എ.ഐ ചിത്രീകരണം: കെൻസ് ഹാരിസ്

വെസ്റ്റ് ഇന്ത്യൻസ്

‘‘ഞങ്ങൾ ഇന്ത്യയായിരുന്നില്ല. ഇന്ത്യയാകണമെന്ന് ആഗ്രഹിച്ചാൽപ്പോലും പുലരിക്കലെ പിള്ളേർ അതിന് സമ്മതിക്കില്ലായിരുന്നു. അവരാണ് ഇന്ത്യ. അവർ ഞങ്ങളെ വെസ്റ്റ് ഇന്ത്യൻസ് എന്ന് ചാപ്പകുത്തി. അത് മാഞ്ഞുപോകില്ല. ഞങ്ങൾ കറുമ്പന്മാരാണ്. അതുകൊണ്ടാണ് വെസ്റ്റ് ഇൻഡീസിനെ ഞങ്ങൾക്ക് ഔദാര്യപൂർവം പതിച്ചുനൽകിയത്. തോൽവികളുടെ എണ്ണം കൂടിയപ്പോൾ ഞങ്ങൾ വേസ്റ്റ് ഇന്ത്യൻസായി നീട്ടിപ്പരത്തി പുച്ഛിക്കപ്പെട്ടു. പുലരിക്കൽ ടീംസിനെ എതിർക്കാനുള്ള കെൽപ് അന്ന് ഞങ്ങൾക്കില്ലായിരുന്നു.

അതുമാത്രമല്ല, അവരുടെ ദയാദാക്ഷിണ്യത്തിലായിരുന്നു ഞങ്ങൾ സന്തോഷിച്ചിരുന്നതുതന്നെ. പുലരിക്കൽ ആർട്സ് & സ്പോർട്സ് ക്ലബി​െന്റ സെക്രട്ടറിയായ രാജേന്ദ്രൻ നായരുടെ അധീനതയിലുള്ള പറമ്പിലാണ് ഞങ്ങളും അവരും വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും ക്രിക്കറ്റ് കളിച്ചിരുന്നത്. മൈതാനം ഒരു തർക്കഭൂമിയാണ്. ഏറെനാളായി മുട്ടിപ്പുല്ല് വളർന്നു കാടുപിടിച്ച് കിടന്ന സ്ഥലം! കാടുവെട്ടിത്തെളിച്ച് മൈതാനമാക്കി നൽകിയതി​ന്റെ പ്രത്യുപകാരമായിരുന്നു അവിടെ കളിക്കാനുള്ള അവകാശം. രാജേന്ദ്രൻ നായരും അയാളുടെ പെങ്ങളും തമ്മിൽ വസ്തുവി​ന്റെ ഉടമസ്ഥാവകാശത്തിനായുള്ള കേസ് കോടതിയിൽ നടക്കുന്നുണ്ട്. അത് നീണ്ടുപോകണേ എന്നായിരുന്നു അന്നൊക്കെയുള്ള പ്രാർഥന..!’’

ആഴ്ചപ്പതിപ്പിലെ ഓർമക്കുറിപ്പുകൾ തുടർന്നുപോകുന്നതിനിടയിൽ വാട്സ്ആപ് സന്ദേശങ്ങളും മെയിലുകളുമൊക്കെ വായനക്കാരിൽനിന്നും എനിക്ക് ലഭിക്കാറുണ്ടായിരുന്നു. അപൂർവമായി കത്തുകളും. ചിലതൊക്കെ പത്രാധിപർ വായനക്കാരുടെ കോളത്തിൽ അച്ചടിക്കാറുമുണ്ടായിരുന്നു. വെസ്റ്റ് ഇന്ത്യൻസ് എന്ന അധ്യായം അച്ചടിച്ചുവന്നു രണ്ടാഴ്ച കഴിഞ്ഞാണ് പുലരിക്കലിൽനിന്നും ആ കത്ത് എന്നെ തേടിയെത്തിയത്. ആറു പേജ് നീണ്ട ഒരു കത്ത്. ഒരു കത്തി​​ന്റെ ഔപചാരികതകളേക്കാൾ ഒരു കഥയുടെ കരവിരുതായിരുന്നു ആ എഴുത്തിനുണ്ടായിരുന്നത്. ഞാനെഴുതിയ വെസ്റ്റ് ഇന്ത്യൻസ് എന്ന അധ്യായത്തിലെ ആദ്യ ഖണ്ഡിക ഉദ്ധരിച്ചുകൊണ്ടുള്ള ഓർമകളുടെ പകിടകളി.

