സ്വർണക്കടത്തിന് സംശയിക്കുന്നവരുടെ മൂന്നു പേരുകളിൽ ഒന്നായിരുന്നു, അവളുടേത്. എന്നിട്ടും ഇരട്ടക്കരളുറപ്പോടെയാണ് അവൾ നടന്നത്. ‘‘നിങ്ങളിനി പട്ടിണി കെടക്കൂല്ല, പറട്ട തള്ളേ... ഞാനാണ് പറയണത്.’’ അവൾ പതിനെട്ടുകാരിക്ക് ഇണങ്ങാത്ത പാകതകുപ്പായം ഇട്ടുകൊണ്ട് പറഞ്ഞു.
‘‘എന്നാലും... മോളേ, നിന്നെ ഞാൻ നാലുവീട് കലം കഴുകി ഇത്രയൊക്കെ ആക്കിയത് ഇതിനായിരുന്നോടീ, അപരാധീ...’’ എന്ന് തങ്കോണി ആദ്യമായി മകളുടെ തലമുടിയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് നിലവിളിച്ചു.
‘‘ചുക്രകണ്ണി’’ എന്നാണ് തങ്കോണിയെ എല്ലാരും വിളിച്ചിരുന്നത്. കൈയകലത്തിൽ തൊട്ടുവിളിക്കാൻ പേരുകൾ ഇല്ലാതാകുമ്പോഴാണല്ലോ, മനുഷ്യർക്കിടയിൽ വലിയ മതിലുകൾ ഉയരുന്നത്? എങ്ങനെയാണെന്നറിയില്ല, ഒരു സത്യാനന്തര സമൂഹത്തിൽ നല്ലൊരു വീട്ടുവേലക്കാരിക്ക് വേണ്ട എല്ലാ ഗുണഗണങ്ങളും തങ്കോണിക്ക് ഉണ്ടായിരുന്നു. അതായത് അടുക്കളയിലും അരങ്ങത്തുമായി എത്ര സംവരണകലങ്ങളിൽ കഞ്ഞിെവച്ചാലും അവൾക്കത് കിട്ടുമ്പോൾ അതിൽ ഒരു ഉപ്പുകല്ലിന്റെയും മുളകിന്റെയും കുറവുണ്ടാകുമായിരുന്നു. എത്ര നനച്ചാലും തുടച്ചാലും പോകാത്ത അപകർഷതയുടെ ഒരു കറുത്ത കറ അവളുടെ കിടപ്പിലും നടപ്പിലും എന്നും ഉണ്ടായിരുന്നു.
വെള്ള റേഷൻ കാർഡ്. ഇ.എം.എസ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട രണ്ടരസെന്റിലെ ചെറിയ വീട്. ആ വീടിന്റെ അടച്ചുറപ്പില്ലാത്ത പിൻവാതിലുകൾ. നരച്ച തുണിവലിച്ചുകെട്ടിയ ജനാല. മുന്നിൽ മേഞ്ഞ് നടക്കുന്ന തുടലില്ലാത്ത പട്ടി. കറുപ്പിന്റെയും വെളുപ്പിന്റെയും, വെറുപ്പിന്റെയും വിയർപ്പിന്റെയും മണം എന്നും അങ്ങനെ അവക്കു ചുറ്റിലും ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ചുകൊണ്ടേയിരുന്നു.
വാർഡ് മെംബർ സതീശൻ നായരും സ്ഥലം എം.എൽ.എ ദാമോദരമേനോനും കൗൺസിലർ പ്ലാത്തോട്ടം ലിജുവുമൊക്കെ ഉപഭോക്താക്കളുടെ ലിസ്റ്റിൽ എന്നും തങ്കോണിയെ മുന്നിൽ നിർത്തി. അവൾക്ക് കൃഷിഭവനിൽനിന്ന് വിത്തും വളവും വാങ്ങിക്കൊടുത്തു. പ്രളയകാലത്ത് ഭക്ഷ്യകിറ്റ് തരപ്പെടുത്തിക്കൊടുത്തു. കിണറ് കുത്താനും കോഴിക്കുഞ്ഞിനെ വാങ്ങാനും തയ്യൽമെഷീൻ വാങ്ങാനുമെല്ലാം പലിശരഹിത വായ്പകൾ വാങ്ങിക്കൊടുത്തു. എന്നിട്ടോ, തങ്കോണിയെ ഊട്ടിയുറപ്പിച്ചൊരു വഴക്കത്തിൽ ‘‘എടിയേ...’’ എന്ന് അരയിടുക്കും വൃഷണങ്ങളും മാന്തിച്ചൊറിയുന്ന ഗുഹ്യരസത്തോടെ വിളിച്ചു.
