സെന്റ് അന്ന തടാകം, ഏകദേശം 950 മീറ്റർ ഉയരത്തിൽ ഒരു അഗ്നിപർവത ഗർത്തത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന അവിശ്വസനീയമാം വിധം വൃത്താകൃതിയിലുള്ള ഒരു നിർജീവ തടാകമാണ്. മഴവെള്ളം നിറഞ്ഞ ഈ തടാകത്തിൽ ജീവിക്കുന്ന ഒരേയൊരു മത്സ്യ ഇനം മുഷികൾ മാത്രമാണ്. പൈൻമരങ്ങൾ നിറഞ്ഞ വനങ്ങളിൽനിന്ന് വെള്ളം കുടിക്കാനായി കരടികൾ ഇറങ്ങുമ്പോൾ മനുഷ്യർ നടക്കുന്ന പാതകളിൽനിന്ന് വ്യത്യസ്തമായ വഴികളാണ് ഉപയോഗിക്കാറ്. തടാകത്തിന്റെ അങ്ങേയറ്റത്തുള്ള, അധികമാരും സന്ദർശിക്കാത്ത ഒരു ഭാഗം പരന്ന ചതുപ്പുനിലമാണ്. ഇന്ന് തടികൊണ്ടുള്ള പലകകൾ പാകിയ ഒരു പാത ഈ ചതുപ്പിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്നു. ഇതിനെയാണ് മോസ് തടാകം (Moss Lake) എന്ന് വിളിക്കുന്നത്. ഈ തടാകത്തിലെ വെള്ളത്തെക്കുറിച്ച് അത് ഒരിക്കലും തണുത്തുറയുകയില്ല എന്നൊരു ധാരണയുണ്ട്. അതിന്റെ മധ്യഭാഗം എപ്പോഴും ചൂടുള്ളതായിരിക്കും. സഹസ്രാബ്ദങ്ങളായി ഈ ഗർത്തം നിർജീവമാണ്, തടാകത്തിലെ വെള്ളവും അങ്ങനെതന്നെ. ഈ ഭൂ ഭാഗത്ത് ഒരു വലിയ നിശ്ശബ്ദത എപ്പോഴും തളംകെട്ടി നിന്നിരുന്നു.
“ഇത് ഏറെ അനുയോജ്യമായ ഒരിടമാണ്” –സംഘാടകരിൽ ഒരാൾ ആദ്യദിവസം എത്തിച്ചേർന്നവർക്ക് ക്യാമ്പ് കാണിച്ചുകൊടുക്കുന്നതിനിടയിൽ അഭിപ്രായപ്പെട്ടു. ആത്മപരിശോധനക്കും എന്നെന്നും ഓർമയിൽ തങ്ങിനിൽക്കുന്ന ഉന്മേഷകരമായ നടത്തത്തിനും ഏറ്റവും അനുയോജ്യം; ക്യാമ്പിനോട് ചേർന്നുള്ള, ആയിരം മീറ്റർ കൊടുമുടി എന്നറിയപ്പെടുന്ന ഉയർന്ന പർവതത്തിന്റെ സാമീപ്യം എല്ലാവരും നന്നായി പ്രയോജനപ്പെടുത്തി; അങ്ങനെ രണ്ട് ദിശകളിലും –കൊടുമുടിയുടെ മുകളിലോട്ടും, അവിടന്നു താഴേക്കും– കാൽനടക്കാരുടെ തിരക്കോട് തിരക്കായിരുന്നു... ‘തിരക്ക്’!… അതിനർഥം താഴെയുള്ള ക്യാമ്പിൽ ഇതിലും ആവേശകരമായ പരിശ്രമങ്ങൾ നടക്കുന്നില്ല എന്നല്ല… സമയം പതിവുപോലെ കടന്നുപൊയ്ക്കൊണ്ടിരുന്നു.
ഈ ഭൂ ഭാഗത്തിനായി സങ്കൽപിക്കപ്പെട്ട സൃഷ്ടിപരമായ ആശയങ്ങൾ രൂപംകൊള്ളുകയും ഭാവനാ ലോകത്ത് അവയുടെ അന്തിമരൂപത്തിലെത്തിച്ചേരുകയും ചെയ്തപ്പോഴേക്കും അവർ എല്ലാവരും തങ്ങൾക്ക് അനുവദിച്ച ഇടങ്ങളിൽ താമസമുറപ്പിച്ചു; സ്വന്തം കൈകൊണ്ടുതന്നെ സാധനങ്ങളെല്ലാം അടുക്കിവെച്ച് സൗകര്യമൊരുക്കി; മിക്കവർക്കും പ്രധാന കെട്ടിടത്തിൽ ഒരു സ്വകാര്യമുറി ലഭിച്ചു, എന്നാൽ ചിലർ ഒരു തടിക്കുടിലിലേക്കോ, അല്ലെങ്കിൽ ഉപയോഗശൂന്യമായി വീഴാറായിക്കിടന്നിരുന്ന ഷെഡിലേക്കോ മാറി. മൂന്നു പേർ ക്യാമ്പിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിച്ച ഭവനത്തിന്റെ വിശാലമായ മച്ചിൻപുറത്തേക്ക് പോയി ഓരോരുത്തരും അവർക്കായി പ്രത്യേക ഇടങ്ങൾ തിരിച്ചുവെച്ചു. ഇത്, സത്യം പറഞ്ഞാൽ എല്ലാവരുടെയും ഒരു വലിയ ആവശ്യം ആയിരുന്നു; ജോലി ചെയ്യുമ്പോൾ ഏകാന്തതയും, ശാന്തതയും; പിന്നെ, തടസ്സമില്ലാത്ത, അലോസരപ്പെടുത്താത്ത ഒരന്തരീക്ഷവും അവർക്ക് ആവശ്യമായിരുന്നു. അങ്ങനെ അവർ തങ്ങളുടെ ജോലിക്ക് തുടക്കം കുറിച്ചു. ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു... കൂടുതൽ സമയവും ജോലിയിൽ മുഴുകി, അതിൽ ചെറിയൊരു പങ്ക് നടത്തത്തിനും, തടാകത്തിലെ സന്തോഷകരമായ കുളിക്കും, ഭക്ഷണത്തിനും, വീട്ടിലുണ്ടാക്കിയ വീഞ്ഞു കുടിക്കാനും, ക്യാമ്പ്ഫയറിനു ചുറ്റുമിരുന്നു പാട്ടുകൾ പാടിയുള്ള സായാഹ്നങ്ങൾക്കായും നീക്കിവെച്ചു.
