കള്ളിനും കറിക്കും ഏറെ പേരുകേട്ട കവണാറ്റിൻകര ഷാപ്പിലെ അഞ്ചാം നമ്പർ മുറിയിൽ ഷമ്മു ഒരു കാഴ്ചക്കാരനെന്നോണം ഇരിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒന്നൊന്നര മണിക്കൂറായി. കൂടെയുള്ള രണ്ടുപേരിൽ ഒരാൾ പഴയകാല നാടകകൃത്ത് കേയെന്നും മറ്റൊരാൾ ലൈറ്റ് വർക്കർ മണിയുമാണ്. വന്നിരുന്ന ഉടനെ രണ്ടുപേരും ഓരോ കുപ്പി കള്ളു തീർത്തതും കേയെൻ ഒരു വെള്ളക്കടലാസെടുത്ത് അതിലേറ്റവും മുകളിലായി അതിമനോഹരമായ കൈപ്പടയിൽ ‘ഓം’ എന്നെഴുതിവെച്ചു. റിട്ടയേർഡ് പട്ടാളക്കാരെ ഓർമിപ്പിക്കും മട്ടിൽ രണ്ടുപേരും കൂടി പൊടിപ്പും തൊങ്ങലും വെച്ചുള്ള ഗതകാല നാടകവീരചരിതങ്ങൾ പാടിത്തകർത്തപ്പോൾ കുറച്ചു സമയമൊക്കെ ഷമ്മു രസിച്ചിരുന്നു. പോകപ്പോകെ ആവർത്തനവിരസതയനുഭവപ്പെട്ടു തുടങ്ങിയ സമയത്ത് അതിൽനിന്നും രക്ഷനേടാനായി ഒരു കപ്പയും മീനും മേടിച്ച് ശ്രദ്ധയൊന്നു തിരിക്കാൻ ശ്രമിച്ചു.
ഇടക്കൊന്നു കണ്ണു പാളിയപ്പോൾ ഷമ്മു കണ്ടത് ‘ഓം’ എന്നെഴുതിയതുപോലും കാണാനാവാത്തവിധം കടലാസു നിറയെ മീൻമുള്ളുകളും വേസ്റ്റുംകൊണ്ടു നിറഞ്ഞിരിക്കുന്നതാണ്. രണ്ടാളുംകൂടി ആറു കുപ്പി കള്ളും രണ്ടു കപ്പയും നാലു കരിമീൻ കറിയും തീർത്ത് കറിക്കാരനൊരു കൈപ്പുണ്യ സർട്ടിഫിക്കറ്റുകൊടുത്തതല്ലാതെ എഴുതാമെന്നേറ്റ നാടകത്തിന്റെ സബ്ജക്ട് എന്താണെന്ന സൂചനപോലും തരാതെ വന്നപ്പോൾ ഷമ്മു എഴുന്നേറ്റ് കൈകഴുകാനെന്നോണം പുറത്തേക്കിറങ്ങി. ആറ്റിറമ്പിലെ കൈതക്കാടിനോടു ചേർന്നു നിന്ന് മൂത്രമൊഴിക്കുമ്പോൾ വെള്ളത്തിലേക്കൊന്നു കാർക്കിച്ചു തുപ്പിയതും വരാലോ കൂരിയോ എന്തോ എന്ന് വെട്ടിമറിഞ്ഞു. അൽപം ദൂരെയായി എതിർദിശയിലേക്കു നോക്കി കൊതുമ്പുവള്ളത്തിലിരുന്ന് ചൂണ്ടയിട്ടുകൊണ്ടിരുന്ന ചെറുപ്പക്കാരൻ പെട്ടെന്നു തിരിഞ്ഞു നോക്കുമെന്ന് ഷമ്മു ഒട്ടും പ്രതീക്ഷിച്ചില്ല. ഒരത്ഭുത കാഴ്ചയെന്നോണം അവൻ മൂക്കത്തു വിരൽ വെച്ച് ഒന്നാക്കിച്ചിരിച്ചപ്പോൾ എന്തുകൊണ്ടോ ആ സമയം ഷമ്മു രോഹിണിയെ ഓർത്തു. പതിയെ മൊബൈലെടുത്ത് രോഹിണിയെ വിളിച്ച് ഇതുവരെ നടന്നതെല്ലാം വള്ളിപുള്ളി വിടാതെ വിശദീകരിച്ചു. സശ്രദ്ധം കേട്ട അവൾ പറഞ്ഞു.
‘‘ദുശ്ശീലങ്ങളൊന്നുമില്ലാത്ത പാവമെന്റെ ഷമ്മു ഷാപ്പിലിരുന്ന് എത്രകണ്ട് ബുദ്ധിമുട്ടിക്കാണുമെന്നെനിക്കറിയാം. പണ്ടൊരിക്കൽ, ഇപ്പോ ഷമ്മു ഇരുന്നപോലെ എല്ലാം കണ്ടുംകേട്ടും സഹിച്ചിരുന്ന ഒരു സെറ്റുകെട്ടുകാരൻ ഇങ്ങേരെക്കൊണ്ടെഴുതിപ്പിച്ച ഒരൊറ്റ നാടകംകൊണ്ടാ കേരളമറിയുന്ന ട്രൂപ്പിന്റെ മൊതലാളിയായി മാറിയത്. അതുപോലെ നമ്മളും മാറും. വരും കാലത്ത് മലയാള നാടകവേദിയിൽ ദമ്പതികളായ പ്രൊഡ്യൂസേഴ്സ് എന്ന പേരിലായിരിക്കും നമ്മളറിയപ്പെടാൻ പോകുന്നത്.’’ ഇത്തിരിയില്ലാത്ത സ്റ്റേജിൽ തന്നെ ഏൽപിച്ച കഥാപാത്രത്തെ മുഴുവനായുമുൾക്കൊണ്ട് ആരും കൊതിക്കുന്ന മധുരശബ്ദത്തിൽ അസൂയാവഹമായ മോഡുലേഷനോടെയുള്ള സംഭാഷണമികവിൽ കാണികളെ ചിരിപ്പിച്ചും കരയിച്ചും ഏറെയനുഭവമുള്ള രോഹിണി താൻ പറഞ്ഞതൊക്കെ ഷമ്മുവിന് മനസ്സിൽ കാണാനൊരൽപ സമയം ഇടവേള കൊടുത്തു.
