ദൈവസഹായം

‘‘മരിക്കാനാണ് പ്രാർഥിക്കേണ്ടത്. എത്രയും വേഗം അങ്ങോട്ട് കെട്ടിയെടുക്കാൻ.’’ ‘‘ദൈവസഹായം. പേര് പറയൂ. എവിടന്നാ? ‘‘സെലീനെന്ന് വിളിക്കും. സെലീനാ പ​േത്രാസ്​. എരുമപ്പെട്ടീന്ന്.’’ ‘‘ആർക്കാണ് മരിക്കേണ്ടത്. സെലീനയ്ക്കോ?’’ ‘‘അയ്യോ അല്ല. ഞാനാ സെലീന. മരിക്കേണ്ടത് സുഭദ്ര. മൂധേവി സുഭദ്ര.’’ ‘‘വായുവലിച്ച് കിടപ്പാ സുഭദ്ര?’’ ‘‘അമ്പലമുറ്റത്തെ ആൽമരംപോലെ ഇരിപ്പുണ്ടവൾ. കൊന്നാലും ചാവില്ല ആ യക്ഷി.’’ ‘‘അതിന് സുഭദ്രയോട് വിളിക്കാൻ പറയൂ. അവർക്കുവേണ്ടിയല്ലേ പ്രാർഥനാ സഹായം?’’ (തറുതല പറഞ്ഞതിന് ഇടതുചെവിയുടെ കല്ല് തെറിച്ചുപോകുന്ന ചൂടൻതെറിയുടെ ആറാട്ട്. പെണ്ണുങ്ങളിങ്ങനെ തെറിയഭിഷേകം നടത്തുന്നത് പുത്തിരിയല്ല.)...

‘‘മരിക്കാനാണ് പ്രാർഥിക്കേണ്ടത്. എത്രയും വേഗം അങ്ങോട്ട് കെട്ടിയെടുക്കാൻ.’’

‘‘ദൈവസഹായം. പേര് പറയൂ. എവിടന്നാ?

‘‘സെലീനെന്ന് വിളിക്കും. സെലീനാ പ​േത്രാസ്​. എരുമപ്പെട്ടീന്ന്.’’

‘‘ആർക്കാണ് മരിക്കേണ്ടത്. സെലീനയ്ക്കോ?’’

‘‘അയ്യോ അല്ല. ഞാനാ സെലീന. മരിക്കേണ്ടത് സുഭദ്ര. മൂധേവി സുഭദ്ര.’’

‘‘വായുവലിച്ച് കിടപ്പാ സുഭദ്ര?’’

‘‘അമ്പലമുറ്റത്തെ ആൽമരംപോലെ ഇരിപ്പുണ്ടവൾ. കൊന്നാലും ചാവില്ല ആ യക്ഷി.’’

‘‘അതിന് സുഭദ്രയോട് വിളിക്കാൻ പറയൂ. അവർക്കുവേണ്ടിയല്ലേ പ്രാർഥനാ സഹായം?’’

(തറുതല പറഞ്ഞതിന് ഇടതുചെവിയുടെ കല്ല് തെറിച്ചുപോകുന്ന ചൂടൻതെറിയുടെ ആറാട്ട്. പെണ്ണുങ്ങളിങ്ങനെ തെറിയഭിഷേകം നടത്തുന്നത് പുത്തിരിയല്ല.)

ഫോൺ നിശ്ചലം.

2

‘‘അച്ചനാന്നോ?’’ (അച്ചനല്ല എന്ന് ഉത്തിരിക്കാൻ മേലാത്തതുകൊണ്ട് ചോദ്യംകേട്ടതായി ഭാവിച്ചില്ല. മറിച്ച് വെടിച്ചില്ല് പോലൊരു മറുചോദ്യം എയ്തുവിട്ടു.)

‘‘േപ്രസ്​ ദ ലോഡ്. ദൈവസഹായം. ആരാ? എവിടന്നാ? കുറച്ചുകൂടി ഉച്ചത്തിൽ പറയൂ.’’