ഇതിനിടയിൽ പതുക്കെയാണെങ്കിലും തീർച്ചയായും ഒരു യാഥാർഥ്യം വെളിപ്പെട്ടു വന്നുകൊണ്ടിരുന്നു. അതായത്, ഒരു സാമാന്യവിഷയം ഈ കഥാഖ്യാനത്തിനായി ഉപയോഗിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് തെളിഞ്ഞു. ആദ്യത്തെ പ്രവൃത്തി ദിവസം തന്നെ തീക്ഷ്ണ ദൃഷ്ടികൾക്ക് ഇത് ബോധ്യമായിരുന്നു; എന്നാൽ, മൂന്നാം ദിവസം രാവിലെയായപ്പോഴേക്കും മിക്കവർക്കും ഇതൊരു സ്ഥിരീകരിച്ച കാര്യമായി മാറി –ആ പന്ത്രണ്ട് പേരിൽ ഒരാൾ, ബാക്കിയുള്ളവരിൽനിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന്റെ വരവുതന്നെ അതി നിഗൂഢമായിരുന്നു; അല്ലെങ്കിൽ മറ്റുള്ളവരുടേതിൽനിന്ന് വളരെ വിഭിന്നമായിരുന്നു. കാരണം, അദ്ദേഹം ട്രെയിനിലോ ബസിലോ ആയിരുന്നില്ല എത്തിയത്; വിശ്വസിക്കാൻ അൽപം പ്രയാസം തോന്നുമായിരിക്കും. പക്ഷേ, അദ്ദേഹം എത്തിയ ദിവസം ഉച്ചതിരിഞ്ഞ്, ഏകദേശം ആറു മണിയോ ആറരയോ ആയപ്പോൾ, ഒരു കാൽനടയാത്രക്കാരനെപ്പോലെ ക്യാമ്പിന്റെ മുഖ്യ കവാടം തുറന്ന് അകത്തേക്ക് കയറിവന്നു; അവിടെയുള്ള മറ്റുള്ളവരെ കണ്ടപ്പോൾ ഒരു ചെറിയ തലയാട്ടൽ മാത്രമായിരുന്നു പ്രതികരണം.
സംഘാടകർ വളരെ വിനയത്തോടെയും പ്രത്യേക ബഹുമാനത്തോടെയും അദ്ദേഹത്തിന്റെ പേര് ആരാഞ്ഞപ്പോഴും, തുടർന്ന് അദ്ദേഹം എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് കൂടുതൽ നിർബന്ധിച്ച് ചോദിച്ചപ്പോഴും, റോഡിലെ ഒരു വളവ് വരെ ആരോ കാറിൽ കൊണ്ടുവന്നു എന്ന് മാത്രമാണ് അദ്ദേഹം മറുപടി നൽകിയത്. എന്നാൽ ആ നിശ്ശബ്ദതയിൽ, അദ്ദേഹത്തെ ‘റോഡിലെ ഒരു വളവിൽ’ ഇറക്കിവിട്ടതായി തോന്നിക്കുന്ന കാറിന്റേതായ യാതൊരു ശബ്ദവും ആരും കേട്ടിരുന്നില്ല. അതിനാൽത്തന്നെ, അദ്ദേഹം കാറിൽ വന്ന; എന്നാൽ മുഴുവനായും വന്നില്ല; ഒരു പ്രത്യേക വളവ് വരെ വന്ന് ഇടയ്ക്കുവെച്ചു ഇറങ്ങിപ്പോന്നു... എന്നീ ആശയങ്ങളെല്ലാം അവിശ്വസനീയമായി തോന്നി, അതുകൊണ്ടുതന്നെ ആരും അദ്ദേഹത്തിന്റെ വാക്കുകളെ പൂർണമായി വിശ്വസിച്ചില്ല. അല്ലെങ്കിൽ, കൂടുതൽ കൃത്യമായിപ്പറഞ്ഞാൽ, അദ്ദേഹത്തിന്റെ വാക്കുകളെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് ആർക്കും അറിയില്ലായിരുന്നു. അങ്ങനെ, ആഗമനത്തിന്റെ ആദ്യ ദിവസം തന്നെ, അദ്ദേഹത്തെക്കുറിച്ച് ശുദ്ധ അസംബന്ധമായിരുന്നെങ്കിൽപോലും സാധ്യമായതും യുക്തിസഹമായതുമായ ഒരേയൊരു നിഗമനം മറ്റുള്ളവരിൽ അവശേഷിച്ചു: അതായത്, അദ്ദേഹം വഴിയത്രയും കാൽനടയായി യാത്രചെയ്തുവെന്ന്.