‘‘കാര്യം വൃത്തികെട്ടവനാണെങ്കിലും മണിയണ്ണൻ എന്റമ്മയുടെ ഭർത്താവായതുകൊണ്ടു മാത്രമാ കേയെഞ്ചേട്ടനെപ്പോലൊരാളെക്കൊണ്ട് ചുരുങ്ങിയ ചെലവില് ഒരു നാടകമെഴുതിക്കാനൊരു വഴി തെളിഞ്ഞത്. നമ്മുടെ നല്ല ഭാവിക്കുവേണ്ടിയാണെന്നു കരുതി എല്ലാമങ്ങ് ക്ഷമിക്കെന്റെ ഷമ്മൂ.’’
പ്രായംകൊണ്ടും അനുഭവംകൊണ്ടും രോഹിണിയേക്കാൾ ഇളയവനായ ഷമ്മു ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
‘‘നിനക്കുവേണ്ടി ഞാനെന്തപമാനോം സഹിക്കും.’’
‘‘ഹെന്റെ ഷമ്മൂ...’’
സിനിമാനടി ഷീല തന്നെ തൊട്ടുതലോടി നിൽക്കുന്നതായി ഷമ്മുവിനു തോന്നി.
മൊബൈലു കട്ടുചെയ്ത് അകത്തേക്കു കയറിവന്ന ഷമ്മൂന്റെ മുഖഭാവം കണ്ടിട്ടാണോ എന്നറിയില്ല കേയെൻ ജുബ്ബയുടെ പോക്കറ്റിൽനിന്നു വീണ്ടുമൊരു കടലാസും പേനയുമെടുത്ത് മേശപ്പുറത്ത് വെച്ചു. ഷമ്മു വന്നിരുന്നതൊന്നും ശ്രദ്ധിക്കാതെ, കപ്പകൊണ്ട് കറിപ്പാത്രം വടിച്ചുവൃത്തിയാക്കുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന മണി കറിക്കാരനെ വിളിച്ച് ഒരു കപ്പയും മീൻകറിയുംകൂടി ഓർഡർചെയ്തു. ഇത്തിരി ആയാസപ്പെട്ടെഴുന്നേറ്റ കേയെൻ, രണ്ടു പേരോടും അൽപനേരം മിഴിയടച്ച് മൗനമായി നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ കാര്യമൊന്നും ചോദിക്കാതെ തന്നെ ഷമ്മുവും മണിയും അനുസരണയോടെ എഴുന്നേറ്റു. കൈകൾ കൂപ്പി ധ്യാനനിരതനായി നിന്ന കേയെൻ അൽപസമയത്തിനു ശേഷം കണ്ണുകൾ തുറന്നു. പേനയെടുത്ത് കടലാസിന്മേൽ എന്തോ എഴുതിയതിനുശേഷം പലകപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങളെ ചൂണ്ടിക്കാണിച്ച് പറഞ്ഞു.
‘‘ഷമ്മൂ, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ ദിക്കു നോക്കണം. ഇതാണ് കിഴക്ക്. അതുകൊണ്ട് നീയിങ്ങോട്ടു വന്ന് ഐശ്വര്യമായിട്ട് ആ കൈകളിങ്ങു നീട്ടിക്കേ.’’
ഷമ്മു ഡസ്കിനെ അർധവലം ചുറ്റി കേയെന്റെ മുന്നിൽ വന്നു നിന്നു. ഷമ്മുവിന് നേരേ കടലാസു നീട്ടിയെങ്കിലും അതു കൊടുക്കാതെ കൈയിൽതന്നെ പിടിച്ചുകൊണ്ട് ഒരു പ്രസംഗകന്റെ തലയെടുപ്പോടെ കേയെൻ പറഞ്ഞു.
‘‘ഷമ്മൂ, ശാസ്ത്ര പുരോഗതിയുടെ ഫലമായി ഈ മഹാപ്രപഞ്ചംതന്നെ മനുഷ്യന്റെ കാൽക്കീഴിലായിരിക്കുകയാണെന്ന് എല്ലാവരേയുംപോലെ നിനക്കുമറിയാമല്ലൊ?’’
പഠിക്കുന്ന കാലത്ത് ഒരിക്കൽപോലും ഒരു ചോദ്യത്തിനും ഉത്തരം പറയാതെ സ്ഥിരമായി അടിവാങ്ങാൻ കൈയും നീട്ടി നിൽക്കുന്ന പിൻബെഞ്ചുകാരനായിരുന്ന ഷമ്മു അക്കാലത്തെ ഓർമിപ്പിക്കും മട്ടിൽ കടലാസ് വാങ്ങാനായ് നീട്ടിയ കൈ പിൻവലിക്കാനാവാതെ കേയെനെ നോക്കി ചെറുതായൊന്നു തലയാട്ടി.
‘‘ലോകം മുഴുവൻ ഞൊടിയിടയിൽ നമ്മുടെ വിരൽത്തുമ്പിലെത്തുന്ന ഈ നൂറ്റാണ്ടിലെ പ്രധാന സൃഷ്ടിയായ മൊബൈൽ ഫോൺ ഒരു കുടുംബത്തെ അടിമുടി തകർത്തുകളയുന്നതെങ്ങിനെ, അതാണ് നമ്മുടെ നാടകത്തിന്റെ ഇതിവൃത്തം. അടുത്തകളിക്ക് ധൈര്യമായിട്ട് നീ നാടകത്തിന്റെ പേരനൗൺസ് ചെയ്തോ.’’
