ഗൃഹനാഥനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവം: പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം

അരൂര്‍: ഗൃഹനാഥനെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ 26നാണ് കേസിനാസ്പദമായ സംഭവം. അരൂര്‍ ഒമ്പതാം വാര്‍ഡില്‍ ഖദീജ മന്‍സിലില്‍ ഇസ്മാഈല്‍ (46) ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വൈകുന്നേരം ഏഴോടെ പ്രതി ബൈക്കിലത്തെി തടഞ്ഞുനിര്‍ത്തി മുഖത്തിടിക്കുകയും കത്തിയെടുത്ത് വയറ്റില്‍ കുത്തുകയുമായിരുന്നു. കുമര്‍ത്തുപടി ക്ഷേത്ര പരിസരത്തുവെച്ചായിരുന്നു ആക്രമണം. ഇസ്മാഈല്‍ സംഭവസ്ഥലത്ത് ചോര വാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായ ഇസ്മാഈലിനെ തൊട്ടരികിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങള്‍ നീണ്ട ചികിത്സക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍. പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിയാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്. പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രദേശത്തെ കുടുംബശ്രീ അയല്‍ക്കൂട്ടം ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയുടെ പ്രവൃത്തികളും സവിസ്തരം പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സമാന അക്രമങ്ങള്‍ നടത്തിയശേഷം പ്രതി ഏറെക്കാലം ഒളിവില്‍ കഴിയുന്നത് പതിവാണെന്നും പറയുന്നു. പ്രതിക്ക് ഇസ്മാഈലിനോട് പ്രതികാരം തോന്നാന്‍ കാരണവും ഇയാളുടെ ക്രിമിനല്‍ പ്രവൃത്തികള്‍ക്കെതിരെ സാക്ഷിപറയുകയും മറ്റും ചെയ്തതുകൊണ്ടാണെന്നും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.