ഒരുപക്ഷേ എ​ന്റെ ഓർമക്കുറിപ്പിനേക്കാൾ തെളിച്ചവും കൃത്യതയുമുള്ള എഴുത്ത്. സാഹിത്യത്തി​ന്റെ ആലങ്കാരികതകൾ കുറവെങ്കിലും പൊരുളുകളുടെ കണിശതയും ആർജവവും അതിൽ മുറ്റിനിന്നിരുന്നു. അക്ഷരങ്ങൾക്ക് നല്ല തെളിച്ചവും ചെറുപ്പത്തി​ന്റെ ഓജസ്സുമുണ്ടായിരുന്നു. കലാധരനെക്കുറിച്ചായിരുന്നു ആ കത്ത്. ഒരുകാലത്ത്, ഞങ്ങളുടെ വെസ്റ്റ് ഇൻഡീസിനെ നയിച്ചിരുന്ന പരുങ്ങൽപ്പാറക്കാരുടെ സാക്ഷാൽ വിവിയൻ റിച്ചാർഡ്സ്. കളിക്കളത്തിലിറങ്ങിയില്ലെങ്കിലും ഞങ്ങൾക്കയാൾ മാസ്റ്റർ ബ്ലാസ്റ്റർതന്നെയായിരുന്നു. ക്രിക്കറ്റ് അയാൾക്ക് വെറും കളിയായിരുന്നില്ല. ജീവിതം തന്നെയായിരുന്നു. കളിയാൽ ജീവിതത്തെ നിർവചിച്ചവൻ. ഞാനുൾപ്പെടെയുള്ള പരുങ്ങൽപ്പാറയിലെ ചെറുപ്പക്കാരിൽ അവബോധത്തി​െന്റ തിരിതെളിച്ചവൻ. കലാധരൻ!

അയ്യപ്പനാശാൻ മരിച്ചതി​ന്റെയന്ന്, രാത്രിയിൽ കുഴിമാടത്തിന്റെയരികത്ത് ഒരാൾ കുറേ നേരമായി നിൽക്കുന്ന കാഴ്ച ആദ്യം കണ്ടത് ഷോബിയായിരുന്നു. അന്നേരം ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു. ദഹിപ്പിച്ച പുക അന്തരീക്ഷത്തിലാകെ കുമിഞ്ഞുനിന്നിരുന്നു. പുകയും മഴത്തുള്ളികളും ചേർന്നൊരുക്കിയ ഒരു മായക്കാഴ്ചയായിട്ട് അവിടെയുള്ളവരതിനെ നിസ്സാരമാക്കി. എന്നാലത് പിറ്റേദിവസവും ആവർത്തിച്ചതോടെ ഷോബി പറഞ്ഞു.

‘‘അണ്ണോ... നമക്ക് ഒന്നുപോയി നോക്കിയാലോ.’’

ഷോബിയുടെ കണ്ണുകളിൽ ഒരേസമയം പേടിയും കൗതുകവും ഇഴപിരിഞ്ഞു കിടന്നിരുന്നു.

തെക്കുവശത്തെ ജനാലയിലൂടെ ടോർച്ച് തെളിച്ചു വീശിയപ്പം ഷോബി പറഞ്ഞത് നേരായിരുന്നു. ആരോ ഒരുത്തൻ അയ്യപ്പനാശാന്റെ കുഴിമാടത്തിനരികിലുണ്ട്.

‘‘അത് ആരാ ചിത്രയണ്ണാ..!’’ ഷോബിയുടെ ആ പിടപ്പു കണ്ടപ്പോൾ എന്തും വരട്ടെയെന്ന് കരുതി ചുടലപ്പറമ്പിലേക്ക് നടന്നു. കാലിലും കൈയിലും ഒരു വിറ കേറി കൊളുത്തിപ്പിടിക്കുന്നുണ്ട്. കുടുംബക്കാർ അന്തിയുറങ്ങുന്ന മണ്ണാണ്. പരമസാധുക്കൾ മുതൽ വീരപരാക്രമികൾ വരെ ശയിക്കുന്ന ഇടം. അതിൽ ദുർമരണപ്പെട്ടവർ വരെയുണ്ട്. അത്തരക്കാരുടെ പ്രേതങ്ങൾ ചില്ലറക്കാരല്ല. അക്രമകാരികളാണ്. മോക്ഷം കിട്ടാതെ അലയുന്നവരെ പേടിക്കണം. നാട്ടിലാകെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന സർവമാന പ്രേതകഥകളും ചിന്തയിലാകെ വരത്തുപോക്കുകൾ നടത്തുണ്ട്. എന്നാലും പിന്നോട്ടില്ല. ഷോബി വകയിലെ വെറുമൊരു ബന്ധു മാത്രമല്ല. അയ്യപ്പനാശാന്റെ കുട്ടിയാണ്. മുഖത്ത് ചായംതേച്ച്, ചുവടു​െവച്ചാടുവാൻ ശീലിപ്പിച്ച ആശാനാണ്. ഷോബിക്ക് പറയാൻ അധികം പേരില്ല. ഇളയത്തുങ്ങള് രണ്ട് പെങ്ങന്മാരാണ്. കൃതജ്ഞത ഭയത്തെ പിന്നിലേക്ക് തള്ളിമാറ്റി മുന്നോട്ടു നടത്തിച്ചു.