‘‘ഇവിടെ കറന്റില്ല. പോയിട്ട് മൂന്നുദിവസമായി. റേഷൻ മണ്ണെണ്ണ കിട്ടാനില്ല. വെള്ളപ്പൊക്കത്തിൽ പോസ്റ്റുകൾ ഒലിച്ചുപോയി. കറണ്ട് വരാൻ തമ്പുരാനോട് മുട്ടിപ്പായി പ്രാർഥിക്കുക.’’

‘‘ചേച്ചി ഇവിടേയും കറണ്ടില്ല.’’

ഫോൺ നിശ്ചലം.

3

വെള്ളം കുടിക്കാനോ മൂത്രപ്പുരയിൽപ്പോകാനോ സമ്മതിക്കാതെ ഇരിക്കപ്പൊറുതി തരാത്ത ചീവീട് കരയുംപോലുള്ള ഫോൺബെൽ.

‘‘ഇന്നും കുറേ തൊഴി കിട്ടി. കുടിച്ചിട്ടു വന്നാൽ എന്റെ പുറം പള്ളിപ്പുറം. കാലമാടനെ കൊന്നുതരാൻ പ്രാർഥിക്കാമോ?’’

‘‘കാലമാടന്റെ പേര്?’’

‘‘തദ്ദേവൂസ്​ന്നാ മാമ്മോദീസപ്പേര്. ഞാനൊക്കെ വിളിക്കുന്നത് കാലമാടനെന്നാ.’’ (ആ വിളിയിൽ അവർ സന്തോഷിക്കുന്നുണ്ട് എന്നു വ്യക്തം.)

‘‘മാനസ്സാന്തരം വരാനും കുടിമാറാനും പ്രാർഥിക്കാം. കാലമാടൻ തദ്ദേവൂസിനെ ധ്യാനത്തിനു വിടൂ.’’

‘‘ധ്യാനം കൂടിയിട്ടും കുടി നിൽക്കുന്നില്ല. പക്കാംവാരിയെല്ലിൽ കരൾ മുട്ടുമ്പോ ദേശാടനപ്പക്ഷിയെപ്പോലെ ധ്യാനകേന്ദ്രത്തിലേയ്ക്ക് പോകും. വയറ്റീന്ന് കട്ടച്ചോരപോക്കാണ്. ദേ. ക്ലോസറ്റ് മുഴുവൻ ചോരയാണ്. ഇക്കണക്കിനുപോയാൽ കിണറിലെ വെള്ളംപോലും ചോപ്പനാവും. ലിവറൊക്കെ ബ്രാത്ത് പരുവമായിട്ടുണ്ടാവും.’’

‘‘എന്നാൽ ഡീ അഡിക്ഷൻ സെന്ററിൽ മൂന്ന് മാസം നിൽക്കട്ടെ.’’

‘‘അയ്യോ. വേണ്ട. അപ്പോൾ എനിക്ക് കൂട്ട് ആരാ? ഇവിടെ കള്ളന്മാരുടെ എമ്പിടി ശല്യമുള്ളതാ. കുറുവാസംഘം തമ്പടിച്ചിട്ടുണ്ട് ഓവർബ്രിഡ്ജിനടിയിൽ. തനിച്ച് നിൽക്കില്ല ഞാൻ. ഒറ്റയ്ക്കു കിടന്നാൽ കിഴവിത്തള്ളയാണേലും വല്ല റബ്ബർതോട്ടത്തിലാവും ഉറക്കമുണരുക.’’

‘‘അപ്പോൾ എന്തോ ചെയ്യും?’’

‘‘മൂന്ന് പെഗ്ഗ് ഒന്നായി കുറയ്ക്കാൻ പ്രാർഥിക്കുക.’’

ലിവർസീറോസിന് മൂന്നിലൊന്നായി കുറയ്ക്കുക എന്ന് കേട്ടപ്പോൾ ചിരിപൊട്ടി.