കടലാസ് വാങ്ങിയ സമയത്ത്, വശംതിരിച്ചു പിടിച്ച പേപ്പറിന്റെ മുകളിലായി എഴുതിയിരിക്കുന്ന ഓം കണ്ടൊന്നു ഞെട്ടിയെങ്കിലും മടക്കു വീണ കടലാസ് തലതിരിച്ചപ്പോൾ ഏറ്റവും താഴെ വലതു വശം ചേർന്ന് കറുത്ത മഷിയിൽ നല്ല വടിവൊത്ത അക്ഷരത്തിലെഴുതിയിരിക്കുന്നത് അയാൾ കൺകുളിർക്കെ വായിച്ചു.
‘‘രചന –കെ.എൻ. കാർത്തികേയൻ
സംവിധാനം –സതീഷ് സംഗമിത്ര.
നിർമാണം –മുനമ്പം ഷാ & കങ്ങഴ രോഹിണി.’’
ചൂടോടെ കൊണ്ടുവെച്ച കൊടംപുളിയിട്ട വരാലുകറിയിൽ കപ്പമുക്കി കഴിച്ച് എരിവറിയാക്കാനൊരൊച്ചയുണ്ടാക്കി കേയെൻ പറഞ്ഞു.
‘‘ഞാൻ പറഞ്ഞില്ലേ,
ഇവിടുത്തെ കള്ളും കപ്പേം കരിമീങ്കറീം വയറ്റിച്ചെന്നാ നാടകത്തിന്റെ പേര് താനേ വെളിപ്പെട്ടു വരുമെന്ന്. എന്റെ ഒത്തിരി ഹിറ്റ്നാടകങ്ങളുടെ പേരിടൽ ചടങ്ങിന് ഈ ഷാപ്പൊരു ചരിത്രസാക്ഷിയായിട്ടുണ്ട്.’’
അരുമയോടെ മണിയുടെ പുറത്തൊന്നു തലോടിയിട്ട് തുടർന്നു.
‘‘പച്ചലൈറ്റ് കത്തിക്കാൻ പറഞ്ഞാൽ ചൊമല കത്തിച്ച് കാണിച്ച് നീലനിറത്തിൽ ചിരിക്കുന്ന ഈ കാർമുകിൽവർണൻ മഹാനായ പ്രകാശനിയന്ത്രകൻ മണി പാണാവള്ളി എന്നെ ഇങ്ങോട്ടാനയിച്ചതിന്റെ കാര്യമിപ്പോ ഷമ്മൂന് മനസ്സിലായോ..?’’ ഷമ്മു ചിരിച്ചുകൊണ്ട് തലയാട്ടി. ഒരു നാടകനടന്റെ ശബ്ദഭാവാദികളോടെ എന്തും തമാശരൂപേണ പറയുന്നയാളാണ് കേയെഞ്ചേട്ടനെന്ന് നന്നായറിയാമെങ്കിലും, സ്വന്തം മുഖത്തറിയാതെ നിഴലിച്ച പരിഭവമറിയാതിരിക്കാൻ മണി തന്റെ ഗ്ലാസിലെ ബാക്കിയിരുന്നത് ഒറ്റവലിക്കകത്താക്കുകയും ഷമ്മുവിനെ നോക്കി ഉത്തരമെന്നോണം തലയൊന്നു കുലുക്കുകയുംചെയ്തു. ഗ്ലാസുവെച്ച് മുഖത്തിനു ചേരാത്ത മീശയിൽ പറ്റിയ കള്ളുതുടച്ച്, ഇന്നു വെളുപ്പിനുവരെ അച്ഛനമ്മമാരോടും കൂട്ടുകാരോടുമൊപ്പം കൈപ്പുഴ തോട്ടിൽ നീന്തിത്തുടിച്ചുല്ലസിച്ച ഒരു പാവം വരാലിനെ നുള്ളിയെടുത്ത് വായിലേക്കിട്ടതല്ലാതെ മണി പിന്നെയൊരക്ഷരം മിണ്ടിയില്ല.
ആലുവ സത്കല തീയറ്റേഴ്സിലെ സെറ്റുവർക്കറും രണ്ടു സീനിൽമാത്രം പ്രത്യക്ഷപ്പെടുന്ന ചെറിയൊരു നടനുമായ മുനമ്പം ഷാ എന്ന് നോട്ടീസിൽ പേരു വെക്കുന്ന ഷൺമുഖനെന്ന ഷമ്മു, ട്രൂപ്പ് ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്കു വഴിതെളിച്ച സംഭവമുണ്ടായത് ആലുവ ടാസ് ഹാളിലെ റിഹേഴ്സൽ ക്യാമ്പിൽ വെച്ചാണ്.
ഓണത്തിന് ഉദ്ഘാടനക്കളി കഴിഞ്ഞ് സാധാരണപോലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം ഒരാഴ്ചത്തെ കണ്ണൂർ ക്യാമ്പുകളിക്കു മുന്നോടിയായി ടാസ്ഹാളിൽ വീണ്ടും റിഹേഴ്സലിട്ട സമയത്താണ് സമിതിയുടെ മുതലാളി പുളിയനം തോമസ്സേട്ടൻ അക്കാര്യമെല്ലാവരോടുമായി പറഞ്ഞത്.
‘‘നിങ്ങളെയൊന്നും ബാധിക്കാത്ത എനിക്കുമാത്രം വെഷമമെണ്ടാക്കണ ഒരു കാര്യോണ് ഞാമ്പറയാമ്പോണത്.’’
ഊണു കഴിഞ്ഞുള്ള വിശ്രമസമയത്ത് തോമസ്സേട്ടന്റെ ശബ്ദം എല്ലാവരെയുമൊന്നുണർത്തി.