കുഴിമാടത്തിന്റെ കാൽച്ചുവട്ടിലാണ് അവൻ നിൽക്കുന്നത്. ഒരു ആറടി പൊക്കമുണ്ട്. മെലിഞ്ഞ ഉടലാണ്. മുണ്ട് മടക്കിക്കുത്തി കൈകെട്ടിയാണ് നിൽപ്. ശീതക്കാറ്റിൽ മേൽക്കുപ്പായം ഇളകിയാടുന്നുണ്ട്. ഉടുപ്പല്ല. ജുബ്ബ പോലൊന്നാണ് വേഷം. പരദേശിയാണോ! ഇനി വല്ല കള്ളനുമാണോ! ഛെ എന്തൊരു വങ്കത്തമാണ് ഈ ചിന്തിച്ചുകൂട്ടുന്നത്. കത്തിച്ചാമ്പലായിടത്ത് എന്തോന്നിരിക്കാൻ! പിന്നാരാകും? ഷോബി കൊന്നത്തെങ്ങിന്റെ മറവുപറ്റി പേടിച്ചു വിറച്ചു നിൽക്കുകയാണ്. അവന്റെ ചങ്കിടിപ്പിന്റെ ഒച്ച കുഴിമാടം വരെ കേൾക്കാം. ഒടുവിൽ രണ്ടും കൽപിച്ചങ്ങ് തീരുമാനിച്ചു.

‘‘ആരാ..?’’

രണ്ടക്ഷരമുള്ള ആ വാക്കിന് തൊണ്ടയിൽനിന്നും പുറത്തുചാടാൻ കുറച്ച് പാടുപെടേണ്ടിവന്നു. എങ്കിലും ഉതിർന്നുവീണ ശബ്ദത്തിന് കാരിരുമ്പിന്റെ ഉറപ്പും ഊക്കുമുണ്ടായിരുന്നു. മറുപടിയില്ല. പത്തുച്ചുവട് മുന്നോട്ടു​െവച്ച് ടോർച്ച് ഉയർത്തിനീട്ടി ഒന്നുകൂടി ചോദിച്ചു

‘‘ആരാ നീ...’’

പ്രകാശധാരയിൽ ഒരു രൂപം തിടംവയ്ക്കുന്നു... അയ്യപ്പനാശാൻ! പൊടിമീശക്കാരനായ അയ്യപ്പനാശാൻ! എന്റെ കണ്ണുതള്ളിപ്പോയി. അയ്യപ്പനാശാനെ പകർത്തിവച്ചേക്കുന്നു! മുറിച്ച മുറി! ഭീതിയാൽ ഞാൻ വേച്ചു വീണുപോയേക്കുമെന്നുവരെ കരുതിപ്പോയി. ചിലനേരത്ത് എവിടെനിന്നോ ഒരു കരുത്തുവന്ന് ബലപ്പിച്ചങ്ങ് നിർത്തില്ലേ! അതുപോലൊന്ന് അപ്പോഴും സംഭവിച്ചു. വരത്തൻ മൗനത്തിന്റെ തൂവിക്കുടം പൊട്ടിച്ചു.

‘‘ഞാൻ കലാധരൻ... അയ്യപ്പനാശാന്റെ മോൻ!’’

നിന്നനിൽപിൽ ഞാൻ ഒരു ശിലപോലെ ഉറഞ്ഞുപോയി. നൊടിനേരത്താൽ അവൻ അപ്രത്യക്ഷനായി. എവിടെക്കോ മിന്നിമറഞ്ഞിരിക്കുന്നു. കാലബോധം തിരികെ കിട്ടിയപ്പോൾ ഞാൻ ടോർച്ച് നീട്ടിയടിച്ചു. പ്രകാശം പലയിടങ്ങളിലേക്ക് ചിതറിയോടി. ചങ്ങലംഏലായുടെ നടവരമ്പിലൂടെ ഒരു നിഴൽ മാഞ്ഞുപോകുന്നതു കണ്ടു. ഷോബിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഷോബി എന്തെക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ ഒന്നുംതന്നെ കേൾക്കുന്നുണ്ടായിരുന്നില്ല. മനസ്സാകെ ആ കാഴ്ചകളുടെ പെരുക്കമായിരുന്നു. പോക്കറ്റിൽനിന്നും ഒരു ബീഡി എടുത്ത് ചുണ്ടിൽ തിരുകി കത്തിച്ചു. പറങ്കിമാവിൽ ചാരിനിന്നു നാലു പുകയെടുത്തു. ഷോബിയോട് കാര്യം പറയാതിരുന്നിട്ടെന്ത് ഫലം!

ഒരു ബീഡി കത്തിയമർന്നു. കണ്ടതും കേട്ടതുമെല്ലാം തീപ്പൊരികളായി ഷോബിയുടെ ചങ്കിലേക്ക് പകർന്നു. ഷോബിയാ പുകച്ചിലുമായി വീട്ടിലേക്കു നടന്നു. ചാക്കാലവീട് വീണ്ടും വിലാപപ്പുരയായി കത്തിയമർന്നു. ആ അഗ്നികുണ്ഡത്തിനു മീതേ അയ്യപ്പനാശാന്റെ ഭാര്യ പീലിച്ചിറ്റ കള്ളിയങ്കാട് നീലിയായി നിന്ന് അലറി.

‘‘ഇനി ആ എമ്പോക്കി ഈ മണ്ണില് കാലുകുത്തരുത്. കാലുകുത്തിയാ അവന്റെ മുട്ടുകാല് തല്ലിയൊടിക്കണം.’’

പതിനാറിന്റെയന്നുവരെ കുഴിമാടത്തിനരികിലും ചങ്ങലം ഏലായിലും കലുങ്കിലുമൊക്കെ ഷോബിയോടൊപ്പം വിൻഡീസ് പട കാവൽ നിന്നു.

‘‘തച്ചു കൊല്ലണം നായേ...’’

