കണിച്ചുകുളങ്ങര സര്‍വിസ് സഹകരണബാങ്കിലും അഴിമതിയെന്ന് ആരോപണം

ചേര്‍ത്തല: പട്ടണക്കാട് സര്‍വിസ് സഹകരണബാങ്കിന് പുറമെ കണിച്ചുകുളങ്ങര ബാങ്കിന്‍െറ പേരിലും അഴിമതി ആരോപണം. അഴിമതി സംബന്ധിച്ച് ഹൈകോടതിയും വകുപ്പുമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെങ്കിലും സഹകരണ വകുപ്പ് നടപടിയെടുക്കുന്നില്ളെന്നാണ് ആരോപണമുയരുന്നത്. കണിച്ചുകുളങ്ങര 1179ാം നമ്പര്‍ സഹകരണസംഘത്തിന്‍െറ ഇപ്പോഴത്തെ ബോര്‍ഡിന്‍െറ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണവും ബോര്‍ഡിനെതിരെ സഹകരണനിയമം 65ാം വകുപ്പ് അനുസരിച്ചുള്ള നടപടിയും ആവശ്യപ്പെട്ട് സംഘാംഗമായ സുനില്‍ദത്താണ് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. പരാതികളെക്കുറിച്ച് ഒരുമാസത്തിനകം അന്വേഷണം ആരംഭിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. കാലതാമസം നേരിട്ടപ്പോള്‍ മന്ത്രിക്ക് നല്‍കിയ പരാതിയിലും അന്വേഷണത്തിന് നിര്‍ദേശം നല്‍കി. എന്നാല്‍, ഇതുവരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലന്നാണ് പരാതി നല്‍കിയവര്‍ പറയുന്നത്. ബാങ്കിലെ മുന്‍ സെക്രട്ടറിയുടെയും ജീവനക്കാരുടെയും ബോര്‍ഡ് അംഗങ്ങളുടെയും പേരില്‍ വ്യാജ അപേക്ഷ നല്‍കി വായ്പയെടുക്കുകയും കുടിശ്ശികവരുത്തിയെന്നുമാണ് പ്രധാന ആരോപണം. ബാങ്കിലെ പല അംഗങ്ങളുടെയും പേരില്‍ അവരറിയാതെ വായ്പയെടുത്തതായും ആരോപണമുണ്ട്. ബാങ്ക് വക ഓഡിറ്റോറിയത്തില്‍ സദ്യാലയം, ടോയ്ലറ്റ് മുതലായവയുടെ നിര്‍മാണത്തില്‍ അഴിമതി നടന്നെന്നും കമ്പ്യൂട്ടര്‍, ജനറേറ്റര്‍ എന്നിവ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും അനര്‍ഹരെയും പാര്‍ശ്വവര്‍ത്തികളെയും നിയമിച്ച് വന്‍തുക തട്ടിയെടുത്തെന്നും ആരോപണമുണ്ട്. ഇത്തരത്തില്‍ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നും പരാതിക്കാര്‍ പറയുന്നു. 2012ല്‍ സഹകരണവകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതര അഴിമതി നടന്നതായി ചേര്‍ത്തല സഹകരണസംഘം അസി. രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും എന്നാല്‍, റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.