ദയാവധം

കരുണാകരന്‍ ആശുപത്രിയില്‍ ഐ.സി.യുവില്‍ ആയിരുന്നു. ‘ഐ.സി.യു’ എന്ന് അതിനെ വിളിച്ചിരുന്നെങ്കിലും അതില്‍ ആറുപേര്‍ ഉണ്ടായിരുന്നു. മരണത്തിന്റെ പല ഘട്ടങ്ങളില്‍ ഉള്ളവര്‍, രക്ഷപ്പെട്ടേക്കാവുന്നവര്‍പോലും. ഒരാള്‍ മാനസികമായി അസ്വസ്ഥനായിരുന്നതിനാല്‍ പലതരം ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഒരുപക്ഷേ, അത് ഒരു ഭാഷയാകാം; ഭാഷകളും പലതരം ശബ്ദജാലങ്ങള്‍ ആണല്ലോ. ഒരാള്‍ക്ക്‌ ഭാഷയായത് അത് അറിയാത്ത ആള്‍ക്ക് വെറും ശബ്ദം. മാനസിക ചാഞ്ചല്യം ഉള്ളവര്‍ക്കും തമ്മില്‍ തമ്മിലോ സ്വപ്നത്തിലോ ദൈവത്തോടോ സംസാരിക്കാന്‍ ഒരു ഭാഷ കാണും. അതാവാം അയാള്‍ പറയുന്നത്, ജീവിതത്തിനുവേണ്ടിയുള്ള ഒരു അഭ്യർഥനപോലുമാകാം അത്...

കരുണാകരന്‍ ആശുപത്രിയില്‍ ഐ.സി.യുവില്‍ ആയിരുന്നു. ‘ഐ.സി.യു’ എന്ന് അതിനെ വിളിച്ചിരുന്നെങ്കിലും അതില്‍ ആറുപേര്‍ ഉണ്ടായിരുന്നു. മരണത്തിന്റെ പല ഘട്ടങ്ങളില്‍ ഉള്ളവര്‍, രക്ഷപ്പെട്ടേക്കാവുന്നവര്‍പോലും. ഒരാള്‍ മാനസികമായി അസ്വസ്ഥനായിരുന്നതിനാല്‍ പലതരം ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഒരുപക്ഷേ, അത് ഒരു ഭാഷയാകാം; ഭാഷകളും പലതരം ശബ്ദജാലങ്ങള്‍ ആണല്ലോ. ഒരാള്‍ക്ക്‌ ഭാഷയായത് അത് അറിയാത്ത ആള്‍ക്ക് വെറും ശബ്ദം.

മാനസിക ചാഞ്ചല്യം ഉള്ളവര്‍ക്കും തമ്മില്‍ തമ്മിലോ സ്വപ്നത്തിലോ ദൈവത്തോടോ സംസാരിക്കാന്‍ ഒരു ഭാഷ കാണും. അതാവാം അയാള്‍ പറയുന്നത്, ജീവിതത്തിനുവേണ്ടിയുള്ള ഒരു അഭ്യർഥനപോലുമാകാം അത് –തന്റെയോ മറ്റുള്ളവരുടെയോ. ജീവിതത്തിനായുള്ള നിലവിളികളുടെ ഭാഷ എത്ര പേര്‍ക്കറിയാം? അറിഞ്ഞാല്‍ ജീവിക്കുക എത്ര പ്രയാസമായിരിക്കും, എത്ര കുറ്റബോധം നിറഞ്ഞത്‌! ഒരു സ്ത്രീ –അവര്‍ക്ക് എണ്‍പത് വയസ്സായിക്കാണും– മരണത്തെ നേരിട്ടു കണ്ടതുപോലെ ‘‘അയ്യോ, അയ്യോ’’ എന്ന് ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.