അയ്യപ്പനാശാൻ കെട്ടിയാടിയ സീതകളിയിലെ* രാക്ഷസരൂപിയെപ്പോൽ ഷോബി പിറുപിറുത്തു കൊണ്ടിരുന്നു. കയ്യിലിരുന്ന പാറച്ചീളിൽനിന്നും തീ ചിതറി. പക്ഷേ, കലാധരന്റെ വരവുണ്ടായില്ല. ദിനങ്ങൾ കടന്നുപോകുന്തോറും അരിശത്തിന്റെ അടരുകൾ ഷോബിയിൽനിന്നും കൊഴിഞ്ഞു തുടങ്ങി. മടുപ്പിന്റെ ചവർപ്പ് എല്ലാവരിലും പടർന്നുതുടങ്ങിയിരുന്നു. പതിനാറിന്റെയന്ന് കുളി കഴിഞ്ഞ് പീലിച്ചിറ്റ പറഞ്ഞു:

‘‘ഇനി എന്റെ പിള്ളേര് ഒറക്കം കളയണ്ട, ചെലപ്പോ ചിത്രന്റെ തോന്നലാകാം.’’ നേര്യതിന്റെ അറ്റം വലങ്കണ്ണിൽ പൊട്ടുപോലെ തുടുത്ത നീർക്കണത്തെ മായ്ച്ചുകളഞ്ഞു.

‘‘അല്ലേലും എന്റെ അയ്യപ്പനാശാൻ എന്നെ ചതിക്കൂല...’’

ഞാനും തർക്കിച്ചില്ല. അതെ. എല്ലാം ഒരു തോന്നലാകട്ടെ...

അയ്യപ്പനാശാന്റെ പതിനാറും കഴിഞ്ഞാണ് ഞങ്ങൾ പിന്നെ ക്രിക്കറ്റ് കളിക്കാനായി പുലരിക്കലേക്ക് പോയത്. പക്ഷേ ഷോബി വന്നില്ല. ഞാൻ നിർബന്ധിച്ചതുമില്ല. പതിവുപോലെ ഞങ്ങൾ തോറ്റു തുന്നംപാടി. ഇട്ടുകൂട്ടി വാങ്ങിയ റബ്ബർപന്ത് എന്ന പന്തയമുതലും നഷ്ടമായി. എല്ലാം പോകട്ടെ... വേസ്റ്റ് ഇന്ത്യൻസ് എന്ന പുലരിക്കലെ പിള്ളേരുടെ നെറികെട്ട കൂവിയാർക്കലാണ് സഹിക്കാൻ കഴിയാത്തത്.

‘‘മാടന്തമ്പുരാനേ, എന്നാ ഇവന്മാരേ ഒന്ന് തോപ്പിക്കാനുക...’’

മുറതെറ്റാതെ, ആംബ്രോസിന്റെയും വാൽഷിന്റെയും ഹൂപ്പറിന്റെയും സിമൻസിന്റെയും ലാറയുടെയുമൊക്കെ ആ വിലാപഗീതം പരുങ്ങൽപ്പാൽപ്പാറയിലേക്ക് എല്ലാ സന്ധ്യകളിലും കലങ്ങിയ കണ്ണുകളുമായി നടകൊള്ളും. മടൽബാറ്റിന്റെ അരിശവും സങ്കടവും വഴിയിറമ്പിലെ പുല്ലുകൾ മൗനമായി സഹിക്കും. സങ്കടം പരുങ്ങൽപ്പാറക്കു മീതേ ഘനീഭവിച്ചുകിടക്കും. ഒരു മുളപൊട്ടലിനായി... പ്രാർഥനയോടെ...

കുറച്ചു ദിവസങ്ങൾക്കുശേഷം, ഒരു ഞായറാഴ്ച വൈകിട്ടായിരുന്നു ഷോബി പിന്നീട് പുലരിക്കൽ മൈതാനത്ത് എത്തിയത്. അവൻ ഒറ്റക്കായിരുന്നില്ല. അവന്റെ കൂടെ ഒരാൾകൂടിയുണ്ടായിരുന്നു. അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. അത് കലാധരനായിരുന്നു! കുറച്ചുനാളായിട്ട് ഷോബിയുടെ വീട്ടിലെ വിശേഷങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല. പത്താംക്ലാസ് തോറ്റതിനുശേഷം ഞാൻ അപ്പന്റെ കൂടെ കൂലിപ്പണിക്കുപോകുമായിരുന്നു. പണിത്തിരക്ക് കാരണം അയ്യപ്പനാശാന്റെ വീട്ടിലോട്ട് ഇറങ്ങാനൊന്നും പറ്റിയില്ല.

ഷോബി കലാധരനെ ‘കൊച്ചാട്ട’... എന്നാണ് വിളിക്കുന്നത്. അവന്റെ വിളിക്ക് നൂറുനാവുണ്ടെന്നു തോന്നിപ്പോകും. അതേമാതിരിയുള്ള സ്നേഹം! ഇതെന്തു മറിമായം! കണ്ടാൽ വെട്ടുകത്തി എടുക്കാൻ നിന്നവനെ എത്രവേഗത്തിലാണ് ഈ വരത്തൻ മെരുക്കിയെടുത്തിരിക്കുന്നത്. ഷോബിയെ മാത്രമല്ല, പീലിച്ചിറ്റയേയും! അവർക്കിപ്പോൾ കലാധരൻ തന്റെ വയറ്റിൽ പിറക്കാതെ പോയ മകനാണത്രേ! വീട്ടുകാര്യങ്ങളൊക്കെ ഇപ്പോൾ നോക്കിനടത്തുന്നത് കലാധരനാണ്. ഷോബിയുടെ കണ്ണുകളിൽ വിശപ്പടങ്ങി കിടക്കുന്ന സന്തോഷം പൊടിഗമയിൽ ഞെളിഞ്ഞുനിന്നു.