അദ്ദേഹം ബുക്കാറസ്റ്റിൽനിന്ന് കാൽനടയായിട്ടായിരിക്കുമോ യാത്ര തുടങ്ങിയിട്ടുണ്ടാകുക? ഇവിടേക്കുള്ള ട്രെയിനിലും തുടർന്ന് ബസിലും കയറുന്നതിന് പകരം, കേവലം കാൽനടയായിട്ടായിരിക്കുമോ അദ്ദേഹം ഇവിടേക്ക് എത്തിച്ചേർന്നിട്ടുണ്ടാകുക? –അങ്ങനെയാണെങ്കിൽ ആർക്കറിയാം എത്ര ആഴ്ചകളായി ഇങ്ങനെ യാത്രചെയ്യുന്നു എന്ന്!– സെന്റ് അന്ന തടാകത്തിലേക്കുള്ള ദീർഘമായ ആ യാത്ര, വൈകുന്നേരം ആറിനോ ആറരയ്ക്കോ ക്യാമ്പിന്റെ ഗേറ്റിലൂടെയുള്ള പ്രവേശനം, സംഘാടക സമിതിക്ക് ഇയോൺ ഗ്രിഗോറെസ്ക്യുവിനെ അഭിവാദ്യംചെയ്യാൻ ഭാഗ്യമുണ്ടായോ എന്ന് ചോദിച്ചപ്പോൾ, ഒരു ചെറിയ തലയാട്ടലിലൂടെയുള്ള അദ്ദേഹത്തിന്റെ മറുപടി –എല്ലാം വിചിത്രമായിരുന്നു.
അദ്ദേഹത്തിന്റെ കഥയുടെ വിശ്വാസ്യത അദ്ദേഹത്തിന്റെ ചെരിപ്പുകളുടെ അവസ്ഥയെ ആശ്രയിച്ചായിരുന്നെങ്കിൽ, ആർക്കും ഒരു സംശയവും ഉണ്ടാകുമായിരുന്നില്ല: ഒരുപക്ഷേ വാങ്ങിയ സമയത്ത് തവിട്ട് നിറമായിരുന്ന, കൃത്രിമ തുകൽകൊണ്ടുള്ള, കാൽവിരലിന്റെ ഭാഗത്ത് ഒരു ചെറിയ അലങ്കാര തുന്നലുള്ള (എന്നാൽ ഇപ്പോൾ അതെല്ലാം അഴിഞ്ഞു തൂങ്ങിക്കിടന്നിരുന്നു) വേനൽക്കാല പാദരക്ഷകളായിരുന്നു അവ. രണ്ട് ഷൂസുകളുടെയും അടിഭാഗം മുകൾഭാഗത്തുനിന്ന് വേർപെട്ടുപോയിരുന്നു; ഉപ്പൂറ്റികൾ പൂർണമായും തേഞ്ഞിരുന്നു, വലത് കാൽവിരലിന്റെ ഭാഗത്ത് തുകലിൽ ദ്വാരം വീണ് ഉള്ളിലെ സോക്സ് പുറത്തേക്ക് കാണാമായിരുന്നു. എന്നാലിത് കേവലം ഷൂസുകളുടെ കാര്യം മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും അവസാനം വരെ ഒരു രഹസ്യമായി തുടർന്നു. എന്തായാലും, അദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങളിൽ പലതും മറ്റുള്ളവരുടെ പാശ്ചാത്യമോ പാശ്ചാത്യവത്കരിക്കപ്പെട്ടതോ ആയ വസ്ത്രധാരണത്തിൽനിന്ന് വേറിട്ടുനിന്നു. കാരണം, ഈ വസ്ത്രങ്ങൾ എൺപതുകളുടെ അവസാന കാലഘട്ടത്തിലെ ചൗസെസ്കു യുഗത്തിന്റെ ദുരിതക്കയത്തിൽനിന്ന് നേരെ ഈ നിമിഷത്തിലേക്ക് ഇറങ്ങിവന്ന ഒരു വ്യക്തിയുടേതാണെന്ന് തോന്നിപ്പിച്ചു. തിരിച്ചറിയാനാവാത്ത നിറത്തിലുള്ള കട്ടിയുള്ള ഫ്ലാനൽപോലുള്ള തുണികൊണ്ടു നിർമിച്ച അയഞ്ഞ ട്രൗസർ കണങ്കാലിൽ തളർന്ന് തൂങ്ങിക്കിടന്നു, എന്നാൽ അതിലും വേദനാജനകമായിരുന്നു അദ്ദേഹത്തിന്റെ കാർഡിഗന്റെ അവസ്ഥ; നിരാശയുളവാക്കുന്ന രീതിയിൽ അയഞ്ഞതും ചതുപ്പുനിലത്തെ പച്ചനിറത്തോട് കൂടിയതും ആയിരുന്നു ആ കാർഡിഗൻ; അതിനകത്ത് ധരിച്ചിരുന്ന കള്ളി ഷർട്ട് വേനൽ ചൂടുണ്ടായിട്ടും കഴുത്തറ്റം വരെ ബട്ടണിട്ട നിലയിലായിരുന്നു.