അപ്പോഴൊക്കെ കരുണാകരന്‍, തനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞവനെപ്പോലെ ശാന്തനായിരുന്നു. അയാള്‍ മരണത്തെക്കുറിച്ച് സംസാരിക്കയോ, ഓര്‍ക്കുകപോലുമോ ചെയ്തില്ല. ആ മുഖത്ത് യോഗികളുടെ നിസ്സംഗതയായിരുന്നു. ഒരുപക്ഷേ അയാള്‍ മരിച്ചുകഴിഞ്ഞിരിക്കാം, അഥവാ ആ അന്ത്യദേവതയെ അടുത്തു കാണുകയെങ്കിലും ചെയ്തിരിക്കാം. ആ സന്ദര്‍ഭങ്ങള്‍ അയാള്‍ നിര്‍ലേപതയോടെ ഓര്‍ത്തു. അഞ്ചാം വയസ്സില്‍ ന്യുമോണിയ വന്ന് ബോധമറ്റ്, അഥവാ ബോധത്തിനും അബോധത്തിനുമിടയില്‍, മൂന്നുമാസം ആയുര്‍വേദ ചികിത്സയില്‍ കിടന്നത് –അക്കാലത്താണ് തന്റെ അച്ഛനമ്മമാരുടെ അഞ്ചാമത്തെ കുട്ടിയായ താന്‍ ഒരുപക്ഷേ തികച്ചും അനാവശ്യമായി ജനിച്ചതാകാമെന്ന് ആദ്യമായി അയാള്‍ക്കു തോന്നിയത്; പിന്നെ ആ തോന്നല്‍ വിട്ടുപോയതുമില്ല. റാങ്കുകളും സമ്മാനങ്ങളും വാങ്ങിക്കൂട്ടുമ്പോള്‍പോലും ആ വിചാരം അയാളെ മ്ലാനനാക്കി. എല്ലാം മേഘാവൃതമായിരുന്നു: കപ്പുകള്‍, പുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, പരീക്ഷകളിലെ ഉത്തരക്കടലാസുകള്‍പോലും. അവയുടെ തുമ്പില്‍ മഴയുടേതോ കണ്ണീരിന്റേതോ എന്നറിയാത്ത ഉപ്പ് പറ്റിപ്പിടിച്ചു കിടന്നു.

പതുക്കെപ്പതുക്കെ ഐ.സി.യു അയാള്‍ക്ക്‌ വീടുപോലെ തോന്നിത്തുടങ്ങി. ഇവിടെനിന്ന് വിട്ടുപോകുന്നത് അയാള്‍ക്ക്‌ സങ്കൽപിക്കാന്‍പോലുമായില്ല. ഈ മെത്ത, ഈ കുഴലുകള്‍, മുകളിലെ ഈ യന്ത്രങ്ങള്‍, തുള്ളികള്‍ ഊറിവരുന്ന മുകളിലെ കുപ്പി ഒഴിയാറായോ എന്ന് നോക്കിയുള്ള ഈ കിടപ്പ്, അടുത്ത സുഹൃത്തിനെപ്പോലെ ഇരിക്കുന്ന, തന്നെ ജീവിപ്പിച്ചു നിര്‍ത്തുന്ന ഓക്സിജന്‍ സിലിണ്ടര്‍, രാത്രിയില്‍ പടരുന്ന പലതരം ശബ്ദങ്ങളുടെ ആകസ്മികത, എയര്‍കണ്ടീഷനറിന്റെ, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള, നനുത്ത തണുപ്പ്, ഭാര്യ രുക്മിണിയുടെ, ‘‘പോകാറായോ ഡോക്ടര്‍’’ എന്ന ആവര്‍ത്തിച്ച് ശ്വാസംമുട്ടിക്കുന്ന ചോദ്യം, ‘‘ഒന്ന​ുകൂടി നോക്കട്ടെ’’ എന്ന നിര്‍വികാരമായ പതിവുത്തരം.

