കളമശ്ശേരിയില്‍ റെസ്റ്റ് ഹൗസ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

കളമശ്ശേരി: കളമശ്ശേരിയില്‍ പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസ് നിര്‍മാണം പൂര്‍ത്തിയാകുന്നു. ദേശീയപാത പത്തടിപാലത്ത് പൊതുമരാമത്ത് സ്ഥലത്താണ് റെസ്റ്റ് ഹൗസ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസിന്‍െറ പുറമെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയം, കൊച്ചി മെഡിക്കല്‍ കോളജ് പൊതുമരാമത്ത് സബ് സെന്‍റര്‍, കേരള കണ്‍സ്യൂമര്‍ കോര്‍പറേഷന്‍ കാര്യാലയം, സെയില്‍ ടാക്സ് ഇന്‍റലിജന്‍സ് വിഭാഗം ഓഫിസ്, ഒരുവര്‍ഷം മുമ്പ് ഉദ്ഘാടനം നിര്‍വഹിച്ച സബ്ട്രഷറി തുടങ്ങിയ റെസ്റ്റ് ഹൗസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കൂടാതെ, ഒരു മീഡിയ സെന്‍ററും പ്രവര്‍ത്തിപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. നിലവില്‍ ഈ കെട്ടിടങ്ങള്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പണികഴിഞ്ഞാല്‍ ഇവയുടെ വാടക ഒഴിവാക്കാമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നഗരസഭ പരിധിയില്‍ നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയതായി മന്ത്രി പറഞ്ഞു. കൊച്ചി ചില്‍ഡ്രന്‍സ് സയന്‍സ് പാര്‍ക്ക്, ബസ്സ്റ്റാന്‍ഡ് സ്റ്റാര്‍ട്ടപ്പ് വില്ളേജ് എന്നിവക്ക് ഭൂമി അനുവദിച്ച് നല്‍കി. മെഡിക്കല്‍ കോളജിലെ കുടിവെള്ളപ്രശ്ന പരിഹാരത്തിന് പദ്ധതി നടപ്പാക്കി. മെഡിക്കല്‍ കോളജിലെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമമുറി, 13 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ടാം ഘട്ട നിര്‍മാണത്തിന് 137 കോടി ചെലവഴിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.