അവൾ കുനിഞ്ഞ്, പുഴുകുത്തിയ പല്ല് പുറത്ത് കാണിക്കാതെ വായ്പൊത്തി ചിരിച്ചു. എല്ലാം ഒന്നാമതായ് ചെന്ന് തക്കിടിമുണ്ടൻ താറാവിനെപ്പോലെ കൈപ്പറ്റി. ഇതൊക്കെ കാണുമ്പോഴാണ് വൈഗക്ക് പെരുവിരലിൽനിന്നൊരു തരിപ്പ് നിവർന്ന നട്ടെല്ലിലേക്ക് ഇരച്ച് കയറുന്നത്. അവൾ കോച്ചിപ്പിടിക്കുന്ന ഒരു വിറയോടെ ചോദിക്കും: ‘‘നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേന്നേ? അവനൊക്കെ മറ്റേടവും ചൊറിഞ്ഞ് എടീ, വാടീ, പോടീ എന്നൊക്കെ വിളിക്കുമ്പോ പൊക്കിപ്പിടിച്ചുംകൊണ്ട് ഓടി ചെല്ലാൻ!?’’
തങ്കോണിക്ക് അടിമുടിയൊരു കള്ളലുക്കാണെന്നാണ് പരമൻ സഖാവ് ഉൾപ്പെടെയുള്ളവർ ബ്രാഞ്ച് കമ്മിറ്റിക്കിടയിൽ ചിൽഡ് ബിയർ കുടിക്കാനും കൊത്തുപൊറോട്ട തിന്നാനുമെല്ലാം പിരിയുമ്പോഴൊക്കെ പറയണത്. തങ്കോണി ചൂഷണത്തിനും തൊഴിലില്ലായ്മക്കും എതിരെയുള്ള കാൽനട ജാഥയ്ക്കെല്ലാം മുന്നിൽനിന്ന് കൊടിപിടിച്ചു.
പ്രതിഷേധയോഗങ്ങളിലെല്ലാം മഴ നനഞ്ഞു. ഇരിക്കാൻ പറഞ്ഞപ്പോഴെല്ലാം ഇരുന്നു. എന്നിട്ടോ, തൂക്കാനും തുടയ്ക്കാനും പേറ് എടുക്കുവാനുമെല്ലാം തേരാപ്പാരാ ഓടിനടന്നു.
തങ്കോണി പണിക്കുപോകുന്ന വീടുകളിൽനിന്നും തേങ്ങ മോഷ്ടിക്കും. ഉപ്പും മുളകും വാസനസോപ്പും മോഷ്ടിക്കും. അരിയും പയറും കുത്തുപ്പോണി ചരുവവും മോഷ്ടിക്കും. തരം കിട്ടിയാൽ കൊച്ചമ്മമാരുടെ അടിപ്പാവാടയും ജിമിക്കി കമ്മലും മൊയലാളിമാരുടെ കോണകവും മേൽമുണ്ടും വരെ മോഷ്ടിക്കും!!
അതൊക്കെ പറഞ്ഞ് ‘‘ജാത്യാലുള്ളത് തൂത്താൽ പോവ്വോ?’’ എന്ന് സഖാക്കൾ ഉൾപ്പെടെ എല്ലാരും ചിരിച്ചു. അക്കാര്യത്തിൽ അവർ ഒരേ ചിത്തിൽ ഓട്ടിട്ടു.
അഞ്ചരവയസ്സുള്ളപ്പോൾ പോളിയോ വന്നാണ് അവളുടെ വലത്തേ കാൽ പാരക്കുറ്റിപോലെ തേമ്പിപ്പോയത്. ഒരു ചക്രവണ്ടിയുടെ കറക്കത്തിൽ കയറിയും ഇറങ്ങിയും ഉള്ള നടത്തം കണ്ട് ‘‘പാതിപോയാലും കുഴപ്പമില്ലടീ, ബാക്കി നിനക്കൊക്കെ സർക്കാർ തരും’’ എന്ന് കൊച്ചുതോപ്പ് പള്ളിയിലെ ഫാദർ യൂജിൻ കുശിനിയിൽ െവച്ച് ആശ്വസിപ്പിച്ചു. അപ്പോഴും മരത്തിൽനിന്നും വീണതാണെന്ന് ചിലർ. അല്ലാ, മോഷ്ടിക്കാൻ കയറിയപ്പോൾ മതിലിൽനിന്ന് വീണതാണെന്ന് മറ്റു ചിലർ. ‘‘ഓ... അടിച്ചൊടിച്ചതാണെന്ന് ആരും പറയുന്നില്ലല്ലോ...’’ വൈഗ അമ്മയുടെ തേമ്പിയ കാലിന്റെ ഒരു ചിത്രം എടുത്ത് ഇൻസ്റ്റയിലിട്ടുകൊണ്ട് ആശ്വസിപ്പിച്ചു.
