മണ്ണഞ്ചേരി: മണ്ണഞ്ചേരിയില്‍ സ്വകാര്യബസ് മറിഞ്ഞു. ജീവനക്കാരും യാത്രക്കാരുമടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ അമ്പനാകുളങ്ങര ജങ്ഷന് വടക്കുവശം വ്യാഴാഴ്ച ഉച്ചക്ക് 1.15ഓടെയായിരുന്നു അപകടം. കലവൂര്‍-മണ്ണഞ്ചേരി-ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘ശരത്’ ബസാണ് അപകടത്തില്‍പ്പെട്ടത്. സനാതനപുരം വൃന്ദാവനില്‍ ശരത്തിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ബസ്. ബസിന്‍െറ മുന്‍വശത്തെ ഇടതുഭാഗത്തെ ടയര്‍ പഞ്ചറായതാണ് അപകടത്തിന് കാരണമായത്. ഉഗ്രശബ്ദത്തോടെ ടയര്‍ പഞ്ചറായ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഇടത്തോട്ട് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബസിന്‍െറ ഗ്ളാസ് തകര്‍ത്താണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഇരുപതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. വടക്കനാര്യാട് വെളിയില്‍ ശ്രീലത (38), ലീല (62), അശ്വതി (24), വടക്കേക്കരയില്‍ വാസന്തി (61), രത്നമ്മ (62), നൗഫല്‍ (19), നജ്മല്‍ (30), സബിത (34), ബസ് കണ്ടക്ടര്‍ അന്‍സില്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന് സാരമായി പരിക്കേറ്റ അന്‍സിലിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയില്‍നിന്ന് ഫയര്‍ ഫോഴ്സും മണ്ണഞ്ചേരി പൊലീസും സ്ഥലത്ത് എത്തി. വൈകുന്നേരം ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് പൊക്കിമാറ്റിയത്. റോഡിന് കിഴക്കുവശത്തെ കുഴിയാണ് അപകടത്തിന് കാരണമായത്. ഈ കുഴി നികത്തണമെന്ന് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞെങ്കിലും വൈദ്യുതി ലൈനുകള്‍ ബസിന്‍െറ മുകളിലേക്ക് പൊട്ടിവീഴാതിരിന്നതും തൊട്ടടുത്തെ അടിവാരം പാലത്തില്‍വെച്ച് അപകടം ഉണ്ടാകാതിരിന്നതും വന്‍ ദുരന്തം ഒഴിവാക്കി. യാത്രക്കാര്‍ കുറവായതും ബസിന്‍െറ വേഗം കുറവായതും അപകടത്തിന്‍െറ വ്യാപ്തി കുറയാന്‍ സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.