ചി​ത്രീ​ക​ര​ണം: ദ​യാ​ന​ന്ദ​ൻ

അടുത്ത ബെല്ലിന് നാടകം ആരംഭിക്കും

മുറിയിലേക്കു കയറുന്നതിനു മുമ്പ് തോമസ്സേട്ടനെ സൗകര്യത്തിനു കിട്ടിയപ്പോൾ രോഹിണി പറഞ്ഞു.

‘‘അമ്മേട വാക്കും കേട്ട് കാശിന്റെ ലാഭം നോക്കിപ്പോയ എനിക്കു പറ്റിയൊരബദ്ധമെന്നു പറഞ്ഞാ മതിയല്ലൊ തോമസ്സേട്ടാ. പല ഡേറ്റുകളും മാറ്റിമാറ്റി ഒടുവിൽ മറ്റന്നാളാണ് കേയെഞ്ചേട്ടൻ സ്ക്രിപ്റ്റ് വായിക്കാന്നു പറഞ്ഞിരിക്കുന്നേ. രണ്ടു മൂന്നു പ്രാവശ്യമായി കാശു വാങ്ങിച്ച സമയത്തെല്ലാം സ്ക്രിപ്റ്റ് ഏകദേശം തീരാറായിട്ടുണ്ടെന്നാണ് പറഞ്ഞത്.

എഴുത്തിന്റെടേല് ശല്യപ്പെടുത്തണ്ടല്ലോന്നു കരുതിയാ പിന്നെ വിളിക്കാതിരുന്നത്.

മറ്റന്നാള് എവിടെവെച്ച് എപ്പോ കാണണമെന്നറിയാൻ വിളിച്ചിട്ട്

രണ്ടുദിവസമായിട്ട് അങ്ങേര് ഫോണെടുക്കുന്നില്ല. ഷമ്മു, മണിയണ്ണനെ വിളിച്ചു പറഞ്ഞപ്പോ കേയെഞ്ചേട്ടനെ വിളിച്ചിട്ട് തിരിച്ചുവിളിക്കാന്നു പറഞ്ഞിട്ട് പിന്നെ വിളിച്ചിട്ട് അങ്ങേരും ഫോണെടുക്കുന്നില്ല. ചേട്ടൻ സതീഷേട്ടനെ ഒന്നു വിളിക്കാമോ..? ഇനി അവരുതമ്മില് വിളിച്ചോന്നറിയാമേലല്ലൊ.’’

‘‘ഓ, അതിനെന്താ. ഇപ്പത്തന്നെ വിളിക്കാല്ലാ...’’

ആദ്യത്തെ റിങ്ങിൽതന്നെ ഫോണെടുത്ത സതീഷ് സംഗമിത്രയോട് തോമസ്സേട്ടൻ കാര്യങ്ങൾ വിശദമായിതന്നെ പറഞ്ഞു.

‘‘തോമസ്സേ, തമ്മിലൊന്നു കാണണമെന്നും പറഞ്ഞ് രണ്ടു ദിവസം മുന്നെ കേയെനെന്നെ വിളിച്ചാരുന്നു. എനിക്കു സുജാതനെ കാണേണ്ട ഒരു കാര്യമുള്ളതുകൊണ്ട് മറ്റന്നാള് രാവിലെ പത്തു മണിക്ക് കോട്ടയത്തുവെച്ചു മീറ്റു ചെയ്യാമെന്നാ ഞാൻ പറഞ്ഞിരിക്കുന്നത്.’’

‘‘ഓക്കേന്നാ. അപ്പ നമുക്ക് മറ്റന്നാ കോട്ടയത്തു വെച്ച് കാണാ...’’

രംഗകലയുടെ കുലപതിയായ ആർട്ടിസ്റ്റ് സുജാതൻ, ഏതോ വിദേശരാജ്യത്തെ നാടകാവതരണത്തിനുവേണ്ടി തയാറാക്കുന്ന അറുപതടി നീളവും പതിനഞ്ചടി ഉയരവുമുള്ള ബ്രഹ്മാണ്ഡ കർട്ടൻ വരയ്ക്കുന്നതും നോക്കി അവർ മൂന്നു പേരുമിരുന്നു. സതീഷ് സംഗമിത്രയും പുളിയനം തോമസ്സും രോഹിണിയും.

അവരുടെ കൂടെ ഇരിക്കാനൊരു ബുദ്ധിമുട്ടുള്ളാലെയുള്ളതുകൊണ്ടാവണം ഷമ്മു ഇത്തിരി മാറി കർട്ടൻ വരയ്ക്കുന്നതിനു തൊട്ടു ചേർന്നുതന്നെ നിലയുറപ്പിച്ചു.

പത്തര മണിയായിട്ടും കേയെഞ്ചേട്ടനെ കാണാതിരുന്നപ്പോൾ ഷമ്മുവും രോഹിണിയും മാറിമാറി വിളിച്ചുനോക്കി. കേയെന്റെ കാര്യത്തിൽ ഇതൊരു പുതിയ സംഭവമേയല്ലെന്ന മട്ടിൽ സുജാതൻ മാഷ് വരച്ചുകൊണ്ടേയിരുന്നു.

പതിനൊന്നു കഴിഞ്ഞപ്പോൾ സതീഷ് സംഗമിത്ര വിളിക്കാനായി ഫോണെടുത്തതും ഒരു കാർ ഓഡിറ്റോറിയത്തിന്റെ മുറ്റത്തു വന്നുനിന്നു.

ബാക്ക് സീറ്റിലിരിക്കുന്ന കേയെനെ ഒറ്റനോട്ടത്തിൽത്തന്നെ ഷമ്മുവും രോഹിണിയും തിരിച്ചറിഞ്ഞു. ഷമ്മു ഇറങ്ങിച്ചെന്ന് കാറിന്റെ ഡോർ തുറന്നു. ഉച്ചത്തിലൊരു ചിരിയോടെ കേയെൻ പുറത്തേക്കിറങ്ങി.

‘‘ഷമ്മൂ... നിങ്ങളു വരുന്ന കാര്യം സതീഷു വിളിച്ചുപറഞ്ഞാരുന്നു. ഇത്രേം ദൂരം താണ്ടി ഇപ്പം വരണ്ട കാര്യമില്ലായിരുന്നു. ഞങ്ങളു തമ്മിലൊന്നു സംസാരിച്ചിട്ട് നിങ്ങളെ വിളിക്കാന്നു കരുതി. പോട്ടെ ഏതായാലും വന്നില്ലേ. നമുക്കു സംസാരിക്കാം.

ആ വാക്കുകൾക്കൊപ്പം മൂക്കിലേക്കടിച്ചുകയറിയ വീര്യം കൂടിയ മദ്യത്തിന്റെ കുത്തുമണം തടുത്തുമാറ്റാൻ കഴിയാനാവാതെ ഷമ്മു ഒരു പാഴ്ചിരിക്കു ശ്രമിച്ചപ്പോൾ കാർ ഡ്രൈവറെ ചൂണ്ടി കേയെൻ പറഞ്ഞു.

‘‘ഷമ്മൂ, ടാക്സിക്കാരനെ പറഞ്ഞു വിടുമ്പോൾ ഒരിരുന്നൂറ്റമ്പത് രൂപ കൂടി കൂടുതൽ കൊടുത്തേക്കണേ. അയാൾക്കും കുടുംബവും കുട്ടികളുമൊക്കെയുള്ളതല്ലേ..?’’

കാഷിന്റെ ഉത്തരവാദിത്വമേൽപിച്ച് ഷമ്മുവിന്റെ തോളിൽ ഒന്നു തട്ടിയിട്ട് കേയെൻ അകത്തേക്കു കയറി. ഒരു ടാക്സിക്കാരന്റെ കുടുംബകാര്യത്തിൽപോലും ഇത്ര ശ്രദ്ധകാണിക്കുന്നയാൾ സ്വന്തം പോക്കറ്റിൽനിന്നുമല്ലേ കാഷ് കൊടുക്കേണ്ടിയിരുന്നത് എന്ന് ഷമ്മു ചിന്തിക്കുന്നതു കണ്ടിട്ടാവാം ഡ്രൈവർ പറഞ്ഞു.

‘‘എന്റെ പൊന്നുചേട്ടാ, വരുന്ന വഴിക്ക് ബാറീക്കേറിയടിച്ചപ്പം കാശു തെകഞ്ഞില്ലെന്നും പറഞ്ഞ് എന്റെ കയ്യീന്നു കടം വാങ്ങിച്ച കാശാ. സുജാതൻ മാഷിന്റെ പേരുപറഞ്ഞ കാരണമാ ഒന്നുമാലോചിക്കാതെ ഞാൻ കാശുകൊടുത്തത്.’’

ടാക്സിക്കാരനെ പറഞ്ഞുവിട്ട് അകത്തേക്കു കയറിയ ഷമ്മു കാണുന്നത് സുജാതൻ മാഷ് വരയ്ക്കുന്നിടത്തുനിന്ന് കേയെൻ എന്തൊക്കെയോ പറഞ്ഞ് ഉച്ചത്തിൽ ചിരിക്കുന്നതാണ്. പുളിയനം തോമസ്സും സതീഷ് സംഗമിത്രയും അങ്ങോട്ടേക്കു നോക്കി അക്ഷമരായിട്ടിരിക്കുന്നു. തൊട്ടപ്പുറത്ത് മാറി രോഹിണിയും. അവൻ പതുക്കെ രോഹിണിയുടെ അടുത്തേക്കു ചെന്ന് പുറത്തു നടന്ന വിവരം ചൂടോടെ ധരിപ്പിച്ചു.

വാക്കുകൾക്കിടയിൽ ചെറിയൊരനിഷ്ടമൊളിപ്പിച്ച് കേയെനു മാത്രം കേൾക്കാൻ പാകത്തിൽ അടക്കിപ്പിടിച്ച ശബ്ദത്തിൽ സുജാതൻ മാഷ് ചോദിച്ചു.

‘‘കേയെന്നേ, താനൊരു കാലത്തും നന്നാകത്തില്ലെന്നു തീരുമാനമെടുത്തുതന്നെ വാശിയോടെ ജീവിക്കുകാ അല്ലേ..?’’

അതു കേട്ട് കേയെൻ തന്റെ മാസ്റ്റർപീസ് ചിരി ചിരിച്ചു. ഒരു ഭാവഭേദവുമില്ലാതെ മാഷു തുടർന്നു.

‘‘അടുത്ത സീസണിൽ കേരളം മുഴുവൻ ഓടിനടന്നു കളിക്കാനുള്ള നാടകത്തിന്റെ സ്ക്രിപ്റ്റും കൊണ്ടുവരുന്ന നിങ്ങളെയും കാത്ത് മണിക്കൂറുകളായിട്ടിരിക്കുന്നതാ ആ പാവത്തുങ്ങള്. അവരുമായിട്ടാദ്യം പോയി സംസാരിക്ക്. നമ്മടെ ഡിസ്കഷൻ അതു കഴിഞ്ഞേച്ചു പോരേ..?’’