ആ കാലും നീട്ടി ചിതലുകയറിയ വരാന്തയിൽ ഇരുന്ന് ചിലപ്പോൾ തങ്കോണി പഴയ കാര്യങ്ങൾ പറയും. കേൾക്കാൻ ആരും കാണില്ല. ചിലപ്പോൾ മെല്ലിച്ച ഒരു കറുത്ത പട്ടിയോ തരം കിട്ടിയാൽ അടുപ്പിന്റെ പുറത്ത് കയറുന്ന ഒരു വെളുത്ത പൂച്ചയോ ഉണ്ടാകും. ‘‘എല്ലാരും പറയണ് കേൾക്കാൻ ഞാനും! ഞാമ്പറയണ് കേൾക്കാൻ ഒരു പട്ടിയും പൂച്ചയും...’’ അവൾ ഊക്കിനെറിഞ്ഞ് പൊട്ടിക്കുന്ന ഒരു മൺകുടംപോലെ ചിരിക്കും.
ചന്തിയും വയറും മത്സരിച്ച് വളർന്നുകൊണ്ടിരുന്ന ഒരു റിട്ടയേഡ് പൊലീസ് ഓഫീസറുടെ തളർവാതം പിടിച്ചു കിടന്ന ഭാര്യയെ ശുശ്രൂഷിക്കാൻ പോയപ്പോൾ കിട്ടിയതാണ് അവൾക്ക് ഈ ചെമ്പരത്തിയെ!! അയാൾ ഭീഷണിപ്പെടുത്തി നാലുവട്ടം അബോർഷൻ നടത്തിയിട്ടും അഞ്ചാംവട്ടം ദൈവം അവളോട് ഉൽപത്തിയുടെ ദൈവനീതി കാണിച്ചു. ആ അതിജീവന ത്വര പിന്നീട് അവൾ സകല കാര്യത്തിലും കാണിച്ചു. ‘ചെമ്പരത്തി’ എന്നപേരിന് ഒരു ഗും ഇല്ലെന്ന് പറഞ്ഞ് അഞ്ചാംക്ലാസിൽ െവച്ചേ വാശിപിടിച്ചു. ‘വൈഗ’ എന്നതായിരുന്നു അവൾ കണ്ടുെവച്ചിരുന്ന പേര്.
‘‘കോങ്കണ്ണും ചട്ടുകാലുമൊക്കെയാണെങ്കിലും മറ്റേ പരിപാടിക്ക് വലിയ ഉത്സാഹമായിരുന്നല്ലോ...’’ വെണ്ണിക്കുളത്തെ ഷാപ്പിലും കവലയിലുമൊക്കെ തങ്കോണിയുടെ കഥപറയാൻ എല്ലാർക്കും ഉത്സാഹമാണ്. ‘‘ഈ ചടച്ച സാധനത്തില് പണിയെടുത്ത അവനെ സമ്മതിക്കണം!’’ ആറ്റുവാളയുടെ എരിവിലേക്ക് രണ്ട് കപ്പക്കഷ്ണം ചെലുത്തിക്കൊണ്ട് എന്നും ആരെങ്കിലുമൊക്കെ തെക്കതിലെ ഷാപ്പിലിരുന്ന് ആ സംശയം അങ്ങനെ ആവർത്തിച്ചുകൊണ്ടേയിരുന്നു.
ഈ പേര് ഇതെവിടെന്ന് കിട്ടിയെന്ന് കോങ്കണ്ണി തങ്കോണി വായിൽ വിരൽ പൊത്തിനിന്ന് അതിശയിച്ചു. അവൾ പങ്കി, കുഞ്ഞി, കോത, ചങ്കരൻ, പാണ്ടി എന്നീ പിതൃപരമ്പരയിലെ ഓരോ പേരുകളും ചക്കക്കുരുപോലെ ഓർത്തെടുത്തു. ‘‘പുറമ്പോക്കിലെ രണ്ടര സെന്റിൽ കിടന്നുകൊണ്ട് വായിൽക്കൊള്ളാത്ത പേരൊന്നും സ്വപ്നം കാണല്ലേ...’’ എന്ന് തങ്കോണി പറഞ്ഞെങ്കിലും ബൂസ്റ്റും ബോൺവിറ്റയും തണുത്ത മിൽമാ പാലും പഞ്ചസാരയും രസകദളി പഴവും ചേർത്ത് ഷാർജാ ഷേക്ക് ഉണ്ടാക്കുകയായിരുന്ന അവൾ അതൊന്നും കേട്ടതായേ ഭാവിച്ചില്ല. പകരം മിക്സിയുടെ വേഗം ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ ഠപ് ഠപേന്ന് കൂട്ടി മെർലിൻ മൺേട്രായെപ്പോലെ ഹാഫ്സ്കേർട്ട് കറക്കി ആനന്ദിച്ചു. അവൾ ചെമ്പരത്തിയിൽനിന്നും വൈഗയിലേക്ക് ജ്ഞാനസ്നാനംചെയ്യുക മാത്രമല്ല, ആ തന്ത തെണ്ടിയുടെ പേരിലെ തമ്പാൻകൂടി ചേർത്ത് പേരിനെ ‘വൈഗ ടി. തമ്പാൻ’ എന്ന് വിടർത്തിയിടുകയുംചെയ്തു. നാട്ടിൽ ആകെയുള്ള ഒരു തമ്പാന് കൊടുത്ത എട്ടിന്റെ പണി!! പുരോഗമനവാദികൾ രഹസ്യമായി അതുപറഞ്ഞ് തണുപ്പത്തിരുന്ന് ആനന്ദിച്ചപ്പോൾ, അമ്പലമുറ്റത്തെ ആൽത്തറയിലിരുന്ന കൈയിൽ ചരട് കെട്ടിയ ചേട്ടന്മാരുടെ നെറ്റിയിൽനിന്നും സിന്ദൂരം വിയർപ്പ് മണികൾക്കൊപ്പം പൊടിഞ്ഞു.
