പാര്‍ട്ടി അനുഭാവികളുടെ ഓണാഘോഷത്തില്‍ സി.പി.എം നേതാക്കള്‍ക്ക് അയിത്തം

ചെങ്ങന്നൂര്‍: മാന്നാറില്‍ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്ത് വിവാദമായ ദേശാഭിമാനി സ്വയംസഹായ സംഘത്തിന്‍െറ ഓണാഘോഷങ്ങളില്‍ സി.പി.എം നേതാക്കള്‍ക്ക് അയിത്തം. പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിര്‍മിച്ച സ്നേഹാലയം വീടിന്‍െറ താക്കോല്‍ ദാനം കഴിഞ്ഞ മാര്‍ച്ച് 29ന് വി.എസ് നിര്‍വഹിച്ചിരുന്നു. വി.എസ് വിരുദ്ധ വികാരം പാര്‍ട്ടിയില്‍ ശക്തമായിരുന്ന സമയത്തായിരുന്നു മാന്നാറിലെ പരിപാടികള്‍. അതുമൂലം പ്രാദേശിക നേതാക്കള്‍ വരെ ഒൗദ്യോഗിക പക്ഷത്തിന്‍െറ കണ്ണിലെ കരടായി. സി.പി.എമ്മുകാരായ 33 പേര്‍ അംഗങ്ങളായ സംഘത്തിന്‍െറ എല്ലാ പരിപാടികളിലും നേതാക്കളെ ഉള്‍പ്പെടുത്തിയിരുന്നു. അവശ ജനവിഭാഗങ്ങളുടെ വേദന അറിഞ്ഞ് പ്രവവര്‍ത്തകര്‍ ഇറങ്ങണമെന്ന നേതൃത്വത്തിന്‍െറ നിലപാടിനോട് പൊരുത്തപ്പെടുന്നതായിരുന്നു പാവപ്പെട്ട ഒരു വീട്ടമ്മക്ക് സ്നേഹാലയം എന്ന പേരില്‍ വീട് നിര്‍മിച്ച് നല്‍കിയത്. അതില്‍ വി.എസിനെ പങ്കെടുപ്പിക്കാന്‍ നിശ്ചയിച്ചത് അന്നത്തെ ജില്ലാ നേതൃത്വത്തിന്‍െറ അറിവോടെയായിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. ജില്ലാ സെക്രട്ടറി തന്നെ ചടങ്ങ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്രേ. അതിന് പ്രാദേശിക നേതൃത്വം വഴങ്ങിയില്ല. ഇതോടെ നേതൃത്വം അങ്കലാപ്പിലായി. പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായി. വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടു. ചിലരെ താക്കീതുചെയ്ത് വിഷയം അവസാനിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്‍െറ തീരുമാനം. അന്വേഷണ കമീഷനും മൊഴിനല്‍കലും പ്രകടനവും സമ്മേളനവുമെല്ലാം കൊണ്ട് പാര്‍ട്ടി നേതാക്കളുടെ ഭീഷണിക്ക് വിധേയരായവര്‍ ഇത്തവണ ആരെയും വിളിക്കേണ്ടെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. ഞായറാഴ്ച ആലുമ്മൂട് പെന്‍ഷന്‍ ഭവനില്‍ രാവിലെ മുതല്‍ കലാകായിക മത്സരങ്ങളും വൈകുന്നേരം സമ്മേളനവും നടക്കും. മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വി. മനോജാണ് ഉദ്ഘാടകന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.