തെരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ത്തിയായിവരുന്നു –കലക്ടര്‍

ആലപ്പുഴ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഒരുക്കം പൂര്‍ത്തിയായിവരുന്നതായി കലക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. മേയ് 19ന് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ് സമയം. പ്രവാസി മലയാളികള്‍ ഏറെയുള്ള ചെങ്ങന്നൂര്‍, കുട്ടനാട് മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം ഉയര്‍ത്താനായി കലക്ടര്‍ വോട്ടര്‍മാര്‍ക്ക് ഇ-മെയില്‍ അയക്കും. ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ചുവീതം മാതൃകാ പോളിങ് ബൂത്തുകള്‍ ഒരുക്കും. മാതൃകാ ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് വിശ്രമിക്കാന്‍ പന്തലും ഇരിപ്പിടങ്ങളും ചായയും ഒരുക്കും. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലുമായി ആകെ 1469 ബൂത്താണുള്ളത്. ഇതില്‍ 126 എണ്ണത്തിലൊഴികെ എല്ലായിടത്തും സ്ഥിരം റാമ്പുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ശേഷിക്കുന്നവയില്‍ ഉടന്‍ താത്ക്കാലിക റാമ്പ് നിര്‍മിക്കും. 32 ബൂത്തുകളില്‍ എന്‍.ടി.പി.സിയുടെ സഹകരണത്തോടെ മൊബൈല്‍ ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്തും. ഒരു മണ്ഡലത്തില്‍ 15 വീല്‍ചെയര്‍ എന്ന ക്രമത്തില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലെയും ബൂത്തുകളിലേക്കായി 137 വീല്‍ചെയറുകള്‍ സജ്ജീകരിക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹകരണം തേടിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. ഒമ്പത് മണ്ഡലങ്ങളിലും ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. ആലപ്പുഴ മണ്ഡലത്തിലെ 1350 വോട്ടര്‍മാരില്‍ കുറവുള്ള 90ഓളം ബൂത്തുകളില്‍ വോട്ട് പ്രിന്‍റ് ചെയ്യുന്ന മെഷീനുകള്‍ ഏര്‍പ്പെടുത്തും. ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ബൂത്തുകള്‍ സംബന്ധിച്ച് മേയ് 14ന് അര്‍ധരാത്രിയോടെ തീരുമാനമാകും. 7600ഓളം ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലിക്കായി പരിഗണിച്ചിട്ടുള്ളത്. ഇവരില്‍ ദമ്പതിമാരില്‍ ഒരാളെ മാത്രമെ ഡ്യൂട്ടിക്കായി നിയോഗിക്കൂ. ഇക്കാര്യം തിങ്കളാഴ്ച തീരുമാനമാകും. പ്രത്യേക പരിചരണം ആവശ്യമായ കുട്ടികളോ മാതാപിതാക്കളോ ഉള്ള ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും. മുലകുടിക്കുന്ന കുട്ടികളുള്ള വനിതാ ഉദ്യോഗസ്ഥരെയും ഒഴിവാക്കും. വിവിധ രോഗങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയവരെ ആരോഗ്യവകുപ്പിന്‍െറ പ്രത്യേക ടീം ഞായറാഴ്ച പരിശോധിക്കും. പോളിങ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ ഓരോ മണ്ഡലത്തിലും 20 വാഹനങ്ങള്‍ വീതം സജ്ജമാക്കുന്നതിന് ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവരുടെ സൗകര്യത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക വാഹനമേര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നുവിഭാഗം നിരീക്ഷകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പണമൊഴുക്ക് തടയാനായി പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നു. പെയ്ഡ് ന്യൂസ് നിരീക്ഷിക്കാനായി എം.സി.എം.സി ടീമും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.