അങ്ങനെയാണ് പുതുപുത്തൻ പേരോടെ പട്ടം ഗവൺമെന്റ് ഗേൾസിലേക്ക് അവൾ മാറുന്നത്. സെക്രേട്ടറിയറ്റിലെ പൊളിറ്റിക്കൽ സെല്ലിലുള്ള പൊലീസുകാരന്റെ മകൻ കുമാരൻ തമ്പാൻ തങ്കോണിയെ വീട്ടിൽ വിളിച്ചുവരുത്തി മകളുടെ നെഗളിപ്പിനെ സർക്കാർ റൂളുകൾക്കുള്ളിൽനിന്നുകൊണ്ട് ചോദ്യംചെയ്തു. ഒന്നും ഏശിയില്ലെന്നു മാത്രമല്ല, അവൾ കുടുംബശ്രീ സംഘടിപ്പിച്ച ദേശീയമേളയിൽ ഹൈജമ്പിനും എണ്ണൂറ് മീറ്റർ ഓട്ടത്തിനും ൈപ്രസ് അടിക്കുകയും അയ്യൻകാളി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബുകാരെക്കൊണ്ട് പുതിയ പേരിൽ മൂന്ന് ഫ്ലക്സ് അടിപ്പിക്കുകയും ഒന്ന് സ്കൂൾ കവാടത്തിലും മറ്റൊന്ന് ചന്തയിലും മൂന്നാമത്തേത് അമ്പലമുറ്റത്തുമായി െവപ്പിക്കുകയും .
എൺപത് പിന്നിട്ട ഒറിജിനൽ തമ്പാനാണെങ്കിൽ തളർവാതം പിടിച്ച കിടക്കയിൽ കിടന്ന് മക്കളുടെ പരിഹാസം കേട്ട് വെന്തുരുകി. ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും മാറ്റിക്കൊടുക്കാത്ത ഡയപ്പർ തുടർച്ചയായി നനച്ചു.
അവൾ സൈക്കിൾ ചവിട്ടി സ്കൂളിൽ പോയി. മുടി േക്രാപ്പ് ചെയ്തു. മഴക്കാലത്തും കണ്ണിൽ ഇരുണ്ട നിറമുള്ള സൺഗ്ലാസ് െവച്ചു. പറയുന്ന മൂന്നിൽ രണ്ട് വാക്കിലും ഇംഗ്ലീഷ് പിടിപ്പിച്ചു. കൊറിയൻ പാട്ടുകൾ പാടി. േപ്രമം പറഞ്ഞുവന്നവർക്കെല്ലാം എൻട്രിപാസ് കൊടുത്തു. ചില മണ്ണുണ്ണികളോട് ശംഖുംമുഖത്തെ കടൽ സ്ത്രീധനമായി കൊടുക്കാമെന്ന് പറഞ്ഞു. ചില ഞരമ്പുരോഗികളോട് പുത്തരിക്കണ്ടത്ത് നക്ഷത്രങ്ങളെ എണ്ണി അന്തിയുറങ്ങാമെന്ന് പറഞ്ഞു. അദാനിയിൽനിന്ന് തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും വാങ്ങാമെന്ന് പറഞ്ഞു.
