‘‘എനിക്ക് പോകണം. പോയേ പറ്റൂ!’’ എന്ന അച്ഛന്റെ വാശിക്ക് വേളിമലയിലെ കറുത്ത കരിങ്കല്ലിന്റെ ഉറപ്പുണ്ടായിരുന്നു. ആനയിടഞ്ഞ വീറോടെ നിന്നപ്പോൾ, ഭയപ്പെടുത്താൻ പടക്കം പൊട്ടിക്കുന്ന മട്ടിൽ പലതും പറഞ്ഞുനോക്കി. പനമ്പട്ടയും ശർക്കരയും കൊടുക്കുന്ന തന്ത്രത്തിൽ മെരുക്കാനും നോക്കി. പോരാതെ തിരക്കു ഭാവിച്ചും മുഖം കൊടുക്കാതെയും കുറേ ദിവസം നടന്നു. അപ്പപ്പോൾ കണ്ട നുണകളിൽ ചവിട്ടി ഒഴുകഴിവുകൾ പലതും പറഞ്ഞു. രോഗപ്പൂട്ടുകൾ ഇട്ട് മുറുക്കി ഭയപ്പെടുത്തിയും വിളക്കൂതിക്കെടുത്തുംപോലെ നിരുത്സാഹപ്പെടുത്തിയുമെല്ലാം പിന്നെയും കാലം കുറേ തള്ളി.
ഒരുദിവസം കല്ലുടയ്ക്കുന്ന ക്ഷമയോടെ കാര്യങ്ങൾ നന്നായി വിശദീകരിച്ചു:
‘‘കേൾക്കച്ഛാ... അവിടം ഇപ്പോൾ കേന്ദ്ര പോലീസ് സേനയുടെ നിരീക്ഷണത്തിലുള്ള സ്ഥലമാണ്. രാജ്യസുരക്ഷയെ സംബന്ധിച്ചുള്ള നിരവധി രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഇടമാണ്. ഉദ്യോഗസ്ഥരൊഴികെ ആരെയും അങ്ങോട്ട് കടത്തിവിടില്ല. പഴയ നാട്ടുകാരനാണ്, വീടിരുന്ന സ്ഥലവും കിണറും പുഴയും മരങ്ങളും ഒക്കെ കാണാൻ വന്നതാണെന്നൊക്കെ പറഞ്ഞാലൊന്നും ഏശില്ല. പ്രധാനമന്ത്രി നേരിട്ട് ഭരിക്കുന്ന സ്ഥലമാണ്. നിയമം തെറ്റിച്ചാൽ കൈയോടെ പിടിച്ച് അകത്തിടും!’’
എവിടെ മനസ്സിലാക്കാൻ? എഴുന്നള്ളത്തിന് പുറത്തു കയറിയവരെയും കാഴ്ച കാണാൻ മുന്നിൽ നിന്നവരെയുമൊക്കെ കുലുക്കിയെറിഞ്ഞും തുമ്പിക്കടിച്ചും ഒക്കെ പായുന്ന മദപ്പാടായിരുന്നു ആ വാക്കിലും നോക്കിലും!
“ഓ... നിന്റെ ഒരു പ്രധാനമന്ത്രിയും പ്രസിഡന്റും..! ഒന്നു പോടാ… ഈ ഹരിഹരൻ പിള്ളയെ ആരും തൊടില്ല. ഞങ്ങളന്ന് ജനിച്ച മണ്ണീന്ന് എറങ്ങൂല്ലെന്നും ഞങ്ങൾക്ക് നിങ്ങളുടെ നക്കാപ്പിച്ച കായിയൊന്നും വേണ്ടെന്ന് പറഞ്ഞ് പാറപോലെ നിന്നിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്ന്. റോക്കറ്റ് പോയിട്ട് ഒരു എലിവാണം വിടാൻ ഇവനൊക്കെ പറ്റില്ലായിരുന്ന്. സാരാഭായിയും നെഹ്റുവുമൊക്കെ വന്ന് കൈയും കാലും പിടിച്ചിട്ടാണ് അന്നിറങ്ങിക്കൊടുത്തത്. നിന്നെക്കൊക്കെ അതുവല്ലതും അറിയാമോ? ഇപ്പോ, ജാതിയും മതവും പറഞ്ഞ് കുറേ പുതിയ കഥകളുണ്ടാക്കുകയാണ് പലരും! നീ ഒരു കാര്യം തീർത്തു പറ, എന്റെ കൂടെ നീ വരുന്നുണ്ടോ? അതോ ഞാൻ…’’
സത്യത്തിൽ ഇതു പറയുവാൻ തുടങ്ങിയിട്ട് വർഷം കുറേയായി. കൃത്യമായി പറഞ്ഞാൽ അമ്മയുടെ മരണശേഷം. അതുവരെ ആമവാതം പിടിച്ച ഈ ഒറ്റക്കിരിപ്പും ആലോചനയുടെ പെരുമഴ നനയലുമൊന്നും ഇല്ലായിരുന്നു. ഒന്നു പറഞ്ഞ് രണ്ടിന് അമ്മയോട് വഴക്കടിയ്ക്കലും എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോക്കും യൂനിയൻ പ്രവർത്തനങ്ങളുമൊക്കെയായിരുന്നു കലാപരിപാടികൾ.
‘‘ഒരു പൊടിയ്ക്ക് അടങ്ങണം. പ്രായം ഏറിവരികയാണ്!’’ എന്ന് പറഞ്ഞതിന് ഒരിക്കൽ അമ്മയുടെ നേർക്ക് ചാടിത്തുള്ളി. മുന്നിൽ കണ്ട ഒരു ഇരുമ്പുകസേര ചവിട്ടിമറിച്ചിട്ടു. കാലുളുക്കി, കുറേ നാൾ തൈലവും വെച്ചുകെട്ടലുകളുമായി നടന്നു.
‘‘ഇനി സംഭവിക്കാൻ പോകുന്നത് മറ്റൊന്നുമല്ല, ഒരുദിവസം ആളങ്ങ് പോവും. അത്രതന്നെ! ചോദിക്കലും പറച്ചിലും ഒന്നും ഉണ്ടാകില്ല.’’
ഒടുവിൽ മായ പറഞ്ഞു.
ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതെ അച്ഛൻ അങ്ങനെ പലവട്ടം ഇറങ്ങി പോയിട്ടുണ്ട്. കുറേ പോയി കഴിയുമ്പോൾ മടങ്ങിവരാനുള്ള ദിശാസൂചികൾ പിണയും! തപ്പിത്തടഞ്ഞ് പല വഴിയേ പോകും. ആ പോക്കിൽ വാച്ചും മോതിരവുമൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട്. തട്ടിമറിഞ്ഞു വീണ് കണ്ണട പൊട്ടിയിട്ടുണ്ട്. മേൽച്ചുണ്ടിനുമേൽ നാല് തുന്നലിടേണ്ടി വന്നിട്ടുണ്ട്. തള്ളവിരൽ പൊട്ടിയിട്ടുണ്ട്. മുട്ടും വിരലുമൊക്കെ മുറിഞ്ഞ് ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നിട്ടുണ്ട്. അത്തരം തൊന്തരവുകൾ കൊണ്ടുതന്നെ പുറത്തിറങ്ങിപ്പോയാൽ ഒരു സമാധാനവും കിട്ടില്ല. പുഴുങ്ങാനിടുന്ന പുകച്ചിലിലാകും. കുറേ കഴിയുമ്പോൾ ആരെങ്കിലുമൊക്കെ വിളിക്കും:
“വിധൂ... നിന്റെ അച്ഛൻ...’’
പല വിളികളിലും പരിഹാസത്തിന്റെ കയ്പുണ്ടാകും. ഉപേക്ഷയോടെ പുറത്തുവിടുന്നതിനുള്ള താക്കീതുണ്ടാകും. അടിക്കാൻ ഒരു വടി കൊടുത്തതിന്റെ ഉത്സാഹം ഉണ്ടാകും. നിയന്ത്രിക്കാൻ ശ്രമിച്ചാൽ കുലച്ച വില്ലുപോലെ നിൽക്കുന്ന ആ സ്വഭാവം പലർക്കും അറിയില്ലല്ലോ..!
ഒരിക്കൽ വന്ന വിളി റെയിൽവേ പാളത്തിൽ കാലുമടങ്ങി വീണ് കിടക്കുന്നതായിട്ടാണ്. ചെരിപ്പു പൊട്ടി, തുണിയൊക്കെ ഉരിഞ്ഞുപോയിരുന്നു!
“എടാ… സാമ്പാറ് മണത്തു തുടങ്ങിയ ഈ പ്രായത്തിൽ മൂപ്പിലാനെ ഒറ്റയ്ക്ക് പുറത്തോട്ടൊന്നും വിടല്ലേ… ഐലന്റ് എക്സ്പ്രസ് രണ്ടാമത്തെ ട്രാക്കിലൂടെ പോയതുകൊണ്ട് പടമായില്ല. അല്ലെങ്കിൽ…’’ ഇങ്ങനെയായിരുന്നു അക്കാര്യം വിളിച്ചു പറഞ്ഞയാളുടെ ചിരിയകമ്പടിയോടെയുള്ള ഫലിതബോധം!
‘‘നാട്ടുകാരെക്കൊണ്ട് അതും ഇതും ഒക്കെ പറയിച്ചേ അടങ്ങൂ, അല്ലേ? എവിടെയാണ് ഇത്ര അത്യാവശ്യപ്പെട്ട് ഇറങ്ങി നടക്കുന്നത്?’’
ഇങ്ങനെയൊക്കെ ചോദിച്ചു വഴക്കു പറയുമ്പോൾ അധോമുഖനാകും. ഒരക്ഷരം മിണ്ടില്ല. നീരു വീണ വിരലിൽ എണ്ണയിട്ടു കൊടുക്കുമ്പോഴും മുറിവുകളിൽ മരുന്നു പുരട്ടിക്കൊടുക്കുമ്പോഴുമൊന്നും വേദനയുള്ളതായി ഭാവിക്കില്ല.
‘‘എടാ... നമുക്ക് എന്നു പോകാം’’ എന്നു ചോദിച്ചു ചോദിച്ച് ഒരാഴ്ചയോളം സ്വസ്ഥത തന്നില്ല.
‘‘പോകാം... ഒന്ന് സമാധാനപ്പെട്...’’ എന്ന് ഒച്ചയെടുത്തും എടുക്കാതെയും പലവട്ടം പറഞ്ഞു. പിന്നെ ചങ്ങലപ്പൂട്ടിട്ട പിണക്കമാണ്. ഒടുവിൽ എന്തോ വരട്ടെ എന്ന് കരുതി.
‘‘ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം, സി.ഐ.എസ്.എഫുകാർ പിടിച്ചാൽ ഞാൻ തള്ളിയിട്ട് പോരും...’’ ഒടുക്കത്തെ ഭീഷണിയായിരുന്നു അത്.
‘‘പിന്നേ... നീ വാടാ... എന്റെ ഒരു രോമത്തിൽ ഒരുത്തനും തൊടില്ല...’’
