമാണ് ഉള്‍ക്കൊള്ളിച്ചത്. ഒന്നും രണ്ടും ഘട്ടങ്ങളുടെ പണി ഉടന്‍ ആരംഭിച്ച് പൂര്‍ത്തീകരണത്തോടെ മൂന്നാം ഘട്ടവും ആരംഭിച്ച് 36 മാസംകൊണ്ട് പദ്ധതി തീര്‍ക്കും. കേരള വാട്ടര്‍ അതോറിറ്റി ആലപ്പുഴ പ്രോജക്ട് ഡിവിഷനാണ് നിര്‍മാണച്ചുമതല. 314000 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി ജല അതോറിറ്റിയുടെ കണ്‍സള്‍ട്ടിങ് വിഭാഗമായ വാസ്കോണിന്‍െറ സഹായത്തോടെയാണ് രൂപകല്‍പന ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.