‘‘ഓ എന്നാലങ്ങനെയായിക്കോട്ടെ’’ എന്നും പറഞ്ഞ് തലകുലുക്കി സമ്മതിച്ച് കേയെൻ അവരുടെ അടുത്തേക്കു നീങ്ങി.

ആസനസ്ഥനായിട്ട് കേയെൻ ചോദിച്ചു.

‘‘സതീഷേ കാര്യങ്ങളൊക്കെ ഇവരോടു സംസാരിച്ചല്ലോ അല്ലേ..?’’ ഇല്ല. കേയെൻതന്നെ പറയട്ടെ എന്നുകരുതി. അതാണല്ലോ അതിന്റെയൊരു ശരി.’’

‘‘ഇതിൽ ശരിയും തെറ്റുമൊന്നുമില്ല സതീഷേ.

ആരു പറഞ്ഞാലും കാര്യമറിഞ്ഞാൽ മതി.’’

സ്വതഃസിദ്ധമായ ചിരി പാസാക്കി കേയെൻ പറഞ്ഞു.

‘‘രോഹിണീ, ഷമ്മൂ, നിങ്ങളു വിളിച്ചപ്പോ ഫോണെടുക്കാതിരുന്നതിന്റെ പ്രധാന കാരണം ചില കാര്യങ്ങൾ ഫോണിൽ പറഞ്ഞാ ശരിയാകത്തില്ല. അതുകൊണ്ടാണ്.’’

അതു കേട്ട് അവർ തലകുലുക്കി.

‘‘ചുരുക്കിപ്പറയാം. ഏതാണ്ട് പൂർണമായെന്നു പറയാൻ സാധിക്കുന്ന വിധത്തിൽ നമ്മുടെ സ്ക്രിപ്റ്റ് കഴിഞ്ഞ സമയത്താണ് ഞാൻ സതീഷിനെ വെറുതെയൊന്നു വിളിക്കുന്നത്. നമ്മുടെ ഇതേ സബ്ജക്ട് കണ്ണൂരൊരു സമിതിക്ക് പുതിയൊരു പയ്യനെഴുതി അവരു റിഹേഴ്സലും തുടങ്ങിയെന്ന് സതീഷു പറഞ്ഞപ്പോ എനിക്കങ്ങയ്യടാന്നായിപ്പോയി.’’

ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നതു കൊണ്ടാവണം തോമസ്സും സതീഷ് സംഗമിത്രയും വികാരമൊന്നും പ്രകടിപ്പിക്കാതെ ഒന്നും മിണ്ടാതിരുന്നപ്പോൾ ഷമ്മു രോഹിണിയെ നോക്കി.

ആ നോട്ടത്തിൽ ‘ഇയാളും നിന്റമ്മേടെ നായരും കൂടി...’ എന്നൊരാത്മഗതം പൂർത്തിയാക്കാതെ ഷമ്മു വാ പൊത്തി അവളുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു.

‘‘നുമ്മട മുപ്പതിനായിരം മൂഞ്ചസ്യ.’’

അതു കേട്ട രോഹിണി അറിയാതെതന്നെ താടിക്കു കൈകൊടുത്തു. രംഗം ഒന്നു ശാന്തമാക്കാൻ ഒരു ബീഡിയെടുത്തു കത്തിച്ച് പുകയൂതിക്കൊണ്ട് ആശ്വാസവാക്കെന്നോണം കേയെൻ ആരോടെന്നില്ലാതെ പറഞ്ഞു.

‘‘എഴുത്തു തുടങ്ങുന്നതിനു മുമ്പ് സതീഷിനെ ജസ്റ്റൊന്നു വിളിച്ചാ മതിയാരുന്നു. അതെന്റെയൊരു തെറ്റായിപ്പോയി. ഇനിയൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലൊ. കഴിഞ്ഞതു കഴിഞ്ഞു.

സാരമില്ല.’’

അവർ മൂന്നാളും കേയെനെത്തന്നെ നോക്കിയിരുന്നു.

‘‘ഷമ്മൂ, രോഹിണീ... നിങ്ങളൊട്ടും തന്നെ വിഷമിക്കേണ്ട. സബ്ജക്ടിനാണോ നമുക്കു പഞ്ഞം. പത്തുപതിനഞ്ചു ദിവസങ്ങൾക്കകം വേറൊരെണ്ണം ഈ കേയെഞ്ചേട്ടൻ എഴുതി കയ്യീത്തരും.’’

ആരും ഒന്നും മിണ്ടാതിരുന്നപ്പോൾ രോഹിണി ഒന്നു മുരടനക്കി പറഞ്ഞു.

‘‘നമ്മെളെന്നാത്തിനാ ചേട്ടാ മറ്റുള്ളവരുടെ കാര്യമന്വേഷിക്കുന്നേ. ഒരേപോലെ ചിന്തിക്കുന്നവെരെന്തേരെ പേരൊണ്ടാകും. അതു സ്വാഭാവികമല്ലേ..? സമയം കളയാതെ ചേട്ടനാ സ്ക്രിപ്റ്റു വായിക്ക്. നല്ല നാടകമാരുടേതാണെന്ന് ജനം പറയട്ടെ. ബാക്കി പിന്നത്തെ കാര്യമല്ലെ. അതു നമുക്കു വരുന്നടത്തുവെച്ചു കാണാന്നേ...’’

കൈകൊണ്ടു വല്ലാത്തൊരാക്ഷൻ കാണിച്ചുകൊണ്ടു കേയെൻ പറഞ്ഞു.

‘‘ഒന്നും പറയെണ്ടെന്റെ രോഹിണീ. അതങ്ങു കേട്ട വെഷമത്തിൽ ഞാനതു മൊത്തം കത്തിച്ചുകളഞ്ഞു.’’

കടിച്ചുപിടിച്ച ദേഷ്യത്തോടെ രോഹിണി പറഞ്ഞു.

‘‘ചേട്ടനല്ല, വേറാരെങ്കിലുമാണേ ഞാനിതിനു തക്ക മറുപടി പറഞ്ഞേനേ.’’

കെട്ടുപോയ ബീഡി കത്തിച്ച് ആഞ്ഞുവലിച്ചതല്ലാതെ കേയെൻ മറുത്തൊന്നും പറഞ്ഞില്ല.

‘‘സ്ക്രിപ്റ്റ് വായിച്ചുകേക്കാനുള്ള അതിയായ ആഗ്രഹംകൊണ്ട് പറഞ്ഞ സമയത്തിനു മുമ്പെത്താൻ വേണ്ടി, ഡീസലടിച്ചു കൊടുത്താ മതീന്നു പറഞ്ഞ കാരണം ഷമ്മൂന്റെ ഒരു കൂട്ടുകാരന്റെ കാറിനാ ഞങ്ങള് വന്നത്.

ഞങ്ങളു കഴിഞ്ഞ ദിവസം തച്ചിനിരുന്നു വിളിച്ചപ്പം ഒരു പ്രാവശ്യമെങ്കിലുമെടുത്തേച്ച് ചേട്ടനീകഥ ഫോണിലൂടെ പറഞ്ഞാരുന്നെങ്കി ഷമ്മൂന് പണിക്കും പോകാരുന്ന് കാറിന്റെ ഡീസൽകാശും ലാഭിക്കാരുന്നു.’’

അടങ്ങാനാവാത്ത പ്രതിഷേധസ്വരം അവളുടെ പറച്ചിലിലാകെ മുഴങ്ങിനിന്നു. ഒന്നുനിർത്തിയിട്ട് അവൾ കൂട്ടിച്ചേർത്തു.

‘‘കാശുണ്ടായിട്ടല്ല ചേട്ടാ. തോമസ്സേട്ടൻ ഇങ്ങനെയൊരവസരം തന്നപ്പോ വല്ലാത്തൊരാഗ്രഹത്തിന്റെ പേരിൽ ഇറങ്ങി പുറപ്പെട്ടതാ. കഴിഞ്ഞ കളികൾക്കെല്ലാം പുതിയ നാടകത്തിന്റെ പേരനൗൺസ് ചെയ്തു കഴിഞ്ഞു. ഞങ്ങളു ട്രൂപ്പേറ്റെടുത്ത് നടത്താൻ പോകുവാന്ന വിവരം ഇനി നാടകലോകത്തറിയാനായിട്ടാരുമില്ല...’’

മറുപടി പറയാതിരിക്കാൻ പറ്റാത്ത അവസ്ഥയിൽ കേയെൻ പറഞ്ഞു.

‘‘മനപ്പൂർവം ചെയ്തതല്ലല്ലൊ രോഹിണീ. സംഭവിച്ചുപോയി.’’

‘‘അതെ. എല്ലാം സംഭവിച്ചു പോയി.’’

അവളൊരു ദീർഘ നിശ്വാസമെടുക്കാനുള്ള സമയമെടുത്തു.

‘‘മൂന്നു കളികൂടി കഴിഞ്ഞാ ഈ സീസൺ കഴിഞ്ഞു. പുതിയ നാടകത്തിന്റെ ഉദ്ഘാടന തീയതി വരെ തീരുമാനിച്ച് പോസ്റ്ററടക്കമാ എഫ്.ബിയിൽ പോസ്റ്റിട്ടത്. ഇനിയിപ്പം ചിലയാളുകൾക്ക് പറഞ്ഞു ചിരിക്കാനൊരു വഴിയായി!’’

‘‘സമാധാനമായിട്ടിരിക്കൂ. ഇന്നേക്കു കൃത്യം പതിനഞ്ചാംപക്കം പുതിയൊരു സ്ക്രിപ്റ്റ് നിങ്ങടെ വീട്ടില് കൊണ്ടുവന്നു തന്നിരിക്കും. ഈ കേയെഞ്ചേട്ടൻ.’’

മറുപടിയായി അവളൊരു മങ്ങിയ ചിരി ചിരിച്ചു, നിശ്ശബ്ദമായി. എല്ലാ വികാരങ്ങളും തെളിഞ്ഞുമറഞ്ഞ ആ ചിരിയോടെ ആ രംഗത്തിനു തിരശ്ശീല വീണതായി പ്രഖ്യാപിച്ചുകൊണ്ട് രോഹിണിയും കൂടെ ഷമ്മുവും എഴുന്നേറ്റു. ഇത്തരം ജീവിതനാടകങ്ങൾ നിരവധി കണ്ടു തഴമ്പിച്ചതു കൊണ്ടാവാം യാതൊരു ഭാവഭേദവുമില്ലാതെ സുജാതൻ മാഷ് അപ്പോഴും വരച്ചുകൊണ്ടേയിരുന്നു.