ഒരു നീർപക്ഷിയെപ്പോലെ മെലിഞ്ഞവനായിരുന്നു അദ്ദേഹം. തോളുകൾ കൂനിക്കൂടിയിരുന്നു; കഷണ്ടി കയറിയ, ഭയപ്പെടുത്തുന്ന രീതിയിൽ മെലിഞ്ഞ ആ മുഖത്ത് കലർപ്പില്ലാത്ത കടുംതവിട്ട് നിറത്തിലുള്ള രണ്ട് കണ്ണുകൾ ജ്വലിച്ചു നിന്നു –യഥാർഥത്തിൽ ജ്വലിക്കുന്ന രണ്ട് കണ്ണുകൾ. എന്നാൽ, അവ ഉള്ളിന്റെയുള്ളിലെ തീ കൊണ്ടല്ല ജ്വലിച്ചിരുന്നത്, മറിച്ച് നിശ്ചലമായ രണ്ട് കണ്ണാടികൾപോലെ പുറത്ത് എന്തോ ഒന്ന് പുകയുന്നുണ്ടെന്ന് കേവലം പ്രതിഫലിപ്പിക്കുകയായിരുന്നു.
മൂന്നാം ദിവസം ആയപ്പോഴേക്കും അവർക്കെല്ലാം ഒരു കാര്യം മനസ്സിലായി, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ക്യാമ്പ് എന്നത് ക്യാമ്പ് ആയിരുന്നില്ല, ജോലിയെന്നത് ജോലി ആയിരുന്നില്ല, വേനലെന്നത് വേനൽ ആയിരുന്നില്ല. ഇതുപോലുള്ള ഒത്തുചേരലുകളിൽ സാധാരണയായി കാണാറുള്ള നീന്തലോ അവധിക്കാലത്തിന്റേതായ സന്തോഷകരമായ വിശ്രമമോ ഒന്നും അദ്ദേഹത്തെ സംബന്ധിക്കുന്നതായിരുന്നില്ല. അദ്ദേഹം സംഘാടകരോട് പുതിയ പാദരക്ഷകൾ ആവശ്യപ്പെടുകയും അത് നേടുകയുംചെയ്തു. (അടുക്കളപ്പുരയിലെ ഒരു ആണിയിൽ തൂങ്ങിക്കിടന്നിരുന്ന ഒരു ജോടി ബൂട്ടുകളാണ് അവർ അദ്ദേഹത്തിനായി കണ്ടെത്തിയത്.) അത് അദ്ദേഹം ദിവസം മുഴുവൻ ധരിച്ചു. ക്യാമ്പിനുള്ളിലൂടെ മുകളിലോട്ടും താഴോട്ടും നടന്നു, പക്ഷേ, ഒരിക്കൽപോലും ക്യാമ്പിന്റെ അതിരുകൾ വിട്ട് പുറത്തുപോയില്ല, ഒരിക്കലും കൊടുമുടിയിലേക്ക് കയറുകയോ, താഴേക്ക് ഇറങ്ങുകയോ ചെയ്തില്ല, ഒരിക്കലും തടാകത്തിന് ചുറ്റും നടക്കുകയോ, മോസ് തടാകത്തിന് മുകളിലൂടെയുള്ള തടിക്കഷ്ണങ്ങളിലൂടെ നടക്കാൻപോലും പോവുകയോ ചെയ്തില്ല. അദ്ദേഹം ക്യാമ്പിനകത്തുതന്നെ തുടർന്നു. അവിടെയുമിവിടെയും അദ്ദേഹം പ്രത്യക്ഷപ്പെട്ടു; മറ്റുള്ളവർ എന്താണ് ചെയ്യുന്നതെന്ന് നോക്കി അങ്ങോട്ടുമിങ്ങോട്ടും നടന്നു; പ്രധാന കെട്ടിടത്തിലെ എല്ലാ മുറികൾക്ക് മുന്നിലൂടെയും കടന്നുപോയി, ചിത്രകാരന്മാരുടെയും, പ്രിന്റ് നിർമാതാക്കളുടെയും, ശിൽപികളുടെയും പിന്നിൽ നിന്നു, ഒരു പ്രത്യേക സൃഷ്ടി ഓരോ ദിവസം ചെല്ലുന്തോറും എങ്ങനെ മാറുന്നു എന്ന് അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു; അദ്ദേഹം മുകളിലെ നിലയിലേക്കും കയറിനോക്കി, ഷെഡിലും തടികൊണ്ടുള്ള കുടിലിലും പോയി, പക്ഷേ ആരോടും സംസാരിച്ചില്ല, ഒരു ചോദ്യത്തിനും നേരിയൊരംശംപോലും മറുപടി നൽകിയില്ല, അദ്ദേഹം ബധിരനോ ഊമയോ ആണെങ്കിൽ എന്നപോലെ, അല്ലെങ്കിൽ അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് മനസ്സിലാകുന്നില്ല