ഹാളിലുള്ള മരത്തൂണിൽ ചാരിയിരുന്ന്, പല്ലെട കുത്തി ചിക്കൻകറിയിലെ പീസിന്റെ എണ്ണം കുറയുന്നതിനനുസരിച്ച് ഉരുളക്കിഴങ്ങ് കൂടിവരുന്നതും അതിനെതുടർന്നുണ്ടാവുന്ന വായുക്ഷോഭത്തെപ്പറ്റിയും കൂലങ്കഷമായി ചർച്ചചെയ്തുകൊണ്ടിരുന്ന ആരോഗ്യപാലനത്തിൽ പേരുകേട്ട രണ്ടു തെക്കൻ നടന്മാർ പരസ്പരം നോക്കിയപ്പോൾ ഒന്നു മുരടനക്കി തോമസ്സേട്ടൻ തുടർന്നു.
‘‘യൂക്കേലെള്ള ജാൻവിമോള് കഴിഞ്ഞയാഴ്ച ആദ്യത്തെ ശമ്പളോയച്ചിട്ട് വിഡിയോ കോളില് ചോദിച്ച ചോദ്യാണ് എന്നിങ്ങനൊരു കടുത്ത തീരുമാനത്തിലേക്കെത്തിച്ചത്.’’
തോമസ്സേട്ടന്റെ അടുത്ത വാക്കു കേൾക്കാൻ എല്ലാവരും ഒന്നു കൂടി കാതുകൂർപ്പിച്ചു.
‘‘നാടകപ്രാന്തുമൂത്ത് അഭിനയിക്കാൻ വേണ്ടി ട്രൂപ്പൊരെണ്ണം തുടങ്ങിയിട്ടിത്രേം കാലംകൊണ്ട് അപ്പനപ്പൂപ്പന്മാരായിട്ടെണ്ടാക്കിയ സ്ഥലോക്ക വിറ്റുതുലച്ച് കൊറച്ചു പേരുദോഷോം കേപ്പിച്ച് തട്ടീംമുട്ടിയിതുവരെ ജീവിച്ചതല്ലാണ്ട് അപ്പനീ നാടകംകൊണ്ടു വെല്ലതും നേടിയാന്ന് ചോദിച്ചപ്പ എന്റ മിണ്ടാട്ടം മുട്ടിപ്പോയില്ലേ..?
ഞാൻ രാപ്പകലില്ലാണ്ട് കുത്തിയിരുന്നു പഠിച്ചതോണ്ട് ഒന്നാം ക്ലാസ്സില് പാസ്സായി കടലു കടന്നു. പാവം അമ്മച്ചി ഒരു പരിഭവോം പറയാണ്ട് ഒള്ളപറമ്പീ പണിയെടുത്തു നടുവൊടിഞ്ഞും ചിട്ടി നടത്തിയും കുടുംബം മുന്നോട്ടുന്തി നീക്കുമ്പോഴും എല്ലാ കൊല്ലോം നാടകമെറക്കണമെന്ന ഒരു ചിന്തമാത്രമല്ലാണ്ട് ഞങ്ങളു മക്കക്കു വേണ്ടി അപ്പനെന്തെങ്കിലും കരുതിവെച്ചിട്ടെണ്ടാന്നു കൂടി ചോദിച്ചതോടെ ഞാൻ തകർന്നു തരിപ്പണോയിപ്പോയി.’’
ഒന്നു കിതച്ചുകൊണ്ട് തോമസേട്ടൻ പറഞ്ഞു.
‘‘വളച്ചുകെട്ടില്ലാണ്ട് കാര്യമ്പറയാല്ലാ.
അഭിനയിച്ചും അനുഭവിച്ചും ഏതാണ്ട് മതീം കൊതീം തീർന്നിരിക്കേണ്. എല്ലാ തവേണേം അവിടുന്നുമിവിടുന്നും കൊറേച്ച കാശു സംഘടിപ്പിച്ചാണ് പുതിയ നാടകമെറക്കണത്.
പണ്ടത്തപ്പോലെയല്ലല്ലാ ഇപ്പ. നല്ല സെറ്റപ്പിലൊരു നാടകമെറക്കണോങ്കി കാശെത്ര വേണം. എങ്ങേനേക്ക പിശുക്കിയാലും പത്തുപന്ത്രണ്ടു ലക്ഷത്തി കൊറയൂല്ല. ഇതെവടക്കളിച്ചു നേടാനാണ്. ഒരു സീസണീ നൂറു നാടകം തെകച്ചു കളിച്ച കാലം മറന്നു. പഴയതും പുതിയതുമൊക്കെയായി ഒരു നാടകംതന്നെ രണ്ടു കൊല്ലമെക്ക കളിച്ചിട്ടാണ് ഞാനിത്രേം കാലം പിടിച്ചു നിന്നത്. ഞാനാലോചിച്ചപ്പ എന്തിനാണിങ്ങന സർവ സമയോം ടെൻഷെനെടുത്ത് ഉന്തിയുരുട്ടി മുന്നോട്ടുപോയിട്ട്? പണ്ടെക്ക ട്രൂപ്പിന്റ മൊതലാളീന്നു പറയുമ്പ ഒരു നെലയും വെലയുമെക്കയെണ്ടാർന്ന്. ഇപ്പഴാ... നാടകം കളിച്ചു തുടങ്ങിയാപിന്ന എല്ലാർക്കും തട്ടിക്കളിക്കാനൊരു വെറും കോമാളി. സ്നേഹോമില്ല, ബഹുമാനോമില്ല.’’