രണ്ടാഴ്ചക്കു ശേഷമുള്ള ഒരു ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയായിക്കാണും. ഫോൺ നിർത്താതെ ബെല്ലടിച്ചപ്പോൾ ഉറക്കത്തിലായിരുന്ന ഷമ്മു കണ്ണുചിമ്മിത്തുറന്ന് ഫോണെടുത്തു.

‘‘എട മോനേ ഷമ്മൂ, ഇതു ഞാനാടാ കേയെഞ്ചേട്ടൻ.’’

ഷമ്മു കിടന്നകിടപ്പിൽ ഒന്നുഞെട്ടി ചാടിയെണീറ്റു.

‘‘എന്താ ചേട്ടാ ഈ വെളുപ്പിന്..?’’

‘‘കണ്ണൂരു പോയിട്ടുള്ള മടക്കയാത്രയിൽ ആലുവായിലെത്തിയപ്പോ നിങ്ങടെ കാര്യമോർത്തു. ഉടനെ ഇവിടെറങ്ങി. ഞാനങ്ങോട്ടു വരുവാ. വഴിയൊന്നീ ഓട്ടോക്കാരനു പറഞ്ഞുകൊടുത്തേ മോനേ.’’

അവനറിയാതെ തലയിൽ കൈവെച്ചുപോയി.

‘‘ഹലോ... ഹലോ...’’

ഫോണിലെ ശബ്ദം അവനെയുണർത്തി.

യാന്ത്രികമെന്നോണം വഴി പറഞ്ഞുകൊടുത്തിട്ട് രോഹിണിയെ വിളിച്ചെഴുന്നേൽപിച്ചു.

കേട്ടയുടനെ അവൾ പറഞ്ഞു.

‘‘നമ്മളിവിടെ ഇല്ലെന്നു പറഞ്ഞാപ്പോരാരുന്നോ..?’’

‘‘നിന്നപ്പോലെയാണോ ഞാൻ. പെട്ടെന്നു നൊണേന്നും എന്റ വായിലു വന്നില്ലെന്റ രോഹിണീ...’’

അവളൊരു ദഹിപ്പിക്കുന്ന നോട്ടം നോക്കി.

‘‘എന്നതാണോ ഈ വരവിന്റെ ഉദ്ദേശം. പഴയ നാടകംതന്നെ നമ്മളെടുത്തു കളിക്കാൻ തീരുമാനിച്ച വിവരം ഇങ്ങേരെ അറിയിച്ചതാണല്ലൊ!’’

‘‘ഇനി നുമ്മട കാശുതരാൻ വരണതായിരിക്കുവാ?"

ഷമ്മുവിന്റെ ആ ചോദ്യത്തിൽ രോഹിണിയുടെ കണ്ണുകൾക്കൊരു തിളക്കംവെച്ചു.

തുണികൊണ്ടുള്ളൊരു സഞ്ചിയും തോളിലിട്ട് തലയും മുഖവും മഫ്ലർകൊണ്ട് മറച്ചൊരു രൂപം വീട്ടുപടിക്കൽ വന്നിറങ്ങിയത് ഷമ്മു കണ്ടു.

അവൻ അവിടേക്കു ചെന്നു. കേയെൻ ചിരിച്ചുകൊണ്ടു വിഷ് ചെയ്തു. എവിടെയോ വീണിട്ടുണ്ടെന്നു തോന്നിക്കും വിധത്തിൽ മുണ്ടിലും ഷർട്ടിലും ചിലയിടത്തൊക്കെ ചെളിപറ്റിയിട്ടുണ്ട്. കേയെൻ ഓട്ടോക്കാരനോട് കാഷെത്രയായി എന്നു ചോദിക്കുമ്പോൾ അയാൾ തുക പറഞ്ഞു.

‘‘ഷമ്മൂ ഓട്ടോക്കാരനെ പറഞ്ഞു വിട്ടിട്ട് വാ മോനേ. ചേട്ടന് നല്ല ക്ഷീണമുണ്ട്. ഒന്നു നന്നായി കിടന്നുറങ്ങണം.’’

കേയെൻ അവന്റെ മറുപടിക്കു കാത്തുനിൽക്കാതെ വീട്ടിലേക്കു നടന്നു. രോഹിണിയെക്കണ്ട് കേയെൻ ഉച്ചത്തിലൊരു ചിരി പാസാക്കി. അവിടേക്കു വന്ന ഷമ്മു അവളെയൊന്നു സൂക്ഷിച്ചുനോക്കി കാഷെടുക്കാൻ അകത്തേക്കു കയറി. കേയെൻ വരാന്തയിലിട്ടിരിക്കുന്ന കസേരയിലേക്കിരുന്നുകൊണ്ടു പറഞ്ഞു.

‘‘മോളേ രോഹിണീ, കേയെഞ്ചേട്ടനിത്തിരി വെള്ളം തരാമോടീ..?’’

‘‘കടുങ്കാപ്പിയിടാം..?’’

‘‘ഈ വെളുപ്പാൻകാലത്ത് നിന്നെ വെറുതെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലല്ലൊ. മൊന്തയിലിച്ചരെ വെള്ളമെടുത്താ മതി. കൂടെയൊരു ഗ്ലാസ്സും ഇച്ചരെയച്ചാറും...’’

അടക്കിപ്പിടിച്ച ദേഷ്യത്തോടെ അകത്തേക്കു കയറിവന്ന രോഹിണിയുടെ കാതിൽ ‘‘നമ്മട കാശയാക്കട കയ്യിലായിപ്പോയി. അല്ലങ്കി ഞാനിവിടയിട്ട് നല്ലിടിയിടിച്ചേനേ...’’ എന്നും പറഞ്ഞ് ഷമ്മു പുറത്തേക്കു വന്നപ്പോൾ കേയെൻ തുണിസഞ്ചിയിൽനിന്നുമെടുത്ത കുപ്പിയിലെ മദ്യത്തിന്റെ അളവു നോക്കുകയായിരുന്നു. അവനത് കാണാത്ത ഭാവത്തിൽ ഓട്ടോയുടെ അടുത്തേക്കു പോയി. വെള്ളവും ഗ്ലാസ്സുമായി വന്ന രോഹിണി പറഞ്ഞു.

‘‘ചേട്ടാ, ഷമ്മൂന്റെ സ്വന്തം വീടങ്ങ് മുനമ്പത്താ.

ഞങ്ങളിവിടെ വാടകയ്ക്കു താമസിക്കുന്നതാ.

ഇങ്ങനെ ഉമ്മറത്തിരുന്ന് പരസ്യമായി മദ്യപിക്കുന്നത് ശരിയാകത്തില്ല. നേരേ ഓപ്പസിറ്റു കാണുന്നതാ ഹൗസോണറുടെ വീട്.’’

‘‘ഓ, ഞാനതോർത്തില്ല. സോറി സോറി.... എനിക്കു കിടക്കാനുള്ള മുറിയേതാ മോളേ..? ഞാനവിടെയിരുന്ന് കഴിച്ചോളാം.’’

‘‘ഞാനൊന്നു ​െബഡ്ഷീറ്റു മാറ്റിക്കോട്ടെ’’ എന്നു പറഞ്ഞ് അവൾ വരാന്തയുടെ വലതു വശം ചേർന്ന മുറിയിലേക്കു പോയി. ഷമ്മു വന്ന് അരഭിത്തിയിലിരുന്നിട്ട് ചോദിച്ച ചോദ്യവും മുഖഭാവവും തമ്മിലത്ര കണ്ട് യോജിച്ചില്ല.

‘‘എങ്ങാട് പോയിട്ടെള്ള വരവാണ്?’’

കസേര അവന്റെയടുത്തേക്കു വലിച്ചിട്ടിട്ട് കേയെൻ ഒരു രഹസ്യം പറയും മട്ടിൽ പറഞ്ഞു.

‘‘ഷമ്മൂ, കേയെഞ്ചേട്ടൻ പറയുന്നതു കേട്ടിട്ട് നീയൊട്ടും ഭയപ്പെടരുത്.’’

അവനൊന്നും മനസ്സിലാകാതെ അങ്ങേരെ നോക്കി.

‘‘സ്‌ക്രിപ്റ്റ് പ്രശ്നമായിട്ട് മടക്കിയൊരു നാടകം ഒന്നു റീവർക്കു ചെയ്യണമെന്ന് വിളിച്ചു പറഞ്ഞിട്ട് കണ്ണൂരു വരെ പോയതാ. അവിടെ ചെന്നപ്പഴല്ലേ കാര്യത്തിന്റെ കെടപ്പ് മനസ്സിലായത്. അന്നു നമ്മുടെ സബ്ജക്ട് വെച്ച് വേറൊരാൾ നാടകമെഴുതിയെന്നു സതീഷ് പറഞ്ഞില്ലേ. അതാണ് നാടകം. പേര് നിങ്ങൾ ക്യൂവിലാണ്.’’

ബെഡ് റൂം ശരിയാക്കി വന്ന രോഹിണിയോട് കേയെൻ പറഞ്ഞു.

‘‘മോളേ രോഹിണി നീ പോയി കിടന്നോ. നിന്റെ ഉറക്കം കളയണ്ട. ഞങ്ങൾക്കിത്തിരി കാര്യം സംസാരിക്കാനുണ്ട്.’’

ഷമ്മു കണ്ണുകൊണ്ടാംഗ്യം കാണിച്ചു. അവൾ അകത്തേക്കു പോയി.

‘‘എന്നെ നാടകം കളിച്ചു കാണിച്ചു. ആദ്യം മുതലവസാനം വരെ തലേ വെച്ച കയ്യെടുക്കാൻ പറ്റിയില്ല എന്നതാണ് സത്യം. നാടകാന്ത്യം കുടിത്വം എന്നാണല്ലൊ! മൂന്നു നിർമാതാക്കളുമായി റൂമിലിരുന്നു. പിറകേ ദാഹജലം വന്നു. സോഡ വന്നു. കൂട്ടയടി. അടിച്ചു കോൺ തെറ്റിയപ്പോ കേയെഞ്ചേട്ടനുള്ള കാര്യമങ്ങു തുറന്നുപറഞ്ഞു. സ്ക്രിപ്റ്റ് അടിമുടി പൊളിക്കേണ്ടിവരും. പിന്നെ,

പ്രേക്ഷകരേ നിങ്ങൾ നാടകം കണ്ടാസ്വദിക്കൂ... ഞാൻ നിങ്ങൾക്കൊരു തടസ്സമായി ഒരു സീനിൽപോലും വരില്ലായെന്നുറപ്പു നൽകുന്നവനായിരിക്കണം യഥാർഥ സംവിധായകൻ. നാടകം കണ്ട് മറ്റെല്ലാം മറന്ന് ലയിച്ചിരുന്ന കാണികൾ കൈയടിക്കുമ്പോഴേ സംവിധായകനെ ഓർക്കാവൂ. അല്ലാതെ എടക്കെടക്ക് ഞാനാണീ നാടകത്തിന്റെ സംവിധായകൻ എന്നുകാണിക്കാൻ ചക്രം കറക്കിയും റിബൺ പറത്തിയും പിന്നെ മുഖംമൂടി നൂലേക്കെട്ടിവലിക്കലുമൊക്കെയായി വരുന്ന ഇവനേതു മറ്റേടത്തെ സംവിധായകനാണെന്ന് വെറുതെയൊന്നു തമാശക്കു ചോദിച്ചുപോയി. അതും കേട്ടുകൊണ്ടാണ് മഹാനായ സംവിധായകൻ വന്നത്. ഇത്രേം കാലത്തിനെടക്ക് ഒരാളുപോലുമെന്നെയിങ്ങനെ ഇൻസൾട്ട് ചെയ്തിട്ടില്ലെന്നും പറഞ്ഞവനങ്ങ് കലിതുള്ളി. അവനും വെള്ളം ഞാനും വെള്ളം.