സത്യത്തിൽ അങ്ങനെയൊക്കെ കേൾക്കുമ്പോൾ കുറ്റിത്തല മുടിയുള്ള ഒരു അഞ്ചു വയസ്സുകാരനാകും. മൂക്കളയൊലിപ്പിച്ച് ആ കൈവിരലിൽ തൂങ്ങി നടക്കുന്നതായി തോന്നും. കോരിയെടുത്ത് തോളത്തിട്ട് ശബരിമലയിലും പഴനിയിലും അഗസ്ത്യാർകൂടത്തിലുമെല്ലാം കൊണ്ടുപോയിട്ടുള്ള അച്ഛൻ!
ഒന്നും രണ്ടും പറഞ്ഞ് അങ്ങനെ രാകി രാകി നിന്ന ദിവസങ്ങളിലൊന്നിൽ മായ ചോദിച്ചു:
‘‘ഇതെന്താണ് ഇപ്പോൾ ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു വാശി? ഇന്നലെവരെ വേളിമല കാണാൻ പോകണം എന്ന് പറഞ്ഞിരുന്നതല്ലാതെ ഇത്രയും ദുരിശമൊന്നും ഇല്ലായിരുന്നില്ലല്ലോ? ഇതിപ്പോൾ?’’
‘‘ശരിയാണ്... ചില കാര്യങ്ങളുണ്ട്. അതൊക്കെ ഓർത്താൽ ഈ വാശിക്കു പിന്നിൽ ചില സത്യങ്ങൾ ഇല്ലാതെയുമില്ല!’’
ഞാൻ അച്ഛൻ കേൾക്കുന്നുണ്ടോ എന്ന് മുറിയിലേക്ക് എത്തിനോക്കിക്കൊണ്ട് പതിയെ പറഞ്ഞു.
ചപ്പാത്തി ഉണ്ടാക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങൾ. ഒരു കപ്പ് ഗോതമ്പുപൊടിക്ക് അരക്കപ്പ് വെള്ളം എന്ന കണക്കിന് ചെറിയ ചൂടുവെള്ളത്തിൽ ഗോതമ്പ് പൊടി കുഴച്ചുകൊണ്ടിരുന്ന മായ ഞാൻ പറയുന്നതെല്ലാം ശ്രദ്ധിക്കുന്നമട്ടിൽ മൂളിക്കൊണ്ടിരുന്നു.
യൂട്യൂബിലും ഇൻസ്റ്റയിലുമൊക്കെയായി ഏകദേശം അമ്പതോളം തുന്നൽ, കൃഷി, പാചകം എന്നീ ചാനലുകൾ അവൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഊർന്ന് കിട്ടുന്ന ഇടവേളകളിൽ കട്ടിലിൽ തലയിണ ചാരിവച്ച് അവയിൽനിന്നും ഏതാനും വീഡിയോകൾ കണ്ടു കണ്ട് ഉറങ്ങുക. അതാണ് നടപ്പുശീലം. അതിനിടയിൽ ഗസ്സയിലെ ആശുപത്രിയിൽ ജൂതന്മാർ നടത്തിയ ഷെല്ലാക്രമണമോ, ചന്ദ്രയാൻ മൂന്നിന്റെ വിജയമോ, അയോധ്യയിലെ ഭൂമിപൂജയോ ഒന്നും അവൾ അറിയാറില്ല. ശ്രദ്ധിക്കാറുമില്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ പറയേണ്ടിവരുമ്പോഴെല്ലാം നന്നായി വറുത്തും പൊടിച്ചും അരിച്ചുമൊക്കെയാണ് എനിക്ക് പറഞ്ഞുകൊടുക്കേണ്ടി വരാറ്.
‘‘നീ കേട്ടിട്ടുണ്ടാകും, അച്ഛന്റെ കുടുംബം ആ വേളിമലയുടെ താഴ്വാരത്തായിരുന്നു താമസിച്ചിരുന്നത്. ഏകദേശം പത്തറുപത് വർഷങ്ങൾക്കു മുമ്പ്. കുന്നും പുഴയും മലയും കാടും ഒക്കെ ഉണ്ടായിരുന്ന ഒരിടം. അവിടെ ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിക്കുവാനായി സർക്കാർ തീരുമാനിച്ചപ്പോൾ, ആദ്യം കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ ഒന്നായിരുന്നു അച്ഛന്റെ കുടുംബവും!’’
മറ്റൊരു വലിയ ബൗളിൽ രണ്ട് കപ്പ് ഗോതമ്പുമാവ് എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ, ഒരു ടീസ്പൂൺ ഉപ്പ് ഇവ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് തിരുമ്മുന്നതിനിടയിൽ അവൾ ചോദിച്ചു:
‘‘അവിടം വിട്ടു പോകുമ്പോൾ അച്ഛനെത്ര വയസ്സെന്നാണ് പറഞ്ഞത്..?’’
‘‘ഒരു പതിനെട്ട്..., ഇരുപത്... അൽപം എണ്ണയും മധുരവുമൊക്കെ കലർത്തി ഇതുപോലെ പതം വരുത്തി പറയുകയാണെങ്കിൽ, ഒരു യുവാവ് ജീവിതത്തെക്കുറിച്ച് അൽപമൊക്കെ ഗൗരവപ്പെടുന്ന പ്രായം...’’
ഒരു വലിയ ഉണ്ടയായി കുഴച്ചുരുട്ടിയ മാവിനെ പാത്രത്തിനുള്ളിൽ അഞ്ചാറ് വട്ടം ഊക്കിന് അടിച്ചുരുട്ടി, ചുണ്ടിനു മീതെ വരച്ചു ചേർത്ത ഒരു ചെറിയ ചിരിയോടെ മായ നിന്നു. അവൾ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഊഹിക്കാനാവും. അച്ഛൻ മുറപ്പെണ്ണായിരുന്ന അമ്മയെ സാഹസികമായി പ്രണയിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ആ പ്രണയത്തിനിടയിൽ ഈ പലായനമൊക്കെ വലിയ വില്ലനായി മാറിയിട്ടുണ്ട്. മറ്റെന്തിനെക്കാളും ഒരു കാലം കഴിഞ്ഞാൽ, മനുഷ്യർ ഓർക്കാൻ ഇഷ്ടപ്പെടുന്നത് കരുതലും സ്നേഹവും പ്രണയവും ഒക്കെയാണല്ലോ...
ചെറു ചൂടോടെ ഒരുകപ്പ് വെള്ളംകൂടി ഒഴിച്ച് ഏകദേശം അഞ്ചു മിനിറ്റോളം നല്ല മയം വരുന്നതുവരെ കുഴയ്ക്കുന്നതിനിടയിൽ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. പതം വന്ന മാവിൽനിന്നും ഉരുളകൾ ഉരുട്ടുന്നതിനിടയിൽ അവൾ വീണ്ടും ചോദിച്ചു:
‘‘അന്നങ്ങനെ പോരേണ്ടിവന്നതിന്റെ സങ്കടമാണോ, ഇപ്പോൾ ഈ പ്രായത്തിൽ?’’ ആ ചോദ്യത്തിൽ പരിഹാസത്തിന്റെ ഒരു കുത്തലുണ്ടായിരുന്നു. മൊട്ടുപിന്നുകൊണ്ടുള്ള ഒരു കൊത്ത്.
‘‘അതൊന്നുമല്ല, ചന്ദ്രയാൻ റോക്കറ്റിന്റെ വിജയത്തിനു ശേഷം രാജ്യത്തെമ്പാടും വലിയ ആഘോഷങ്ങൾ നടക്കുകയാണല്ലോ... ആ ആഘോഷങ്ങൾ നടക്കുമ്പോൾ പുതിയ കാലത്തെ കുറേ പണ്ഡിതന്മാർ കാലത്തിനും ചരിത്രത്തിനും മീതെ ജാതിയുടെയും മതത്തിന്റെയും കറുപ്പ് പുരട്ടുകയാണ്. തീരദേശത്തെ കുറേ മത്സ്യത്തൊഴിലാളികളുടെ ത്യാഗമാണ് ഇന്നത്തെ വലിയ റോക്കറ്റ് സ്റ്റേഷൻ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം!
എന്തായാലും ആ വാർത്ത കേട്ട സമയം മുതൽ അച്ഛൻ അസ്വസ്ഥനാണ്.’’
ചപ്പാത്തി ഉണ്ടാക്കുമ്പോഴെല്ലാം അത് പരത്തുന്ന ജോലി എന്റേതാണ്. പലകയിൽ അൽപം മാവ് തൂവി, ഉരുളകളെ ഏഷ്യ, യൂറോപ്, ആഫ്രിക്ക, അന്റാർട്ടിക്ക എന്നിങ്ങനെയുള്ള വൻകരകളാക്കി പരത്തിയെടുക്കും. എളുപ്പം വൻകരകളാണ്. രാജ്യങ്ങൾ പ്രയാസമാണ്. നാല് ചപ്പാത്തി പരത്തുന്നതിനിടയിൽ ഞാൻ പറഞ്ഞു.
‘‘ഇന്നത്തെ ചപ്പാത്തി മുഴുവൻ കറുത്ത ആഫ്രിക്കയാണല്ലോ...’’ എന്ന് മകൾ പറഞ്ഞതും അച്ഛൻ അവിടേക്ക് കയറിവന്നതും ഒന്നിച്ചായിരുന്നു.
‘‘ഇപ്പോൾ എല്ലാർക്കും കറുപ്പാണിഷ്ടം.’’ അച്ഛൻ പറഞ്ഞു. രാത്രി ഏഴു മണിക്കു മുന്നെ അച്ഛന് അത്താഴം വേണം. ഞാൻ രണ്ട് ആഫ്രിക്കയെയെടുത്ത് വേഗം ഫ്രൈയിങ് പാനിലിട്ടു. പാൻ ചൂടായി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ചുട്ടെടുക്കുന്നത് മക്കളുടെ ജോലിയായിരുന്നു. കരിയാതെ അവൾ അച്ചിച്ചന് നാല് ആഫ്രിക്ക കൊടുത്തു.
‘‘ഓ... ദാറ്റീസ് ദ റീസൺ. പുവർ അച്ചിച്ചൻ! ഒന്ന് കൊണ്ടു പോ അച്ഛാ...’’
ഞങ്ങളുടെ എല്ലാ വർത്തമാനവും കേട്ടിരുന്ന കുട്ടികൾ പറഞ്ഞു. അങ്ങനെയാണ് ഒരു രണ്ടാം ശനിയാഴ്ച അച്ഛനുവേണ്ടി ആ സ്മൃതികൾ ഉറങ്ങുന്ന ഭൂമിയിലേക്ക് നടന്നുകയറാം എന്ന് ഞാൻ തീരുമാനിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഭയം എന്ന പെരുമ്പാമ്പിന്റെ പിളർന്ന വായിൽ അരയോളം പെട്ടു കഴിഞ്ഞ അവസ്ഥയായിരുന്നെങ്കിൽ, അച്ഛനെ സംബന്ധിച്ചിടത്തോളം ആയിരം ഫണങ്ങൾ വിടർത്തിയാടുന്ന അസത്യത്തിന്റെ നെറുകയിൽ ചവിട്ടിനിന്ന് സത്യത്തിനുവേണ്ടി ആനന്ദനടനംചെയ്യുന്ന ലഹരിയായിരുന്നു.
അതു മാത്രമല്ല, എന്നെ അതിശയിപ്പിച്ചത്, സൂക്ഷ്മ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന ഒരു ഭിഷഗ്വരന്റെ തയാറെടുപ്പിലെന്നോണം അച്ഛൻ എടുത്ത ചില മുൻകരുതലുകളും ഒരുക്കങ്ങളുമായിരുന്നു.