പണ്ട് എഴുതാനായി എണീറ്റിരുന്ന രാവിലെ നാലു മണിക്ക് എണീപ്പിച്ചു നഴ്സുമാര്‍ തരുന്ന തുടച്ചുകുളി, മുകളിലെ മരുന്ന് കലര്‍ത്തിയ നീര്‍ക്കുപ്പി ഒഴിയുമ്പോള്‍ അതു മാറ്റി മറ്റൊന്ന് വെക്കുന്നതിന്റെ ബഹളം... ഇതെല്ലാം ക്യൂബയിലും മഡ്രിഡിലും ന്യൂയോര്‍ക്കിലും ഇതുപോലെ തന്നെയാവും, അല്ലേ? കരുണാകരന്‍ താന്‍ യാത്രചെയ്ത നാടുകള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.

കരുണാകരന് ഈ ഓക്സിജന്‍ സിലിണ്ടര്‍ മാറ്റും മുമ്പുതന്നെ ഡോക്ടറോട് ഒരു കാര്യം എഴുതിച്ചോദിക്കാനുണ്ടായിരുന്നു. പങ്കാളി ഇല്ലാത്തപ്പോള്‍ ചോദിക്കണം. “ഡോക്ടര്‍, ഇവിടെ എത്രദിവസം വരെ കിടക്കാം?” അത് വായിക്കുമ്പോള്‍ ഡോക്ടര്‍ അത്ഭുതപ്പെടും. എല്ലാവരും ‘‘എന്ന് പോകാം’’ എന്നാണല്ലോ ചോദിക്കുക. പക്ഷേ, അത് ഒരു തുടക്കം മാത്രമാണ്. ‘‘എനിക്ക് ഇനി രക്ഷയില്ലെങ്കില്‍ അധികം വേദനയില്ലാതെ കൊന്നു കൂടെ?” എന്ന ചോദ്യത്തിന്റെ മുന്‍വാചകം.

കരുണാകരന്‍ ഇൗയടുത്ത ഒരുദിവസം പത്രത്തില്‍ അത് വായിച്ചിരുന്നു. ഇന്ത്യയിലും ചില വ്യവസ്ഥകളില്‍ ദയാവധം അനുവദിച്ചിരിക്കുന്നു. ഏതായാലും മരിക്കുമ്പോള്‍ മക്കള്‍ വരില്ല. അവരൊക്കെ ദൂരെയാണ്. ഒരാള്‍ കാനഡയില്‍, ഒരാള്‍ ന്യൂസിലാൻഡില്‍. അയ്യപ്പപ്പണിക്കര്‍ പറഞ്ഞപോലെ അവര്‍ റെക്കോഡ് ചെയ്ത വീഡിയോവില്‍, ഇന്നാണെങ്കില്‍ വാട്സ്ആപ് വീഡിയോ ​കാളില്‍, മരണം കണ്ടേക്കും. എന്നോട് സംസാരിക്കാന്‍പോലും സാധ്യതയുണ്ട്. അതെത്ര സൗകര്യമായി! അല്ലെങ്കില്‍ കാണാതെ പോവില്ലേ? കരുണാകരന് നന്നായി അറിയാം, ഇന്ത്യയില്‍ ഇപ്പോള്‍ സാക്ഷികളുടെയും ഒരു ​െഗസറ്റഡ് ഓഫീസറുടെയും ഒപ്പോടെ, ഡോക്ടര്‍കൂടി രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് സമ്മതിച്ചാല്‍, ജീവന്‍ ഒടുക്കാമെന്ന്. മസ്തിഷ്കമരണം സംഭവിച്ചു എന്ന് എഴുതാം.