എനിക്കാണേ ഇഞ്ചപ്പറ്റും കോണോംവാലും. കൊറേ നാളായിട്ടോങ്ങിവെച്ചിരുന്ന കൊഴി ഞാനങ്ങു വീശിയെറിഞ്ഞു.

കടേലെ റിബൺ തീർന്നു പോയാ നിന്റെ പണിക്കുറ്റം തീർന്നല്ലോടാ മോനേ, കാലമിത്ര മാറീട്ടും ഈ സൂചീം നൂലും കളി മാറ്റാറായില്ലേന്നൊക്കെ എന്നു വേണ്ട എനിക്കു വായീത്തോന്നിയതൊക്കെ ആ ദേഷ്യത്തിലങ്ങ് വിളിച്ചുപറഞ്ഞു.’’

എന്തോ പെട്ടെന്നോർത്തിട്ടെന്നപോലെ വഴിയിലേക്കൊന്നു നോക്കിയിട്ട് കേയെഞ്ചേട്ടൻ ഷമ്മുവിനോടു പറഞ്ഞു

‘‘നമുക്കങ്ങകത്തോട്ടിരുന്നാലോ.’’

അവൻ തലയാട്ടി. എല്ലാമെടുത്ത് മുറിയിൽ കയറിയ ഉടനെ ഗ്ലാസ്സിലേക്കു മദ്യമൊഴിച്ചിട്ട് പേരിനൽപം വെള്ളംചേർത്ത് ഒറ്റയടി. അച്ചാറു തൊട്ട് നാക്കുകൊണ്ടൊരൊച്ചയുണ്ടാക്കി കട്ടിലിന്റെ തലഭാഗത്തെ ഭിത്തിയിൽ തലയിണവെച്ച് അതിലേക്കു ചാരിക്കിടന്നിട്ട് ഒരു തുടർക്കഥയെന്നോണം കേയെൻ പറഞ്ഞു.

‘‘എന്റെ മോനേ അതുപറഞ്ഞതും അവനെന്റെ കഴുത്തേ പിടിച്ചൊരൊറ്റ തള്ളുതള്ളിയെടാ. ഞാൻ കസേരയോടെ പിറകോട്ടു മറിഞ്ഞു വീണു. പണ്ടു മൊതല് വേദനയെടുത്താ എന്റെ സൊഭാവം മാറുമെന്നവനറിയാമ്മേലല്ലൊ! ദേഷ്യംകൊണ്ടു വിറച്ചെഴുന്നേറ്റ എന്റെ കയ്യീ കിട്ടിയത് ഒരിരുമ്പുവടിയാരുന്നു. ഒന്നും നോക്കിയില്ല. അവന്റെ തലക്കിട്ടൊരടി കൊടുത്തു.’’

അതുകേട്ട് ഷമ്മു ഞെട്ടി.

‘‘പേടിത്തൂറികളായ നിർമ്മാതാക്കള് മൂന്നും മൂന്നു വഴിക്കോടി. പിന്നെ നിന്നാ ശരിയാകത്തില്ല. കണ്ണീക്കണ്ടവഴിയേ ഞാനുമോടി. അങ്ങനെ അവിടുന്നോടിയിട്ടുള്ള വരവാ.’’

‘‘അയാക്കെന്തെങ്കിലും പറ്റിയാന്നു നോക്കിയാ..?’’

‘‘പിന്നെ തലക്കിട്ടടിച്ചാ ഒന്നും പറ്റാതിരിക്കാൻ അവന്റെ തലെയെന്നാ ഇരുമ്പു കൊണ്ടുണ്ടാക്കിയതാണോ..! നീയെന്നതാണ് പറയുന്നതെന്റെ ഷമ്മൂ...’’

ഷമ്മു പതുക്കെ എഴുന്നേറ്റിട്ട് പറഞ്ഞു.

‘‘നല്ല ക്ഷീണോള്ളതല്ലേ..? ചേട്ടനെന്നാ ഉറങ്ങാന്നോക്ക്. നമുക്കു ഉറക്കം കഴിഞ്ഞിട്ടു സംസാരിക്കാ.’’

‘‘എന്നാ ശരി മോനെ. നീ ചുമ്മാ പേടിക്കുകയൊന്നും വേണ്ട. അത്ര പെട്ടെന്നൊന്നും പോലീസു വരാൻ സാധ്യതയില്ല.’’

ഒന്നു നിർത്തിയിട്ട് പറഞ്ഞു.

‘‘ചേട്ടനൊരുച്ചയാകുമ്പഴത്തേക്കും എഴുന്നേൽക്കുമെന്നു കരുതുന്നു. അതിനുശേഷം നമുക്കു വിശദമായി സംസാരിക്കാം.’’

ഷമ്മു തന്റെ ഗതികേടോർത്ത് തലയാട്ടി മുറിയിൽ നിന്നിറങ്ങിയതും കേയെഞ്ചേട്ടൻ കതകടച്ച് കുറ്റിയിട്ടു. രോഹിണി ഷമ്മു വരുന്നതും കാത്തു കിടക്കുകയായിരുന്നു. എല്ലാം കേട്ട രോഹിണി പറഞ്ഞു.

‘‘ഷമ്മൂ, നേരം വെളുപ്പിനാന്നൊന്നും നോക്കണ്ട. സതീഷേട്ടനെ വിളിച്ചു കാര്യം പറഞ്ഞിട്ടാ ട്രൂപ്പിലൊന്നു വിളിച്ചുചോദിക്കാൻ പറയ്.

അല്ലെങ്കി വല്ല പോലീസ് കേസും വന്നാ വെറുതെയിരുന്ന നമ്മളും കുടുങ്ങും.’’

അതിനു മറുപടിയായി അവൻ പറഞ്ഞു.

‘‘ഇയാക്കിങ്ങനയിവട കേറിക്കെടക്കാനൊരു വഴീണ്ടാക്കീത് നീയൊറ്റരാളാ... അനുഭവിച്ചോ..!’’

സ്വരംതാഴ്ത്തി ദേഷ്യം കടിച്ചുപിടിച്ച് രോഹിണിയും വിട്ടുകൊടുക്കാൻ തയ്യാറായില്ല.

‘‘ഇനീ തൊടങ്ങിക്കോ..! ദിവസം കൊറെയായി ഞാനിതു കേക്കാൻ തൊടങ്ങീട്ട്. നക്കാപ്പിച്ചാക്കാശിൽ ഒരു നാടകമെഴുതിച്ചു തരാന്നു മണിയണ്ണൻ പറഞ്ഞപ്പോ കൂടെപ്പോയതും അഡ്വാൻസു കൊടുത്തതും ഞാനാണോ..?’’

ഷമ്മു തിരിച്ചടിച്ചു.

 

‘‘നിന്റേമ്മേട കെട്ട്യോനിങ്ങനൊരു ചതി ചെയ്യുമെന്നു ഞാൻ കരുതിയാ..?’’

‘‘ചതിച്ചത് ഇങ്ങേരല്ലേ... അല്ലാതെ മണിയണ്ണനാണോ..?’’

കൈമലർത്തിക്കാണിച്ച് ഷമ്മു പറഞ്ഞു.

‘‘ഇപ്പയെന്തായി. അമ്മേയില്ല അമ്മേടനായരുമില്ല...’’

രോഹിണി അൽപം അയഞ്ഞു.

‘‘കൊടുത്ത പൈസാ മേടിച്ചെടുക്കണമെങ്കി നമ്മളു തഞ്ചത്തീ നിക്കണം. അല്ലാതെ വേറേ വഴിയില്ല ഷമ്മൂ. എന്തായാലും പത്തുനൂറു നാടകങ്ങളെഴുതിയ ആളല്ലേ..!

ആ ബഹുമാനമെങ്കിലും നമ്മളു കാണിക്കേണ്ടേ.?

അയാളെ പോലെ തരംതാഴാൻ നമ്മളു പഠിച്ചിട്ടില്ലല്ലൊ. ഒന്നുകിൽ ഒരു നാടകമെഴുതി വാങ്ങണം. അതു നടന്നില്ലെങ്കി അയാളുടെ മകൻ ഗൾഫീന്നു വരുമ്പം വീട്ടീച്ചെന്നു കാര്യം പറഞ്ഞ് കാശു വാങ്ങിച്ചെടുക്കണം. അല്ലാതെ വേറെ വഴിയില്ല.’’

അതുകേട്ട് അവനൊന്നും മിണ്ടിയില്ല. രോഹിണി അവന്റെ പറ്റേ ചേർന്നുകിടന്നിട്ട് പറഞ്ഞു.

‘‘ഇതും പറഞ്ഞ് നമ്മളു വെറുതെ പിണങ്ങുന്നതെന്നാത്തിനാ ഹെന്റെ ഷമ്മൂ...’’

അവളുടെ ആ വിളിയിൽ ഷമ്മു എല്ലാം മറന്ന് അലിഞ്ഞില്ലാതായി.

നേരം പരപരാ വെളുത്തയുടനെ തന്നെ ഷമ്മു ഫോണെടുത്ത് സതീഷ് സംഗമിത്രയെ വിളിച്ചു. നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ കുറച്ചുകഴിഞ്ഞ്

‘നിജസ്ഥിതിയറിഞ്ഞേച്ച് വിളിക്കാമെന്നു’ പറഞ്ഞ് അദ്ദേഹം ഫോൺ കട്ടുചെയ്തു.

വൈകുന്നേരം ഒരഞ്ചു മണിയോടെ ഷമ്മുവിന്റെ ഫോണിൽ സതീഷ് സംഗമിത്രയെന്ന പേരു തെളിഞ്ഞു.