മറവിയുടെ മൺകുടുക്കയിൽ ക്ലാവുപിടിച്ചു കിടന്ന പഴയ നാട്ടുകാരുടെ നമ്പറുകളെല്ലാം തപ്പിപ്പെറുക്കിയെടുത്ത് അവരെയൊക്കെ തച്ചി നിരുന്ന് വിളിച്ചു. പുതിയ ചരിത്രമെഴുത്തുകാർ അവരുടെയെല്ലാം പലായനങ്ങളെ അവഗണിച്ചുകൊണ്ട് പണിയുന്ന കൂറ്റൻ ജാതിവേലികളെക്കുറിച്ചു പറഞ്ഞു. കുത്തിന് പിടിച്ച് പുറംതള്ളുന്ന കറുത്ത നീതിയെക്കുറിച്ച് പറഞ്ഞ് ഉത്കണ്ഠപ്പെട്ടു. ഒപ്പം എല്ലാ തടസ്സങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് പഴയ മണ്ണിലേക്ക് അവസാനമായി നടത്താൻ പോകുന്ന സാഹസികമായ യാത്രയെക്കുറിച്ചു പറഞ്ഞു.
പരിഷ്കാരം കുറവെന്നു പറഞ്ഞ് കുട്ടികൾ എന്നോ ഉപേക്ഷിച്ച പച്ചനിറമുള്ള ഒരു തോൾസഞ്ചിയിൽ രണ്ട് ബോട്ടിൽ വെള്ളം ആപ്പിൾ, ബിസ്കറ്റ്, പഴം, ബ്രഡ് എന്നിവ കരുതി. അച്ഛന്റെ അച്ഛൻ പാക്കുവെട്ടാനും വെറ്റ നുറുക്കാനുമെല്ലാം സൂക്ഷിച്ചിരുന്ന ഇരുതല മൂർച്ചയുള്ള ഒരു കത്തി, വലിയ ചുട്ടി തോർത്ത്, മലദ്വാരത്തിൽ വരെ കയറുന്ന രക്തദാഹികളായ അട്ടകളുടെ കുത്തേറ്റാൽ അവിടെ വെക്കാനുള്ള പുകയിലയും ഉപ്പും, ഒരു പോക്കറ്റ് ഡയറിയിൽ കുറ്റിപ്പെൻസിൽകൊണ്ട് തെക്കും വടക്കും വരച്ച് തയാറാക്കിയ റൂട്ട് മാപ്പ്. കുത്തി നടക്കാൻ ഉയിരോളം പോന്ന ഒരു മുളവടി. മടങ്ങി വരാനാകാത്ത വിധം പെട്ടുപോയാൽ മാറി ഉടുക്കാൻ ഒരു ജോടി വസ്ത്രം... അങ്ങനെ അകത്തും പുറത്തും അണുയിട വിട്ടുവീഴ്ചകൾക്ക് വഴങ്ങാത്ത ഒരുക്കമാണ് അച്ഛൻ നടത്തിയത്.
ഞാൻ ഒരു കുഴപ്പമില്ലാത്ത വഴി തുറന്നുകിട്ടണമെന്ന ആഗ്രഹത്തോടെ വി.എസ്.എസ്.ഇയിൽ ജോലി ചെയ്യുന്ന രണ്ട് സ്നേഹിതരെ വിളിച്ച് ഇങ്ങനെയൊരു യാത്രക്ക് അനുമതി ലഭിക്കുമോ എന്ന് അന്വേഷിച്ചെങ്കിലും അവർ കടലിലേക്ക് നേരെ പതിച്ച ഒരു വിക്ഷേപണത്തിന്റെ നിരാശയാണ് പകർന്നു തന്നത്. അവർക്കറിയാം, എത്രയില്ലെന്ന് പറഞ്ഞാലും, പുറത്താക്കിയവനിൽ ഒരു പകയുറഞ്ഞ ശത്രു ഉണ്ട്. അവന്റെ ഉള്ളിൽ ഇടംകിട്ടിയാൽ തുളച്ചു കയറ്റുവാനുള്ള ആയുധങ്ങൾ തുരുമ്പു കയറാത്ത മൂർച്ചയോടെ ഉണ്ടാകും. വാഗ്ദത്ത ഭൂമി തേടി അലയുന്ന മനുഷ്യർ ഉള്ളിൽ, വിശന്ന പുലിയെ പൂച്ചയുടെ മൃദുലതയിൽ പതുക്കുന്നു. ഉണങ്ങാത്ത മുറിവുകളെ നക്കി നക്കി മിനുക്കുന്നു.
‘‘ജീവനോടെ മടങ്ങിവന്നാൽ കാണാം’’ എന്ന് മായയുടെ സംഘർഷം മുറ്റിയ മുഖത്തു നോക്കി പറഞ്ഞു. ശരിക്കും ഒരു കടന്നൽക്കൂടിനു നേർക്കുള്ള വാക്കേറായിരുന്നു, അത്. ഒരു നിമിഷം അത് വേണ്ടായിരുന്നു എന്ന് തോന്നി. പിന്നെ ഒട്ടും സമയം കളയാതെ അച്ഛനോടൊപ്പം ഇറങ്ങി. പ്രത്യേകിച്ച് വലിയ ഒരുക്കങ്ങളൊന്നും ഇല്ലാതെ! പുറത്ത് തീ വെയിൽ എമ്പാടും നക്കിത്തുടയ്ക്കാൻ തുടങ്ങിയിരുന്നു.
വഴിയിലൂടെ നടന്നു തുടങ്ങിയപ്പോൾതന്നെ അച്ഛനിൽ പാലപ്പൂവായും അരളിയായും കാട്ടുചെമ്പകമായുമെല്ലാം ഓർമകൾ പൂക്കാൻ തുടങ്ങി. ഓർമകളെ മഴപ്പാറ്റകളായി കുലുക്കിയിടുന്ന ഉത്സാഹം. കുളിരു കോരുന്ന പുളിച്ചൂര്. വാക്കുകളിൽ പറങ്കിമാങ്ങയുടെ ചൊന.
നൂറടിപ്പാലം എന്ന് നാട്ടുകാർ വിളിക്കുന്ന കായലിനു മീതെയുള്ള റെയിൽപ്പാതയായിരുന്നു ആദ്യത്തെ പ്രവേശന കവാടം. അവിടെവച്ച് തീവണ്ടി തട്ടി മരിച്ച കുറേ മനുഷ്യരെ കുഴിമാടങ്ങളിൽനിന്നും തട്ടി ഉണർത്തി. വറുത്തരച്ച് നന്നായി കോഴിക്കറി വെക്കുമായിരുന്ന റംലത്ത്, മൂന്നു വർഷത്തിനിടയിൽ നാലു കല്യാണം കഴിച്ച രാധാമണി, തെങ്ങുകളിൽനിന്നും കള്ളുകുടം മോഷ്ടിക്കുന്ന കൊച്ചുണ്ണി അങ്ങനെ ചരിത്രത്തിന്റെ പുറംപോക്കുകളിൽ ഒരു വേലിക്കമ്പായിട്ടുപോലും ഇടം കിട്ടാത്ത മനുഷ്യർ.
അവരുടെ മേൽ കാലം വലിച്ചിട്ട ശവക്കച്ചകൾ ഓരോന്നായി അച്ഛൻ ആ കട്ടിപിടിച്ച വിജനതയിൽെവച്ച് എന്റെ മുന്നിലേക്ക് തുറന്നുെവച്ചു. അച്ഛന്റെ ഓർമകൾ ഒഴുക്കിനെതിരെ നീന്തുന്ന ഒരു നായയായി എന്നെ അതിശയിപ്പിച്ചു. ആ അണക്കെട്ടിന്റെ ഷട്ടറുകൾ ഓരോന്നോരോന്നായി തുറക്കുകയാണ്. രാവിലെ എടുത്ത ടൂത്ത് പേസ്റ്റ് എവിടെ കൊണ്ടുവച്ചെന്ന് ചോദിച്ചാൽ മറന്നുപോയെന്ന് പറയുന്ന അച്ഛനാണ്. ഇതിനകം അഞ്ചോളം കുടകൾ പലയിടങ്ങളിലായി കൊണ്ടു കളഞ്ഞ ആളാണ്, ഇതെല്ലാം വള്ളി പുള്ളി വിടാതെ പറയുന്നത്!
അങ്ങനെ പരേതാത്മാക്കളുടെ ഒരു നീണ്ട നിരയെ ഓർത്തുകൊണ്ട് ഞങ്ങൾ നടക്കാൻ തുടങ്ങി. ‘‘പേടി തോന്നുണ്ടോടാ...’’ അച്ഛൻ വേളീ കായലിന് കുറുകേയുള്ള റെയിൽപാളത്തിലേക്ക് കയറുമ്പോൾ ചോദിച്ചു.
‘‘ഏയ്... ഇല്ല’’ എന്ന് പറഞ്ഞെങ്കിലും എന്റെ ഒച്ച ഒരു തുരങ്ക മുഖത്തിലെന്നോണം നേർത്തുപോയിരുന്നു.
അവിടെനിന്ന് നോക്കിയാൽ പടിഞ്ഞാറേ കോണിൽ അറബിക്കടലും വേളീ കായലും തുണിയുരിഞ്ഞ് കിടന്ന് ഓളം വെട്ടുന്നത് കാണാമായിരുന്നു. വേലിയേറ്റത്തിന്റെ ആവേശഭരിതമായ കെട്ടിമറിച്ചിൽ! കിതപ്പ്. കിഴക്ക് കടന്നുവന്ന ഇളംവെയിൽ അവർക്കുമേൽ ഒരു നർത്തകിയെപ്പോലെ സ്വർണനൂൽ പാവിയ പുടവ നെയ്തിട്ടു.
നാലഞ്ച് ചുവട് നടന്നയുടൻ ഇരുമ്പ് പാളത്തിൽ ഒരു മൂത്രവിറ പടർന്നു. നാഡിപിടിച്ച് രോഗം പറയുന്ന വൈദ്യമികവോടെ അച്ഛൻ പറഞ്ഞു:
‘‘വേഗം നടക്ക്... ഏതോ വണ്ടി വരുന്നുണ്ട്.’’ മുന്നോട്ടുവച്ച വലത്തേകാൽ ഒന്ന് പതറി. കാതിൽ ചൂളംവിളിയുടെ മുരൾച്ച. കണ്ണിൽ ഇരുട്ട്. നല്ല ജീവൻ പാളത്തിലേക്ക് ഊർന്ന് വീണു.
അച്ഛൻ തീവണ്ടിയുടെ ലോഹവീലിനെക്കാൾ വേഗത്തിൽ നടന്നു. എന്റെ കാലുകൾക്കാണെങ്കിൽ അമർത്തിച്ചവിട്ടിയ ബ്രേക്കിന്റെ മുറുക്കം! കഴുത്തിൽനിന്നും മുതുകിലേക്ക് വിയർപ്പിന്റെ ഒരു എക്സ്പ്രസ് പാളം തെറ്റാതെ പാഞ്ഞിറങ്ങി. ഉള്ളിൽ ഭയത്തിന്റെ കശേരുക്കൾ ഇളകുന്ന കട കട ശബ്ദം.