ഷോബി ഞങ്ങളോടൊപ്പം കളിക്കുവാൻ കൂടി. കലാധരൻ കളി കണ്ടിരുന്നു. പത്തോവറാണ് കളി. ആദ്യം ബാറ്റുചെയ്തത് പുലരിക്കലുകാരായിരുന്നു. അടിച്ചെടുക്കാൻ പറ്റുന്ന റൺസിനു അവന്മാരെ വരിഞ്ഞുകെട്ടി. പക്ഷേ, ഫലമുണ്ടായില്ല. എട്ടോവർ തികയുന്നതിനുമുമ്പേ ഓൾ ഔട്ടാകാനായിരുന്നു വിധി. കളി കഴിഞ്ഞിറങ്ങുമ്പോൾ കലാധരൻ എന്റെ തോളിൽ തട്ടി പറഞ്ഞു.

‘‘സിക്സറുകളും ഫോറുകളും അടിക്കുന്നത് മാത്രമല്ല ക്രിക്കറ്റ്, വിക്കറ്റ് കാക്കുന്നതുകൂടിയാണ്. ജീവിതംപോലെ തന്നെ കളിയും!’’

ക്ഷീണം മാറ്റാനായി പരുങ്ങൽപ്പാറയുടെ വിരിമാറിൽ നീണ്ടുനിവർന്നു കിടക്കുമ്പോഴും കലാധരന്റെ വാക്കുകൾ കാതിൽ കിടന്ന് മുഴങ്ങുന്നുണ്ടായിരുന്നു. ആദ്യം കേട്ടപ്പോൾ ദേഷ്യവും പുച്ഛവുമാണ് തോന്നിയത്. എന്നാൽ, ഓരോ മുഴക്കങ്ങളിലും വാക്കുകൾക്ക് മുഴുപ്പേറുന്നു. ആകാശത്തെ പൂർണചന്ദ്രനെപ്പോലെ...

‘‘കൊച്ചാട്ടന് ഇത്തിരി പറയാനുണ്ടെന്ന്...’’

തൊട്ടരികത്ത് കിടന്ന ഷോബി എന്നെ ഉണർത്തി!

‘‘ആർക്ക്..?’’

‘‘കലാധരൻ കൊച്ചാട്ടന്...’’

കലാധരൻ കുന്നിൻചരുവിൽ ഇരിപ്പുണ്ടായിരുന്നു. അയാളെ ലക്ഷ്യംവെച്ച് ഞാനും കൂട്ടുകാരും ഇറങ്ങിനടന്നു. അയാൾ ഞങ്ങൾക്ക് മുന്നിലേക്ക് കുറച്ച് വർണക്കടലാസുകൾ വിടർത്തിവെച്ചു. അവക്കെല്ലാം നല്ല മെഴുമെഴുപ്പും തെളിച്ചവുമുണ്ടായിരുന്നു. ആകാശത്തുനിന്നും നിലാവ് നല്ല തെളിമയോടെ ചിത്രങ്ങൾക്കും അക്ഷരങ്ങൾക്കും മീതേ പരന്നൊഴുകി. അറിയുന്നതും അറിയാത്തതുമായ വിൻഡീസ് ക്രിക്കറ്റ് പ്രതിഭകളെകൊണ്ട് കളം നിറഞ്ഞിരുന്നു.

അതുവരെ കേൾക്കാത്ത പേരുകൾ കാതുകളിലേക്ക് മാർച്ചുപാസ്റ്റ് ചെയ്തു... വെള്ളിക്കപ്പിൽ മുത്തമിടുന്ന കളിക്കാരനെ പരിചയപ്പെടുത്തി. അടുപ്പിച്ച് രണ്ടുതവണ ലോകകപ്പ് വിൻഡീസിന് നേടിക്കൊടുത്ത ക്ലൈവ് ലോയിഡ്! ഗാരി സോബേഴ്സ്, മാൽക്കം മാർഷൽ, റോഹൻ കൻഹായി, മൈക്കൽ ഹോൾഡിങ്... പേരൊടുക്കത്തിൽ, ബാറ്റുകൊണ്ട് മഴവില്ല് വിരിയിച്ച ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്സനെയും. അപകർഷതയുടെ തോലുകളെ കലാധരൻ ഉരിഞ്ഞെടുത്തു. പാരമ്പര്യത്തിന്റെ ഉണർവിനെ അയാൾ ഓരോ കോശത്തുടിപ്പിലേക്കും നിറച്ചുവെച്ചു. ഏറ്റവും ഒടുവിൽ, എമ്പത്തിമൂന്നിൽ... അതുവരെ ഒന്നുമല്ലാതിരുന്ന ക്രിക്കറ്റ് ശിശുക്കൾ പടവെട്ടി നേടിയ വിജയവും..!