എന്നപോലെ; തികച്ചും വാക്കുകളില്ലാത്തവനായി, നിസ്സംഗനായി, നിർജീവമായി, ഒരു പ്രേതത്തെപ്പോലെ ആയിരുന്നു അദ്ദേഹം. ഗ്രിഗോറെസ്ക്യു അവരെ നിരീക്ഷിക്കുന്നതുപോലെ, അവർ പതിനൊന്ന് പേരും അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അവരെല്ലാം ഒരു തിരിച്ചറിവിലേക്ക് എത്തിച്ചേർന്നു, അത് അന്ന് വൈകുന്നേരം തീയ്ക്ക് ചുറ്റുമിരുന്ന് അവർ പരസ്പരം ചർച്ചചെയ്യുകയും ചെയ്തു. (ഗ്രിഗോറെസ്ക്യു എപ്പോഴും നേരത്തേ ഉറങ്ങാൻ പോയിരുന്നതുകൊണ്ട് അദ്ദേഹം ഒരിക്കലും കൂട്ടാളികളെ പിന്തുടരുന്നത് കണ്ടിട്ടില്ല). ആ തിരിച്ചറിവ് ഇതായിരുന്നു: ഒരുപക്ഷേ അദ്ദേഹത്തിന്റെ വരവ് വിചിത്രമാണ്, അദ്ദേഹത്തിന്റെ ഷൂസുകൾ വിചിത്രമാണ്, കാർഡിഗൻ, മെലിഞ്ഞ മുഖം, എല്ലും തോലും, കണ്ണുകൾ, എല്ലാം തികച്ചും വിചിത്രമാണ് –പക്ഷേ, എല്ലാറ്റിലുമുപരിയായി അവർ മനസ്സിലാക്കിയ വിചിത്രമായ ഒരു കാര്യം, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രശസ്തനും കർമനിരതനും സൃഷ്ടിപരമായ നിർമാണങ്ങളിൽ വിദഗ്ധനുമായ ഈ കലാകാരൻ, എല്ലാവരും ജോലിചെയ്യുന്ന ഈ സ്ഥലത്ത്, സദാനേരം ചുമ്മാ ഇരിക്കുന്നു എന്നതായിരുന്നു. ഇത്രയും കാലം അവർ അക്കാര്യം ശ്രദ്ധിച്ചില്ലായിരുന്നു.
അദ്ദേഹം ഒന്നും ചെയ്യുന്നില്ലായിരുന്നു എന്ന അവരുടെ തിരിച്ചറിവിൽ അവർ ആശ്ചര്യപ്പെട്ടു, എന്നാൽ, അതിലേറെ അവരെ ആശ്ചര്യപ്പെടുത്തിയത് ക്യാമ്പിന്റെ തുടക്കത്തിൽത്തന്നെ അവരിത് ശ്രദ്ധിക്കാതെ പോയല്ലോ എന്നതാണ്; എണ്ണി നോക്കുമ്പോൾ ആറോ, ഏഴോ, എട്ടോ ദിവസം കടന്നുപോയിരുന്നു; ഇതിനിടയിൽ ചിലർ തങ്ങളുടെ കലാസൃഷ്ടികൾക്ക് അവസാന മിനുക്കുപണികൾ ചെയ്യാൻ തയാറെടുക്കുകയായിരുന്നു, എന്നിട്ടും ഇപ്പോൾ മാത്രമാണ് ഇക്കാര്യം അവർക്ക് പൂർണമായും ബോധ്യപ്പെട്ടത്.
യഥാർഥത്തിൽ അദ്ദേഹം എന്താണ് ചെയ്തിരുന്നത്?
ഒന്നും ചെയ്തില്ല, ഒന്നും തന്നെയില്ല.
അന്നുമുതൽ അവർ അദ്ദേഹത്തെ പൂർണമായും നിരീക്ഷിക്കാൻ തുടങ്ങി. ഒരവസരത്തിൽ, ഏകദേശം പത്താം ദിവസം, അവരൊരു കാര്യം മനസ്സിലാക്കി. സൂര്യോദയത്തിലും പ്രഭാതത്തിലും, മറ്റുള്ളവരിൽ ഭൂരിഭാഗവും ഉറങ്ങുമ്പോൾ, താരതമ്യേന ദൈർഘ്യമുള്ള ആ സമയത്ത്, സാധാരണയായി നേരത്തേ ഉറക്കമുണരുന്ന വ്യക്തിയായി അറിയപ്പെടുന്ന ഗ്രിഗോറെസ്ക്യു, അപ്രത്യക്ഷനായിരിക്കും. തടികൊണ്ടുള്ള കുടിലിനടുത്തില്ല, ഷെഡിനടുത്തില്ല, കെട്ടിടത്തിനകത്തും പുറത്തും ഇല്ല; അദ്ദേഹം ചുമ്മാ അദൃശ്യനായിപ്പോയി, ഒരു നിശ്ചിത സമയത്തേക്ക് എവിടെയോ നഷ്ടപ്പെട്ടുപോയപോലെ...