കേട്ടുകൊണ്ടിരിക്കുന്ന നടീനടന്മാർ ഇടക്ക് തമ്മിൽ തമ്മിലൊന്നു നോക്കിയതല്ലാതെ ഒരക്ഷരംപോലുംമിണ്ടാൻ കൂട്ടാക്കിയില്ല. സ്റ്റേജിൽ കെട്ടിയിട്ടിരിക്കുന്ന ഫ്രണ്ട് കർട്ടന്റെ ജാലറയിലെ മങ്ങി തുടങ്ങിയ സത്കല തീയറ്റേഴ്സ് ആലുവ എന്ന അക്ഷരങ്ങളിലേക്കു ദൃഷ്ടി പതിപ്പിച്ച് ഒരു ദീർഘനിശ്വാസത്തോടെ തോമസ്സേട്ടൻ തുടർന്നു പറഞ്ഞു.
‘‘അതോണ്ട് ഞാനിനിയെള്ള കാലം മക്കളും ഭാര്യേമെക്ക പറയണ മാതിരി ജീവിക്കാന്നങ്ങട് തീരുമാനിച്ചു. അടുത്തകൊല്ലം ട്രൂപ്പ് നടത്താൻ നിങ്ങക്കാർക്കെങ്കിലും താൽപര്യോണ്ടെങ്കി ധൈര്യായിട്ട് ഏറ്റെടുത്തു നടത്തിക്കോ. കാശിന്റ കാര്യോഴിച്ച് മറ്റെല്ലാ സഹായത്തിനും ഈ തോമസ്സേട്ടനെണ്ടാവും. താൽപര്യമുണ്ടെങ്കി നമ്മുട സതീഷിനെക്കൊണ്ടു സംവിധാനം ചെയ്യിപ്പിക്കാനെള്ള ഏർപ്പാടും ചെയ്തുതരാം.’’
സത്കല തീയറ്റേഴ്സ് ഇപ്പോ കളിച്ചുകൊണ്ടിരിക്കുന്ന ‘എസ്തപ്പാന്റെ ഭാര്യ’ എന്ന നാടകത്തിലെ പ്രധാന നടിയും, മറ്റൊരു ട്രൂപ്പിലെ മുഴുനീള മദ്യപാനിയും നാടകം മുടക്കിയെന്ന് ഇരട്ടപ്പേരുമുള്ള ഒരു കുപ്രസിദ്ധ നടന്റെ ഭാര്യാപദവിയുപേക്ഷിച്ച് ഇടക്കാലത്തുവെച്ച് ഷമ്മുവിന്റെ ഭാര്യയുമായിത്തീർന്ന സുന്ദരിയും സുശീലയുമായ കങ്ങഴ രോഹിണി എന്ന പ്രസിദ്ധനടി ഇതുകേട്ടയുടനെ തന്റെ പുതിയ ഭർത്താവായ ഷമ്മുവിന്റെ മുതുകിൽ മൃദുവായൊന്നു തോണ്ടി. മഹത്തായ ആ ഒരൊറ്റ തോണ്ടലിൽനിന്നാണ്, ചേർത്തല ഗംഗ തീയറ്റേഴ്സിലെ ലൈറ്റ് വർക്കർ മണിയുമായി, അദ്ദേഹത്തിന്റെ അകന്ന ബന്ധുവും നാടകകൃത്തുമായ കേയെഞ്ചേട്ടനെക്കൊണ്ട് നാടകമെഴുതിക്കാൻ ഷമ്മു ഈ ഷാപ്പിലെത്തിയിരിക്കുന്നത്.
ജന്മംകൊണ്ട് കോട്ടയംകാരനായ കാർത്തികേയനെന്ന കേയെൻ തന്റെ അരാജകജീവിത ഫലമായി സ്വന്തം നാടുപേക്ഷിച്ച് കാലങ്ങളായി താമസിക്കുന്നത് ഭാര്യാഗൃഹമായ കൈപ്പുഴമുട്ടിലാണ്. എന്തായാലും വിദേശത്തുള്ള മകന്റെ കുഞ്ഞിനെ പരിചരിക്കാനായി പോയിരിക്കുന്ന ഭാര്യ തിരിച്ചുവരുന്നതുവരെ കേയെൻ സർവസ്വതന്ത്രനാണ്.
ഇദ്ദേഹത്തിന്റെ സ്ക്രിപ്റ്റിനുവേണ്ടി കേരളത്തിലെ പ്രമുഖ നാടക സമിതികളെല്ലാംതന്നെ ക്യൂ നിന്നിരുന്ന ഒരു സുവർണകാലമുണ്ടായിരുന്നു. അക്കാലത്ത് ഒരു സീസണിൽ പതിനഞ്ചു നാടകങ്ങൾ വരെ എഴുതി റെക്കോഡിട്ട കേയെൻ പണവും പ്രശസ്തിയും വന്നപ്പോൾ കലാകാരന്മാർക്ക് സാധാരണ സംഭവിക്കും പോലെ ജീവിതശൈലീമാറ്റത്തിൽ ആളാകെ മാറി ഒടുവിൽ നാടുവിട്ടു പോവേണ്ട അവസ്ഥയിലേക്കെത്തി. കാലത്തിന്റെ അനിവാര്യതയെന്നോണം രചനയിലും അവതരണത്തിലും പുതുമനിറഞ്ഞ നാടകങ്ങൾ വന്നതോടെ പതിയെപ്പതിയെ കേയെൻ എന്ന പേര് നാടകലോകം മറന്നുതുടങ്ങി. ഇടക്ക് രണ്ടോ മൂന്നോ നാടകങ്ങളെഴുതിയതൊഴിച്ചാൽ അത്ര സജീവമല്ലാതിരുന്ന നീണ്ട എട്ടു വർഷത്തെ മൗനത്തിനുശേഷം തനിക്കുവേണ്ടി കേയെഞ്ചേട്ടനെഴുതുന്ന നാടകത്തിന്റെ ടൈറ്റിൽ മറ്റന്നാളത്തെ ഓച്ചിറക്കളിക്ക് അനൗൺസ് ചെയ്യുമ്പോൾ മലയാള നാടകരംഗത്ത് അതൊരു സംസാരവിഷയമാകും എന്ന ശുഭപ്രതീക്ഷയോടെ ഷമ്മു അയ്യായിരത്തിയൊന്നു രൂപ നീട്ടിക്കൊണ്ടു പറഞ്ഞു.