കലാധരന്റെ നാവിൻത്തുമ്പിൽ ലോകം ഒരു പന്തുപോൽ തിരിയുന്നത് വിസ്മയത്തോടെ കേട്ടിരുന്നു. എത്രവേഗമാണയാൾ വാക്കുകളുടെ ജ്ഞാനസ്നാനത്താൽ അതൃപ്തികളെ തൃപ്തികളാക്കി മാറ്റിയത്. പാപമെന്ന് നിനച്ചതിനെ മഹത്ത്വപ്പെടുത്തിയത്. കളിയും കാര്യവും ചരിത്രത്തിലാണ് വേരൂന്നിനിൽക്കുന്നത്. വേരുറപ്പിൽ ഉടലുകളിലാകെ ഒരു പുതുവസന്തം വിരിയുന്നു...

കുറ്റിക്കാട്ടിൽനിന്നും ഒരു വില്ലോത്തടി ഇറങ്ങിവന്നു.

കലാധരൻ ആ ബാറ്റ് സമ്മാനിച്ചുകൊണ്ട് പറഞ്ഞു.

‘‘കാലത്തിനനുസരിച്ച് നമ്മളും മാറണം.’’

പിറ്റേന്ന് കളി കാണാൻ കലാധരൻ ഉണ്ടായിരുന്നില്ല. പക്ഷേ, അയാളുടെ ശബ്ദം കാതുകളിൽ ഇരമ്പുന്നുണ്ടായിരുന്നു. ഒരാൾ ക്രീസിൽ നങ്കൂരമിടുമ്പോൾ മറ്റൊരുവൻ ആർത്തലച്ചു. അമിതമായ ആവേശമില്ലാതെ നിലയുറപ്പിച്ചു. ശിക്ഷിക്കേണ്ട പന്തുകളെ മാത്രം ശിക്ഷിച്ചു. ബഹുമാനിക്കേണ്ടതിനെ വന്ദിച്ചു. എതിരാളിയുടെ പിഴവുകളിലേക്ക് ഉന്നംവെച്ച് ഓരോ പന്തും ചൂഴ്ന്നിറങ്ങി. അതുവരെ അപ്രത്യക്ഷമായിരുന്ന വിജയത്തിന്റെ കൊടിക്കൂറ അന്നാദ്യമായി മൂർധാവിൽ ചുംബിച്ചു. പക്ഷേ, ഒരു സങ്കടം! വിജയശിൽപി ശിൽപത്തെ കണ്ടില്ലല്ലോ!

ഷോബി ആശ്വസിപ്പിച്ചു. ‘‘കൊച്ചാട്ടന് ഉറപ്പുണ്ടായിരുന്നു, ഇന്ന് നമ്മൾ ജയിക്കുമെന്ന്.’’

‘‘നാളെയും...’’

മനസ്സുകളിൽ ഒരേയൊരു മന്ത്രണം തുടികൊട്ടി.

പിന്നെ എത്രയെത്ര മാച്ചുകൾ, ടൂർണമെന്റുകൾ... മടലിനു പകരം വില്ലോബാറ്റ് സമ്മാനിച്ച കൈകൾ തന്നെയാണ് ചുണ്ടുകളിൽ ബീഡിക്ക് പകരം അക്ഷരങ്ങളെയും വിതച്ചത്. ഹെർക്കുലിസിന്റെ പഴഞ്ചൻ സൈക്കിളിൽ കലാധരൻ പരുങ്ങൽപ്പാറ കയറി വരുമ്പോഴെല്ലാം അതിന്റെ കാരിയറിൽ പുസ്തകങ്ങളും മാസികകളുമുണ്ടായിരുന്നു. ആദ്യമൊക്കെ സ്പോർട്സ് മാസികകളായിരുന്നു കൂടുതലും. പിന്നെയവ ഫിക്ഷനുകളിലേക്കും നോൺഫിക്ഷനുകളിലേക്കും വഴിമാറി. പുസ്തകങ്ങളുടെ എണ്ണം പെരുകിവന്നതോടെയാണ് അവർക്കൊന്നിച്ചിരിക്കാൻ ഒരു ആലയം വേണമെന്ന് കലാധരൻ നിർദേശിച്ചത്. ഒരു ചെറു മാടം കെട്ടി. പക്ഷേ, ടൂർണമെന്റ് തോറ്റതിന്റെ വൈരാഗ്യത്തിൽ പുലരിക്കലെ പിള്ളേർ അത് പൊളിച്ചുകളഞ്ഞു. പ്രതികാരത്തിനായി പുറപ്പെട്ട ഞങ്ങളെ കലാധരൻ തടുത്തു.

 

‘‘പൊളിക്കാൻ കഴിയാത്തത് തീർത്തുവയ്ക്കുന്നതല്ലേ ശരിക്കുമുള്ള പ്രതികാരം.’’

പലയിടങ്ങളിലായി ചിതറിക്കിടക്കുന്നവയെ സ്വരൂപിച്ചെടുക്കാൻ കലാധരന് അനുപമമായ ചാതുര്യമുണ്ടായിരുന്നു. കല്ലിലും മണലിലും തടിയിലും സിമന്റിലുമായി ഉറപ്പുള്ള പുസ്തകാലയം പൂർത്തിയായി. ദുർബലകരങ്ങൾക്ക് ധൂളിയാക്കാൻ കഴിയാത്ത എല്ലുറപ്പ് അതിനുണ്ടായിരുന്നു.