കൗതുകം കാരണം, പന്ത്രണ്ടാം ദിവസം വൈകുന്നേരം ചില കലാകാരന്മാർ അടുത്ത ദിവസം അതിരാവിലെ എഴുന്നേറ്റ് ഈ വിഷയം അന്വേഷിക്കാൻ തീരുമാനിച്ചു. ഹംഗറിക്കാരനായ ഒരു ചിത്രകാരൻ മറ്റുള്ളവരെ വിളിച്ചുണർത്താനുള്ള ചുമതലയും ഏറ്റെടുത്തു.
ഇരുട്ട് മാറിയിരുന്നില്ല, ഗ്രിഗോറെസ്ക്യു തന്റെ മുറിയിലില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവർ പ്രധാന കെട്ടിടത്തിന് ചുറ്റും നടന്നന്വേഷിച്ചു, തുടർന്ന് മുഖ്യ കവാടത്തിലൂടെ പുറത്തുപോയി, വീണ്ടും തിരികെ വന്നു. തടികൊണ്ടുള്ള കുടിലിന്റെ അടുത്തും ഷെഡിന്റെ അടുത്തും പോയി നോക്കി, എവിടെയും അദ്ദേഹത്തിന്റെ ഒരു അടയാളവും കണ്ടെത്താൻ കഴിഞ്ഞില്ല. ആശയക്കുഴപ്പത്തിലായ അവർ പരസ്പരം നോക്കി. തടാകത്തിൽനിന്ന് ഒരു നേർത്ത കാറ്റ് വീശി, പ്രഭാതം മെല്ലെ വിടരാൻ തുടങ്ങിയിരുന്നു, അപ്പോഴവർക്ക് പരസ്പരം വ്യക്തമായി കാണാൻ കഴിഞ്ഞു; പരിപൂർണ നിശ്ശബ്ദത.
ആ സമയം അവർ ഒരു ശബ്ദം ശ്രദ്ധിച്ചു; അത് കേൾക്കാൻ പ്രയാസമുള്ളതും എങ്ങുനിന്നാണ് വരുന്നതെന്ന് തിരിച്ചറിയാൻ കഴിയാത്തതുമായിരുന്നു. അങ്ങകലെ നിന്നാണത് വരുന്നത്. ക്യാമ്പിന്റെ പ്രാന്ത പ്രദേശത്തുനിന്ന്. അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ അദൃശ്യ അതിർത്തികൾപോലെ ക്യാമ്പിന്റെ അതിരുകൾ അടയാളപ്പെടുത്തുന്ന രീതിയിൽ മറുവശത്ത് സ്ഥിതിചെയ്യുന്ന രണ്ട് ഔട്ട് ഹൗസുകൾക്കരികിൽനിന്ന്. കാരണം, ആ സ്ഥലത്തിനപ്പുറം, അതിരു തിരിച്ചുവെച്ചിട്ടില്ലെങ്കിലും, ഭൂപ്രദേശം ഒരു തുറന്ന മൈതാനം അല്ലാതായി മാറുന്നു; പ്രകൃതിയിൽനിന്നും മനുഷ്യൻ കൈയടക്കിയ അതിനെ തിരിച്ചെടുക്കാൻ പ്രകൃതിക്ക് ഇനിയും താൽപര്യമുണ്ടെങ്കിലും ഇതുവരെയും മനുഷ്യരാരും അതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. പരിഷ്കൃതമല്ലാത്ത, ഭയാനകമാംവിധം വിജനമായൊരു പ്രദേശംപോലെ, ജീർണിച്ച റഫ്രിജറേറ്ററുകൾ മുതൽ അടുക്കളയിലെ ദൈനംദിന മാലിന്യം വരെ തള്ളാനുള്ള ഒരിടമായി ഉപയോഗിക്കുന്നതിനുമപ്പുറം ക്യാമ്പിന്റെ ഉടമകൾ ആ പ്രദേശത്തിനുമേൽ പ്രത്യക്ഷത്തിൽ യാതൊരു അവകാശവും പ്രകടിപ്പിച്ചിരുന്നില്ല. അതിനാൽതന്നെ കാലക്രമേണ ആ പ്രദേശം മുഴുവൻ ബലിഷ്ഠമായ, അകത്തു കയറാൻ പ്രയാസമുള്ള, ആളൊപ്പം പൊക്കത്തിൽ ഇടതൂർന്നുവളർന്ന കളകൾ കൊണ്ട് മൂടിയിരുന്നു; അവ മുള്ളുകൾ നിറഞ്ഞതും, കടുപ്പമേറിയതും, ഉപയോഗശൂന്യമായതും നശിപ്പിക്കാൻ സാധിക്കാത്തവയുമായിരുന്നു.
ഈ കുറ്റിക്കാടുകൾക്ക് അപ്പുറത്തുള്ള ഒരു സ്ഥലത്തുനിന്ന്, ആ ശബ്ദം തങ്ങളിലേക്ക് അരിച്ചെത്തുന്നത് അവർ കേട്ടു.
