പൊയ്യക്കര മദ്യവില്‍പനശാലക്കെതിരെ സ്ത്രീകളുടെ കുത്തിയിരിപ്പ് സമരം

ഹരിപ്പാട്: ബിവറേജസ് കോര്‍പറേഷന്‍െറ ഹരിപ്പാട് പ്രവര്‍ത്തിച്ചിരുന്ന മദ്യഷാപ്പ് പള്ളിപ്പാട് പൊയ്യക്കരയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതിനെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ മദ്യവില്‍പനശാല തുറക്കാന്‍ അനുവദിക്കാതെ കുത്തിയിരിപ്പ് സമരം നടത്തി. ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങിയ സമരം സംഘര്‍ഷഭരിതമായെങ്കിലും പൊലീസിന്‍െറ ശക്തമായ ഇടപെടലില്‍ ഉച്ചക്ക് ഒരുമണിയോടെ സമരക്കാര്‍ക്ക് പിന്മാറേണ്ടിവന്നു. ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി സ്റ്റേഷന് തെക്കുഭാഗത്ത് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന മദ്യവില്‍പന ശാലയാണ് പൊയ്യക്കരയിലേക്ക് മാറ്റിയത്. ഇവിടെ ഹോട്ടല്‍ ജീവന്‍ ആന്‍ഡ് കാറ്ററിങ് സര്‍വിസ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന കെട്ടിടത്തിലേക്കാണ് മദ്യഷാപ്പ് മാറ്റിയത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇവിടെ മദ്യം സ്റ്റോക്ക്ചെയ്ത് കച്ചവടം ആരംഭിച്ചത്. തദ്ദേശവാസികള്‍ ഈ വിവരം നേരത്തേ അറിഞ്ഞിരുന്നില്ല. സംഭവം രാത്രിതന്നെ അറിഞ്ഞതോടെ ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് മിനി കൃഷ്ണകുമാര്‍ സമരം നയിച്ച് എത്തുകയായിരുന്നു. മദ്യഷാപ്പ് ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ളെന്നും പ്രദേശവാസികള്‍ക്ക് ഇത് ഏറെ ദോഷംചെയ്യുമെന്നും മുദ്രാവാക്യം വിളിച്ചാണ് സ്ഥാപനം തുറക്കാന്‍ അനുവദിക്കാതെ കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതിനിടെ, മദ്യഷാപ്പ് തുറക്കുന്നതിനെ അനുകൂലിച്ചും മദ്യം വാങ്ങാനുമായി വലിയൊരു സംഘവും എത്തിയിരുന്നു. സംഘര്‍ഷഭരിതമായതോടെ ഹരിപ്പാട്, തൃക്കുന്നപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പൊലീസ് എത്തി. സ്ത്രീകളെ മാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഹരിപ്പാട് സി.ഐ ടി. മനോജ് സമരക്കാരുമായി ചര്‍ച്ച നടത്തി. ബിവറേജസ് മദ്യവില്‍പനശാല തുടങ്ങുന്നതിന് നിയമപരമായി തടസ്സമില്ളെന്നും മാറാത്തപക്ഷം അറസ്റ്റ്ചെയ്ത് നീക്കുമെന്നും സി.ഐ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് തടസ്സപ്പെടുത്തിയാല്‍ കേസെടുക്കുമെന്നും നഷ്ടപരിഹാരം സമരക്കാരില്‍നിന്ന് ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒടുവില്‍ ഉച്ചക്ക് ഒരുമണിയോടെ അറസ്റ്റ്വരിക്കാന്‍ തയാറാകാതെ ഒരുവിഭാഗം സ്ത്രീകള്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കാന്‍ തയാറായി. നിയമപരമായ നടപടികള്‍ സ്വീകരിച്ച് മദ്യഷാപ്പ് പൊയ്യക്കരയില്‍നിന്ന് മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി കൃഷ്ണകുമാര്‍ സമരക്കാരെ ബോധ്യപ്പെടുത്തിയപ്പോള്‍ പിന്മാറുകയായിരുന്നു. തടസ്സങ്ങള്‍ നീങ്ങി മദ്യഷാപ് തുറന്നതും മദ്യപന്മാര്‍ ആരവംമുഴക്കി ഇടിച്ചുകയറി മദ്യം വാങ്ങാന്‍ തിരക്കുകൂട്ടിയതും സമരക്കാര്‍ക്ക് കാണേണ്ടിവന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.