‘അയ്യൻകാളി സ്മാരക ഗ്രന്ഥശാല.’

ഉദ്ഘാടനത്തിന്റെയന്ന് പീലിച്ചിറ്റയാണ് വിളക്ക് കൊളുത്തിയത്. ഗ്രന്ഥാലയത്തിലാകെ ആ വെളിച്ചം പരന്നു. ചുമരിൽ രണ്ടു ചിത്രങ്ങൾ! അയ്യൻകാളിയും അയ്യപ്പനാശാനും! കുറഞ്ഞ വാക്കുകളിൽ വായനശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് കലാധരൻ സംസാരിച്ചു. ശേഷം പ്രസംഗിച്ചവർക്കെല്ലാം പറയാനുണ്ടായിരുന്നത് കലാധരനെക്കുറിച്ച് മാത്രമായിരുന്നു. കുറച്ചുകേട്ട് കഴിഞ്ഞപ്പോൾ അയാൾ മെല്ലെ തകരക്കസേരയിൽനിന്നും എഴുന്നേറ്റു.

‘‘ഇങ്ങനെ പോയാൽ നിങ്ങൾ എന്നെ പിടിച്ചു ദൈവമാക്കുമല്ലോ!’’

ഒരു മന്ദഹാസത്തോടെ കലാധരൻ തന്റെ സൈക്കിളിൽ കുന്നിറങ്ങി. പിന്നെ അയാൾ പരുങ്ങൽപ്പാറയിലേക്ക് വന്നിട്ടേയില്ല! ആരും കണ്ടിട്ടുമില്ല!

പരുങ്ങൽപ്പാറയിലേക്ക്, ഏറെ വർഷങ്ങൾക്കു ശേഷമൊരു യാത്ര. അത് അപ്രതീക്ഷിതമായിരുന്നു. താറിട്ട റോഡരികുകളിലെ തണൽവൃക്ഷങ്ങളെപ്പോലെ ഓർമകൾ പിന്നോട്ടു ചലിച്ചുകൊണ്ടിരുന്നു. കലാധരൻ അന്നിട്ട വിത്തുകൾ ഇപ്പോൾ വന്മരങ്ങളായി പലയിടങ്ങളിൽ പൂത്തുനിൽക്കുന്നു. പ്രിൻസിപ്പൽ സെക്രട്ടറി മുതൽ കവിയും പുരാവസ്തുഗവേഷകനുമായ ഈയുള്ളവൻ വരെ. പുരാവസ്തു ശാസ്ത്രജ്ഞനായി ദേശാതിർത്തികളും കാലാതിർത്തികളും പിന്നിടുമ്പോഴും മനസ്സ് ഖനനം ചെയ്തത് ഒരേയൊരു മുഖമായിരുന്നു. കലാധരൻ!

ഇതാ, ഇപ്പോൾ വെളിച്ചത്തിന്റെ ഒരു ചീള് കയ്യിൽ തടഞ്ഞിരിക്കുന്നു. അതും പുലരിക്കലിൽനിന്നും! രാജേന്ദ്രൻ നായരുടെ മകൻ ബാലചന്ദ്രനിലൂടെ! ഒരുകാലത്ത് കലാധരനെയും പരുങ്ങൽപ്പാറക്കാരെയും ഏറ്റവും വെറുത്തിരുന്ന മനുഷ്യനിൽനിന്ന്! രഹസ്യത്തിന്റെ ഏതു നിലവറയിലേക്കാണ് അയാൾ ഒരു കത്തിലൂടെ എന്നെ തിരികെ വിളിച്ചിരിക്കുന്നത്.

‘‘എനിക്കൊന്നു കാണണമെന്നുണ്ട്! കലാധരനെക്കുറിച്ച് ചിലത് പറയാനുണ്ട്!’’

പൂമുഖത്ത് ബാലചന്ദ്രൻ എന്നെ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു. ആ തടിച്ച ശരീരം കൂടുതൽ വെളുത്ത് തെഴുത്തിരിക്കുന്നു. തല വെള്ളിരോമങ്ങളുടെ ഒരു പക്ഷിക്കൂട്. നിറഞ്ഞചിരിയോടെ അയാൾ എന്നെ സ്വീകരിച്ചു. നിറഭേദവും വെറുപ്പും പകയുമൊക്കെ കാലം സ്നേഹത്താൽ പരിഷ്കരിച്ചിരിക്കുന്നു. ചാരുകസേരയിൽ ഉടൽഭാരത്തെ ഇറക്കി​െവച്ചുകൊണ്ട് അയാൾ പറഞ്ഞു.

‘‘നിങ്ങളോട് മത്സരിച്ച് അന്നു ഞങ്ങളും ഒരു വായനശാല തുടങ്ങി. അങ്ങനെയാണ് ഈ വായന കൂടെക്കൂടിയത്.’’

അപ്പോഴേക്കും ചായയും പലഹാരങ്ങളും വന്നു.

‘‘ആഴ്ചപ്പതിപ്പിലെ ഓർമക്കുറിപ്പു ഗംഭീരമാകുന്നുണ്ട്! എനിക്കത് എന്നെ ഒരു കണ്ണാടിയിലൂടെ കാണുന്നതുപോലെയാണ്!’’