മുന്നിലുള്ള ദൗത്യത്തെക്കുറിച്ചോർത്ത് അവർ അധികനേരം മടിച്ചുനിന്നില്ല: ഒരു വാക്കുപോലും ഉരിയാടാതെ, അവർ പരസ്പരം നോക്കി, നിശ്ശബ്ദമായി തലയാട്ടി, കുറ്റിക്കാടുകൾക്കിടയിലേക്ക് ചാടിവീണു മുന്നോട്ട് കുതിച്ചു, എന്തോ ഒന്നിനെ ലക്ഷ്യമാക്കി...
അവർ ക്യാമ്പിന്റെ കെട്ടിടങ്ങളിൽനിന്ന് വളരെ അകലെ, വളരെ താഴേക്ക് എത്തിച്ചേർന്നപ്പോൾ, ആ ശബ്ദം എന്താണെന്ന് തിരിച്ചറിയാനും ആരോ കുഴിക്കുകയാണ് എന്ന് ഉറപ്പിക്കാനും അവർക്ക് കഴിഞ്ഞു.
അവർ ചുറ്റും പരതി നടന്നു, കാരണം മൺവെട്ടി മണ്ണിൽ അമരുന്നതും, മണ്ണ് മുകളിലേക്ക് തെറിച്ച് കുതിരവാലൻ പുല്ലിൽ തട്ടി ശബ്ദമുണ്ടാക്കി പരക്കുന്നതും അവർക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
അവർക്ക് വലത്തോട്ട് തിരിഞ്ഞു പത്തോ പതിനഞ്ചോ ചുവടുകൾ മുന്നോട്ട് വെക്കേണ്ടതായും വന്നു. അവർ ഒരുപാട് വേഗത്തിൽ അവിടേക്കു ഓടിയെത്തിയതിനാൽ ഒരുപക്ഷേ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് പതിച്ചേനേ... അവർ ഏകദേശം മൂന്ന് മീറ്റർ വീതിയും അഞ്ച് മീറ്റർ നീളവുമുള്ള ഒരു വലിയ കുഴിയുടെ അരികിൽ നിൽക്കുകയായിരുന്നു, അതിന്റെ അടിയിൽ ഗ്രിഗോറെസ്ക്യു ശ്രദ്ധയോടെ ജോലിചെയ്യുന്നത് അവർ കണ്ടു. കുഴിക്ക് അത്രമേൽ ആഴമുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ തല കഷ്ടിച്ച് മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. അദ്ദേഹം ശ്രദ്ധാലുവായി ജോലിചെയ്തിരുന്നതിനാൽ അവർ അടുത്തേക്ക് വന്നത് അദ്ദേഹം ഒട്ടും ശ്രദ്ധിച്ചില്ല. അവർ ആ ഭീമാകാരമായ കുഴിയുടെ അരികിൽനിന്നു, താഴെയുള്ള കാഴ്ച നോക്കി.
അവിടെ താഴെ, കുഴിയുടെ മധ്യത്തിൽ, അവർ ഒരു കുതിരയെ കണ്ടു – ജീവനുള്ളതിന്റെ അത്രയും വലുപ്പത്തിൽ, മണ്ണുകൊണ്ട് കൊത്തിയെടുത്തത് – ആദ്യം അവർ ആ മണ്ണുകൊണ്ട് നിർമിച്ച കുതിരയെ മാത്രമാണ് കണ്ടത്; തുടർന്ന് മണ്ണിൽ കൊത്തിയെടുത്ത ജീവൻ തുടിക്കുന്ന ഈ കുതിര തല ഉയർത്തി, വശത്തേക്ക് തിരിഞ്ഞ്, പല്ലുകൾ കാട്ടി, വായിൽനിന്ന് നുരയും പതയും പുറപ്പെടുവിച്ച് നിൽക്കുന്നതായി കണ്ടു; അത് അതീവ ശക്തിയോടെ ഓടുകയായിരുന്നു, കുതിച്ചുപാഞ്ഞ് എങ്ങോട്ടോ രക്ഷപ്പെടാനുള്ള വ്യഗ്രതയിലായിരുന്നു; അങ്ങനെ അവസാനം മാത്രമാണ് അവർക്ക് ഒരു കാര്യം മനസ്സിലായത്: ഗ്രിഗോറെസ്ക്യു ഒരു വലിയ പ്രദേശത്തെ കളകൾ നീക്കംചെയ്യുകയും ഈ ഭീമാകാരമായ കിടങ്ങ് കുഴിക്കുകയും ചെയ്തിരിക്കുന്നു; പക്ഷേ അതു തയാറാക്കുമ്പോൾ നടുഭാഗത്ത് വായിൽ നുരയും പതയും ഉള്ള, അതീവ ഭയത്തോടെ ഓടാൻ നിൽക്കുന്ന കുതിരയുടെ രൂപത്തിലാണ് ചുറ്റുമുള്ള മണ്ണ് അദ്ദേഹം നീക്കംചെയ്തിരിക്കുന്നത്; അതിനെ അദ്ദേഹം കുഴിച്ചെടുത്ത് സ്വതന്ത്രമാക്കിയതുപോലെ... ഭൂമിക്കടിയിൽനിന്ന് ഭയത്തോടെ ഓടുന്ന ഈ ജീവനുള്ളത്രയും വലുപ്പമുള്ള മൃഗത്തെ ദൃശ്യമാക്കിത്തന്നതുപോലെ...