‘‘കടക്കാനാകില്ലെങ്കിൽ പാളത്തിൽനിന്നും മാറി ആ ചെറിയ ഇടത്തേക്ക് കയറിനിൽക്ക്...’’ വിറകൂടിക്കൊണ്ടിരുന്ന പാളത്തിൽ ചന്തിയുറപ്പിച്ചിരുന്ന് കടല കൊറിക്കുകയായിരുന്ന പരേതാത്മാക്കൾ പറഞ്ഞു. രാധാമണിയും കൊച്ചുണ്ണിയും. അൽപം മുമ്പ് അച്ഛൻ വിളിച്ചു വരുത്തിയ അവരാരും മടങ്ങിപ്പോയിരുന്നില്ല. അവർ അങ്ങനെയൊരു സൂചന തരുന്നതിനു മുന്നേ അച്ഛൻ എന്റെ കൈകളിൽ പിടിച്ച് ആ ചെറിയ തുരുത്തിലേക്ക് കയറിനിന്നിരുന്നു.
പണ്ട്, ഒരു സിനിമയിൽ ഇങ്ങനെയൊരിടത്തേക്ക് കയറി നിൽക്കുന്ന രണ്ട് കഥാപാത്രങ്ങളെ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ടത് ഓർമ വന്നു. റെയിൽവേ ജീവനക്കാർ ഇത്തരം നദികൾക്ക് കുറുകേയുള്ള പാളങ്ങളിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ കയറി നിൽക്കുന്ന ഇത്തിരിയിടം! കായലിലേക്ക് തള്ളിനിൽക്കുന്ന ഒരു തുണ്ട് സ്ലീപ്പർ. ഒരു ചെറിയ ഇരുമ്പ് വളയത്തിന്റെ സുരക്ഷിതത്വം മാത്രമുള്ള ഒരു ചാൺ തള്ള്! ഞാൻ വീണ്ടും കുറ്റിത്തലമുടിയുള്ള, ഭയന്ന കണ്ണുകളുള്ള ഒരു അഞ്ചു വയസ്സുകാരനായി മാറി. ‘‘കൊല്ലത്തെ ചങ്കരൻ, കൊച്ചു ചങ്കരൻ’’ എന്ന് നെഞ്ചിൻ കൂട്ടിൽ താളമടിച്ചുകൊണ്ട് തീവണ്ടി പാഞ്ഞുപോകുമ്പോൾ പത്തമ്പത് വർഷങ്ങൾക്കിപ്പുറം ഞാൻ അച്ഛനെ വീണ്ടും ഇറുകെ കെട്ടിപ്പിടിച്ചു. കുഞ്ഞുകട്ടിലിൽ ഒപ്പം കിടക്കുമ്പോൾ കാലെടുത്ത് പുറത്തുകൂടി ഇട്ട് മുറുകെ പിടിക്കുന്ന എട്ടു വയസ്സുകാരനായി. ഇടിയും മഴയുമുള്ള രാത്രികളിലാണേറെയും. എല്ലുകൾ എഴുന്ന ഉടലിന്റെ ആ കടുംപിടിത്തത്തിൽ
ചിലപ്പോൾ അച്ഛന് ശ്വാസം മുട്ടും. ‘‘നേരെ കിടക്കടാ... പള്ളയിൽ കാലു കേറ്റാതെ’’ എന്ന് പറയുമെങ്കിലും അടർത്തിമാറ്റില്ല. പുതപ്പെടുത്ത് നേരെ ഇടും. അന്നത്തെ അച്ഛന് ദിനേശ് ബീഡിയുടെ മണമാണ്. പല്ലുകളിൽ പുകയിലക്കറ. ഇപ്പോൾ അച്ഛന് ധന്വന്തരം കുഴമ്പിന്റെയും രാസ്നാദിപ്പൊടിയുടെയും മണം. തേഞ്ഞു തീരാറായ പല്ലുകൾ!
ഒരു കൊടുങ്കാറ്റിന്റെ ഹുങ്കാരത്തിൽ ഇരുമ്പു മണവുമായി തീവണ്ടി തെക്കോട്ട് പാഞ്ഞിട്ടും ഞാൻ അച്ഛനെ വിട്ടില്ല. ഒരു വലിയ കോട്ടയുടെ കാവൽ.
‘‘പോരേ... ഇനി അരമണിക്കൂർ കഴിഞ്ഞേ അടുത്തതുള്ളൂ...’’ പരേതാത്മാക്കൾ മടക്കിവിളിച്ചു. അവർ എങ്ങോട്ടാണ് മാറിനിന്നതെന്ന് ഞാൻ അതിശയിച്ചു. മുലകുടിച്ച് മയങ്ങിപ്പോയ കുഞ്ഞിനെ ഉണർത്താതെ മാറിൽനിന്നും അടർത്തിമാറ്റുന്ന ജാഗ്രതയോടെ എന്നെ പതിയെ മാറ്റിയിട്ട് അച്ഛൻ ചോദിച്ചു:
‘‘പേടിച്ചു പോയോടാ? പറ... മടങ്ങിപ്പോകണോ?’’
മറ്റൊരു സന്ദർഭത്തിലായിരുന്നെങ്കിൽ എന്തു പറയുമെന്നറിയില്ല! പക്ഷേ, അന്നേരം ഞാൻ: ‘‘വേണ്ടച്ഛാ... നമുക്ക് പോകാം. നമുക്കെല്ലാം കാണാം’’ എന്നു പറഞ്ഞു. ശരിക്കും പ്രേതകഥകളിലൊക്കെ കാണുന്നതുപോലുള്ള ഒരു ഇരുണ്ട ദേശം പതിയെ അനാവൃതമാവുകയാണ്.
അടച്ചുപൂട്ടിയ ഒരു ക്ലേ ഫാക്ടറിയുടെ പിന്നിലൂടെയുള്ള വഴിയേ പാളം കടന്ന് ഞങ്ങൾ മുന്നോട്ടു നടന്നു. അനക്കം നിലച്ച കുറേ യന്ത്രങ്ങൾ അതിനുള്ളിൽ കാലുകൾ കഴച്ചങ്ങനെ നിൽപ്പുണ്ടായിരുന്നു. ഏതോ വീട്ടിലെ ഒരു നായ കുറച്ചു ദൂരം ഞങ്ങളുടെ പിന്നാലെ വന്നു. എനിക്ക് പേടി തോന്നി. അച്ഛൻ വടി ഉയർത്തിയതും അത് ഓരിയിട്ടുകൊണ്ട് പാഞ്ഞു. ഒരു ചെറിയ ഇടവഴിയിലൂടെ കാട്ടിനുള്ളിലേക്ക് കടന്നതോടെ ഹൃദയം ചീവീടുകളുടെ കോറസ് പാടാൻ തുടങ്ങി.
മുന്നോട്ട് പോകാൻ ഒരു രക്ഷയുമില്ല!
വാളും പരിചയും ഏന്തിയ ദ്വാരപാലകരെപ്പോലെ രണ്ടാൾ പൊക്കത്തിൽ വളർന്ന് നിൽക്കുന്ന പുല്ലും കാട്ടുമരങ്ങളും! പലതും വഴി തടഞ്ഞുനിന്ന്
‘‘കണ്ടേ, ഒളിച്ചേ...’’ കളിക്കുന്നു. ഒരിക്കൽ മനുഷ്യർ ഇതുവഴിയേ മിണ്ടിയും പറഞ്ഞും ഒക്കെ ജീവിച്ചിരുന്നെന്ന് വിശ്വസിക്കാൻ പ്രയാസം!
‘‘നിങ്ങൾ ഇതുവഴിയൊക്കെയാണോ നടന്നിരുന്നത്?’’ ഞാൻ ഓരോ ചുവടിലും സംശയിച്ചു നിന്നു.
‘‘ഈ ഭൂമിയിൽ മനുഷ്യർ കാട്ടിക്കൂട്ടുന്നതിന്റെയൊക്കെ ആയുസ്സെത്രയെന്നാണ് നിന്റെ വിചാരം? പലതും ആഞ്ഞുവീശുന്ന ഒരു കാറ്റിനുണ്ടോ? പേപിടിച്ച് പെയ്യുന്ന ഒരു മഴയ്ക്കുണ്ടോ? പിന്നെയാണ് ഒരു നടവഴി!’’
ഒരു കരിങ്കല്ലിൽ കാലുയർത്തിവച്ചു നിന്നുകൊണ്ട് അച്ഛൻ പറഞ്ഞു. ഒരു തികഞ്ഞ സഞ്ചാരിയുടെ രൂപമായിരുന്നു അന്നേരം അച്ഛന്.
പട്ടാപ്പകലും ഒരു ഇരുട്ട് എന്റെ വലതുവശം ചേർന്ന് നടക്കുന്നതായി എനിക്കു തോന്നി. അച്ഛൻ എന്നെ ഒട്ടും ഗൗനിക്കാതെ പിന്നെയും നടക്കാൻ തുടങ്ങി. ഭൂതകാലം ഇതിനകം അച്ഛനെ ഒരു മാന്ത്രികവടി വീശി യുവാവാക്കി മാറ്റിയിരുന്നു. എൺപത്തി ഒന്നിനെ ഒരു ഗുസ്തിക്കളത്തിലെന്നോണം ഒരൊറ്റ നിൽപിൽ പതിനെട്ടായി മലർത്തിയടിച്ചമട്ട്! കാൽ വണ്ണയിൽ കൊത്തിപ്പിടിച്ച ഏതൊക്കെയോ പുല്ലുകൾ അവിടെയിരുന്ന് മാന്തിപ്പറിക്കാൻ തുടങ്ങി.
ഒരു ചെറിയ കുന്ന് കയറി അൽപനേരം നിന്നു. അച്ഛൻ വെള്ളക്കുപ്പി തുറന്ന് രണ്ട് കവിൾ കുടിച്ചു. എനിക്കു നേരെയും നീട്ടി. മുന്നിൽ പേരറിയാത്തെ കാട്ടുമരങ്ങൾ, കീരിയും നരിയും ഒക്കെ ഒളിഞ്ഞുനോക്കുന്ന കുറ്റിക്കാടുകൾ, ഏതോ കാട്ടുപാട്ടിന് സുഷിരവാദ്യത്തിന്റെ പിന്നണി വായിക്കുന്ന ഈറ്റകൾ, ചൂരൽ വള്ളികളുടെ മുടി പിന്നിക്കളി. ചീവീടുകളുടെ അന്താക്ഷരി.
അങ്ങനെ കണ്ടുനിൽക്കെ വളരുന്ന കാടിന് ഞങ്ങളുടെ മുന്നിൽ ഇപ്പോൾ ‘‘വീണ്ടെടുപ്പെ’’ന്നാണ് പേര്.