ഒരു തുണ്ട് ചക്കയിലും മുന്തിയിൽ ഒഴിപ്പിച്ചുകടത്തിയ ഒരു തുണ്ട് വാസനസോപ്പിലും നിറം മങ്ങിയ ഒരു അടിപ്പാവാടയിലുമെല്ലാം ആനന്ദം കാണുന്ന അമ്മയുടെ ജീവിതം അവളെ ഒരു അപകടകാരിയായ ആണവനിലയത്തോളംകൊണ്ട് എത്തിച്ചിരുന്നു. അവൾ ഇടക്കിടെ അമ്മയുടെ നേർക്ക് രൂക്ഷമായി അണുവികിരണങ്ങൾ നടത്തി. ഷണ്ഡീകരിച്ച് മൂലക്കിരുത്തുമെന്ന് ഭീഷണിപ്പെടുത്തി. എവിടെനിന്നെങ്കിലും കിട്ടിയ ഒരു പഴയസാരിയെടുത്ത് നീട്ടി ‘‘നിനക്കിത് കൊള്ളാമോ, എന്ന് നോക്കടീ...’’ എന്ന് അമ്മ ചോദിച്ചാൽ അവൾ ഉടൻ നെഞ്ച് ഉയർത്തി നോക്കും. ‘‘ഇത്തിരി തിന്ന് നോക്കടീ...’’ എന്ന് പറഞ്ഞ് എവിടെ നിന്നെങ്കിലും കെട്ടിപ്പൊതിഞ്ഞ് കൊണ്ടുവരുന്ന ചളിച്ച ിരിയാണിചോറോ, ചപ്പാത്തിയോ ഒക്കെ നീട്ടുമ്പോൾ അവൾ അടുക്കളയിൽ കയറി തലേന്നത്തെ കഞ്ഞിപ്പാത്രമെടുത്ത് മുന്നിൽ െവച്ച് താജിലെ ബുഫെയാണെന്ന് പറഞ്ഞ് കാന്താരി കടിച്ച് അതിനെ വാരിക്കുടിക്കും.
അങ്ങനെ അവർക്കിടയിൽ കാര്യങ്ങൾ പശ്ചിമഘട്ടത്തിലെ പാരിസ്ഥിതികാഘാതങ്ങളോളം പലവട്ടം എത്തിയിട്ടുണ്ട്. നല്ലൊരു പ്രളയം ഏതൊരു നിമിഷവും വരാം. അടിത്തട്ടിളകാം. എങ്കിലും തൽക്കാലം ഒന്ന് പിടിച്ചുനിൽക്കാൻ കഴിയുന്നതുവരെ അമ്മ ഏതൊക്കെയോ വീടുകളുടെ ടൈൽപാകിയ നിലം തുടയ്ക്കുന്നതും വാഷ് ബേസിനിൽ തലേന്നേ കുമിച്ചുവാരിയിട്ട പാത്രങ്ങൾ വിരൽ തേഞ്ഞ് തീരുന്നതുവരെ കഴുകുന്നതിലുമെല്ലാമുള്ള നാണക്കേട് അവൾക്ക് ഒളിച്ചുപിടിച്ചേ മതിയാകൂ... ശേഷം അവൾക്ക് അമ്മയെ യൂറോപ്യൻ ക്ലോസറ്റിൽ ഇരുത്തി ചന്തിയുടെ വേദന മാറുന്നതുവരെ തൂറിപ്പിക്കണം. നീല ടൈലുകൾ വിരിച്ച തറയിൽ മൂത്രം ഒഴിപ്പിക്കണം! അത് ആ നിലത്തുകൂടി ഒഴുകി ഒഴുകി കുറേ വീടുകളുടെ കിടപ്പറയിലും അടുക്കളയിലും വരാന്തയിലുമൊക്കെ എത്തണം. പിന്നെ അതൊരു പുഴയായി, ഒരു വലിയ നദിയായി, ഒരു മഹാസമുദ്രമായി, അതിലെ അലയായി അവളെ വെറുമൊരു കലം മെഴുക്കിയായും കള്ളിയായും കണ്ട വീടുകളെയും വീട്ടുകാരെയും വിഴുങ്ങണം.
‘‘വൈകേ...’’ എന്നാണ് തങ്കോണി മകളെ വിളിക്കുന്നത്. എത്ര ശ്രമിച്ചാലും അവൾക്ക് ‘ക’യ്ക്ക് പകരം ‘ഗ’ വരില്ല. നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഒരുവേള ചകിരി തേച്ച് കുളിക്കുമ്പോഴുമെല്ലാം അവൾ അത് തിരുത്തി പറഞ്ഞുനോക്കും. പറ്റില്ല! പാടാണ്!! തൂത്താലും തുടച്ചാലുമൊന്നും പോകാത്തവിധം ഉറച്ചുപോയ ഒരു പാട്!!
‘‘പറഞ്ഞ് പറഞ്ഞ് അതങ്ങ് മാറിക്കൊള്ളും അമ്മേ... അങ്ങനെയാണ് പലതും മാറിയത്. പറയാതിരുന്നാൽ ഒന്നും ഒരിക്കലും മാറില്ല.’’ വൈഗ അമ്മയെ എപ്പോഴും ഓർമപ്പെടുത്തും. അതുകൊണ്ടുതന്നെ പഴയ വഴക്കത്തിൽ ‘‘ചെമ്പരത്തി’’ എന്ന് വല്ലപ്പോഴുമൊക്കെ വിളിച്ചാൽ അവൾ തങ്കോണിക്ക് നേരെ കണ്ണുരുട്ടും. പിന്നെ ആ കണ്ണിൽനിന്ന് ഒരു ചുടല ഭദ്രകാളി തീവെട്ടിയുമായി ഇറങ്ങിനടക്കും. ‘‘തള്ളേ... ചെമ്പരത്തി പഴയ ഒരു ചെടിയാണ്. എന്നും വേലിക്കപ്പുറം നിൽക്കുന്ന ഒന്ന്. വൈഗ വേലിപൊളിച്ച് വീട്ടിനകത്ത് കടന്നവളാണ്. അവളെ തൊട്ടാൽ വിവരം അറിയും!!.’’ അവൾ ഉറഞ്ഞുതുള്ളും. അന്നേരം തങ്കോണി തൊഴുതുകൊണ്ട് പറയും: ‘‘ക്ഷമിക്ക് മോളേ... ഞാനൊരു മണ്ടങ്കൊണാപ്പീ... ഇനി തെറ്റിക്കില്ല.’’
