സ്വകാര്യബസുകളില്‍ മോട്ടോര്‍ വകുപ്പ് പരിശോധന; 12 കേസ് രജിസ്റ്റര്‍ ചെയ്തു

മണ്ണഞ്ചേരി: സ്വകാര്യബസുകളുടെ കാര്യക്ഷമതയും സംവിധാനങ്ങളും മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മണ്ണഞ്ചേരി-ആലപ്പുഴ-കടപ്പുറം-കലവൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകളിലാണ് പ്രധാനമായും പരിശോധന നടന്നത്. യാത്രക്കാരില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞദിവസം മണ്ണഞ്ചേരി അമ്പനാകുളങ്ങരയില്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയില്‍ പതിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. 12 ബസുകളില്‍ നടത്തിയ പരിശോധനയില്‍ 12ഓളം വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്പീഡ് ഗവേണര്‍ ഇല്ലാതെ ഓടിച്ച ബസുകള്‍, എയര്‍ ഹോണ്‍, മ്യൂസിക് സിസ്റ്റം എന്നിവ ഉപയോഗിച്ച ബസുകള്‍ക്കെതിരെയും കേസെടുത്തു. മണ്ണഞ്ചേരി, കലവൂര്‍ ബസ് സ്റ്റാന്‍ഡുകള്‍, ആലപ്പുഴ ടൗണ്‍ എന്നിവിടങ്ങളിലായിരുന്നു ആലപ്പുഴ ആര്‍.ടി ഓഫിസ് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സജു പി. ചന്ദ്രന്‍, എ. സമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.