എനിക്കൊന്ന് ഇരുന്നാൽ കൊള്ളാമെന്നുണ്ടായിരുന്നു. അച്ഛൻ വടികൊണ്ട് ഒരു കരിന്തേളിനെ തട്ടി മാറ്റി. ചെരിപ്പിൽനിന്നും ശ്രദ്ധയോടെ ഒരു അട്ടയെ തോണ്ടിയിട്ടു. അന്നേരമാണ് ഞങ്ങളതെല്ലാം കണ്ടത്. സ്ഥലം ഏറ്റെടുത്തതല്ലാതെ അവിടെ ഇതുവരെ കാര്യമായ നിർമാണ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല! ഇനിയും മാഞ്ഞുപോകാത്ത വീടുകളുടെ ചില ഭാഗങ്ങൾ. മഴ മായ്ച്ചു തീർക്കാത്ത ചുമരുകളിലെ നീലയും പച്ചയും നിറങ്ങൾ. കാവെന്ന് തോന്നിച്ച ഒരിടത്ത് തലയുയർത്തിപ്പിടിച്ചിരിക്കുന്ന സർപ്പത്തലയുള്ള കൽവിഗ്രഹങ്ങൾ. അൽപം മാറി പുല്ലു വിഴുങ്ങിയ കളിക്കളം. ഓർമയിൽ ഒരു പന്തിന് പിന്നാലെ പാഞ്ഞവരുടെ ആരവം വരയ്ക്കുന്ന ചരിഞ്ഞ ഗോൾ പോസ്റ്റുകൾ. കമിഴ്ത്തിയിട്ട പൊളിഞ്ഞ വള്ളങ്ങൾ. അവ തുഴദൂരം സ്വപ്നം കാണുന്നു. യാതൊരു ഭയവും ഇല്ലാതെ ഇലപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് എത്തിനോക്കുന്ന നിറം മാറാത്ത ഓന്തുകളും കഴുത്തിൽ മോതിരവളയങ്ങൾ അണിഞ്ഞ അരണകളും.
അങ്ങനെ ഓരോന്നോരോന്നായി കണ്ടു മുന്നേറവേ അച്ഛൻ വല്ലാത്ത ആത്മവിശ്വാസത്തോടെ പറഞ്ഞു:
‘‘അവിടെ ചിലപ്പോൾ ഞങ്ങളുടെ വീടും ഉണ്ടാകും. കരിങ്കല്ലിലാണ് അതിന്റെ ചുമരുകൾ പണിതിട്ടുള്ളത്. ആ മുറ്റത്ത് വലിയൊരു കിണറുണ്ടായിരുന്നു. ഒരിക്കലും വറ്റാത്തത്. വലിയ വാവട്ടം. അതിന്റെ വലതു വശത്തായി ഒരു വരിക്കപ്ലാവും പുളിച്ചിമാവും അടുക്കളയുടെ പുറകിലായി ഒരു ജാമ്പമരവും ഉണ്ടായിരുന്നു. പോരുമ്പോൾ മുറ്റത്ത് ഞാനൊരു പുളിമരം നട്ടിരുന്നു. ആരും വെട്ടിക്കളഞ്ഞില്ലെങ്കിൽ അതും അവിടെ കാണും. ‘‘വാ... വേഗം വാ... ഇനി അധികം ദൂരം ഇല്ല.’’ ആവേശത്തോടെ അച്ഛൻ ഏതൊക്കെയോ വഴികളിലൂടെ നടന്നുകയറി. പിന്നാലെ കിതച്ചുകൊണ്ട് ഞാനും.
ഇനി ഇപ്പോൾ ഏതു നിമിഷവും എന്തും സംഭവിക്കാം. ഏതെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പരിധിയിൽ വീഴുകയേ വേണ്ടൂ. ഓടാനോ പ്രതിരോധിക്കാനോ ശ്രമിച്ചാൽ അവർ വെടിവച്ച് വീഴ്ത്തും. കാര്യകാരണങ്ങളൊക്കെ തിരക്കുന്നത് പിന്നീട്. അത്തരമൊരു ഭയത്തിനുള്ളിലായിരുന്നു, പിന്നത്തെ ഓരോ നിമിഷവും.
ഒരു കൂറ്റൻ ഇലവു മരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ അച്ഛൻ ഒന്നുനിന്നു. പഞ്ഞിക്കായകൾ എമ്പാടും ചിതറിച്ച് ആനന്ദിക്കുന്ന മരം. അടുത്തെവിടെയോ ഒരു നായ കുരച്ചതുപോലെ എനിക്ക് തോന്നി. പക്ഷേ, അച്ഛനത് നായയുടെ കുരയായിട്ടല്ല, ഒരു പശുവിന്റെ കരച്ചിലായിട്ടാണ് തോന്നിയത്. മണം പിടിക്കുന്ന ഒരു ജന്തുവിനെ പോലെ അച്ഛൻ ആ പരിസരത്തെമ്പാടും ഓടിനടന്നു. പിന്നെ ഒരിടത്തു ചെന്നുനിന്നിട്ട് പറഞ്ഞു: ‘‘ഇവിടെയായിരുന്നു, ഞങ്ങളുടെ റഷീദിക്കയുടെ വീട്. പശുക്കളെ വളർത്തിയിരുന്ന...’’
റഷീദ്! ഞാൻ ഒരു നിമിഷം ഓർമകളുടെ പേജുകൾ മറിച്ചുതള്ളി. എത്രയോ തവണ അച്ഛൻ പറഞ്ഞിട്ടുണ്ട് അയാളുടെ കഥ. ‘‘അമ്മിണിയേ...’’ എന്ന് വിളിച്ചുകൊണ്ട് വേളിമലയുടെ താഴ്വാരങ്ങളിലൂടെ തന്റെ പശുവിനേയും തിരക്കി പായുന്ന റഷീദിന്റെ ഒച്ച എനിക്ക് ഇപ്പോൾ കൂടുതൽ വ്യക്തമായി കേൾക്കാം. മൂന്ന് പശുക്കളെ കൊണ്ട് ആറു പേർ അടങ്ങിയ ഒരു കുടുംബത്തെ പുലർത്തിയിരുന്നയാളാണ് റഷീദ്.
വീടിനേക്കാൾ വൃത്തിയും വെടിപ്പും ഉണ്ടായിരുന്നു റഷീദിന്റെ തൊഴുത്തിന്. റഷീദിന്റെ രണ്ട് ആൺമക്കളും നല്ല ഫുട്ബോൾ കളിക്കാരായിരുന്നു. കളിക്കാൻ വരുന്നതിനുമുമ്പ് അവർ മൂന്നു വല്ലം പുല്ലരിഞ്ഞ് വീട്ടിൽ എത്തിക്കും. അല്ലെങ്കിൽ സൊസൈറ്റിയിൽ പാലു കൊടുത്തിട്ട് വരുന്ന റഷീദിന്റെ വായിലിരിക്കുന്നത് കേൾക്കും.
പണം കൈമാറി ഒരാഴ്ചയ്ക്കകം ഭൂമി ഒഴിഞ്ഞ് പോകണം എന്നതായിരുന്നു അധികാരികളുടെ ഉത്തരവ്. കാലികളെ കെട്ടാനും അവയെ പരിചരിക്കാനുമെല്ലാം സൗകര്യമുള്ള ഒരിടം ഇതിനുള്ളിൽ തരപ്പെടുത്താനാകാത്ത റഷീദിന് അവയെ അവിടെ തൽക്കാലം ഉപേക്ഷിച്ചിട്ട് ഇറങ്ങേണ്ടിവന്നു. ഒരിടം കണ്ടെത്തി രണ്ടുദിവസം കഴിഞ്ഞ് അവയെ കൂട്ടാൻ വന്ന റഷീദിനെ അധികാരികൾ കടത്തിവിട്ടില്ല. കരച്ചിലും നിലവിളിയുമായി മടങ്ങിയ റഷീദിന് ഉറക്കം കെട്ടു. ഏതു നേരവും ചിന്ത അതായി. ഒരുദിവസം സെക്യൂരിറ്റികളുടെ കണ്ണുവെട്ടിച്ച് അകത്തു കടന്നു. കാലികൾ അവിടെയൊന്നും ഇല്ലായിരുന്നു. ആരോ പറഞ്ഞു, വേളിമലയുടെ താഴ്വാരങ്ങളിൽ മേഞ്ഞു നടക്കുന്നെന്ന്! പിന്നീട് മൂന്നോ നാലോ വട്ടം കാവൽക്കാരുടെ കണ്ണുകൾ വെട്ടിച്ച് അകത്തു കയറി മലയുടെ താഴ്വാരത്തും കാട്ടിനുള്ളിലുമെല്ലാം പശുക്കളേയും വിളിച്ചു നടന്നു. ഒടുവിൽ ഒരുദിവസം ആരോ നാലഞ്ച് ദിവസം പഴക്കമുള്ള ശരീരം ഒരു കൈതക്കാട്ടിനുള്ളിൽനിന്നും കണ്ടെടുത്തു. ഒരു കണക്ക് പുസ്തകത്തിലും ഇടംപിടിക്കാതെ പോയ അങ്ങനെയൊരു ജന്മം! ഇതുപോലെ എത്രയോ റഷീദുമാർ!
അപ്പോഴാണ് അച്ഛൻ ചോദിക്കുന്ന ഈ ചോദ്യത്തിന്റെ പ്രസക്തി.
‘‘പുതിയ ചരിത്രമെഴുത്തുകാർ എന്തിനാണ് ഞങ്ങളെ, ഞങ്ങളുടെ നഷ്ടങ്ങളെ ഒഴിവാക്കിയത്?’’
അന്നേരം ആരോ തൊട്ടുപിന്നാലെ വന്നു നിൽപുണ്ടെന്ന് തോന്നി. തിരിഞ്ഞു നോക്കുന്നതിനിടയിൽ അച്ഛൻ ഇങ്ങനെ പറയുന്നത് കേട്ടു: ‘‘നിങ്ങൾ തോക്കൊന്നും എടുക്കണ്ട. ഞങ്ങൾ നുഴഞ്ഞുകയറ്റക്കാരൊന്നുമല്ല.’’
തമിഴ്നാട്ടിലെ ശിവകാശിയിൽനിന്നുള്ള ഒരു സുരക്ഷാജീവനക്കാരനായിരുന്നു അയാൾ. രണ്ടോ മൂന്നോ തലമുറക്ക് മുമ്പ് സിലോണിലെ തേയില തോട്ടങ്ങളിൽ പണിക്കുപോയ പൂർവികരുടെ ചിതറിയ ഓർമകൾ ഒരു നോവായി ഉള്ളിൽ കൊണ്ടുനടക്കുന്നയാൾ. കേന്ദ്ര പോലീസ് സേനയിലെ അംഗം. മലയാളം കേട്ടാൽ അയാൾക്ക് മനസ്സിലാകുമായിരുന്നു. അന്ന് നാടും വീടും എല്ലാം ഉപേക്ഷിച്ചിട്ട് പോയ ആ ബന്ധുക്കളിൽ ചിലർ പിന്നീട് കൊല്ലപ്പെട്ടതായും ചിലർ അവിടന്നും അപമാനിതരായി എങ്ങോട്ടൊക്കെയോ പലായനംചെയ്തതായും അയാൾ കേട്ടിട്ടുണ്ട്.
പണ്ടെന്നോ ഒരു താൽപര്യത്തിൽ പഠിച്ച തമിഴും മലയാളവും കൂട്ടിക്കുഴച്ച് അച്ഛൻ എന്തൊക്കെയോ അയാളോടു പറഞ്ഞു.
