വൈദ്യുതിയുടെ അനാവശ്യ ഉപഭോഗം കുറക്കുന്നതിന് കൂടുതല്‍ പ്രസക്തി

ആലപ്പുഴ: പുത്തന്‍ വൈദ്യുതി പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനെക്കാള്‍ നിലവിലെ വൈദ്യുതിയുടെ അനാവശ്യ ഉപഭോഗം കുറക്കുന്നതിനാണ് കൂടുതല്‍ പ്രസക്തിയെന്ന് ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ പറഞ്ഞു. ആലപ്പുഴ നഗരസഭാ നഗരജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി ഡാമിന്‍െറ പകുതിയുള്ള ഒരു ഡാം നിര്‍മിക്കണമെങ്കില്‍ 3000 കോടി രൂപയെങ്കിലും വേണ്ടിവരും. കേരളത്തിലെ എല്ലാ വീടുകള്‍ക്കും എല്‍.ഇ.ഡി ലാമ്പുകള്‍ നല്‍കാന്‍ 80 കോടി രൂപ മതിയാകും. നിലവിലെ ഉപഭോഗത്തിന്‍െറ പകുതിയോളം വൈദ്യുതി ഇതിലൂടെ ലാഭിക്കുകയും ചെയ്യും. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ചതാണ് ഈ പദ്ധതി. അന്ന് എല്‍.ഇ.ഡി ഇത്രയും പ്രചാരത്തിലില്ലായിരുന്നു. അതിനാല്‍ 41 കോടി രൂപ മുടക്കി വീടുകള്‍ക്ക് സി.എഫ്.എല്‍ ലാമ്പുകളാണ് നല്‍കിയത്. ജലവൈദ്യുതിയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന കേരളത്തില്‍ കൂടുതല്‍ വൈദ്യുതി പദ്ധതികള്‍ ആരംഭിക്കുന്നതിനെക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് വൈദ്യുതി ഉപഭോഗം കുറക്കുന്നതിനാണ്. എല്‍.ഇ.ഡി ബള്‍ബുകള്‍ പോലുള്ളവ വ്യാപകമാക്കിയാല്‍ ഇതിന് സാധിക്കും. ആലപ്പുഴ നഗരസഭ തെരുവുവിളക്കുകള്‍ എല്‍.ഇ.ഡിയിലേക്ക് മാറ്റുന്നതിലൂടെ വൈദ്യുതി ഉപഭോഗം മൂന്നിലൊന്നായി കുറയും. മറ്റ് നഗരസഭകളും ഇത് മാതൃകയാക്കണമെന്ന് ഐസക് അഭ്യര്‍ഥിച്ചു. സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എന്‍ജിനീയര്‍ എം. ശങ്കരന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.പി. ചിത്തരഞ്ജന്‍, കെ.എം. ധരേശന്‍ ഉണ്ണിത്താന്‍, കെ.കെ. ജയമ്മ, എം.ആര്‍. പ്രേം, സി. അരവിന്ദാക്ഷന്‍, വി.ജി. വിഷ്ണു എന്നിവര്‍ സംസാരിച്ചു. ബി. അന്‍സാരി സ്വാഗതവും കെ. സാബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.