‘‘കാലമാടൻ തദ്ദേവൂസ്​. മദ്യപാനം നിർത്താൻ പ്രാർഥനാ സഹായം.’’ (ദൈവസഹായ പുസ്​തകത്തിൽ എഴുതിച്ചേർത്തു)

‘‘എന്റപ്പൻ കുടിച്ച് നരകിച്ചാ ചത്തത്. രോഗംവരാതെ കിടന്ന് ചാവാൻ പ്രാർഥിക്കാമോ. (റിമോട്ട് വെച്ച് ഓൺ ചെയ്യുന്നതുപോലെ.)

‘‘േപ്രസ്​ ദ ലോർഡ്.’’

‘‘അതുമതി. ബ്രദറൊരു തമാശക്കാരനാ.’’ (അടക്കിപ്പിടിച്ച ചിരി. ഫോൺ കട്ട്.)

4

‘‘പേര് മർത്തീനാമ്മ. മുഹമ്മ. നേരം എമ്പിടിയായി വിളിക്കുന്നു. (ഓട്ടുകിണ്ണത്തിൽ ചപ്പാത്തിക്കോല് വെച്ച് പെരുക്കുംപോലെ കുര. ചുമ) കരിമീൻ പൊള്ളിച്ചത് കഴിച്ചതാ. മുള്ള് തൊണ്ടയിൽ തടഞ്ഞിട്ട് ശ്വാസംമുട്ടുന്നു. (കുര, ചുമ, ഇത്യാദികളുടെ ആവർത്തനം.) അയ്യോ ശ്വാസം മുട്ടുന്നേ. മുള്ള്... മുള്ള്. (ചുമ നൂറ്റൊന്നാവർത്തിച്ച് കാസപ്പരുവമായി).

‘‘മുള്ള് പോകാൻ പ്രാർഥിക്കാം. ആശുപത്രി അടയ്ക്കുംമുമ്പ് അങ്ങോട്ട് വെച്ചുപിടിച്ചോ.’’

(തൊണ്ടയിൽ തടഞ്ഞത് തണ്ണീർമുക്കത്തെ ഫാമുകളിൽ വളരുന്ന ഗിഫറ്റ് തിലോപ്പിയയുടെ മുള്ളാണെങ്കിലും ഒരു ഗമക്കിരിക്കട്ടെ കരിമീനും അതിന്റെ മുള്ളും.)

‘‘മുള്ള് കിട്ടിയാൽ അറിയിക്കണേ സഹോദരി.’’

മുഹമ്മയിലെ പെണ്ണുങ്ങൾക്ക് കരിമീൻ തിന്നാൻ അറിയാലോ. കെട്ടിക്കേറി വന്നതാവും. (ചോദ്യമെറിയും മുമ്പ് അങ്ങേത്തലക്കൽ കട്ട് ചെയ്തിരുന്നു.)

5

സന്ധ്യമയങ്ങും മുമ്പേ എരുമപ്പെട്ടി സെലീനയുടെ വിളി.

‘‘സുഭദ്രയുടെ വീട്ടിലേക്ക് ഇപ്പോൾ കയറിപ്പോയത് ആന്റപ്പനാ. എന്റെ മോൻ. (കയറ്റം കയറുന്ന പഴയ ഫോർഡ് വണ്ടിപോലെ ഏന്തലും കിതപ്പും). ഇനി പുലരുമ്പോഴേ പുറത്തേക്കു വരൂ. പകലൊക്കെ എന്റെ കെട്ട്യോനാർന്നു അവളുടെ പരിങ്ങടയിൽ. സേവ്യർ. ഹാവൂ. ഉത്തമപുരുഷൻ. ഊള നാറി. തന്തേടെയല്ലേ പിള്ള. അപ്പൻ പട്ടല് വെട്ട്യാ മകൻ കാട് വെട്ടും.’’

