പള്ളിക്ക് മുന്നിലെ മാലിന്യ കൂമ്പാരം; പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്

പുന്നപ്ര: പുന്നപ്ര പറവൂര്‍ മുസ്ലിം പള്ളിക്ക് മുന്നില്‍ സമീപത്തെ മാര്‍ക്കറ്റില്‍നിന്ന് മാലിന്യങ്ങളും ഇറച്ചി അവശിഷ്ടങ്ങളും നിറയുന്നതില്‍ പ്രതിഷേധം ശക്തം. പുന്നപ്ര തെക്ക് പഞ്ചായത്തിന്‍െറ കീഴിലുള്ള മാര്‍ക്കറ്റില്‍നിന്നുള്ള മാലിന്യമാണ് ഇവിടേക്ക് വരുന്നത്. വിശ്വാസികളും നാട്ടുകാരും ഇതിനെതിരെ രംഗത്തുവന്നത് സംഘര്‍ഷത്തിന് ഇടയാക്കി. പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നവരും കോഴിയിറച്ചി കച്ചവടം നടത്തുന്നവരും അവിടെനിന്നുള്ള മാലിന്യങ്ങള്‍ പരിസരങ്ങളില്‍ കൂട്ടിയിടുന്നതുമൂലം മഴവെള്ളത്തില്‍ ഒലിച്ച് പള്ളിയുടെ മുന്നിലേക്ക് അടിയുകയാണ്. ഇതുമൂലം വിശ്വാസികള്‍ക്ക് ശുദ്ധമായി പള്ളിയിലത്തൊന്‍ കഴിയുന്നില്ല. മാലിന്യത്തില്‍ ചവിട്ടിവേണം വരാന്‍. മദ്റസ വിദ്യാര്‍ഥികള്‍ക്കും ദുര്‍ഗന്ധംമൂലം എത്താന്‍ പ്രയാസമാണ്. പലതവണ പള്ളി ഭാരവാഹികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നാട്ടുകാരും പള്ളി ഭാരവാഹികളും ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. തുടര്‍ന്ന് രണ്ട് പൊലീസുകാരെ പള്ളിക്ക് മുന്നില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു. മാര്‍ക്കറ്റിലെ കടകള്‍ വര്‍ഷങ്ങളായി ലേലം ചെയ്യുകയോ കരാര്‍ പുതുക്കുകയോ ചെയ്തിട്ടില്ല. ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണ് ഇവിടെ. ഇതുമൂലം ദുരിതം അനുഭവിക്കുന്നത് ആരാധനാലയങ്ങളില്‍ എത്തുന്നവരും മറ്റ് നാട്ടുകാരുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.