‘‘ഷമ്മൂ, നിങ്ങളൊന്നുകൊണ്ടും ഭയപ്പെടേണ്ട. പത്തു ശതമാനം സത്യവും ബാക്കിയൊക്കെ കല്ലുവെച്ച നുണയുമാണ്.’’

ഫോൺ കട്ടായതും ചെവി വട്ടംപിടിച്ച് കേട്ടുകൊണ്ടിരുന്ന രോഹിണി ദേഷ്യത്തോടെ പറഞ്ഞു.

‘‘ഷമ്മൂ, വിളിച്ചെഴുന്നേൽപിക്കയാളെ.’’

അവൻ വാതിലിൽ മുട്ടി വിളിച്ചു.

ഫാനിന്റെ ശബ്ദം വിളിയെ തടസ്സപ്പെടുത്തി.

അവൻ സ്റ്റൂളിട്ട് വെന്റിലേറ്ററിലൂടെ എത്തിനോക്കി. അർധനഗ്നനായി മലർന്നുകിടന്ന് കൂർക്കംവലിക്കുന്ന കേയെന്റെ ഉടുമുണ്ട് പുതപ്പുപോലെ സ്ഥാനംതെറ്റി കിടപ്പുണ്ട്.

ഷമ്മുവിന്റെ ഏന്തിവലിഞ്ഞുള്ള നിൽപുകണ്ട് രോഹിണി ചോദിച്ചു.

‘‘ഒളിഞ്ഞുനോക്കി കൊതിതീർന്നെങ്കി പോയി ആ മെയിൻസ്വിച്ചൊന്നോഫു ചെയ്യാമോ?’’

തികഞ്ഞ അനുസരണയോടെ പറഞ്ഞതനുസരിച്ച് അവൻ തിരിച്ചുവന്നതും രോഹിണി പറഞ്ഞു.

‘‘അഞ്ചുനിമിഷം ഇടവേള. ഫാനിന്റെ കറക്കമൊന്നു നിക്കട്ടെ.’’

ഭാര്യയുടെ അതിബുദ്ധിയിൽ ഷമ്മു അഭിമാനപുളകിതനായി നിന്നു. എണ്ണിപ്പിടിച്ച സമയം കഴിഞ്ഞ് അവൾ കതകിൽ ശക്തിയായി മുട്ടി വിളിച്ചു. ഒട്ടും വൈകാതെ പശ്ചാത്തല സംഗീതമായി ഒരു നീണ്ട കോട്ടുവാ ശബ്ദത്തോടെ കതകു തുറക്കപ്പെട്ടു. നെഞ്ചോളം കയറ്റിയുടുത്ത മുണ്ടുമായി കേയെഞ്ചേട്ടൻ രണ്ടു കൈകൾ കൊണ്ടും കണ്ണു തിരുമ്മി നിന്നപ്പോൾ രോഹിണി പറഞ്ഞു.

‘‘ചേട്ടാ, ഞങ്ങൾക്ക് കൊടുങ്ങല്ലൂരു വരെ പോകേണ്ട ഒരു കാര്യമുണ്ട്.’’

ഒന്നു മൂരിനിവർത്തി വരാന്തയിലെ കസേരയിലിരുന്നിട്ട് അരപ്രേസിലേക്ക് കാലു നീട്ടി വെച്ചിട്ട് അയാൾ പറഞ്ഞു.

‘‘നിങ്ങളു ധൈര്യമായിട്ടു പോയിട്ടു വാ.’’

‘‘ധൈര്യക്കുറവൊന്നുമുണ്ടായിട്ടല്ല. പോയാ രണ്ടുദിവസം കഴിഞ്ഞേ വരത്തൊള്ള്.’’

‘‘രണ്ടു ദിവസമെന്നാ പരിപാടിയാ...’’

പെട്ടെന്നങ്ങനൊരു ചോദ്യം പ്രതീക്ഷിക്കാത്ത കൊണ്ടാവണം രോഹിണി ചെറുതായൊന്നു തപ്പിത്തടഞ്ഞ് പറഞ്ഞു.

‘‘...അതൊരു ടൂറാ... വയനാട്ടിലോട്ട്.’’

‘‘കൊടുങ്ങല്ലൂരെന്നു പറഞ്ഞിട്ടിപ്പം വയനാടായോ?’’

‘‘അതവിടുന്നാ പോകുന്നത്.’’

‘‘അതുശരി. അപ്പോ രാവിലെതന്നെ രണ്ടു പേരുംകൂടി എന്നെ ഒഴിവാക്കാനൊരു കഥയുണ്ടാക്കി ഇറങ്ങീരിക്കുവാണല്ലേ..?’’

മര്യാദയ്ക്കു പോകുന്നെങ്കി പൊക്കോട്ടേന്നു കരുതി ആർക്കുമാർക്കും ദോഷമില്ലാത്തൊരു നുണ പറഞ്ഞപ്പോൾ അതേക്കേറിപ്പിടിച്ചതവൾക്കത്ര ഇഷ്ടമായില്ല. ദേഷ്യഭാവത്തിൽ തലകുലുക്കിക്കൊണ്ട് രോഹിണി ചോദിച്ചു.

‘‘അപ്പോ ചേട്ടനതു പെട്ടെന്നുതന്നെ മനസ്സിലായല്ലൊ.’’

‘‘ഒരു നാടകത്തിൽ അഞ്ചെട്ടു കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവർ എപ്പോ എന്തു പറയണമെന്നത് എഴുതിയുണ്ടാക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് ഒരാൾ പറയുന്ന സംഭാഷണത്തിന്റെ അർഥവും അതുപറയാനുള്ള ചേതോവികാരമെന്താണെന്നും മറ്റുള്ളവരേക്കാളുമേറെ മുമ്പേ ഈ കേയെഞ്ചേട്ടനു മനസ്സിലാകും.’’

രോഹിണി വിട്ടുകൊടുക്കാനൊട്ടും നിന്നില്ല.

‘‘അതുശരി. ചേട്ടനെ ബാധിക്കുന്ന പ്രശ്നം വരുമ്പോ ചേട്ടനെല്ലാം പെട്ടെന്നങ്ങു മനസ്സിലാകുന്നുണ്ടല്ലൊ..!

ഞങ്ങളുടെ കയ്യിൽനിന്നും വാങ്ങിയ പൈസ തിരിച്ചുതരാമെന്നു പറഞ്ഞതല്ലാതെ എന്നു തരാമെന്നു ചേട്ടനിതുവരെ പറഞ്ഞില്ലല്ലൊ. അതുപോട്ടെ നാടകമെഴുതി കിട്ടുമല്ലോന്നു കരുതി കണ്ട കള്ളുഷാപ്പിലും ബാറിലുമൊക്കെ ഈ ഷമ്മു ഒരു പട്ടിയെപ്പോലെ വാലാട്ടി നിന്നു കാശെണ്ണി തന്നപ്പോഴൊന്നും ചേട്ടന്റെയീ മനസ്സിലാകലു കണ്ടില്ലല്ലൊ!’’

നാടകത്തിലല്ലാതെ ഒരിക്കൽ പോലും രോഹിണിയെന്ന നടിയുടെ നടനം കണ്ടിട്ടില്ലാത്ത കേയെൻ കണ്ണു തള്ളിയിരുന്നു. തന്റെ ചോദ്യത്തിനുത്തരം കിട്ടാതെ വന്നപ്പോൾ രോഹിണി ചുവടു വെച്ചു കത്തിക്കയറി.

‘‘എഴുതിയ നാടകം ആരാണ്ടെന്താണ്ട് പറഞ്ഞെന്നും പറഞ്ഞ് ഒടനെയങ്ങു കത്തിച്ചു കളഞ്ഞെന്നു പറഞ്ഞപ്പം ഞങ്ങളങ്ങ് വിശ്വസിച്ചെന്നു കരുതിയോ..?

നൊണക്കഥ എഴുതി ഫലിപ്പിക്കുന്ന പോലെ നേരിൽ പറഞ്ഞു ഫലിപ്പിക്കാൻ ഇച്ചിരെ പാടാ ചേട്ടാ..."

ജീവിതത്തിലാദ്യമായി ഒരു കട്ടൻകാപ്പിപോലുമുള്ളിലില്ലാതെ വെറും വയറ്റിൽ, മറുപടി കൊടുക്കാൻ വാക്കുകൾ കിട്ടാതെ ആരോപണ ശരശയ്യയിൽ കേയെൻ കിടന്നുരുകി.

‘‘ഇങ്ങനെയോരോ സമയത്തും നട്ടാകുരുക്കാത്ത നൊണ പറഞ്ഞ് മനപ്പൂർവം ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടും ഒരു വാക്കു കൊണ്ടോ പ്രവൃത്തികൊണ്ടോ വിഷമിപ്പിക്കാതിരുന്നതേ പണ്ടു ചേട്ടനെഴുതിയ നാടകങ്ങളിലെ കുറെ നല്ല കഥാപാത്രങ്ങളെ എനിക്കു നൽകിയ നന്ദിയും ബഹുമാനവും കൊണ്ടാ. അതു മറക്കരുത്.’’

പടിക്കൽനിന്നും മീൻകാരൻ വിളിച്ചു കൂവിയപ്പോൾ വേണ്ടെന്ന് ആംഗ്യം കാണിക്കാൻ രോഹിണി മുറ്റത്തേക്കിറങ്ങിയ തക്കത്തിന് കേയെൻ ചാടിയെഴുന്നേറ്റ് മുറി ലക്ഷ്യമാക്കി ഓടി.

അരോഗദൃഢഗാത്രനാണെങ്കിലും ഷമ്മു അതുകണ്ട് ചെറുതായൊന്നു പരിഭ്രമിച്ചെങ്കിലും അരപ്രേസിൽനിന്നുമെഴുന്നേറ്റിട്ട് കേയെന്നെ വട്ടം കയറിപ്പിടിച്ചു. കുതറി മാറാൻ വല്ലാതെ ശ്രമിച്ചെങ്കിലും ഷമ്മുവിന്റെ കൈക്കരുത്തിൽ അയാൾ അടിയറവ് പറഞ്ഞു. ഇതെല്ലാം കണ്ടുനിന്ന രോഹിണിയെ നോക്കി എന്തുചെയ്യണമെന്ന് താടി കൊണ്ട് ആംഗ്യത്തിൽ ചോദിച്ചു. അവന്റെ കൈയൊന്നയഞ്ഞെന്ന് തോന്നിയ ആ നിമിഷം കേയെൻ ഒരൊറ്റ കുതറലും ഓടി മുറിയിൽ കയറി വാതിലടച്ചതും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. ഷമ്മുവും രോഹിണിയും അൽപസമയം മുഖാമുഖം നോക്കിനിന്നു. അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ ഷമ്മു വാതിൽക്കലെത്തി ചെവി വട്ടംപിടിച്ചു. തിരിച്ചു വന്നിട്ട് രോഹിണിക്കരികിലെത്തി എന്തു ചെയ്യുമെന്ന് ആംഗ്യത്തിൽ ചോദിച്ചു.