എരുമപ്പെട്ടി സെലീന കാർപ്പിച്ചു തുപ്പിയതുകൊണ്ടാവാം ഫോൺ ഓഫായതെന്ന് തോന്നി. വീണ്ടും ബെല്ലടിച്ചു.

‘‘ചേച്ചി എന്താണ് പ്രാർഥനാസഹായം എഴുതിവെയ്ക്കേണ്ടത്?’’

‘‘ഞങ്ങടെ പെരേടെ മുന്നിലാ സുഭ​േദ്രടെ വീട്. ലക്ഷംവീട് കോളനീല്. എന്റെ മോന് കൈവെഷം കൊടുത്തേക്കുവാ അവള്. അവക്കിതാ പണി. ചാത്തൻസേവയുമുണ്ട് അവൾക്ക്.’’

‘‘കേൾക്കുന്നുണ്ട്. എന്താണ് പ്രാർഥിക്കേണ്ടത്?’’

‘‘ചോരേംനീരുമുള്ള എന്റെ മോനും നശിച്ചു. കെട്ട്യോനും കിട്ടമായി. അവള് എന്റെ മോനെ കൈവെഷം കൊടുത്ത് വശീകരിച്ചെടുത്തു. ആ സുഭ​േദ്രനെ കെട്ടിയെടുക്കാൻ പ്രാർഥിക്കു സഹോദരാ.’’

‘‘പകരം അപ്പനും മോനും കെട്ടിയെടുത്താപ്പോരേ. അവരുടെ പേരിലും തെറ്റുണ്ടല്ലോ?’’

‘‘പോര... പോരാ. അവള് ചത്തേച്ചാ മതിയേ.’’

‘‘ചാവാൻ പ്രാർഥിക്കണോ. ശല്യമൊഴിയാൻ പ്രാർഥിച്ചാപ്പോരേ..?’’

‘‘പോരാ. തെറ്റുചെയ്യുന്നവർ ചാവണം. പാപത്തിന്റെ ശമ്പളം മരണമ​േത്രയെന്ന് ബസ്സ് സ്​റ്റോപ്പിന്റെ മുന്നിലെ ക്ലാരമഠത്തിന്റെ മതിലിമ്മേലെഴുതിവെച്ചിട്ടുണ്ടല്ലോ.’’

‘‘പ്രാർഥിക്കാം.’’ (ഫോൺ കട്ട് ചെയ്തു.)

തർക്കശാസ്​ത്രത്തിൽ തോൽവി സമ്മതിച്ചമട്ടിൽ സ്വയം ഉത്തരിച്ചു അയാൾ. ഏറ്റവും എളുപ്പം എരുമപ്പെട്ടി സെലീന ചാവുന്നതാ എന്ന വിചാരത്തിന് ചൂട്ട്പിടിപ്പിച്ച സാത്താന്റെ ചിന്തയെ തുരത്തിയോടിക്കാൻ ശുദ്ധ മിഖായേൽ റേശു മാലാഖയോടുള്ള സ്​തുതിക്കായുള്ള വന്ദനങ്ങൾ ചൊല്ലാൻ ആരംഭിച്ചു.

 

6

‘‘തൂത്തുക്കുടി. ടുട്ടിക്കോറിൻ എൻട്രു സൊല്ലും. സഹായമേരി. െപ്രയർ വേണം. കണവൻ ഇന്നൊരുത്തി കൂടെ...’’ (ജയ ടീവിയിൽ ന്യൂസ്​ വായിക്കുന്നത് പോലെ.)

‘‘കണവൻ പേരെന്നാ?’’

‘‘അന്തോണിയാർ.’’

‘‘എന്നാ വേണ്ടും. എന്ന െപ്രയർ?’’

‘‘ഇങ്ക പക്കത്തിലെ, കായൽപ്പട്ടണത്തിലെ സെന്റ്ട്റ് തുലുക്കനാകൂന്ന് ദിനമും ഭയമുടുത്തുത്. അപ്പടീന്നാ അവര്ക്ക് നാലു പൊമ്പിളവരെ കെടയ്ക്കും. നാൻ എന്ന പൺട്രത്.’’

