കരാര്‍ തൊഴിലാളിയുടെ മരണം കൊലപാതകം; സഹജോലിക്കാരന്‍ അറസ്റ്റില്‍

തുറവൂര്‍ (ആലപ്പുഴ): കരാര്‍ തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കാക്കത്തോട്ടം കോളനിയില്‍ മനോഹരന്‍െറ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സഹജോലിക്കാരന്‍ നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം താഴിക്കല്‍ പുല്ലുവിള വീട്ടില്‍ ദാസനെ(50) കുത്തിയതോട് പൊലിസ് അറസ്റ്റ് ചെയ്തു. പൊലിസ് പറയുന്നതിങ്ങനെ: ജപ്പാന്‍ കുടിവെള്ളപൈപ്പ് സ്ഥാപിക്കുന്നതിന്‍െറ കരാര്‍ തൊഴിലാളികളായിരുന്നു ഇരുവരും. മറ്റ് മൂന്ന് തൊഴിലാളികള്‍ക്കൊപ്പം എഴുപുന്നയില്‍ വാടകക്ക് താമസിച്ച് ജോലിചെയ്യുകയായിരുന്നു. ഏപ്രില്‍ രണ്ടിന് രാത്രി 8.30ന് മദ്യപിച്ചത്തെിയ ഇവര്‍ വീടിന്‍െറ മുന്നില്‍വെച്ച് വഴക്കിട്ടു. വഴക്കിനിടെ ദാസന്‍ മനോഹരനെ തള്ളിയിട്ടു. മനോഹരന്‍ വീടിന്‍െറ പടിയില്‍ തലയടിച്ചുവീണ് നെറ്റി പൊട്ടി. വീടിനകത്ത് കയറിയിട്ടും വഴക്ക് തുടര്‍ന്നു. വീണ്ടും ദാസന്‍ കൈയിലിരുന്ന താക്കോല്‍ കൊണ്ട് മര്‍ദിച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് മനോഹരനെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല. തുടര്‍ന്ന് എരമല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. ശരീരത്തില്‍ എട്ട് മുറിവുണ്ടായിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ പൊലീസിനെ അറിക്കാതെ മൃതശരീരം വിട്ടുകൊടുക്കുകയായിരുന്നു. അമിതമായി മദ്യപിച്ച് മരിച്ചെന്നനിലയില്‍ നാട്ടിലേക്ക് കൊണ്ടുപോയി. കുളിപ്പിക്കാന്‍ എടുത്തപ്പോള്‍ മുറിവ് കണ്ടതിനത്തെുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസിനെ അറിയിച്ചു. പൊലീസും അമിതമായി മദ്യപിച്ച് വീണുപരിക്കേറ്റ് മരിച്ചെന്നനിലയില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കുത്തിയതോട് സി.ഐ കെ.ആര്‍. മനോജിന്‍െറ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.