പതിനാറായിരത്തി നാന്നൂറ്റി പതിനെട്ട് രൂപ വിലയുള്ള കൂളിങ്ഗ്ലാസ്. മുപ്പത്തിയേഴായിരത്തി അറുന്നൂറ് രൂപയുടെ ക്ലാസിക് വാച്ച്. പതിനായിരങ്ങൾ കടക്കുന്ന ബ്രാന്റഡ് തുണിത്തരങ്ങൾ. പാഞ്ഞുനടക്കാൻ ഇലക്ട്രിക് സ്കൂട്ടർ. മൂന്നിലേറെ ഐ ഫോണുകൾ. ആഴ്ചയിൽ ഒന്നുരണ്ട് വട്ടം വിമാനത്തിൽ പറക്കൽ. ദിവസവും ഇങ്ങനെ ഓരോന്ന് കാണുമ്പോൾ തങ്കോണിയുടെ നെഞ്ചിൻകൂട് പറപറാന്ന് മിടിക്കും. അതിനകത്ത് കിടക്കുന്ന ഒരു കുഞ്ഞ് കിളി ഇപ്പോൾ ശ്വാസംകിട്ടാതെ പിടഞ്ഞ് ചാകുമെന്ന് തോന്നും. അടിക്കടി മൂത്രമൊഴിക്കാൻ തോന്നും. ഒരു വറ്റുപോലും കഴിച്ചാൽ താഴോട്ടിറങ്ങൂല്ല. എന്തിന് ഏതെങ്കിലും ഒരു വീട്ടിൽനിന്ന് ഒരു മുറി തേങ്ങപോലും മോഷ്ടിക്കണമെന്ന് തോന്നാറില്ല! വീടിനു ചുറ്റും ആരൊക്കെയോ വന്ന് പതുങ്ങിനിൽക്കുന്നതായും അവർ വീടിന് തീയിടുന്നതായുമെല്ലാം അവൾക്ക് തോന്നും.
അന്നേരം ‘‘മോളേ...’’ ‘‘മക്കളേ...’’ എന്ന് വിളിച്ചുകൊണ്ട് ചെന്ന് തങ്കോണി വൈഗയെ തൊട്ടും തടവിയും നോക്കും. ‘‘നിന്നെ പെറ്റടിച്ചത് ഞാൻ തന്നേടീ കൊമ്പലേ..?’’ എന്ന് ചോദിക്കും. പുഴുചുരുട്ടിയും പെരുച്ചാഴി തോണ്ടിയുമൊക്കെ കരണ്ട് കരണ്ട് വേലിയിൽ നിൽക്കേണ്ട കുരുട്ടടിച്ചൊരു ചെമ്പരത്തിയിൽനിന്നും പതിനായിരങ്ങളും ലക്ഷങ്ങളുമുള്ള ഒരു മുട്ടൻ അലങ്കാര ചെടിയിലേക്ക് മകൾ പടർന്ന് വളർന്ന് വിലാസവതിയാകുന്നത് നെഞ്ചിടിച്ചുമറിയണൊരു പിടപ്പോടെയാണ് തങ്കോണി കണ്ടത്. ചില ദിവസങ്ങളിൽ രാത്രി പന്ത്രണ്ട് മണിക്കും രണ്ടുമണിക്കുമൊക്കെ അവൾ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് അടക്കോഴി ചെനയ്ക്കണതുപോലെ നീട്ടി കുറുകും.
മെസേജുകൾ കൊത്തിപ്പെറുക്കുകയും ചിലരൊടൊക്കെ മൈേക്രാഫോണിലൂടെ ഒച്ചതാഴ്ത്തി കുശുകുശുക്കുന്നതുമൊക്കെ കാണുമ്പോൾ ഒരു വരിച്ചില് പൊട്ടിയ കട്ടിലിൽ കിടന്ന് ചകരിത്തല പൊക്കിനോക്കിക്കൊണ്ട് തങ്കോണി ചോദിക്കും: ‘‘എടീ, നിനക്കെന്തര് പണിയെന്ന് തൂങ്ങാംപാറയിലെ സുധക്കുഞ്ഞും സരളക്കുഞ്ഞമ്മയുമൊക്കെ ചോദിക്കണ്... ’’
ആ കുനുഷ്ട് അവളുടെ ക്ഷമക്കുമീതെ ഒരു ചോരകുടിയൻ കൊതുകിനെപ്പോലെ പലവട്ടം മൂളിപ്പറക്കാൻ തുടങ്ങിയപ്പോൾ ‘‘രാജ്യത്തെ ഖജനാവ് ഒഴിയാതെ സൂക്ഷിക്കണ ധനകാര്യ മന്ത്രിയാണെന്ന് പറ കൂതറ തള്ളേ...’’ എന്നവൾ തങ്കോണിയെ ആട്ടി.