‘‘എന്ന വേലൈ അവര്ക്ക്?’’

‘‘ബോർമ്പേ. ബേക്കറി. ഇന്തമേ​േക്രാൺ ഇല്ലൈയാ. അതുക്ക് സ്​പെഷ്യൽ. ടൗണിലിയെ പെരിയകടൈ. ഇന്ത പൊണ്ണ് അങ്കേ സെയിൽസ്​ ഗേളാക്കും.’’

(ചുട്ടെടുത്ത കശുവണ്ടി പൊടിച്ചു ചേർത്ത മ​േക്രാൺ എന്ന പലഹാരത്തിന്റെ ഓർമ വായിൽ കപ്പലോടിച്ചു. ഒപ്പം തൂത്തുക്കുടിയിൽ കപ്പലിറങ്ങിയ പറങ്കികളുടെ വാഴ്ചക്കാലം നിറങ്ങളുള്ള ചിത്രങ്ങൾ മനസ്സിൽ കോറിയിട്ടു.)

‘‘അപ്പടിയാ. കടയിലേ വേറെ എത്തന ഗേൾസ്​ ഇരുക്ക്ത്?’’

‘‘അഞ്ച്.’’

‘‘അപ്പോൾ എന്നാ പൺഡ്രത്. പ്രയർ പണ്ണാം. നീങ്ക അവരോട് എന്തതൊന്തരവുക്കും പോകാതിങ്കേ. െപ്രയ്സ്​ ദ ലോഡ്. അന്തോണിയാർ തൻ തപ്പൈ ഉണർന്താ മട്ടുംപോതും. കർത്തൃകിട്ടൈ െപ്രയർ പണ്ണാം.’’ (ഉപദേശിക്കുന്നതിൽ കഴമ്പില്ലെന്ന് അറിയാമെങ്കിലും വിളിക്കുന്നയാൾക്ക് തെല്ല് ആശ്വാസം കിട്ടട്ടെ.)

7

നിറുത്താതെയുള്ള ബെല്ലടി.

‘‘കൊടുങ്കാറ്റ് വരുമെന്ന് പറഞ്ഞ് ഇവിടന്ന് ആളുകളെ ഒഴിപ്പിക്കുന്നു.’’

‘‘എവിടന്ന്?’’

‘‘​േഫ്ലാറിഡേന്ന്.’’

‘‘അതിന്?’’

‘‘കൊടുങ്കാറ്റ് വഴിമാറിപ്പോവാൻ പ്രാർഥിക്കുക.’’

‘‘എങ്ങോട്ട്?’’

‘‘എങ്ങോട്ടെങ്കിലും.’’

‘‘നമ്മുടെ കാര്യം നടക്കാനും കൊടുങ്കാറ്റ് അതിന്റെ വഴിക്കു പോകാനും പ്രാർഥിക്കാം.’’

8

ഇടി, പെരുംകാറ്റ്, ഭൂകമ്പം ഇത്യാദികളിൽനിന്നും രക്ഷപ്പെടുന്നതിന് ബാർബരാ പുണ്യവതിയോടുള്ള ജപംചൊല്ലിയ ​േഫ്ലാറിഡാക്കാലം അയാളുടെ മനസ്സിനെ ചിരവി. ​േഫ്ലാറിഡയിൽ ജീവിതപങ്കാളിയുമൊത്ത് കഴിഞ്ഞകാലവും ഡൈവോഴ്സ്​ വാങ്ങി നാട്ടിലേക്കു പോന്നതും രണ്ടു പെൺമക്കൾ രണ്ട് വഴിക്കായതും പണ്ട് പ്രാർഥനാസഹായത്തിന് അപേക്ഷിച്ച് വിളിച്ചിരുന്ന സ്​ഥാപനത്തിൽ എത്തപ്പെട്ടതും ഓർമയെ ചികഞ്ഞുമാന്തിയപ്പോൾ ഹൃദയം പഴുത്തുപൊട്ടാറായ ഒരു കനിപോലെ ആയെന്ന് തിരിച്ചറിവുണ്ടായി. ഓരോ വിളിയും ഓരോ മുങ്ങിത്താഴലാണെന്നും പ്രാർഥന മാത്രമാണൊരു കച്ചിത്തുരുമ്പെന്നും തിരിച്ചറിയുന്ന വിളിമുഴക്കങ്ങൾ.