അൽപനേരത്തെ നിശ്ശബ്ദതക്കുശേഷം ബാലചന്ദ്രൻ ഒരു ദീർഘനിശ്വാസം കഴിച്ചു.

‘‘ഒരുവൻ നേരെ കാണുന്ന ഓർമ, മറ്റൊരുവനെ തലതിരിച്ചിടൽകൂടിയാണ്.’’

അയാൾ എന്റെ അരികിലേക്ക് അൽപം ചേർന്നിരുന്നു.

‘‘കലാധരൻ...’’

കാലങ്ങളായി അടഞ്ഞുകിടന്ന നിഗൂഢതയുടെ വാതിൽ ഇതാ തുറക്കപ്പെടുന്നു. ഒരു പേരിന്റെ ചാവിത്തിരിയ്ക്കലാൽ...

കലാധരനെ വകവരുത്തിയ കഥ! നിർമമതയോടെ ആ കാപാലികനിതാ വെളിവാക്കുന്നു...

മഹത്തുക്കളെല്ലാം കൊല്ലപ്പെടണമെന്നുള്ള ശാഠ്യമെന്തിന്? അതിനുമപ്പുറമുള്ള എന്തെങ്കിലുമായിക്കൂടെ... മനസ്സിനെ ശാസിച്ചു. ആശ്വസിപ്പിച്ചു.

ഞാൻ കാതോർത്തിരുന്നു.

‘‘ആരാ..?’’

ഒരു ചോദ്യമുനയാൽ ബാലചന്ദ്രനും ചായയും മധുരപലഹാരങ്ങളും ഇരിപ്പിടവുമെല്ലാം എന്നെ ഉപേക്ഷിച്ച്, ഏകനാക്കി എവിടെയോ പറന്നുപോയിരിക്കുന്നു. മുറ്റത്തെ ഇലച്ചെടികൾക്കരികിൽ ഞാൻ മാത്രം!

ഞാൻ ഒരു പാഴിലപോൽ വിവശനായി.

‘‘ബാലന്റെ വീടല്ലേ!’’ വാതിൽ തുറന്നെത്തിയ ചെറുപ്പക്കാരനോട് ഞാൻ അന്വേഷിച്ചു.

‘‘അതെ.’’

‘‘ബാലനില്ലേ..?’’

‘‘അച്ഛൻ ആശുപത്രിയിലാണ്. വെന്റിലേറ്ററിൽ!’’

അവൻ വീട് പൂട്ടി ഇറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്തു.

അപ്പോൾ ഞാൻ കണ്ടതും സംസാരിച്ചതും ആരോടാണ്?

ഉടലാകെ പൊതിയുന്ന പരിഭ്രമം കണ്ടതിനാലാകാം അവൻ ബൈക്ക് എന്റെ അരികിലേക്ക് ചലിപ്പിച്ചു.

‘‘ചിത്രജൻ സാറല്ലേ! എനിക്ക് തിരക്കിനിടയിൽ കണ്ടപ്പോൾ ആദ്യം മനസ്സിലായില്ല. അച്ഛൻ പറഞ്ഞിട്ട് ഞാനാണ് ആ കത്ത് എഴുതിയത്. അച്ഛന് സാറിനെ ഒന്ന് കാണണമെന്നുണ്ടായിരുന്നു. ഇനിയത് നടക്കുമോ എന്ന് അറിയില്ല. കുറച്ച് ക്രിട്ടിക്കലാണ്...’’

ബൈക്കിന്റെ ഫ്രണ്ട് ബാഗിൽനിന്ന് ഒരു പേപ്പർ കഷണം കണ്ടെത്തി അവൻ തന്റെ പേരും ഫോൺ നമ്പറും കുറിച്ചു. അതെനിക്ക് നീട്ടി.

‘‘ഇതിൽ ഒരു മിസ് അടിച്ചേക്കൂ, തിരക്കൊഴിയുമ്പോൾ ഞാൻ വിളിക്കാം...’’

ബൈക്ക് മുറ്റത്തുനിന്നും തിടുക്കത്തിൽ റോഡിലേക്ക് ഇറങ്ങി.

വിറയ്ക്കുന്ന കരങ്ങളോടെ, അക്കങ്ങളെ പേരിന്റെ സാക്ഷക്കൊളുത്തിനാൽ ഫോണിൽ ഞാൻ ബന്ധിച്ചു.

‘‘കലാധരൻ!’’

--------------------------

* സീതകളി: രാമായണകഥയെ ആസ്പദമാക്കി കേരളത്തിലെ കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിലെ ദലിത് വിഭാഗങ്ങൾ അവതരിപ്പിക്കുന്ന ഒരു പരമ്പരാഗത നാടൻ അനുഷ്ഠാന കലാരൂപം.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-22 03:30 GMT
access_time 2026-06-22 02:00 GMT
access_time 2026-06-15 05:30 GMT
access_time 2026-06-15 04:30 GMT
access_time 2026-06-15 02:45 GMT
access_time 2026-06-08 05:30 GMT
access_time 2026-06-01 05:15 GMT
access_time 2026-06-01 04:00 GMT
access_time 2026-06-01 03:45 GMT