അഴിമതി: പഞ്ചായത്ത് സെക്രട്ടറിക്കും ക്ളര്‍ക്കിനും സസ്പെന്‍ഷന്‍

മാന്നാര്‍: വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതി ആരോപണം തെളിഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്കും സീനിയര്‍ ക്ളര്‍ക്കിനും സസ്പെന്‍ഷന്‍. മാന്നാര്‍ പഞ്ചായത്ത് സെക്രട്ടറി സി. അശോക് കുമാര്‍, ചെട്ടികുളങ്ങരയിലേക്ക് സ്ഥലംമാറിയ സീനിയര്‍ ക്ളര്‍ക്ക് എം. ശശികുമാര്‍ എന്നിവരെയാണ് അഴിമതിയും വെട്ടിപ്പും നടത്തിയതിന്‍െറ പേരില്‍ പഞ്ചായത്ത് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ സസ്പെന്‍ഡ് ചെയ്തത്. പഞ്ചായത്ത് ഓഫിസിലെ മുന്‍ ജീവനക്കാരന്‍ മാന്നാര്‍ ജോര്‍ജുഭവനില്‍ ജോസഫ് ജോര്‍ജ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാന്നാര്‍ കോയിക്കല്‍ ജങ്ഷന്‍ മുതല്‍ പന്നായിക്കടവുവരെ സംസ്ഥാന പാതയുടെ വശങ്ങളിലെ ഭൂരിഭാഗം കെട്ടിടങ്ങളും പഞ്ചായത്ത് രാജ് ആക്്ട് 220 (ബി) വകുപ്പ് ലംഘിച്ചും റോഡില്‍നിന്നും 3 മീറ്റര്‍ ദൂരപരിധി പാലിക്കാതെയുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് രാജ് നിയമത്തിന് വിരുദ്ധമായി അനുമതി നല്‍കിയെന്നു ചൂണ്ടിക്കാട്ടി 2015 മാര്‍ച്ച് രണ്ടിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ജോസഫ് ജോര്‍ജ് പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന്‍െറ പേരില്‍ ജോസഫിനെ സെക്രട്ടറിയും പഞ്ചായത്തു ഭരണ സമിതിയും ചേര്‍ന്ന് സ്ഥലം മാറ്റിയിരുന്നു. മാന്നാര്‍ ടൗണില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ മാനദണ്ഡം പാലിക്കാതെ നിര്‍മിച്ചതായി കണ്ടത്തെിയിരുന്നു. ഇതേതുടര്‍ന്ന് വിജിലന്‍സ് നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. സെക്രട്ടറിക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് മാവേലിക്കര തഴക്കര പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയെങ്കിലും രാഷ്ട്രീയക്കാര്‍ ഇടപെട്ട് സെക്രട്ടറിയെ വീണ്ടും മാന്നാറില്‍ എത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.