തമ്പാനൂരുള്ള അപക്സ് എന്ന ട്യൂഷൻ സെന്ററിൽ സെക്രേട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ തീവ്രപരിശീലനത്തിന് പോകുന്നെന്നാണ് അവൾ പലരോടും പറഞ്ഞിരുന്നത്. അതേസമയം, സംഘത്തിലെ വിദഗ്ധയായ ഒരു കാരിയറിനോട് അവൾ പറഞ്ഞു, ‘‘നല്ലൊരു ബിസിനസ് നടത്തിയിട്ടുവേണം തള്ളയുടെ നാലുവീട് നെരങ്ങണ ഈ എരപ്പ പണിയൊന്ന് പൂട്ടിക്കെട്ടാൻ!!’’
‘‘സെക്രട്ടറിയേറ്റിൽ ഉദ്യോഗം നേടി മുഖ്യമന്ത്രിക്കൊപ്പം ഇരുന്ന് മോള് കൊട്ടാരം ഭരിക്കാൻ പോണെന്ന് പറഞ്ഞപ്പം അതിങ്ങനത്തെ ഭരിപ്പാണെന്ന് അറിഞ്ഞില്ലല്ലോടീ, തങ്കോണി...’’ എന്നാണ് പണിക്കുപോകുന്ന വീട്ടിലെ ഡെപ്യൂട്ടി സെക്രട്ടറി അവളോട് ചോദിച്ചത്! തങ്കോണി അന്നേരം ഉള്ളംകാലു മുതൽ ഉച്ചംതലവരെ പടർന്നുകയറിയ ഒരു കോച്ചിപ്പിടുത്തത്തിന്റെ മരവിപ്പിൽ ‘‘പൊട്ടി തങ്കോണി’’യായി നിന്നു. രാവിലെ മുതൽ ഫോണുംകുത്തി ഇറയത്തങ്ങനെ ഇരിക്കുകയായിരുന്നു, അയാൾ.
പണിക്കു പോയിരുന്ന വീട്ടിലെ മൂന്ന് കാരണവന്മാരും തങ്കോണിയോട് ഇനി വരണ്ടെന്ന് പറഞ്ഞു. അവൾ അതുകേട്ട് ആയിരംതോപ്പിലെ കുറുക്കന്മാരെപ്പോലെ നീട്ടി ഓരിയിട്ടു. ‘‘ഞങ്ങൾക്ക് വയ്യടീ... പൊലീസും കോടതിയും ജയിലുമൊക്കെയായി കേറിയിറങ്ങാൻ! പള്ളിവാളും പട്ടുകോണാനുമൊക്കെ പോയെങ്കിലും തമ്പുരാൻ തന്നിട്ടുപോയ അൽപം അന്തസ്സും അഭിമാനവുമൊക്കെ ഇന്നും ഉണ്ട്. കടത്തിക്കൊണ്ടുവന്ന സ്വർണം വല്ലതും ഇവിടെക്കൊണ്ട് വച്ചേക്കേണെന്ന് പറഞ്ഞാൽ ഞങ്ങള് പെട്ടുപോകുമേ.!!’’
വൈഗ വിരലുകൾക്കിടയിൽനിന്ന് ഊർന്നുപോയ മൊബൈൽഫോണിനെ സാഹസികമായി പിടിച്ചെടുത്തുകൊണ്ട് നിലവിളിയും കരച്ചിലുമായി വീട്ടിലേക്ക് മടങ്ങിവന്ന തങ്കോണിയുടെ നേരെ കുരച്ചു ചാടി.
‘‘പ്ഫൂൂ... മിണ്ടരുത് പറട്ട തള്ളേ, പത്തുവീട്ടിൽ കലം മഴക്കണ നിങ്ങൾക്ക് എന്തര് അന്തസ്സ്? കണ്ടവന്റെ ഡൈനിങ് ടേബിളിലെ എച്ചിൽ എടുക്കുന്ന നിങ്ങക്ക് എന്തരഭിമാനം? ജീവിതത്തിലെന്നെങ്കിലും ആരുടെയെങ്കിലും മുന്നിൽ ചന്തിയുറപ്പിച്ച് ഇരുന്നിട്ടുണ്ടോ? ഏതെങ്കിലും അടുക്കളയിലെ വാഷ്ബേസിനിൽ കഫം കാറിയെടുത്ത് തുപ്പിയിട്ടുണ്ടോ? ലോഷൻ ഒഴിച്ച് ദിവസവും കഴുകുന്ന ടോയ്ലറ്റിൽ കയറി എപ്പോഴെങ്കിലും മൂത്രം ഒഴിച്ചിട്ടുണ്ടോ? ഏതു വൃത്തികേടും കൈയിട്ട് കഴുകും. ഏതെങ്കിലും നല്ലതിൽ തൊട്ടിട്ടുണ്ടോ? പുറത്തുകേറാൻ വരുമ്പോൾ കെടക്കാൻ നിലത്തല്ലാതെ ഒരു മെത്തപ്പുറം അവനൊക്കെ തന്നിട്ടുണ്ടോ?