നോക്കാം എന്ന് കണ്ണടച്ചവൾ മറുപടി നൽകി. അൽപം കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ അടക്കിപ്പിടിച്ച ശബ്ദത്തിൽ ഷമ്മു അവളുടെ ചെവിയിൽ ചോദിച്ചു.

‘‘ഒളിഞ്ഞു നോക്കട്ടെ.’’

‘‘അതു മാത്രമേ ചിന്തയുള്ളല്ലേ?’’

‘‘എന്റപൊന്നോ... തൂങ്ങിച്ചാകാൻ വെല്ലതും പോയാലോന്നോർത്തു പറഞ്ഞതാണേ, ക്ഷമീ...’’

‘‘പിന്നേ... ആയകാലത്ത് അടികൊണ്ടോടയ്ക്കകത്തു കെടന്നിട്ടുപോലും മാനംപോകാത്ത ആളാ. പിന്നല്ലേ ഇപ്പോ..?

പോയാ മെയിനങ്ങ് ഓൺ ചെയ്തേ.’’

അവൻ അനുസരണയുള്ള കുട്ടിയായി.

കേയെൻ വാതിൽ തുറക്കുന്നതും കാത്ത് ഫാൻ കറങ്ങുന്ന ശബ്ദവും കേട്ട് അവർ രണ്ടാളും വരാന്തയിൽ കാത്തുനിന്നു. അൽപ സമയത്തിനുശേഷം വാതിൽ തുറന്ന് കേയെൻ പ്രത്യക്ഷപ്പെട്ടു.

മുണ്ടും ജുബ്ബയും ധരിച്ച് തോളിൽ സഞ്ചിയും തൂക്കി തന്റെ സ്വതഃസിദ്ധമായ ഉച്ചത്തിലുള്ള ചിരിയോടെ അയാൾ പറഞ്ഞു.

‘‘പറയൂ രോഹിണീ നീ ബാക്കി വെച്ചതെല്ലാം. അതു കേൾക്കാൻ മനസ്സുകൊണ്ടും ശരീരംകൊണ്ടും ഞാനിതാ തയ്യാറായിക്കഴിഞ്ഞു. എത്ര സമയമെടുത്താലും ഈ കേയെഞ്ചേട്ടൻ നിന്റെ പുലവിളി മുഴുവനും കേട്ടിട്ടേ പോകൂ.’’

കേയെൻ കസേരയിലിരുന്നു. ഇരുവശത്തുമുള്ള അരപ്രേസുകളിലായി ഷമ്മുവും രോഹിണിയുമിരുന്നു. കേയെന്റെ പുലവിളി പ്രയോഗമത്ര ഇഷ്ടപ്പെടാത്ത മട്ടിൽ രോഹിണി ഒന്നും മിണ്ടാതിരുന്നപ്പോൾ കേയെൻ തുടക്കമിട്ടു.

‘‘നിങ്ങൾ ഒരു നാടകമെഴുതാനാവശ്യപ്പെട്ടപ്പോൾ എഴുതി തരില്ല എന്നൊരു വാക്ക്‌ ഞാനന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയിവിടെ നിങ്ങടെ മുമ്പിലിരിക്കേണ്ട ഗതികേടു വരില്ലാരുന്നു.’’

അതുകേട്ടപാടെ രോഹിണി പറഞ്ഞു.

‘‘അതാരുന്നില്ലേ ചേട്ടാ അന്തസ്സ്.’’

‘‘ഇപ്പോ എനിക്കങ്ങനെ തോന്നുന്നുണ്ട്. പക്ഷേ എട്ടു കൊല്ലമായി നാടകലോകം മറന്ന എന്നോട് ഒരു നാടകമെഴുതിത്തരാമോ എന്നു നിങ്ങളു ചോദിച്ചപ്പോൾ എനിക്കന്നങ്ങനെ പറയാൻ തോന്നിയില്ല. കാരണം ഒരെഴുത്തുകാരന് എഴുതാൻ പറ്റാതാവുക എന്നത് മരണതുല്യമാണ്. കഴിഞ്ഞ കുറേ കൊല്ലങ്ങളായി ഞാനാ അവസ്ഥയിലാണ്.’’

‘‘ചേട്ടനാക്കാര്യത്തി പുതിയ എഴുത്തുകാരെ കണ്ടുപഠിക്ക്. ആളുടെ പേരു ഞാൻ പറയത്തില്ല. ഇപ്പോ യുവനിരയിൽ ശ്രദ്ധേയനായ ഒരു നാടകകൃത്ത് എന്നോടു പറഞ്ഞതെന്നതാണെന്നോ?’’

അതറിയാനുള്ള ആകാംക്ഷ കേയെന്റെ മുഖത്തു തെളിയുന്നുണ്ടോ എന്നറിയാൻ അവളൊന്നു നിർത്തി.

‘‘നീ പറ. കേക്കട്ടെ.’’

‘‘എഴുതാൻ വിഷയമില്ലെങ്കിൽ എഴുതാതിരിക്കുക. അതുവരെ കാത്തിരിക്കുക. ഞാനൊരാൾ എഴുതിയില്ലാ എന്നുകരുതി മലയാള നാടകവേദി നിന്നൊന്നും പോകത്തില്ലെന്നും ഓരോ സീസണിലും എന്തെങ്കിലുമെഴുതിയൊപ്പിച്ചുള്ള തല്ലിക്കൂട്ട് നാടകങ്ങൾ വേണ്ടാന്നു വെച്ച് പ്രേക്ഷകരുടെ വിലയേറിയ സമയം അപഹരിക്കുന്നില്ല എന്നൊരു തീരുമാനമെടുത്തതാണ് മലയാള നാടകവേദിക്ക് ഞാൻ ചെയ്തുവരുന്ന സംഭാവന എന്നുമാണ് അദ്ദേഹമെന്നോടു പറഞ്ഞത്.’’

കേയെൻ ചാടിക്കേറി പറഞ്ഞു.

‘‘എന്നുവെച്ചാ ഞാനങ്ങനല്ലന്നല്ലേ നീ പറഞ്ഞതിന്റർഥം.’’

‘‘എന്നു ഞാൻ പറഞ്ഞില്ല.’’

‘‘ഈ പറയുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നെടീ മോളേ. അന്നത്തെ കാലത്തെ ന്യൂജെൻ നാടകക്കാരായിരുന്നു ഞാനും നിങ്ങടെയിപ്പഴത്തെ സംവിധായകൻ സതീഷുമൊക്കെ. ഇന്നലെയൊരുത്തൻ ചെയ്തുവെച്ച നാടകം കണ്ടപ്പം എനിക്കു തോന്നിയത്

ഞങ്ങളൊക്കെ എത്ര ഭേദമായിരുന്നെന്നാ.’’

‘‘ചേട്ടാ, എല്ലാ രംഗത്തും ഓരോരുത്തർക്കും ഓരോ കാലമുണ്ടാകും. അതു കഴിയുമ്പം പുതിയ തലമുറവരും. അപ്പോ, ഒന്നുകിൽ അവരോടൊപ്പം നിൽക്കാൻ പറ്റുന്ന രീതിയിൽ ചിന്തയും എഴുത്തും മാറ്റുക. അല്ലെങ്കിൽ എഴുതാതിരിക്കുക. ഞാനൊരു കാര്യം ചോദിക്കട്ടെ. നിങ്ങടെ തലമുറയിൽപെട്ട ചേട്ടനെപ്പോലുള്ളവരെത്ര പേരുണ്ടാകും പുതിയ നാടകങ്ങൾ കാണുന്നവരായിട്ട്.’’

കേയെൻ ഒരു കളിയാക്കലോടെ ചോദിച്ചു.

‘‘ഞാൻ കണ്ട നാടകങ്ങളുടെ കണക്കു വിവരം മുഴുവൻ നിന്നെ ബോധിപ്പിക്കണോ..?’’

‘‘ഇതാണ് കൊഴപ്പം. കാര്യം ചോദിച്ചാ നമ്മളു മോശക്കാരായി. നാടകമൊക്കെ ഇപ്പോ സിനിമ പോലായി ചേട്ടാ. രണ്ടു കഥാപാത്രങ്ങളെ മാത്രംവെച്ച് രണ്ടല്ല, രണ്ടര മണിക്കൂർ ഒരു മനുഷ്യക്കുഞ്ഞുപോലുമെഴുന്നേറ്റു പോകാതെ ആളുകൾ കണ്ടിരിക്കുന്ന നാടകമൊക്കയാണിപ്പോ അരങ്ങുവാഴുന്നത്.

അതൊക്കെ പോയൊന്നു കാണണം ചേട്ടാ. അല്ലാതെ വീട്ടിക്കേറിയിരുന്നാ പുതിയ ​െട്രൻഡറിയാനൊക്കത്തില്ല.’’

അഭിമാനക്ഷതമേറ്റ കേയെൻ ഒന്നു സടകുടഞ്ഞു.

‘‘പുതിയ ട്രൻഡറിയാത്ത ഈയുള്ളവന്റെടുത്തേക്കു പിന്നെ നിങ്ങളു വന്നതെന്നാത്തിനാണാവോ.?’’

‘‘ഇത്രേം കാലത്തെ ഗ്യാപ്പിനുശേഷം ചേട്ടനൊരു നാടകമെഴുതുമ്പം അതു മോശമാകാൻ വഴിയില്ല എന്ന ഒരൊറ്റ വിശ്വാസംകൊണ്ട്.’’

ഒരു ചെറു പുഞ്ചിരിയോടെ തലകുലുക്കി കേയെൻ പറഞ്ഞു.

‘‘അതുകലക്കി. ചേട്ടനതങ്ങു വെല്ലാതെ സുഖിച്ചു കെട്ടോ. പൊന്നുമോളേ രോഹിണീ,

കേയെഞ്ചേട്ടനാവുമ്പം ഫീൽഡീന്ന് ഔട്ടായിട്ട്‌ നിൽക്കുവാണല്ലൊ. അപ്പം നക്കാപ്പിച്ചാക്കാശു വെല്ലതും തന്നേച്ചൊരു നാടകമങ്ങെഴുതി മേടിക്കാമെന്നു വിചാരിച്ചതേയില്ല, അല്ലേ..?’’

അവളതിനു മറുപടിയൊന്നും കൊടുക്കാതിരുന്നപ്പോൾ കേയെനെ അതൊന്നു ചൊടിപ്പിച്ച മട്ടിലായിരുന്നു പിന്നെയുള്ള സംസാരം.