9

‘‘ലൂസിയാമ്മയാന്നേ. ചങ്ങനാശേരീന്ന്.’’

‘‘പ്രാർഥനാ സഹായം പറയൂ.’’

‘‘ഭർത്താവ് ചത്തുകിട്ടാൻ പ്രാർഥിക്കുക.’’

‘‘ഭർത്താവിന് വയസ്സെത്ര?’’

‘‘അറുപത്തഞ്ച്.’’

‘‘ആയുസ്സടുക്കുമ്പോൾ മരിക്കും ചേച്ചി. മറ്റൊരാളുടെ പ്രാർഥനകൊണ്ട് മരിക്കുന്നത് കൊലപാതകത്തിനു തുല്യമാണ്. നൽമരണം ലഭിക്കാൻ യൗസേപ്പിതാവിനോടുള്ള ജപംചൊല്ലാം. എന്താ പറ്റീത്?’’

‘‘രണ്ട് മാസമായി ഐസീയുവിലാണ്. സ്​േട്രാക്ക് വന്നതാ. പിന്നെ, ഞങ്ങളെ വല്ലപ്പോഴും കാണാൻ സമ്മതിക്കും. മാസം ഇരുപത്തിഅയ്യായിരമാ ബില്ല്. ഞങ്ങളേക്കൊണ്ട് അത് കൂട്ട്യാക്കൂടില്ല. (കോടിത്തുണി കീറുമ്പോലെ പൊട്ടിക്കരയുന്നു) മക്കളൊക്കെ മടുത്ത് തിരിച്ചുപോയി. മോള് കാനഡായിലും മോൻ യൂകെയിലുമാ. അമ്പത് ലക്ഷമൊക്കെ കൊടുക്കാൻ അവർക്കും ബുദ്ധിമുട്ടാ. ബാങ്ക്ലോണെടുത്ത് പഠിച്ചേന്റെ കടം തീർന്നിട്ടില്ല.’’

ഒരു ഓക്സിജൻ മാസ്​ക് മാറ്റിവെച്ചാൽ അവസാനിപ്പിക്കാവുന്ന പ്രാണന്റെ വിലയാണ് ലക്ഷങ്ങൾ. പണ്ടൊക്കെ ഇരുചെവികളിലും ചെവിട്ടോർമ ചൊല്ലി കുരിശിലെ കർത്താവിനെ മുത്തിച്ച് തുളസിവെള്ളത്തിൽ മുക്കിയ തുണിശീലകൊണ്ട് തേരട്ടപ്പരുവമായ ചുണ്ടുകൾ നനച്ചുകൊടുത്ത് പുത്തൻപാന കേട്ട് ആശ്വാസപൂർവം അപാനവായുവലിച്ച് സ്വർഗവാതിൽ കടത്തിവിടുന്ന പ്രവൃത്തിക്കാണ് ആശുപത്രിക്കാർ ലക്ഷങ്ങൾ തീറെഴുതുന്നത്.

പ്രാർഥിക്കാമെന്ന പാഴ്വാക്കിന് ഇവിടെ പ്രസക്തിയില്ല. എങ്കിലും അങ്ങനെയൊരു വാക്ക് കേൾക്കാൻ കൊതിക്കുന്ന കാതുകളു​െണ്ടന്ന തിരിച്ചറിവിൽ മൊഴിഞ്ഞു.