ഒരു മുറി ചിരട്ടയും ഒരു തുണ്ട് സോപ്പും ഒരുരുള പുളിയുമൊക്കെ മോഷ്ടിച്ച് ‘‘കള്ളീ...’’ എന്ന വിളിയും കേട്ട് ജീവിതകാലം മുഴുവൻ നടക്കുന്നതിനെക്കാളും അന്തസ്സുണ്ട് തള്ളേ, മോള് സ്വർണക്കടത്ത് കേസിലെ പ്രതിയാണെന്ന് പറയാൻ! നോക്കിക്കോ... നാലഞ്ച് പൊലീസ് ജീപ്പ് ഇനി എന്നും ഈ മുറ്റത്ത് വന്നുപോകും. കൂറുമാറാനും ചില കൊമ്പന്മാരുടെ പേരുകൾ പറയാതിരിക്കാനും ചില പേരുകൾ പറയിക്കാനുമെല്ലാം ആരൊക്കെ ഇനി എന്നെ വിളിക്കുമെന്ന് നിങ്ങള് കണ്ടോ? ഞാൻ അതീന്നും നാലഞ്ച് ‘വെള്ള’ ഉണ്ടാക്കും.
ചില വെജിറ്റേറിയൻമാരെക്കൊണ്ട് ബീഫ് തീറ്റിക്കും. ചിലവന്മാരെക്കൊണ്ട് ബീഫിന് പകരം നല്ല ഉള്ളിയും തീറ്റിക്കും. ചാനൽകാരന്മാർ എന്റെ പിന്നാലെ കൊടിച്ചിപ്പട്ടികളെപ്പോലെ മറ്റേ കമ്പും നീട്ടിപ്പിടിച്ച് നടക്കും. എന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇനി ലക്ഷങ്ങളാകും ഫോളോവേഴ്സ്. ഞാൻ ഉടൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങും. അത് പൊളിക്കും. ഇനി നിങ്ങൾ എന്തൊക്കെ പറഞ്ഞാലും തള്ളേ... ഈ ഗൂഗിൾപേയുടെ കാലത്ത് ബാർട്ടർ സംവിധാനത്തിൽ ജീവിക്കാൻ എന്നെ കിട്ടില്ല. ഈ കേസിൽ ഞാൻ പെട്ടാലും ജയിൽ പോയാലും ഇനി നിങ്ങള റേറ്റ് നയൺ ഒൺ സിക്സാണ്!’’
വൈഗ ജീവിതത്തിൽ ആദ്യമായി തങ്കോണിയെ ചേർത്തുപിടിച്ചു. ജീവിതകാലം മുഴുവനും തേങ്ങാക്കള്ളിയെന്നും മാങ്ങാക്കള്ളിയെന്നുമൊക്കെ പഴികേട്ട് മിന്നലേറ്റ തെങ്ങിൻതലയുമായി തനിക്കുവേണ്ടി ജീവിച്ചുതീർത്ത ജീവിതത്തെ അവൾ ഹൃദയവേദനയോടെ ഓർത്തു. വൈഗ അന്നേരം അമ്മയോട് പറഞ്ഞു: ‘‘ഇനി നമുക്ക് ഇതിലും താഴോട്ട് പോകാൻ കഴിയില്ലമ്മേ...’’ മാറാലയും ചിതലുമൊക്കെ കയറിയ ചുമരിലെ തലേക്കെട്ടുള്ള ഒരു പ്രമാണിയുടെ പഴയ ഫോട്ടോ അവൾ ഇളക്കിമാറ്റി അകത്ത്് കൊണ്ടുെവച്ചു. എന്നിട്ട് അവിടെ അകത്തിരുന്ന ഒരു വലിയ നിലക്കണ്ണാടി എടുത്ത് അവിടെ പ്രതിഷ്ഠിച്ചു. അതിൽ പിടിച്ചിരുന്ന മെഴുക്ക് ഒരു നാപ്കിൻ പാഡിന്റെ നനുത്ത ഉള്ളുകൊണ്ട് തുടച്ചു. പിന്നെ അതിൽ മുഖം നോക്കിനിന്നു. പഴയൊരു വില്ലുവണ്ടി ഒരു ജംബോജെറ്റിന്റെ വേഗതയിൽ പായുന്നതായി അവൾ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.