‘‘ചേട്ടാ, ഇതൊരു ചെറിയ ദക്ഷിണയായി കണക്കാക്കിയാൽ മതി. സ്ക്രിപ്റ്റ് തീരണ സമേത്ത് വിളിച്ചാ അടുത്ത വണ്ടിക്ക് ബാക്കി പൈസേമായിട്ടു ഞാൻ വരാട്ടാ.’’
കാശുവാങ്ങി പോക്കറ്റിലിട്ടുകൊണ്ട് കേയെൻ പറഞ്ഞു.
‘‘കാശിന്നു വരും ചിലപ്പോ ഇന്നുതന്നെ പോയെന്നും വരും. അതൊന്നും നമുക്കൊരു പ്രശ്നമേയല്ല ഷമ്മൂ. നമ്മുടെ ലക്ഷ്യം നല്ല നാടകമുണ്ടാവുകയെന്നതാണ്. അതുകൊണ്ട് എന്റെയീ മാതുലപുത്രൻ മണി പരിചയപ്പെടുത്തി ഏതാനും മണിക്കൂറുകൾകൊണ്ട് എനിക്കേറെ പ്രിയങ്കരനായി മാറിയ പ്രിയപ്പെട്ട ഷമ്മൂ.... മോനേ, ഈ കുടിച്ചകള്ളാണേ സത്യം. മെയ്മാസം ആദ്യവാരത്തിനുള്ളിൽ എന്റെ ദീർലകാല സുഹൃത്തും ഈ നാടകത്തിന്റെ സംവിധായകനുമായ ശ്രീ. സതീഷ് സംഗമിത്രയുടെ മുന്നിലിരുന്ന് നമ്മൾ നാടകം വായിച്ചിരിക്കും.’’
അതുകേട്ട് ആവേശഭരിതനായ മണി അറിയാതെ കയ്യടിച്ചു പോയി. തൊട്ടപ്പുറത്തുള്ള മുറികളിൽനിന്നും നിർത്താതെയുള്ള കയ്യടികളുയർന്നതോടെ കേയെൻ പറഞ്ഞു.
‘‘ശുഭലക്ഷണം. ടൈറ്റിലിട്ടപ്പഴേ കയ്യടികളുയർന്നു. ഷമ്മൂ, യാതൊരു സംശയവും വേണ്ട. ഈ നാടകം പറന്നു കളിക്കും.
നീ ധൈര്യമായിട്ടു പൊയ്ക്കോ. സതീഷിനെ ഞാൻ വിളിച്ചോളാം.’’
ഷാപ്പിലെ കണക്കു തീർത്തപ്പോഴാണോ അതോ
സന്തോഷംകൊണ്ടാണോ എന്നറിയില്ല,
നിറഞ്ഞ കണ്ണുകളോടെ ഷമ്മു യാത്രപറഞ്ഞിറങ്ങിയപ്പോ മറ്റു മുറികളിൽ കേട്ട കയ്യടികൾക്കൊപ്പം ഏതോ ഒരു നാടൻ പാട്ടിന്റെ ഈരടികൾകൂടി മുഴങ്ങിത്തുടങ്ങി.
തോട്ടുമുഖത്തെ ക്യാമ്പോഫീസിൽനിന്നും അന്നത്തെ പ്രോഗ്രാം സ്ഥലമായ മാമലക്കണ്ടത്തേക്ക് നേരേ ട്രാൻസ്പോർട്ട് റൂട്ടിൽ പെരുമ്പാവൂർക്ക് പോവേണ്ട നാടകവണ്ടി, ഷമ്മുവിനേം രോഹിണിയേയും കയറ്റാനായി അവരിപ്പോൾ താമസിക്കുന്ന വാഴക്കുളം വഴി ചുറ്റിക്കറങ്ങി പോവുന്നതിനെപ്പറ്റി, വണ്ടി വിട്ടപ്പോൾ മുതൽ ബാക്ക് സീറ്റിൽ വണ്ടിയിലാകെയുള്ള മൂന്നു പേരിൽ ഒരു നടന്റെ മാത്രം മുറുമുറുപ്പ് തോമസ്സേട്ടൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വാഴക്കുളം പോസ്റ്റോഫീസു പടിയിൽ വണ്ടി കിടക്കാൻ തുടങ്ങിയിട്ട് പത്തുമിനിറ്റു കഴിഞ്ഞതോടെ ആ നടൻ തോമസ്സേട്ടൻ കേൾക്കാനെന്നോണം പറഞ്ഞു.
‘‘ഈ സമയം കൊണ്ടിപ്പം പെരുമ്പാവൂരെത്തിയാനേ..?
ബാക്കിയൊള്ളവരുടെ സമയം കളയാനായിട്ട് ഓരോത്തര് കെട്ടിയൊരുങ്ങിയെറങ്ങിക്കോളും...’’
‘‘അവരങ്ങനെ സ്ഥിരം താമസിച്ചുവരണവരല്ലല്ലൊ എന്റെ രാധാകൃഷ്ണാ. ഉദ്ദേശിച്ച സമയത്തിറങ്ങാൻ പറ്റാതെ വന്നപ്പോ ഈ വഴിയൊന്നു വരാമോ തോമസ്സേട്ടാ എന്ന് വളരെ താഴ്മയോടെ എളിമയോടെ വിളിച്ചു ചോദിച്ചപ്പോ ഞാനതില് ഒരു തെറ്റും കണ്ടില്ല. അവരിനി ബസ്സിനു കയറി എത്തുമ്പോ പിന്നേം വൈകൂല്ലോന്നു കരുതി ഇതിലേയൊന്നു പോന്നതിന് നേരേ കുന്നായ്മയിലേക്കു പോണതെന്താണെന്റെ എസെൻപുരം രാധാകൃഷ്ണൻ സാ...റേ.’’