‘‘പ്രാർഥിക്കാം. നൽമരണത്തിനായി.’’

10

പ്രായമായ ഒരു കാർന്നോരാണ് വിളിക്കുന്നത്. മദ്യം മണക്കുന്ന കുഴയുന്ന വാക്കുകൾ.

‘‘ഒരു കടേണ്ടാർന്നേ. ആറുമാസായി വാടകേംല്ല, കടയൊഴിഞ്ഞ് തരണൂംല്ല.’’

‘‘ഒഴിയാൻ നോട്ടീസ്​ കൊടുക്ക്, വക്കീൽ വഴി.’’

‘‘പ്രാർഥനയാണ് വേണ്ടത്. ഉപദേശോല്ല.’’

(ചെവിയിൽ ആണിതറച്ചപോലുള്ള പേച്ചുകൾ. ഉടക്കാനാണ് ഭാവമെന്ന് കണ്ടപ്പോൾ അവലോസ്​പൊടി തള്ളിക്കേറ്റിയപോലെയായി തൊണ്ട. ഉപദേശിക്കാൻപോയതിന് മുതലും കൂട്ടു പലിശയും കിട്ടി).

ഫോൺ കട്ട്ചെയ്തപ്പോൾ സ്വയംപറഞ്ഞു. ‘‘ആയിക്കോട്ടേ.’’

 

11

‘‘ആശുപത്രീപ്പോയി മുള്ളെടുത്തു. മൂന്നാംപക്കം. മുഹമ്മേന്ന് മർത്തീനാമ്മ. നന്ദി പറയാനേക്കൊണ്ട് വിളിച്ചതാന്നേ. വെയ്ക്കല്ലേ ഒരാവശ്യം കൂടിയുണ്ടേ. മുറിവുണങ്ങാൻ തമ്പുരാനോട് മുട്ടിപ്പായി പ്രാർഥിക്കുക.’’

മുള്ള്, മൂന്നാംപക്കം, മുഹമ്മ, മർത്തീനാമ്മ പ്രാസമൊപ്പിച്ചുള്ള നാല് മാകൾ എന്നും ഓർമയിൽ തങ്ങിനിൽക്കും.

12

‘‘കാണാതെ പോയ പാദസരം കണ്ടെത്താൻ പ്രാർഥിക്കണേ. രണ്ട് പവനുണ്ട്?’’ (മറുചോദ്യം തൊണ്ടയിൽ മാറാല കെട്ടിയതുകൊണ്ട് വന്നില്ല പുറത്തേയ്ക്ക്.)

വെറുതെ ചിരിച്ചുകൊണ്ട് മൂളിക്കേട്ടു. നസ്രാണിപ്പെണ്ണുങ്ങൾക്ക് വിലക്കുള്ള സാധനങ്ങളാണ് മൂക്കുത്തിയും പാദസരവുമെന്ന് പറഞ്ഞതുകൊണ്ടോ തീട്ടംചവിട്ടുന്ന കാലിലണിയേണ്ട വസ്​തുവല്ല തങ്കമെന്ന് പറഞ്ഞതുകൊണ്ടോ, രണ്ട് ലക്ഷത്തിന്റെ മുതലാണെന്ന് ഓർമപ്പെടുത്തിയതുകൊണ്ടോ വിശേഷമില്ലന്നറിയാം. പണ്ടൊരു പെണ്ണിന്റെ അഞ്ച് പവന്റെ അരഞ്ഞാണം കളവ്പോയത് കിട്ടാനുള്ള പ്രാർഥനാസഹായത്തിന് ഫോൺ വന്നത് മറന്നിട്ടില്ല. അതുകൊണ്ട് ഫോൺ കട്ടുചെയ്തു.

13

‘‘സർപ്പദോഷത്തിൽനിന്നും രക്ഷപ്പെടാൻ പ്രാർഥിക്കാമോ.തങ്കമ്മ. പാമ്പുശല്യംകൊണ്ട് വഴിനടക്കാൻമേലേ.’’