പക്ഷേ, ഏതു ഡോക്ടര്‍ എഴുതിത്തരും, മുമ്പേ ചില കൂട്ടുകാര്‍ അത് പറഞ്ഞിട്ടുണ്ടെങ്കിലും. പിന്നെ സാക്ഷികള്‍, ഓഫീസര്‍ അല്ലെങ്കില്‍ നോട്ടറി... അത് വിഷമം ആവില്ല. പരിചയക്കാര്‍ ധാരാളം. തലച്ചോറ് ജോലിചെയ്യാതായ ഒരു മനുഷ്യനെ ആര്‍ക്കു വേണം? തന്റെ ജോലി പോകും, അപ്പോള്‍ പെന്‍ഷന്‍ കിട്ടില്ല, ഒന്നിനും കൊള്ളാത്ത താന്‍ കുടുംബത്തിന് ഒരു ഭാരമാകും. ‘ദയാവധം’ എന്ന വാക്കിന്റെ അർഥം ഇത്ര വ്യക്തമായി കരുണാകരന്‍ മുമ്പ് മനസ്സിലാക്കിയിരുന്നില്ല. ‘യൂത്തനേഷ്യ’ എന്ന വാക്കിനൊന്നും ആ വൈരുധ്യം കലര്‍ന്ന വികാരം ഉണര്‍ത്താനാവില്ല –ദയയും വധവും. ഗാന്ധി താന്‍ കൊല്ലപ്പെട്ടപ്പോള്‍ ആ രീതിയില്‍ ആലോചിച്ചിരിക്കാം.

അന്ന് വൈകുന്നേരം തന്റെ പങ്കാളി പുറത്തുപോയ നേരത്ത് ഡോക്ടര്‍ ‘റൗണ്ടി’ന് വന്നപ്പോള്‍, കടലാസു കിട്ടാത്തതിനാല്‍ ഉള്ളങ്കയ്യില്‍ സൂത്രത്തില്‍ പേനകൊണ്ട് എഴുതിയിട്ടിരുന്ന ആ വാചകം കരുണാകരന്‍ ആ സർവാധികാരിയെ കാണിച്ചു. ആദ്യം ഡോക്ടര്‍ ഒന്ന് ഞെട്ടാതിരുന്നില്ല; പുതിയ നിയമം വന്ന ശേഷം ആദ്യത്തെ അപേക്ഷയായിരുന്നു അത്. ഇനി അദ്ദേഹം അത്ര ഞെട്ടില്ലായിരിക്കാം. “ബ്രെയിന്‍ ഡെഡ്?” ഡോക്ടര്‍ മുറിയിലെ സ്ഥിതി മനസ്സിലാക്കി താഴ്ന്ന ശബ്ദത്തില്‍ ചോദിച്ചു. കരുണാകരന്‍ തലയാട്ടി, എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വിധത്തില്‍. “ശരി” ഡോക്ടര്‍ പറഞ്ഞു. അവിടെവെച്ചു തന്നെ ആശുപത്രിയിലെ ലെറ്റര്‍പാഡില്‍ ആ സര്‍ട്ടിഫിക്കറ്റ് എഴുതിനല്‍കി.

കരുണാകരന്‍ സന്തോഷത്തോടെ തന്റെ പങ്കാളി വരാന്‍ കാത്തുകിടന്നു. മക്കളുടെ സമ്മതം അവള്‍ അനായാസം വാങ്ങിക്കൊള്ളും. അവരുടെ നാടുകളില്‍ ഇത് അത്ര അസാധാരണമല്ല. മുറ്റത്തുകൂടി വാല്‍നക്ഷത്രംപോലെ ഒരു ആംബുലന്‍സ് പാഞ്ഞുപോകുന്ന വെളിച്ചം നിറഞ്ഞ ശബ്ദം, മൃതിയെ കാത്തുകിടന്നമുറിയെ കിടുകിടുപ്പിച്ചു.


Tags:    
News Summary - Malayalam Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-01 05:30 GMT
access_time 2025-12-01 03:45 GMT
access_time 2025-11-24 04:30 GMT
access_time 2025-11-17 04:30 GMT
access_time 2025-11-10 05:15 GMT
access_time 2025-11-03 03:30 GMT
access_time 2025-10-27 03:00 GMT
access_time 2025-10-20 04:30 GMT