ലോറിയിടിപ്പിച്ച് യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ രണ്ട് സഹായികള്‍ അറസ്റ്റില്‍

ചേര്‍ത്തല: ഒറ്റമശ്ശേരിയില്‍ ലോറിയിടിപ്പിച്ച് രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാലുപേര്‍ക്കും സഹായം നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍. പാണാവള്ളി അരയങ്കാവ് ജങ്ഷന് സമീപം വൈക്കത്തുശ്ശേരി ബാബുലാല്‍ (41), പെരുമ്പളം വേഴക്കാട്ട് അനില്‍ (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ കുറ്റമാണ് ഇവര്‍ക്കെതിരെയുള്ളത്. കൊലപാതകത്തിനുശേഷം പാണാവള്ളിയിലത്തെിയ പ്രതികളെ ബാബുലാല്‍ വീട്ടില്‍ താമസിപ്പിക്കുകയും പണം നല്‍കുകയും ചെയ്തെന്നാണ് കേസ്. തുടര്‍ന്ന് പെരുമ്പളം സ്വദേശി അനിലിന്‍െറ വീട്ടിലത്തെിയപ്പോള്‍ അവിടെയും താമസ സൗകര്യം ഒരുക്കി. ഇയാള്‍ പണവും വസ്ത്രവും പ്രതികള്‍ക്ക് നല്‍കിയെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പൂത്തോട്ട വഴിയാണ് ഇവര്‍ രക്ഷപ്പെട്ടത്. പ്രതികളുടെ ചിത്രം സഹിതം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും അവരെ സഹായിച്ചത് കുറ്റവാളികളാണെന്ന് അറിഞ്ഞുതന്നെയെന്നാണ് അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം. ബാബുലാലിന് നേരത്തേ കള്ളുഷാപ്പ് നടത്തിയപ്പോഴുള്ള അടുപ്പമാണ് പ്രതികളുമായുള്ളത്. പെയ്ന്‍റിങ് തൊഴിലാളിയാണ് അനില്‍. പ്രതികളായ പോള്‍സണ്‍, ഇയാളുടെ സഹോദരന്‍ ടാനിഷ്, ഇവരുടെ സുഹൃത്തുക്കളും സഹോദരങ്ങളുമായ അജീഷ്, വിജീഷ് എന്നിവരെയാണ് പിടിയിലായവര്‍ സഹായിച്ചത്. ഇപ്പോഴും ഒളിവില്‍ കഴിയുന്ന ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാണാവള്ളിയിലും പെരുമ്പളത്തും എത്തിയതായി തെളിഞ്ഞത്. തുടര്‍ അന്വേഷണത്തിലാണ് ബാബുലാലും അനിലും പിടിയിലായത്. ഇവരെ ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അന്ധകാരനഴി സ്വദേശികളായ ജോണ്‍സണും സുബിനുമാണ് കഴിഞ്ഞ 13ന് കൊല്ലപ്പെട്ടത്. ഇരുവരും ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് പ്രതികള്‍ ലോറിയിടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.