ലോകത്തെ ഏറ്റവും കരുണാമയനായ മനുഷ്യൻ അയാളാണെന്ന് തോന്നിച്ചവിധം ക്ഷമയോടെ അയാൾ അതെല്ലാം കേട്ടു. അയാളുടെ കയ്യിലിരുന്ന തോക്കിന് അന്നേരം ഒരു ഞണുങ്ങിയ ഭിക്ഷാപാത്രത്തിന്റെ രൂപമായിരുന്നു. അയാളുടെ കണ്ണുകളിൽ ബുദ്ധന്റെ കാരുണ്യം ഉണ്ടായിരുന്നു. അയാൾ ഒന്നും മിണ്ടാതെ എല്ലാം മനസ്സിലായ മട്ടിൽ അച്ഛനെയും കൂട്ടി മുന്നോട്ടു നടന്നു. പിന്നാലെ ഞാനും. മേഘങ്ങൾക്കിടയിൽനിന്ന് ഒരു വലിയ നക്ഷത്രം ഇറങ്ങിവന്ന് ഞങ്ങളെ മുന്നോട്ട് നയിക്കുകയാണെന്ന് എനിക്ക് തോന്നി.
അയാളും അച്ഛനും എത്രയോ കാലമായി തൊട്ടു തൊട്ടറിയുന്നവർ -എന്ന ഭാവമായിരുന്നു പിന്നീട് കണ്ടത്. എവിടെയോ അയാൾ നിയമങ്ങൾ മറന്ന മട്ട്. അല്ലെങ്കിൽ നിയമങ്ങൾ എന്നു പറയുന്നത് ഇങ്ങനെ ചില നിമിഷങ്ങളിൽ തെറ്റിക്കുവാനും തിരുത്തുവാനുംകൂടി ഉള്ളതാണെന്ന് സാഹസികമായി വിശ്വസിക്കുന്നയാൾ! ദ്രാവിഡന്റെ രക്തം. കറയറ്റ മനുഷ്യക്കൂറ്. വെടിമരുന്നിന്റെ ധൈര്യം.
ഞാനെന്ന ഒരാൾ പിന്നാലെ വരുന്നു എന്ന പരിഗണനപോലും ഇല്ലാതെ അയാളോടൊപ്പം അച്ഛനും നടന്നു. വെട്ടുകല്ലുകൾ പാകിയ ചില ചെറിയ കയറ്റങ്ങളിൽ അച്ഛന് അയാൾ കൈ കൊടുത്തു. മുന്നേ നടന്ന ചില വളവുകളിൽ അച്ഛൻ അയാൾക്കായി കാത്തുനിന്നു. എന്നെ ശ്രദ്ധിച്ചതേയില്ല! ചതുപ്പിൽ പുതഞ്ഞ അച്ഛന്റെ ചെരിപ്പിനെ അയാൾ ശ്രദ്ധയോടെ വലിച്ചെടുത്ത് കഴുകിക്കൊടുത്തു. തുടയിൽ കുത്തിയ അട്ടയെ കത്തികൊണ്ട് അടർത്തിമാറ്റി, അവിടെ ഉപ്പുവച്ചു കൊടുത്തു.
തുടക്കം മുതലേ ഒട്ടും ശുഭാപ്തി വിശ്വാസക്കാരൻ അല്ലായിരുന്ന ഞാൻ അന്നേരം കാര്യങ്ങളെ മറ്റൊരു രീതിയിൽ ചിന്തിക്കുവാൻ തുടങ്ങി. അടുത്ത നിമിഷം അയാളെക്കാൾ ഉയർന്ന ഒരു ഉദ്യോഗസ്ഥൻ അവിടെ പ്രത്യക്ഷപ്പെടുകയാണെങ്കിൽ..!
തീർച്ചയായും ഇയാൾക്ക് ജോലി നഷ്ടപ്പെടും. രാജ്യസുരക്ഷയോളം തന്നെ പ്രാധാന്യമുള്ള ഒരിടത്ത് ഇത്തരമൊരു നിയമ ലംഘനത്തിന് കൂട്ടുനിന്നതിന് കടുത്ത ശിക്ഷ തന്നെ ലഭിക്കും. അയാളുടെ ജീവിതം ഒരു പടക്കശാല കത്തുന്നതുപോലെ ചിതറും. ഭാര്യയും കുട്ടികളും പതറും. അച്ഛനമ്മമാർ അനാഥരാകും. വീണ്ടും മറ്റൊരു പലായനംതന്നെ ഉണ്ടായേക്കാം.
സത്യത്തിൽ അന്നേരം അയാളുടെ പ്രജ്ഞയിൽ അങ്ങനെയൊന്നും ഇല്ലായിരുന്നു.
മാത്രമല്ല, അച്ഛന്റെ ഇത്തരമൊരു ആഗ്രഹം നിറവേറ്റുന്നതിനായി എവിടെനിന്നോ ഇറങ്ങിവന്ന ഒരാൾ എന്ന് തോന്നിക്കുകയുംചെയ്തു!
ചുവന്നു തുടുത്ത പറങ്കിമാങ്ങകൾ തുടർന്നുള്ള വഴി നീളെ തൊഴിഞ്ഞുകിടന്നിരുന്നു. ഇടയ്ക്കിടെ വഴി കൂടുതൽ ദുർഘടമായിക്കൊണ്ടിരുന്നു.
‘‘അന്ന് ഭൂമി വിട്ടുകൊടുത്തവർക്കെല്ലാം സർക്കാർ നല്ല നഷ്ടപരിഹാരവും ഒരു വീട്ടിൽ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യതകൾക്കനുസരിച്ച് ജോലിയും കൊടുത്തില്ലേ?’’
മഞ്ഞനിറമുള്ള ഒരു പറങ്കിമാങ്ങയിൽനിന്നും അണ്ടി തിരുകിയെടുത്തുകൊണ്ട് അയാൾ ചോദിച്ചു. അച്ഛൻ കുനിഞ്ഞ് അട്ട കടിച്ചയിടത്തെ മുറിവിൽനിന്നും പൊടിഞ്ഞ നാരുപോലുള്ള ചോര തുടച്ചുകൊണ്ട് പറഞ്ഞു:
‘‘അതൊക്കെ പറയാനാണെങ്കിൽ ഒരുപാടുണ്ട്. സ്വന്തമായുള്ള പത്ത് സെന്റ് ഭൂമിയെ നാലായി പകുത്ത് നാല് ചെറിയ കൂര കെട്ടി ഒരു വീട്ടിലെ നാലുപേർ വരെ ജോലി വാങ്ങിയിട്ടുണ്ട്. പുറത്തുനിന്നും പലരും കയറിക്കൂടിയിട്ടുണ്ട്. അവരൊക്കെ മിടുക്കന്മാരെന്നേ പറയേണ്ടതുള്ളൂ.’’
അത്തരം ജോലി തട്ടിപ്പിന്റെ കഥയൊക്കെ കേട്ടിട്ടുണ്ട് എന്ന അർഥത്തിൽ ഒരു പുഞ്ചിരിയോടെ അയാൾ ആ മാങ്ങയുടെ മൂട് കടിച്ചു തുപ്പി വായിലേക്കിട്ടു. ഒപ്പം കൈയിൽ ഇരുന്ന തോക്കുകൊണ്ട് മുന്നിൽ തൂങ്ങിക്കിടന്നാടിയ ഒരു പുഴുവിനെ ശ്രദ്ധയോടെ തട്ടിമാറ്റി. അയാൾ ആ ഇരട്ടക്കുഴൽ വച്ച് അതിനെ വെടിവെക്കുന്ന രംഗം ഞാൻ വെറുതെ ഭാവന ചെയ്തു..!
അതോടെ വർത്തമാനം പറയുവാൻ അച്ഛൻ കൂടുതൽ ഉത്സാഹവാനായി. ഒരു നെല്ലി മരത്തിൽ ചാഞ്ഞുനിന്നുകൊണ്ട് സഞ്ചിയിൽ നിന്നും ഒരു പഴം എടുത്ത് തിന്നു. മറ്റൊന്ന് അയാൾക്കും കൊടുത്തു. എനിക്കു തന്നില്ല. പഴം അയാൾ വാങ്ങില്ലെന്നും കഴിക്കില്ലെന്നും ആണ് ഞാൻ കരുതിയത്. പക്ഷേ, യാതൊരു നിരാസവും കൂടാതെ അയാൾ അത് വാങ്ങി കഴിച്ച ശേഷം അച്ഛൻ നീട്ടിയ വെള്ളം തൊണ്ടയിലേക്ക് കമിഴ്ത്തുകയും ചെയ്തു!
സ്നേഹം പങ്കുെവക്കുമ്പോൾ പിണങ്ങുന്ന കുറ്റിത്തലമുടിയുള്ള പഴയ അഞ്ചു വയസ്സുകാരനായി ഞാൻ! അത് മറികടക്കാൻ നിലത്തു വീണു കിടന്ന ഒരു നെല്ലിക്കയെടുത്ത് കടിച്ചു. വല്ലാത്ത കവർപ്പ്!
‘‘അങ്ങനെയായിരുന്നെങ്കിൽ അന്നൊരു ജോലിക്ക് ശ്രമിച്ചു കൂടായിരുന്നോ?’’ ആ ചോദ്യം അച്ഛൻ പ്രതീക്ഷിച്ചിരുന്നു. അപ്പോഴും അയാളുടെ തോക്കിന്റെ തുമ്പത്തിരുന്ന് ‘റ’ വരച്ചുകൊണ്ടിരുന്ന ആ പച്ചപ്പുഴുവിനെ വിരൽകൊണ്ട് പതിയെ തട്ടി താഴെയിട്ടശേഷം ഉടൽ അയച്ചുകൊണ്ട് പറഞ്ഞു:
‘‘ശരിക്കും ഞാൻ അന്നൊരു എടുത്തുചാട്ടക്കാരനും അവിവേകിയും ആയിരുന്നു. നിസ്സാരമായി കിട്ടുമായിരുന്ന ആ ജോലി വേണ്ടെന്ന് വച്ച് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ടിൽ ചേർന്നയാളാണ് ഞാൻ!’’ ഒരു മണ്ടനെ മാറിനിന്ന് പരിഹസിക്കുന്ന മട്ടിൽ പുഴു അച്ഛനെ ഉയർന്ന് നോക്കി.
തലയിലെ തോർത്തഴിച്ച് അച്ഛൻ കഴുത്തിലെയും മുഖത്തെയും വിയർപ്പൊപ്പി. ഒരു കുഞ്ഞു നീർച്ചാലിൽ കാലിളക്കി കഴുകി. നാലഞ്ച് പുൽനാമ്പുകളും കാലിൽ കടിച്ചിരുന്ന ഏതൊക്കെയോ പ്രാണികളും ആ ചെളിവെള്ളത്തിൽ കലങ്ങി ഒഴുകിപ്പോയി. ഒന്നു രണ്ട് മാനത്തുകണ്ണി മീനുകൾ അച്ഛനെ നോക്കി ‘‘ഇതാ എത്തിപ്പോയ്...’’ എന്നു പറഞ്ഞു. അവർക്കൊരു സലാം പറഞ്ഞ് ആവേശത്തോടെ അച്ഛൻ രണ്ടടി മുന്നിൽ കയറി വേഗം വേഗം നടന്നു.
