ഹരിപ്പാട് ഓണനിലാവ് –2015 നാളെ മുതല്‍

ഹരിപ്പാട്: കേരള ഫോക്ലോര്‍ അക്കാദമിയും സൗത് സോണ്‍ കള്‍ചറല്‍ സൊസൈറ്റി തഞ്ചാവൂരും ഇല ചാരിറ്റി ഇനിഷ്യേറ്റീവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണനിലാവ് -2015 ബുധനാഴ്ച മുതല്‍ 30 വരെ ഹരിപ്പാട് ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ബുധനാഴ്ച മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ഗവര്‍ണര്‍ പി. സദാശിവം ഓണനിലാവ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തിയിട്ടുള്ള ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വി.കെ.എല്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍, നിംസ് ഹോസ്പിറ്റല്‍ എം.ഡി ഡോ. ഫൈസല്‍ഖാന്‍, പാലാഴി ജഗദമ്മ ചാരിറ്റി പ്രസിഡന്‍റ് പാലാഴിയില്‍ സുരേഷ്കുമാര്‍, ധന്യ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി എം. ജോണ്‍ മത്തായി എന്നിവരെ ചടങ്ങില്‍ ആദരിക്കും. വൈകുന്നേരം അഞ്ചുമുതല്‍ കേരള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ നടക്കും. രാത്രി എട്ടിന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടന്‍പാട്ട്, നാട്ടുപാട്ട് മഹോത്സവം. രാത്രി 10ന് വടക്കേ മലബാറില്‍ പ്രസിദ്ധമായ അഗ്നിഘണ്ടാകര്‍ണ തെയ്യം ആചാരപരമായി പ്രമോദ് അഴിക്കോടും സംഘവും അവതരിപ്പിക്കും. 27ന് വൈകുന്നേരം നാലിന് ഫോക്ലോര്‍ കലാവിരുന്ന്. രാത്രി എട്ടിന് തൃശൂര്‍ കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരത്തോടെയുള്ള നാടന്‍പാട്ട്. 28ന് വൈകുന്നേരം നാലിന് ഹരിപ്പാടുനിന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കലാകാരന്മാര്‍ പങ്കെടുക്കുന്ന സോപാനസംഗീതം, അക്ഷരശ്ളോകം, തിരുവാതിരകളി, കലാമണ്ഡലം വിജയകുമാരിയും സംഘവും അവതരിപ്പിക്കുന്ന സാരംഗ നൃത്ത അക്കാദമിയുടെ നൃത്തസന്ധ്യ. 29ന് വൈകുന്നേരം അഞ്ചിന് ശ്രീകുമാരന്‍ തമ്പിയുടെയും ഹരിപ്പാടുനിന്ന് പ്രശസ്തരായ കെ. മധു, ശിവന്‍, നവ്യാ നായര്‍, സംഗീത് ശിവന്‍, സന്തോഷ് ശിവന്‍, അശോകന്‍, ദേവദാസ് ചിങ്ങോലി, ഹരിപ്പാട് മുരുകദാസ്, കരുണാമൂര്‍ത്തി, എം.ജി. ശ്രീകുമാര്‍, ഡോ. ഓമനക്കുട്ടി തുടങ്ങിയവരെ ആദരിക്കുന്ന ചടങ്ങ് ചലച്ചിത്രതാരം പത്മശ്രീ മധു ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഉത്തരാസ്വയംവരം ചലച്ചിത്ര പിന്നണി ഗായകരായ എം.ജി. ശ്രീകുമാര്‍, സുധീപ് കുമാര്‍ എന്നിവര്‍ നയിക്കും. 30ന് വൈകുന്നേരം നാലിന് സമാപന സമ്മേളനത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിങ് മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.