തോമസ്സേട്ടൻ തിരിഞ്ഞുനോക്കാതെ തന്നെ ഒരു പ്രത്യേക താളത്തിലങ്ങനെ പറഞ്ഞപ്പോൾ ക്ഷിപ്രകോപിയായ നടൻ പറഞ്ഞു.
‘‘അടുത്ത കൊല്ലത്തെ പ്രൊഡ്യൂസറാണെന്നും പറഞ്ഞ് കണ്ട മീങ്കാരനെയൊക്കെ ഇപ്പഴേ ബഹുമാനിക്കാൻ ഞങ്ങൾത്തിരി ബുദ്ധിമുട്ടുണ്ട്.’’
‘‘ഞങ്ങക്കെന്നല്ല, എനിക്കെന്നു തെളിച്ചു പറയെന്റെ രാധാകൃഷ്ണാ. നാടകമില്ലാത്തപ്പ അവനറിയാവുന്ന അവന്റെ കുലത്തൊഴിലവൻ ചെയ്യണ്. അതിന് നിന്റഭിമാനത്തിനു കോട്ടംതട്ടണോന്നുമില്ലല്ലാ. പേരിലൊരു വാലുള്ളതോണ്ട് ജാതീല് കൊറഞ്ഞവന അംഗീകരിക്കാനങ്ങട് മനസ്സു വരണില്ലാന്നങ്ങ് തെളിച്ചു പറഞ്ഞാ പോരേടാ... എന്തിനാണിങ്ങന വെറുതെ വളഞ്ഞു മൂക്കേപ്പിടിക്കണേ..? മോനേ രാധാകൃഷ്ണാ... പണ്ടു തൊട്ടേ തോമസ്സേട്ടന് നേരേ പറഞ്ഞാണ് ശീലം. അതോണ്ട് വെഷമോന്നും വിചാരിക്കാണ്ട് നല്ലതു ചിന്തിക്കാൻ പ്രാർഥിച്ച് അവിടടങ്ങിയൊതുങ്ങിയങ്ങിരിക്കെട്ടാ...’’
തോമസ്സേട്ടനു മറുപടി കൊടുക്കാൻ രാധാകൃഷ്ണൻ നാവെടുത്തതും ഷമ്മുവും രോഹിണിയും ഓടിക്കിതച്ചു വന്നു വണ്ടിയിൽ കയറി. സീറ്റിലേക്കിരിക്കുന്നതിനിടയിൽ രോഹിണി പറഞ്ഞു.
‘‘തോമസ്സേട്ടാ സോറി... കറന്റു പോയ കാരണം ചെരട്ട തേപ്പോട്ടി വെച്ച് തേക്കേണ്ടിവന്നു.’’
തോമസ്സേട്ടൻ ഒന്നു തല കുലുക്കി.
ബാക്കിൽനിന്നും രാധാകൃഷ്ണൻ ശബ്ദം കുറച്ച് പറഞ്ഞു.
‘‘തേപ്പില് മോള് അമ്മേടെ റെക്കോർഡ് തകർക്കും.’’
കൂടെയിരുന്ന രണ്ടു നടന്മാർ ശബ്ദമില്ലാതെ ചിരിച്ചു.
തോമസ്സേട്ടൻ സാരഥിയോടായി പറഞ്ഞു.
‘‘എടാ രമണാ, വിട്ടു പോട്ടേട്ടാ...
അല്ലെങ്കി പെരുമ്പാവൂരു നിൽക്കണവരടെ തെറീം കൂടി കേട്ടാ എനിക്കിന്നൂണുകഴിക്കാണ്ടു തന്നെ വയറുനെറയൂട്ടാ.’’
മറുപടിയെന്നോണം നീണ്ടഹോണടിച്ചുകൊണ്ട് രമണൻ വണ്ടിയുടെ വേഗം കൂട്ടി.
‘‘ഒരു സീസൺ മുഴോനായിട്ട് നടീനടന്മാേരം ടെക്നീഷ്യന്മാരേം ഒരുമിച്ചൊരു വണ്ടീലു കൊണ്ടുപോയി വട്ടമെത്തിക്കണ ട്രൂപ്പിന് അക്കാദമി ഒരവാർഡ് കൊടുക്കണ കാലം വരാണ്ടിരിക്കില്ല, അല്ലേടാ രമണാ.’’
പിറകോട്ടു നോക്കാതെ തന്നെ രമണൻ ഒരു ചെറുപുഞ്ചിരി പാസാക്കി.
നാടകവണ്ടി, മാമലക്കണ്ടം ഭഗവതീ ക്ഷേത്രത്തിന്റെ കവാടം കയറിയതും വഴിമധ്യേ ഒരു മദ്യപൻ രണ്ടു കൈയും ഇരുവശത്തേക്കു നീട്ടിപ്പിടിച്ച് നിൽക്കുന്നത് കണ്ട രമണൻ ഒന്നു സ്ലോ ചെയ്തിട്ട് തോമേസ്സേട്ടനോടു പറഞ്ഞു.
‘‘നടുറോട്ടിലൊരു പാമ്പ് പത്തിവിരിച്ചാടണെണ്ടല്ലാ തോമസ്സേട്ടാ...’’
ഇതൊക്കെയെത്ര കണ്ടേക്കണവനാ എന്ന മട്ടിൽ തോമേസ്സേട്ടൻ വളരെ സരസമായി പറഞ്ഞു.
‘‘നോവിക്കെണ്ടടാ രമണാ,
നീർക്കോലിയാണേലും അത്താഴം മുടക്കാനതുമദീല്ലാ.’’
രമണൻ പതുക്കെ ഇടതു ചേർത്തു നിർത്തി.
അതു കണ്ട മദ്യപൻ ആടിയുലഞ്ഞ് വണ്ടിക്കരുകിലേക്കെത്തി രമണനോടു ചോദിച്ചു.