ഒരു പുൽമേട് കഴിഞ്ഞതും ഒരു കൊച്ചു കുഞ്ഞിനെ പോലെ അച്ഛൻ മുമ്പേ കയറി ഓടി! കടലു കയറി പിൻവാങ്ങിയ ഒരു തീരംപോലെ ശൂന്യമായിരുന്നു അവിടം. കക്കത്തോടുകളായി മലർന്നു കിടന്ന ഏതാനും ശേഷിപ്പുകൾ. അച്ഛൻ ആ നഷ്ടങ്ങളുടെ മുന്നിൽ ഒരു പാപിയെപ്പോലെ മുട്ടുകുത്തി നിന്നു. കാലിലെ വിരലുകൾ വിറപൂണ്ട് മണ്ണിലേക്ക് ആഴ്ന്നു. വയറിൽ കരച്ചിലിന്റെ ഏതാനും ഓളം വെട്ടി. ഞങ്ങൾക്ക് മനസ്സിലായില്ലെങ്കിലും അച്ഛനെല്ലാം ഒരു ജലച്ചായചിത്രത്തിൽ എന്നോണം വരച്ചെടുക്കുവാൻ കഴിയുന്നുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന അവരുടെ വീട്. അതിലെ കുഞ്ഞുകുഞ്ഞ് മുറികൾ. കുമ്മായം അടർന്ന ചുമരുകൾ. പുകക്കറ പിടിച്ച മച്ചും എലിയൊച്ചകളും. തുറന്നിട്ട് അടയ്ക്കാത്ത ജനാലകൾ. ആണും പെണ്ണും ജീവിച്ച മണങ്ങൾ. അടക്കിപ്പിടിച്ചതും തുറന്നുവിട്ടതുമായ ശബ്ദങ്ങൾ. വിശപ്പളന്ന അടുക്കള വേവുകൾ. എണ്ണക്കറ പിടിച്ച കസേരയും കട്ടിലും വീട്ടുപകരണങ്ങളും...
‘‘ഞങ്ങൾക്ക് ഒരു പട്ടി ഉണ്ടായിരുന്നു. ജിമ്മി എന്നായിരുന്നു അവന്റെ പേര്. ചെമ്പൻ നിറം. കുരയ്ക്കുമ്പോൾ മല കിടുങ്ങും. വാലാട്ടി നിന്നതല്ലാതെ എത്ര വിളിച്ചിട്ടും അവൻ ഞങ്ങളോടൊപ്പം വന്നില്ല.’’ അച്ഛൻ അവനെ തിരയുന്ന മട്ടിൽ ചുറ്റും നോക്കി പറഞ്ഞു. എന്നിട്ട് അവനെ വിളിച്ചിരുന്ന ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി.
മുന്നോട്ട് നടന്ന് അൽപം മണൽ കാലുകൊണ്ട് നീക്കി ഒരു കൽക്കഷണം എടുത്തു. കറുത്ത ഒരു കഷ്ണം കല്ല്. ശരിക്കും അവിടെ ഒരു വീടുണ്ടായിരുന്നു എന്നതിന്റെ ഏക ശേഷിപ്പ്! ‘‘വേളിമലയിലെ കല്ലാണിത്. വീടുപണിയുന്നവരെല്ലാം മൂലക്കല്ലായി ഇതുപോലത്തെ കറുത്ത കല്ലുകൾ വെക്കും’’, അച്ഛൻ പറഞ്ഞു.
ആ കറുത്ത കല്ലിന്മേൽ പിന്നെ പണിതുകയറ്റിയതൊന്നും അവിടെ ശേഷിച്ചിരുന്നില്ല. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ മറ്റു കെട്ടിടങ്ങൾ പണിയുന്നതിനായി അവയെല്ലാം പൊളിെച്ചടുത്തിരുന്നു. അപ്പോഴും ഒരിക്കൽ ഇതുപോലൊന്ന് സംഭവിക്കുമെന്ന് ആരോ കരുതിവച്ചതുപോലെ, ഒരു മൂലക്കല്ല്!
വേളിമലയിലെ കറുത്ത കല്ലുകൾ പൊട്ടിച്ച് തകർന്നു പോയ വീടിനെ അച്ഛന്റെ ഓർമകൾ വീണ്ടും പുതുക്കിപ്പണിയുകയാണെന്ന് മനസ്സിലാക്കിയ അയാൾ, അച്ഛനെ പതിയെ തട്ടിയുണർത്തി:
‘‘സർക്കാരിന്റെ തീരുമാനം വന്നയുടൻ നിങ്ങൾ ഒഴിഞ്ഞുമാറിയോ? ’’ അച്ഛൻ അന്നേരം തോർത്തഴിച്ച് തലയൊന്ന് കുടഞ്ഞു. ഓർമകൾ അളന്നുകൊണ്ടിരുന്ന തൂക്കുകട്ടയും മുഴക്കോലും നിലത്തിട്ടു.
‘‘ഏയ്... അതൊക്കെ എങ്ങനെ പറ്റും?
വിക്രം സാരാഭായിയും ബിഷപ്പുമൊക്കെ പറഞ്ഞാലുടൻ ഇറങ്ങിപ്പോകാൻ ഇതെന്താ സിനിമാ കഥയോ?’’ അച്ഛൻ അത്ര കടുപ്പിക്കുമെന്ന് ഞാൻ കരുതിയില്ല.
അച്ഛൻ പ്രതീക്ഷിച്ച മാവും പ്ലാവും അവിടെ ഉണ്ടായിരുന്നു. പൊട്ടിയടർന്ന അവരുടെ കനത്ത ശൽക്കങ്ങളിൽ മൂന്നക്കം കടന്ന പ്രായം എഴുതി തൂക്കിയിരുന്നു. മണ്ഡരി ബാധിച്ച തെങ്ങുകളിലെ പൊത്തുകളിൽനിന്ന് പച്ചത്തത്തകൾ വിരുന്നുകാരെ നോക്കി.
ഏറ്റവും അതിശയം ആ കിണറായിരുന്നു. കരിങ്കല്ലുകൊണ്ട് വൃത്തം വരച്ച മുറ്റത്തെ കിണർ. നിലാവുള്ള രാത്രികളിൽ അമ്പിളിമാമൻ ഇറങ്ങി വരുന്നയിടം. വെള്ളത്തിലാശാന്മാർ വരച്ചു വരച്ച് ആഴം കൂട്ടിയ കിണർ. അവർ അതിനെ ഒന്നും ചെയ്തിട്ടില്ല. അച്ഛൻ അരികിൽ പോയി എത്തിനോക്കി. ഇപ്പോഴും വെള്ളമെടുക്കുന്നതിന്റെ സൂചനയെന്നോണം അതിൽ ഒരു കപ്പിയും കയറും തൊട്ടിയും ഉണ്ടായിരുന്നു.
ഇരുട്ടിനൊപ്പം ഓളം വെട്ടുന്ന ജലക്കീറുകൾ. ഓർമകളുടെ ആവിയിരമ്പം. ‘‘ആഴത്തിലാണ് ജീവൻ’’ എന്ന് തൊടിയിലെ ഒരു ഇലപ്പച്ച.
‘‘വാ... ഇറങ്ങിവാ... വാടാ...’’ എന്നാരുടേയോ ഒരു വിളി! പ്രലോഭനം! ആ ആടിയുലച്ചിൽ കണ്ടിട്ടാകണം, തോക്ക് പിന്നിലേക്കിട്ട് അയാൾ കിണറ്റിൻകരയിലേക്ക് ഓടിയത്. തൊട്ടിമറിച്ചിട്ടതുപോലെ ഒരു ആന്തൽ ആഴത്തിൽ എന്നേയും കടന്നുപോയി!
‘‘വീഴില്ല, വീഴില്ല, അങ്ങനെയൊന്നും വീണുപോകില്ല.’’ അച്ഛൻ നിവർന്നു നിന്നുകൊണ്ട് പറഞ്ഞു. പന്നൽച്ചെടികൾ മൂടിയ തൊടികൾ ചവിട്ടി വീണ്ടും അകത്തേക്ക് ഇറങ്ങിപ്പോകാതിരിക്കുവാനുള്ള ജാഗ്രതയിലെന്നോണം അയാൾ ചോദിച്ചു:
‘‘ഇറക്കിവിടാൻ അപ്പോൾ ഭീഷണിയും വെടിവെപ്പുമൊക്കെ ഉണ്ടായോ?’’
കിണറ്റിനുള്ളിൽ നിന്നും തലയെടുക്കാതെ മുഴക്കമുള്ള ശബ്ദത്തിൽ അച്ഛൻ പറഞ്ഞു:
‘‘പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രധാനമായും ഭീഷണിയാണ്. പക്ഷേ, മരണമൊന്നും സംഭവിച്ചിട്ടില്ല. കേന്ദ്രസേനയുടെ രണ്ട് ബറ്റാലിയൻ വന്ന് ഇവിടെ തമ്പടിച്ചു. അവർ ഞങ്ങളുടെ കോഴിയേയും ആടിനേയും ഒക്കെ പിടിച്ച് തിന്നു. പെണ്ണുങ്ങളെ ശല്യപ്പെടുത്തി. തോക്കും പിടിച്ച് നടന്നു. രാജഭരണകാലത്ത് സേവ പിടിച്ചും മണിയടിച്ചുമൊക്കെ ഏക്കറ് കണക്കിന് ചുളുവിൽ ഭൂമി ഉണ്ടാക്കിയ ജന്മികൾ ആദ്യംതന്നെ ഒഴിയാൻ തയ്യാറായി. പാറയുടച്ചും വള്ളം ഉന്തിയും കച്ചവടം ചെയ്തും കാലികളെ വളർത്തിയും ഒക്കെ ജീവിച്ച ഞങ്ങളെപ്പോലുള്ള കുറേ മനുഷ്യരും പിന്നെ മത്സ്യത്തൊഴിലാളികളുമൊക്കെ വല്ലാതെ ഭയന്നു.’’ അച്ഛൻ പലതും തിരുത്താനെന്നോണം വിശദീകരിച്ചു.
അന്നേരം മുന്നിൽ തെളിഞ്ഞ ഒരു വൃത്തിയുള്ള ചെമ്മൺപാതയിലൂടെ എ.പി.ജെ. അബ്ദുൽ കലാം ഒരു റോക്കറ്റിന്റെ ഭാഗം സൈക്കിളിൽ വച്ച് ഉന്തിക്കൊണ്ടു പോകുന്ന ഒരു പഴയ ചിത്രം ഞാൻ വെറുതെ ഓർത്തു നിന്നു.
‘‘ഞാനൊരു തൊട്ടി വെള്ളം കോരിക്കോട്ടെ’’ എന്ന് അച്ഛൻ അയാളോട് ദയാപുരസ്സരം ചോദിച്ചു. ‘‘ഞാൻ കോരിത്തരാം’’ എന്ന് പറഞ്ഞുകൊണ്ട് അയാൾ തൊട്ടിയും കയറുമെടുത്ത് കിണറാഴത്തിലേക്കിട്ടു. ആരാദ്യം എന്ന മട്ടിൽ കുതിച്ച തൊട്ടിയെയും കയറിനെയും നോക്കി അച്ഛൻ അങ്ങനെ നിന്നു. തൊടിയാകെ പന്നലുകളാൽ മൂടിയിട്ടും ആകാശത്തിന്റെ ഒരു വെള്ളിക്കീറ് പ്രണയപൂർവം കിണറ് തന്റെ ഉള്ളിൽ ഒളിപ്പിച്ചുെവച്ചിരുന്നു. വിദഗ്ധനായ ഒരു അഭ്യാസിയുടെ പടുതയോടെ പത്തു പതിനഞ്ച് കരണം മറിഞ്ഞ് ‘‘ച്ഛിൽ...’’ എന്നൊരു ശബ്ദത്തോടെ തൊട്ടി ചെന്ന് ആ ഉപരിതലത്തിൽ വീണതും ആയിരം കണ്ണാടിത്തുണ്ടുകളായി സ്ഫടിക തുല്യമായ ജലപ്പാളി ചുറ്റിലും ചിതറി. ഉറക്കം മുറിഞ്ഞ് കരയുന്ന കപ്പിക്കഴുത്തിൽ ഉരഞ്ഞ് വെള്ളം പിന്നെ ‘‘തെയ്യ്... തെയ്യ്...’’ എന്ന് തുളുമ്പി മുകളിലേക്ക് കയറിവന്നു. അച്ഛൻ അതുകണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ ഉത്സാഹപ്പെട്ടു.