‘‘നിങ്ങളു വന്നപ്പം ഇവിടെ പലരും ചെയ്യുന്നപോലെ പഴയ നാടകങ്ങളെടുത്തു വെച്ച് പുതിയൊരു പേരുമിട്ട് പഞ്ചായത്തോഫീസറെ വില്ലേജാപ്പീസറാക്കിയും പള്ളിക്കൂടംവാധ്യാരെ കോളേജു പ്രഫസറാക്കിയുമൊക്കെ എനിക്കും ചെയ്യാനറിയാമ്മേലാഞ്ഞിട്ടല്ല. പക്ഷേ ഞാനാ ചതിചെയ്യത്തില്ല.’’

രോഹിണി ചോദിച്ചു.

‘‘അപ്പോ എഴുതാമെന്നേറ്റ് അഡ്വാൻസും വാങ്ങി എഴുതിക്കൊടുക്കാതിരിക്കുന്നതു ചതിയല്ല.. !"

‘‘അതു ചതിയല്ല.’’

‘‘പിന്നെ വഞ്ചന.... ?’’

കൈകൂപ്പിക്കൊണ്ട് കേയെൻ പറഞ്ഞു.

‘‘ആതിഥ്യമര്യാദക്കും നിന്റെ ഉപദേശങ്ങൾക്കും നന്ദി. വിസ്താരം തീർന്നെങ്കിൽ ചേട്ടനു കൂട്ടിൽ നിന്നുമിറങ്ങാമായിരുന്നു.’’

‘‘ഇതാണ് കൊഴപ്പം. കാര്യം ചോദിക്കാനും പറയാനും പാടില്ല.’’

അസഹനീയത പ്രകടിപ്പിക്കും മട്ടിൽ കേയെൻ ഷമ്മുവിനോട് പറഞ്ഞു.

‘‘ഷമ്മൂ ചേട്ടനൊരു ടാക്സി വിളിച്ചു തന്നേടാ.’’

‘‘ഇവട ടാക്സി കിട്ടൂല്ല. ഓട്ടോയെണ്ടാകും.’’

‘‘ഓട്ടോയെങ്കി ഓട്ടോ... വിളിക്ക്.’’

അവൻ ഫോണെടുത്തു ഡയൽ ചെയ്യുന്നതിനിടയിൽ ചോദിച്ചു.

‘‘പോസ്റ്റോഫീസു പടിയ്ക്കാണാ അതോ ആലുവയ്ക്കാണാ..?’’

ഒന്നാലോചിച്ചിട്ട് കേയെൻ പറഞ്ഞു.

‘‘റെയിൽവേ സ്റ്റേഷനി വിട്ടാ മതി.’’

ഷമ്മു ഓട്ടോക്കാരനോട് സംസാരിക്കുന്ന സമയത്ത് കേയെൻ ഒരു ബീഡിയെടുത്താഞ്ഞു വലിച്ചിട്ട് എന്തോ ഒന്നു തീരുമാനിച്ചുറച്ചിട്ടെന്നപോലെ പറഞ്ഞു.

‘‘എടി മോളേ, നീ നോക്കിക്കോ. മലയാള നാടക വേദിയിൽ തലയുയർത്തിനിൽക്കാനൊരുഗ്രൻ നാടകവുമായി ഒരു വരവുകൂടി ഈ കേയെഞ്ചേട്ടൻ വരും. നിങ്ങൾക്കായെഴുതുന്ന ആ നാടകമായിരിക്കും ഇപ്പോ നീ ഈ പറഞ്ഞതിനൊക്കെയുള്ള മറുപടി.’’

രോഹിണി ചെറുചിരിയോടെ പറഞ്ഞു.

‘‘അങ്ങിനെയൊന്നു സംഭവിക്കട്ടെ. അതിനായി ഞങ്ങളാത്മാർഥമായിട്ടു പ്രാർഥിക്കാം ചേട്ടാ.’’

കേയെൻ എഴുന്നേറ്റുകൊണ്ടു ചോദിച്ചു.

‘‘ഷമ്മൂ, വണ്ടി വരാറായില്ലേടാ..?’’

‘‘വണ്ടി ഓടി വരട്ടേന്ന്. ചേട്ടനിങ്ങന ധൃതി പിടിച്ചാലെങ്ങനേണ്...’’

അവൻ അത്ര രസമല്ലാത്ത മട്ടിലാണ് മറുപടി കൊടുത്തത്. കേയെൻ ചവിട്ടുപടിയിൽ ഇറങ്ങിനിന്നുകൊണ്ട് നേരത്തേ പറഞ്ഞതിനു തുടർച്ചയെന്നോണം രോഹിണിയോടായി പറഞ്ഞു.

‘‘ഇനി അതിനു കഴിഞ്ഞില്ലെങ്കി

നിന്റെ കാശു ഞാനങ്ങു തരും അധികം താമസിക്കാതെ. അഥവാ കാശും തരാൻ പറ്റാതെ വന്നാ കുടയംപടീല് എന്റെ പേരിലൊരു രണ്ടു സെന്റു സ്ഥലം കെടപ്പുണ്ട്. ഇനീ അതേയൊള്ള് സ്വന്തമെന്നു പറയാൻ. അതു നിന്റെ പേരിലങ്ങെഴുതിത്തരും. ബാക്കി വെല്ലതുമുണ്ടേ ചേട്ടനിങ്ങു തന്നാ മതി. ഞാൻ കണക്കൊന്നും പറയത്തില്ല. ഈ കേയെഞ്ചേട്ടൻ ആയ കാലത്ത് കാശിമ്മിണി കണ്ടു കളഞ്ഞിട്ടൊള്ളവനാ..."

അവളൊന്നു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

ഓട്ടോ വന്നുനിന്നു. പടിക്കലേക്കു നടന്നപ്പോൾ ഷമ്മുവും രോഹിണിയും കൂടെ അനുഗമിച്ചു.

ഓട്ടോറിക്ഷയ്ക്കരുകിലെത്തിയപ്പോൾ കേയെനൊന്നു നിന്നു. എന്നിട്ട് ചോദിച്ചു.

‘‘ഇക്കണ്ട കാലത്തിനിടയിൽ കുറേയധികം നാടകോം ബാലേയും പിന്നെ അഞ്ചാറു സിനിമക്ക് സംഭാഷണോമൊക്കെയെഴുതി പേരും പ്രശസ്തീമവാർഡുമൊക്കെ നേടീട്ടും കേയെഞ്ചേട്ടനെന്നാടീ നന്നാകാത്തേ...?’’

‘‘അതിന്റെ ഉത്തരം ചേട്ടൻതന്നെ പറയുന്നതല്ലേ നല്ലത്.’’

ഉച്ചത്തിലൊരു ചിരി ചിരിച്ച് സീറ്റിലേക്കിരുന്നുകൊണ്ടു പറഞ്ഞു.

‘‘കയ്യീലിരുപ്പ് അല്ലാതെന്നാ...’’

അവൾ പറഞ്ഞു.

‘‘അപ്പോ കാര്യങ്ങള് ചേട്ടനറിയാം. ഞങ്ങള് നാടകത്തില് അഭിനയിക്കുമ്പം ചേട്ടൻ ജീവിതത്തിലാണെന്നു മാത്രം.’’

‘‘നീ പറയാനൊക്കെ പഠിച്ചു കെട്ടോ... മിടുക്കി.’’

അവൾ ആയിക്കോട്ടെ എന്നർഥത്തിൽ തലയാട്ടി.

‘‘മോനേ ഷമ്മൂ, നിന്റെ പിടുത്തത്തി ചേട്ടന്റെ നെഞ്ചാംകൊട്ടയ്ക്കിച്ചിരെ വേദനയെടുത്താരുന്നു കെട്ടോ. എന്നാ പിടുത്തമാരുന്നെടാ. ഒന്നുമില്ലേലും കേയെഞ്ചേട്ടന്റെ പ്രായമെങ്കിലുമോർക്കേണ്ടായിരുന്നില്ലേ?’’

അവനതിനൊന്നും മറുപടി പറഞ്ഞില്ല.

നടക്കുന്നതിനിടയിലെ നിശ്ശബ്ദതയിൽ കേയെൻ സാധാരണപോലെയെന്നോണം വീണ്ടും പറഞ്ഞു.

‘‘അതൊക്കെ പോട്ടെ. ചേട്ടനു വണ്ടിക്കൂലിക്കൊന്നും തന്നില്ലല്ലോടാ..?’’

‘‘വണ്ടിക്കൂലിയൊന്നുമില്ലാണ്ടാണാ ഒരു യാത്രക്കിറങ്ങീത്.’’

അത്രയും സമയം ഒന്നും മിണ്ടാതിരുന്ന ഷമ്മുവിന്റെ വായിൽനിന്നും വീണ വാക്കുകൾ കേട്ട് അത്ഭുതത്തോടെ കേയെൻ ഒരു താളത്തിൽ പറഞ്ഞു.

‘‘തകർത്തു. കലക്കി. തിമിർത്തു.

ഇനി നിങ്ങളു രക്ഷപ്പെടും. ഒറപ്പ്.’’

രോഹിണി ഷമ്മുവിനെ വിളിച്ചു മാറ്റിനിർത്തിയിട്ടു പറഞ്ഞു.

‘‘എന്നതെങ്കിലുമിച്ചിരെ കൊടുത്തേക്ക്..!’’

ഒട്ടും മനസ്സലിവില്ലാതെ പല്ലുകടിച്ച് അടക്കിപ്പിടിച്ച ശബ്ദത്തിൽ ഷമ്മു പറഞ്ഞു.

‘‘അങ്ങനവിട്ടാ ശരിയാകൂല്ല. കൈയിലു കാശില്ലെങ്കി നടന്നുപോട്ടേന്നേ. കൊടുക്കാണ്ടിരുന്നാ മേലിലിങ്ങനത്ത പണി ആരുടടുത്തും എടുക്കൂല്ല.’’

ഓട്ടോക്കാരൻ ഹോണടിച്ചു ധൃതി കാണിച്ചപ്പോൾ ഷമ്മു പറഞ്ഞു.

‘‘ദേ വരേണ് രതീഷേ...’’

ഷമ്മുവും രോഹിണിയും ഓട്ടോയുടെ അടുത്തെത്തി. മാസങ്ങൾക്കുമുമ്പ് കവണാറ്റിൻകര ഷാപ്പിൽ വെച്ച് അഡ്വാൻസു കൊടുത്ത സമയത്ത് താൻ സന്തോഷത്തോടെ പറഞ്ഞ ആ വാക്കുകളെത്തന്നെ ചെറിയ മാറ്റം വരുത്തി ഷമ്മു പറഞ്ഞു.