‘‘സംവിധായകനൊണ്ടോടാ അകത്ത്?’’
‘‘ഇല്ലെല്ലൊ ചേട്ടാ.’’
‘‘ഓണറോ?’’
‘‘കാര്യമെന്താണെന്നു പറ ചേട്ടാ...’’
‘‘നിന്നോടു കാര്യം ബോധിപ്പിക്കാൻ ഞാനാരാടാ മ*@&@*...’’ രമണൻ ചിരിയൊതുക്കി. ഏറ്റവും പിറകിലെ വിൻഡോയിൽനിന്നും ഷമ്മു ഒന്നൊളിഞ്ഞു നോക്കി. അതു കണ്ട മദ്യപൻ രമണനോടു ചോദിച്ചു.
‘‘പൊറകീന്ന് ഒളിഞ്ഞു നോക്കുന്നവനാണോ..?’’ അങ്ങോട്ടേക്കു നോക്കിയ രമണൻ പറഞ്ഞു.
‘‘അതടുത്ത കൊല്ലത്തെ പ്രൊഡ്യൂസറാ.’’
‘‘ഓഹോ, അവനെയിപ്പഴേ വണ്ടീ ക്കൊണ്ടു നടക്കുവാണോ..?’’
ഡ്രൈവറുടെ തൊട്ടു പിറകിലെ വിൻഡോഗ്ലാസ് നീക്കി തല മുഴുവനായും പുറത്തേക്കിട്ടിട്ട് തോമേസ്സേട്ടൻ വിളിച്ചു.
‘‘നമസ്കാരോണ്ട് ചേട്ടാ...’’
ശബ്ദം കേട്ട് മുകളിലേക്കു നോക്കി അയാൾ ചോദിച്ചു.
‘‘നീയാണോ ഓണറ്..?’’
തോമസ്സേട്ടൻ തലയാട്ടി.
‘‘ചെല്ലുമ്പംതന്നെ കാശു മേടിച്ചോണം. നാടകം കഴിഞ്ഞാ പിന്നെ കാശു കിട്ടുമെന്നു വിചാരിക്കണ്ട. കാരണം കാശു തരാൻ പിന്നെ കമ്മിറ്റിക്കാരുണ്ടാവില്ല. അവന്മാരെ ഇന്നു ഞങ്ങളടിച്ചിഞ്ചപ്പരുവമാക്കും.’’
തോമസ്സേട്ടൻ തലയാട്ടുക മാത്രം ചെയ്തു.
അയാൾ മുകളിലേക്കു കൈ നീട്ടിയിട്ട് പറഞ്ഞു.
‘‘ഒരു നൂറു രൂപ...’’
രമണൻ ചോദിച്ചു.
‘‘അതെന്തിനാ ചേട്ടാ..?’’
ചുണ്ടത്ത് ചൂണ്ടുവിരൽ വെച്ച് അയാൾ പറഞ്ഞു.
‘‘ശ്... ചുപ് രഹോ,
നീ മിണ്ടരുത്. തലയിരിക്കുമ്പം ഡൈവറാറാടരുത്.’’
തർക്കത്തിനൊന്നും നിൽക്കാതെ തോമസ്സേട്ടൻ നൂറിന്റെ ഒരു നോട്ടു നീട്ടി. വണ്ടി മുന്നോട്ടെടുത്തപ്പോൾ ആൽമരത്തിന്റെ ചില്ലയിൽ കെട്ടിയിരുന്ന വലിയ കോളാമ്പിയിലൂടെ ഒരനൗൺസ്മെന്റ് അകത്തേക്കൊഴുകി വന്നു.
‘‘അമ്മേ ഭഗവതി, ദേവീ ഭഗവതീ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്. കഴിഞ്ഞ ഉത്സവത്തിന് പോലീസിനെക്കണ്ട് പേടിച്ചോടിയ പടം കളിക്കാരിലൊരാൾ പൊട്ടക്കിണറ്റിൽ വീണു മരിച്ചതിനെത്തുടർന്ന് ഇക്കൊല്ലം മുതൽ അമ്പലപരിസരത്ത് പന്നിമലത്തും പടം കളിയും നിരോധിച്ചിട്ടുള്ളതാണ്. കമ്മിറ്റിക്കാർ പണി കളെഞ്ഞെന്ന കാരണം പറഞ്ഞ് പടംകളിക്കാരൻ പാമ്പുവാസു അമ്പലപരിസരത്തുനിന്ന് പലേരേയും ഭീഷണിപ്പെടുത്തി അനാവശ്യ പിരിവു നടത്തുന്നതായി കമ്മിറ്റിയോഫീസിൽ വിവരം ലഭിച്ചിട്ടുണ്ട്. ഞങ്ങളങ്ങോട്ടുവന്നാ ഇന്നലത്തെപ്പോലെ ആയിരിക്കില്ല വാസൂ, നിന്നെ കാലേ വാരിയിട്ടടിക്കും കെട്ടോടാ...’’ അതുകേട്ട് തോമസ്സേട്ടൻ പറഞ്ഞു.
‘‘നമുക്കാരേം പെണക്കാനൊക്കൂല്ല. അടുത്തകൊല്ലോം നമുക്കിവട നാടകം കളിക്കണേ...’’
എല്ലാവരും ചിരിച്ചു.
സ്റ്റേജിനോടു ചേർന്ന് വണ്ടി നിർത്തിയതും ഉത്സാഹ കമ്മിറ്റിക്കാരോടി വന്ന് നടിമാർക്ക് റെസ്റ്റുചെയ്യാനുള്ള മുറികാണിച്ചുകൊടുക്കാൻ മത്സരിച്ചപ്പോൾ അവരേയുമായി തോമസ്സേട്ടൻ കമ്മിറ്റിക്കാരോടൊപ്പം പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.