ആലപ്പുഴ: പട്ടണത്തില്‍ ഭൂഗര്‍ഭ കേബ്ളിടാന്‍ നീളത്തില്‍ കുഴിച്ച ചാലുകളില്‍ പണി പൂര്‍ത്തിയാക്കി, മണ്ണിട്ട് ഉറപ്പിച്ചശേഷമെ റോഡിന്‍െറ അറ്റകുറ്റപ്പണികളും റീ ടാറിങ്ങും നടത്താവൂവെന്ന് തത്തംപള്ളി റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. പട്ടണത്തില്‍ മിക്ക റോഡുകളിലും വിവിധ മൊബൈല്‍ കമ്പനികളുടെയും വൈദ്യുതിയുടെയും കേബ്ളുകള്‍ സ്ഥാപിക്കാന്‍ ഇരുവശത്തും തലങ്ങും വിലങ്ങും കുഴിച്ചിട്ടുണ്ട്. എന്നാല്‍, കുഴി വേണ്ടവിധം മൂടാത്തത്തിനാല്‍ മഴക്കാലത്ത് വഴിവക്കുകള്‍ ഇടിഞ്ഞും ദ്വാരങ്ങളുണ്ടായും അഗാധഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നു. കേബ്ളിടാനെടുത്ത കുഴികള്‍ മൂടിക്കഴിഞ്ഞിട്ടും കുന്നുപോലെയാണ് മണ്ണ് പലയിടത്തും കിടക്കുന്നത്. കേബ്ളിടാന്‍ ഇടറോഡുകളിലേക്കും മറ്റും കയറ്റി വെട്ടിയിട്ടുള്ള കട്ടിങ് ഭാഗങ്ങളിലെ മെറ്റലുകള്‍ ഇളകി റോഡുകള്‍ കൂടുതല്‍ താറുമാറായിക്കൊണ്ടിരിക്കുകയാണ്. കട്ടിങ്ങുകളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ മറിയുന്നത് പതിവാണ്. കുഴികള്‍ എടുത്തപ്പോള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതിനാല്‍ പല അപകടങ്ങളും ഉണ്ടായി. ഇപ്പോള്‍ പെട്ടെന്നുണ്ടാകുന്ന കുഴികളില്‍ വീണും അപകടം സംഭവിക്കുന്നു. കേബ്ളിടാനെടുത്ത കിടങ്ങുകള്‍ മൂടി ബലപ്പെടുത്താതെ ടാര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ റോഡ് ഇടിഞ്ഞുതാഴും. മിച്ചമുള്ള കേബ്ള്‍ ചുറ്റുകളും മണ്ണും പുല്ലും മാലിന്യവും എടുത്തുമാറ്റാതെയാണ് ചിലയിടങ്ങളില്‍ റീടാര്‍ ചെയ്യാന്‍ പ്രാഥമിക പ്രവൃത്തികള്‍ ചെയ്തത്. റോഡുവക്ക് വൃത്തിയാക്കിയും റോഡിനൊപ്പം വശങ്ങളുടെ നിരപ്പ് ഉയര്‍ത്തിയും വേണം ടാറിങ് നടത്താനെന്നും ടി.ആര്‍.എ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.