‘‘അപ്പോ ശരി ചേട്ടാ. സ്ക്രിപ്റ്റോ ഞങ്ങട ക്യാഷോ ഏതാണാദ്യം റെഡിയാകണതെന്നു വെച്ചാ ആ സമേത്ത് വിളിച്ചോ. അടുത്ത വണ്ടിക്ക് ഞാനങ്ങാട് വരാട്ടാ...’’

തല പുറത്തേക്കിട്ട്, ഒരു ചിരി ചിരിച്ചിട്ട് കേയെൻ പറഞ്ഞു.

‘‘ഷമ്മൂ, ഓട്ടോക്കാശെങ്കിലും...’’

കേയെന്റെ ജീവിതത്തിലാദ്യമായി ഇത്രയും ഗതികെട്ട ഒരു ചോദ്യം ചോദിക്കേണ്ടി വന്നല്ലൊയെന്നോർത്ത് രോഹിണി ഓട്ടോക്കാരനോടു പറഞ്ഞു.

‘‘രതീഷേ, ആലുവായിലെത്തുമ്പം എന്നെയൊന്നു വിളിച്ചേക്കണേ.’’

‘‘ശരി ചേച്ചി’’ എന്നു പറഞ്ഞ് അവൻ വണ്ടിയെടുത്തു. പിറകുവശത്ത് ‘ഈ പാവം പൊയ്ക്കോട്ടെ’ എന്നെഴുതിയ ആ ഓട്ടോയിൽനിന്നും ഷമ്മുവിനും രോഹിണിക്കും നേരേ തന്റെ മുഖമൊട്ടും കാണിക്കാതെ കേയെൻ വെറുതെ ഒന്നു കൈവീശി.

ഷമ്മുവും രോഹിണിയും ഒന്നും മിണ്ടാതെ വീട്ടിലേക്കു നടന്നു. പെട്ടെന്ന് ഷമ്മുവിന്റെ ഫോണടിച്ചു. ‘കേയെൻ’ എന്നു പേരു തെളിഞ്ഞു. അവൻ അവളെ ആ പേരു കാണിച്ചതല്ലാതെ കോൾ അറ്റന്റ് ചെയ്തില്ല.

‘‘ഫോണെടുക്ക് ഷമ്മൂ.’’

ബെല്ലടിച്ചു നിന്നപ്പോഴേക്കും അവർ വരാന്തയിലേക്കു കയറി. വീണ്ടും ഫോൺ റിങ് ചെയ്തു. രോഹിണി പെട്ടെന്ന് അവന്റെ കയ്യിൽനിന്നും ഫോൺ പിടിച്ചു വാങ്ങി.

‘‘എന്നാ ചേട്ടാ?’’

മറുതലക്കൽ ഓട്ടോയുടെ ശബ്ദത്തോടൊപ്പം കേയെന്റെ ചിരി മുഴങ്ങി. അവൾ നല്ല ദേഷ്യത്തിൽ പറഞ്ഞു.

‘‘ചേട്ടാ, ചുമ്മാ ചിരിച്ചു നേരം കളയാതെ കാര്യം പറ.’’

ചിരിയൊന്നടക്കി കേയെൻ പറഞ്ഞു.

‘‘എന്റെ ഒത്തിരി നാടകങ്ങളിൽ ഞാനെഴുതിയ കഥാപാത്രങ്ങളെ ഞാൻ വിചാരിക്കാത്തത്ര ഉയരങ്ങളിലേക്കെത്തിച്ച എന്റെ പ്രിയപ്പെട്ട നടി രോഹിണീ, നിന്റെ ഈ കേയെ​േഞ്ചട്ടൻ ഇത്രയും കൊല്ലം നാടകമെഴുതാതിരുന്നിട്ട് ഇങ്ങനൊരവസരം വരുമ്പോ എഴുതിയ നാടകം കത്തിച്ചുകളയുമെന്ന് നിനക്കു തോന്നുന്നുണ്ടോ..? അതും അക്ഷരങ്ങളുടെ ബലംകൊണ്ടുമാത്രം ജീവിക്കുന്ന എന്നെപ്പോലൊരാള്.’’

ഒന്നും മനസ്സിലാകാതെ അവൾ നിശ്ശബ്ദയായി.

‘‘രോഹിണീ, നീ കേൾക്കുന്നുണ്ടോ..?’’

കേയെന്റെ ശബ്ദം അവളെയുണർത്തി. ഉത്തരമെന്നോണം രോഹിണിയൊന്നു മൂളി.

 

‘‘മോളേ, എനിക്കായ് നീയൊരുക്കിയ ആ മുറിയിലെ മേശപ്പുറത്ത് നിങ്ങളുടെ നാടകത്തിന്റെ സ്ക്രിപ്റ്റിരുപ്പുണ്ട്. ക്ലൈമാക്സ് ഒഴികെ എല്ലാ സീനുകളും അന്ന് സുജാതന്റവിടെവച്ച് സതീഷ് വായിച്ചതാണ്. അദ്ദേഹം പൂർണ തൃപ്തനാണ്. ഞങ്ങളെല്ലാവരും ചേർന്നൊരുക്കിയ ഒരു നാടകമായി നീ ഈ സംഭവത്തെ കണ്ടാൽ മതി. തൽക്കാലം നീ ക്ലൈമാക്സ് മാത്രം വായിച്ചാൽ മതി. കാരണം അതുവരെയുള്ള സീനുകൾ നീയും ഷമ്മുവും ഇന്നു വെളുപ്പിനെ വരെ അനുഭവിച്ചഭിനയിച്ചതാണ്. ക്ലൈമാക്സ് ഇന്നു നിങ്ങളുടെ വീട്ടിൽ വെച്ചാണെഴുതി തീർത്തത്. അതുകൊണ്ടാണ് ക്ലൈമാക്സ് മാത്രം വായിച്ചാൽ മതിയെന്നു പറഞ്ഞത്.’’

വാക്കുകൾ തൊണ്ടയിൽ കുരുങ്ങി മിണ്ടാനാവാതെ നിൽക്കുന്ന രോഹിണിയോട് ഷമ്മു ചോദിച്ചു.

‘‘എന്താടീ പ്രശ്നം. ഞാൻ ചെന്നു നല്ല രണ്ടെണ്ണം കൊടുക്കട്ടെ അയാക്കിട്ട്.’’

അവൾ പെ​െട്ടന്നവന്റെ വായ് പൊത്തി. അതു കേട്ടിട്ടെന്നവണ്ണം കേയെൻ പറഞ്ഞു.

‘‘രോഹിണീ, നീ ടെൻഷനാവേണ്ട. ഈ നാടകത്തിൽ ഷമ്മുവെന്ന കഥാപാത്രം അങ്ങനെയേ പറയൂ. അവനെക്കൊണ്ട് ഞാനെന്ന എഴുത്തുകാരനങ്ങനെ പറയിപ്പിക്കുന്നതാണ്. അതിൽ നിന്റെ കഥാപാത്രത്തിന്റെ കണ്ണു നിറയും. അതു സ്വാഭാവികം. ഒട്ടും പ്രതീക്ഷിക്കാതെയുണ്ടായ ഷമ്മുവിന്റെ ആ പിടുത്തമൊഴിച്ച് ഇപ്പോ ഈ നിമിഷം ഞാൻ നിങ്ങളെ വിളിക്കുന്നതുവരെ എല്ലാം തന്നെ ആ ക്ലൈമാക്സിലുണ്ട്. അതു വായിക്കുമ്പോ നിങ്ങക്കീ കേയെഞ്ചേട്ടന്റെ എഴുത്തിന്റെ പ്രവചനാത്മക സ്വഭാവം വെളിപ്പെടും.

കള്ളുഷാപ്പും, ബാറും, റിഹേഴ്സൽ ക്യാമ്പുമടക്കം കർട്ടനുകൾ കുറച്ചു കൂടുതൽ വരുന്നുണ്ടെങ്കിലും നാടകം നന്നായിട്ടുണ്ടെന്നാണ് സംവിധായകന്റെ അഭിപ്രായം. ഇപ്പോഴത്തെ നാടകമെല്ലാം സിനിമപോലെ നിമിഷങ്ങൾക്കകം സീൻ ചെയ്ഞ്ചാവുന്ന രീതിയായില്ലേടീ. അപ്പോ നമ്മുടെ നാടകോം സിനിമാറ്റിക്കാവണ്ടേ..? വേണമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ സാക്ഷാൽ ആർട്ടിസ്റ്റ് സുജാതനെതന്നെ എറക്കി കളിക്കാന്നേ. ജനത്തിനു വേണ്ടതു പുതുമയല്ലേ..? അതു നമുക്കു കൊടുക്കാന്നേ. ഏതായാലും നിങ്ങൾ രണ്ടാളുംകൂടി നാടകം വായിച്ചിട്ട് സാവധാനം വിളിച്ചാ മതി കേയഞ്ചേട്ടനെ.’’

‘‘ചേട്ടാ... എന്നോടു ക്ഷമിക്കണേ. അപ്പോഴത്തെ ആ വെഷമത്തീ അറിയാതെ വായീന്നു വീണുപോയതാ...’’

പൂർത്തിയാക്കാനാവാതെ അവളൊന്നു തേങ്ങിപ്പോയി.

‘‘അതൊക്കെ മറന്നുകളയെടീ. എങ്ങനെയൊണ്ട് ചേട്ടന്റെ അഭിനയം? അതു പറയ്.’’

മറുപടിയില്ലാതെ വന്നപ്പോ റേഞ്ചുപോയതിനാൽ കട്ടാക്കിയതാണോ അതോ തനിയെ കട്ടായതാണോ എന്നറിയാതെ അവൾ കണ്ണു തുടച്ചുകൊണ്ട് കേയെൻ കിടന്ന മുറിയിലേക്കോടി. പിറകെ ഷമ്മുവും. മേശപ്പുറത്തു വെച്ചിരിക്കുന്ന സ്ക്രിപ്റ്റിന്റെ ആദ്യ പേജിന്റെ താഴെയായി വരച്ചുവെച്ചിരിക്കുന്ന ഒരു മൊബൈൽ ഫോണിന്റെ ചിത്രത്തിലെ കീപാഡിന്റെ കള്ളികളിലോരോന്നിലായി നല്ല കറുത്ത മഷിയിൽ എഴുതിയിരിക്കുന്ന വടിവൊത്ത ആ അക്ഷരങ്ങൾ വായിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഷമ്മുവും അതു വായിച്ചു.

‘എത്രയോ നല്ല ശത്രു.’

(അവസാനിച്ചു)

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-05 05:15 GMT
access_time 2026-01-05 04:30 GMT
access_time 2026-01-05 03:30 GMT
access_time 2026-01-05 02:00 GMT
access_time 2026-01-05 01:15 GMT
access_time 2025-12-29 05:30 GMT
access_time 2025-12-29 04:30 GMT
access_time 2025-12-22 06:00 GMT
access_time 2025-12-22 05:30 GMT