അയാൾ തൊട്ടിയും വെള്ളവും കിണറ്റിന്റെ കരയിൽ െവച്ചുകൊടുത്തു. ആ മുഖത്ത് സന്തോഷം തുള്ളിയലച്ചു നിന്നു. അച്ഛൻ പണ്ടെന്നോ ശീലിച്ച ഒരു മുറയിൽ തൊട്ടിയിലേക്ക് തലയിട്ട് ഒരു ജന്തുവിനെ പോലെ വെള്ളം മുത്തി മുത്തി കുടിച്ചു. പിന്നെ കൈക്കുമ്പിളിൽ കോരിയെടുത്ത് മുഖം കഴുകി. പോരാതെ തൊട്ടിയോടെയെടുത്ത് തലവഴിയെ കമിഴ്ത്തി. ‘‘അച്ഛാ...’’ എന്ന് ഞാൻ അന്നേരം വിലക്കിന്റെ കനത്ത സ്വരത്തിൽ വിളിച്ചു. ലങ്കയിൽ ജലവേരുകളുള്ള ആ കാവൽക്കാരൻ അതു കണ്ട് ചിരിച്ചു. അയാൾ ഉത്സാഹത്തോടെ ഒരു തൊട്ടി വെള്ളം കൂടി കോരിക്കൊടുത്തു. അച്ഛൻ സഞ്ചിയിൽനിന്നും വെള്ളം ഒഴിഞ്ഞ രണ്ട് കുപ്പികൾ എടുത്ത് അവയിൽ വെള്ളം നിറച്ചു. എന്നിട്ട് ഇനിയും മറന്നുപോയിട്ടില്ലാത്ത ഒരു ശീലത്തുടർച്ചയിലെന്നോണം ബാക്കിവന്ന വെള്ളത്തെ മാവിന്റെയും പ്ലാവിന്റെയും ചുവടുകളിലേക്ക് വീശിയൊഴിച്ചു. അന്നേരം അവയിലെ രണ്ട് ചില്ലകൾ താഴ്ന്നുവന്ന് അച്ഛന്റെ രോമരഹിതമായ ശിരസ്സിൽ നന്ദിയോടെ തൊട്ടു.
അന്നേരം ആ കാവൽക്കാരൻ ഓർത്തെടുക്കുംപോലെ പറഞ്ഞു:
‘‘ഈ കിണർ പലവട്ടം മൂടാൻ ശ്രമിച്ചതാണ്. പക്ഷേ, എന്തുകൊണ്ടൊക്കെയോ അതങ്ങ് നീണ്ടുനീണ്ടുപോയി! ഇവിടെ നടന്ന നല്ലൊരു പങ്ക് നിർമാണങ്ങളിലും ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചിട്ടുണ്ട്.’’
അച്ഛനപ്പോൾ കിണറ് കുഴിച്ച കാലം ഓർത്തു പറഞ്ഞു:
‘‘ശരിയാണ്, വേനലിൽ എല്ലാ കിണറുകളും വറ്റും. അപ്പോഴൊന്നും ഇത് വറ്റില്ലായിരുന്നു. മൂന്നുനാലു കോൽ ആഴത്തിൽ പാറകൾ പൊട്ടിച്ചാണ് അന്ന് വെള്ളം കണ്ടത്. പിന്നീട് ഒരിക്കലും ആ ഉറവ വറ്റിയിട്ടില്ല.’’
തൊട്ടിയും കിണറും നേരത്തേ ഇരുന്ന അതേ ഇടങ്ങളിൽതന്നെ വച്ചുകൊണ്ട് അയാൾ അച്ഛനോട് ചോദിച്ചു:
‘‘റോക്കറ്റ് കടലിൽ വീണ് മീൻപിടിക്കാൻ കഴിയാതെയാകും എന്നൊരു കിംവദന്തിയും പിന്നീട് പരന്നിരുന്നില്ലേ?’’
അച്ഛൻ സാവധാനം ഒന്നിരുന്ന്, നനഞ്ഞ ഉടുപ്പൂരി ഉച്ചത്തിൽ വീശിക്കുടഞ്ഞുകൊണ്ട് പറഞ്ഞു:
‘‘അതൊക്കെ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. ഏതു ദേശത്തെ മനുഷ്യരും ഇങ്ങനെ കഥകൾ മെനയും. ഭാവനാശാലികളെ പ്രകൃതി സൃഷ്ടിക്കുന്നത് ഇങ്ങനെ കഥകൾ മെനയാനാണ്. ആരു പറഞ്ഞിട്ടും മത്സ്യത്തൊഴിലാളികൾ അയഞ്ഞില്ല. പതിയെ പതിയെ കാര്യങ്ങൾ പണത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് പരിഹരിക്കപ്പെട്ടു. അന്ന് ‘പള്ളിത്തുറ’ എന്ന സ്ഥലത്ത് മറ്റൊരു പള്ളി പണിയാനുള്ള സഹായവും കേന്ദ്രം നൽകി. ആവശ്യപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും ജോലി കൊടുത്തു.’’
അന്നേരം ഞാൻ ആദ്യമായി അവരുടെ വർത്തമാനത്തിനിടയിൽ ഒരു കുസൃതിയോടെ കടന്നുകയറി:
‘‘കടലിൽ റോക്കറ്റ് വീണ് മീൻപിടിക്കാനുള്ള വഴി അടയുമെന്ന കുപ്രചാരണം അന്ന് നടത്തിയവരുടെ പിൻതലമുറക്കാരെ ഇന്ന് മറ്റുപലയിടത്തും കാണാം.’’
അതെവിടെയാണെന്ന് മനസ്സിലാക്കിയ മട്ടിൽ ആ ശിവകാശിക്കാരൻ ചിരിച്ചു.
നേരം സന്ധ്യയോടടുക്കുവാൻ തുടങ്ങിയിരുന്നു. ആകാശത്ത് മടങ്ങിവരുന്ന പക്ഷികൾ താഴ്ന്ന് പറന്നു. ഒരു കറുത്ത മഷിപ്പാത്രം മേഘപാളികൾക്കിടയിൽ ആരോ തട്ടിമറിച്ചിട്ടു. ആ സുരക്ഷാ ജീവനക്കാരൻ തിടുക്കപ്പെട്ടു. ആരെയോ ഭയക്കുന്നതുപോലെ ചുറ്റുപാടും നോക്കി. ഞങ്ങളെ സുരക്ഷിതമായി തിരിച്ചുകൊണ്ടാക്കേണ്ട ഉത്തരവാദിത്തം അയാളുടേതാണെന്ന തിരിച്ചറിവോടെ മറ്റൊരു വഴിയേ കൂട്ടി. അത് കുറച്ചുകൂടി എളുപ്പമുള്ള, തെളിഞ്ഞ വഴിയായിരുന്നു.
അച്ഛൻ അയാളോട് പിന്നെയും പലതും പറഞ്ഞു:
ആ വീട് പണിയാൻ അവർ ചെയ്ത പണികൾ. എട്ടു മക്കൾ അടിച്ചും പിടിച്ചും വളർന്നത്. വിശാലമായ വെളിമ്പ്രദേശത്ത് പശുവിന് പുല്ലറുക്കാൻ പോകുന്നത്. ഇരുട്ടുവോളം ഫുട്ബാൾ കളിക്കുന്നത്. മല കയറി കരിക്ക് മോഷ്ടിച്ച് കുടിക്കുന്നത്. വെളുപ്പാൻ കാലങ്ങളിൽ വെളിക്കിരിക്കാൻ പോകുമ്പോൾ പ്രേതങ്ങളെ കണ്ടത്. ഓടി വള്ളം തുഴഞ്ഞ് മറുകരയിൽ പോയിരുന്നത്. കൊണ്ടും കൊടുത്തും... മനുഷ്യരായി ജീവിച്ചിരുന്നത്...
ക്വാർട്ടേഴ്സുകൾ എന്ന് തോന്നിച്ച ഒറ്റ ഒറ്റ കെട്ടിടങ്ങൾ നിരന്ന ഒരു തെളിഞ്ഞ വഴിയുടെ പിൻവശത്തുകൂടിയാണ് ഞങ്ങൾ അന്നേരം നടന്നത്. ഒരു പൂച്ച വഴിയരികിൽ ഇരുന്ന് ഞങ്ങളെ ഉയർന്ന് നോക്കി. ആ വഴിയിലൊന്നും ആരും ഉണ്ടായിരുന്നില്ല. നാലഞ്ച് മണിക്കൂർ അതിനകം കടന്നുപോയിരുന്നു.
ഗേറ്റ് കടത്തിവിട്ടതും തികഞ്ഞ നിസ്സംഗതയോടെ, അതിലും വലിയ അപരിചിത ഭാവത്തിൽ അയാൾ തോക്കെടുത്ത് നെഞ്ചിലേക്കിട്ട് മടങ്ങിപ്പോയി. ഒന്ന് കൈ വീശുക പോലും ചെയ്യാതെ! തിരികെ വരുന്ന വഴി ഞങ്ങൾ ഒന്നും മിണ്ടിയില്ല. നൂറടിപ്പാലത്തിലൂടെ ഒരു തീവണ്ടി അന്നേരം കൂകിവിളിച്ച് പാഞ്ഞുപോയി. പിന്നീടൊരിക്കലും അച്ഛൻ വേളിമലയിലെ ആ പഴയ വീടിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഒരിക്കൽ ഒരു മഴയത്ത് പുറത്ത് വലിച്ചിട്ട കസേരയിൽ മഴയേയും നോക്കിയിരുന്ന് ഇങ്ങനെ പറഞ്ഞു:
‘‘മഴ കാണുന്നെങ്കിൽ, മലമുകളിൽ മഴ പെയ്യുന്നത് തന്നെ കാണണം... ദൂരെ... വളരെ ദൂരെനിന്നും പാഞ്ഞുവരുന്ന മഴയുടെ ഇരമ്പം കേൾക്കുമ്പോൾ എന്തിനെന്നറിയാത്ത ഒരു സങ്കടം വരും. ഞങ്ങളുടെ വീട്ടുമുറ്റത്തിരുന്നാൽ ആ വലിയ വരവ് കാണാമായിരുന്നു...’’
അതു പറയുമ്പോൾ, എനിക്കും ആ മഴ കാണാമായിരുന്നു. ലോകത്തെവിടെയും വേരുകൾ പിഴുതെറിയപ്പെട്ട മനുഷ്യരുടെ മേൽ പെയ്യുന്ന നിലയ്ക്കാത്ത മഴ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.