‘‘വിശുദ്ധ ഗീവർഗീസിനോട് പ്രാർഥിച്ചോളൂ. ഞങ്ങളും പ്രാർഥിക്കാം.’’

‘‘അതിന് ഇടപ്പള്ളീല് കോഴി നേർന്നിട്ടുണ്ട്. പാമ്പുംമേയ്ക്കാടും നേർച്ചേണ്ട്.’’

14

‘‘സെലീനാമ്മയാന്നേ. എരുമപ്പെട്ടീന്ന്.’’

‘‘എന്താ ചേച്ചി... എന്നാ വിശേഷം?’’ (ഇത്തവണ വിശേഷമുണ്ടെന്ന് അറിഞ്ഞുകൊണ്ട്തന്നെയാണ് ചോദിച്ചത്.)

‘‘ഇനി പ്രാർഥന വേണ്ട. അവള് ചത്തു ആ മൂതേവി സുഭദ്ര. തൂങ്ങിച്ചത്തു സഹോദരാ.’’

‘‘എന്നാപറ്റി?’’

‘‘നന്ദിപറയാൻ വിളിച്ചതാ.’’

കുറ്റബോധത്തോടെ പറഞ്ഞൊപ്പിച്ചു.

‘‘ഇവിടെയാരും മരിക്കാൻവേണ്ടി പ്രാർഥിക്കാറില്ല സഹോദരീ. പത്രത്തിൽ വാർത്തയുണ്ടായിരുന്നു. ഞാനത് വായിച്ചു. തൂങ്ങിമരണം. സുഭദ്ര എരുമപ്പെട്ടി.’’

പിറ്റേന്ന് കൗതുകത്തോടെ ആ വാർത്ത വായിച്ചത് ഓർമവന്നു. ആരോടും അതേക്കുറിച്ച് പറയാനുണ്ടായിരുന്നില്ല. അതൊരു കൊലപാതകമായിരുന്നു. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് തെളിഞ്ഞു. മകന്റെ വെപ്പാട്ടിയെ അച്ഛൻ കൊന്നുവെന്നും ഇരുവരും ചേർന്ന് കെട്ടിത്തൂക്കിയെന്നും സേവ്യറും ആന്റപ്പനും റിമാൻഡിലാണെന്നും വായിച്ചത് മനസ്സിൽ തെളിഞ്ഞപ്പോൾ എരുമപ്പെട്ടീ സെലീനാമ്മയുടെ ശബ്ദം കാതിൽ മുഴക്കമായി.

‘‘ഒരു മരണവും ഒന്നിനും പരിഹാരമാകുന്നില്ല സഹോദരാ. എനിക്കിനി ആരുമില്ലേ.’’ (കരച്ചിലിനിടയിൽ ചങ്കിലിടിക്കുന്ന തമ്പേറ്കൊട്ട്.)

‘‘എന്താണിനി പ്രാർഥിക്കേണ്ടത്? പറയൂ.’’

തലക്കകത്ത് സങ്കടക്കെട്ടുകളുടെ ലാവയാണൊഴുകുന്നതെന്നും തേങ്ങലിന് ഭാഷയി​െല്ലന്നും അത് പാതാളക്കുഴിയിൽ പ്രതിഫലിച്ച് തന്നെ ഞെരിക്കുകയാണെന്നും തോന്നലുണ്ടായപ്പോൾ ദൈവസഹായത്തിന്റെ തടിച്ച പുസ്​തകം തുറന്ന് സ്വന്തം പേരെഴുതി നൽമരണത്തിനുള്ള യാചന എഴുതിച്ചേർത്തു അയാൾ.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-01 05:30 GMT
access_time 2025-12-01 03:45 GMT
access_time 2025-11-24 04:30 GMT
access_time 2025-11-17 04:30 GMT
access_time 2025-11-03 03:30 GMT
access_time 2025-10-27 03:00 GMT
access_time 2025-10-20 04:30 GMT