അമ്പരന്നുപോയ അവർ അവിടെ നിന്നു, അവരുടെ സാന്നിധ്യം ഒട്ടും അറിയാതെ ജോലി തുടരുന്ന ഗ്രിഗോറെസ്ക്യുവിനെ നോക്കി...
പത്തുദിവസത്തോളമായി അയാൾ കുഴിച്ചു തുടങ്ങിയിട്ടെന്ന് അവർ ആ കുഴിയുടെ വക്കിൽനിന്ന് സ്വയം ചിന്തിച്ചു.
ഈ സമയമത്രയും അയാൾ ഉദയത്തിനും രാവിലെയും കുഴിക്കുകയായിരുന്നു...
ഒരാളുടെ കാൽക്കീഴിലെ മണ്ണ് താഴേയ്ക്ക് ഒലിച്ചിറങ്ങിയപ്പോൾ ഗ്രിഗോറെസ്ക്യു തലയുയർത്തി നോക്കി. അയാൾ ഒരു നിമിഷം നിന്നു, തല കുനിച്ചു, എന്നിട്ട് ജോലി തുടർന്നു.
നിശ്ശബ്ദരായി നിൽക്കുന്നതിൽ ആ കലാകാരന്മാർക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ആരെങ്കിലും എന്തെങ്കിലും പറയണം, അവർ ചിന്തിച്ചു.
‘‘അതിഗംഭീരം ഇയോൺ...’’ ഫ്രഞ്ച് ചിത്രകാരൻ സ്വരം താഴ്ത്തിപ്പറഞ്ഞു.
ഗ്രിഗോറെസ്ക്യു വീണ്ടും നിന്നു; ഏണിപ്പടി വഴി കുഴിയിൽനിന്ന് മുകളിലേക്ക് കയറിവന്നു, തന്റെ പാരയിൽ പറ്റിപ്പിടിച്ച മണ്ണ് അതിനായി തയാറാക്കിവെച്ചിരുന്ന ഒരു ചെറിയ തൂമ്പകൊണ്ടു വൃത്തിയാക്കി. വിയർത്ത നെറ്റി തൂവാലകൊണ്ട് തുടച്ചു. എന്നിട്ട് അവരുടെ അടുത്തേക്ക് വന്നു; തന്റെ കൈകൊണ്ടുള്ള ഒരു ആംഗ്യത്തോടെ അയാൾ നിരപ്പായതും വിസ്താരമുള്ളതുമായ ഭൂപ്രകൃതിയെ സൂചിപ്പിച്ചു.
‘‘അവിടെ ഇനിയും ഇത്തരത്തിൽ ഒരുപാടുണ്ട്’’, അയാൾ നേർത്ത ശബ്ദത്തിൽ പറഞ്ഞു.
അതിനുശേഷം അയാൾ തന്റെ തൂമ്പ എടുത്തു, ഏണിപ്പടി വഴി കുഴിയുടെ അടിയിലേക്ക് പോയി, കുഴിക്കുന്നത് തുടർന്നു.
ബാക്കിയുള്ള കലാകാരന്മാർ അവിടെ കുറച്ചുനേരം തലയാട്ടി നിന്നു, എന്നിട്ട് ഒടുവിൽ മൗനമായി പ്രധാന കെട്ടിടത്തിലേക്ക് തിരിച്ചുപോയി.
ഇനി യാത്രയയപ്പുകൾ മാത്രമേ ബാക്കിയുള്ളൂ... ഡയറക്ടർമാർ വലിയൊരു വിരുന്നു സംഘടിപ്പിച്ചു. അതായിരുന്നു അവസാനത്തെ സായാഹ്നം. അടുത്ത ദിവസം രാവിലെത്തന്നെ ക്യാമ്പിന്റെ ഗേറ്റുകൾ പൂട്ടി; കലാകാരന്മാർക്കായി ഒരു ചാർട്ടേഡ് ബസുണ്ടായിരുന്നു, ബുക്കാറെസ്റ്റിൽനിന്നോ ഹംഗറിയിൽനിന്നോ കാറിൽ വന്നവരും ക്യാമ്പ് വിട്ടു തിരികെ പോയി.
ഗ്രിഗോറെസ്ക്യു ബൂട്ടുകൾ സംഘാടകർക്ക് തിരികെ നൽകി, സ്വന്തം ഷൂസുകൾ വീണ്ടും ധരിച്ചു, അൽപനേരം അവരോടൊപ്പം ചെലവഴിച്ചു. എന്നിട്ട്, ക്യാമ്പിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ, ഒരു ഗ്രാമത്തിനടുത്തെത്തിയപ്പോൾ, റോഡിലെ ഒരു വളവിൽ വെച്ച്, ബസ് ഡ്രൈവറോട് പെട്ടെന്ന് നിർത്താൻ ആവശ്യപ്പെട്ടു. ഇനിയങ്ങോട്ട് തനിച്ച് പോകുന്നതാകും തനിക്ക് നല്ലതെന്ന് പറയുന്ന മട്ടിൽ. എന്നാൽ, അയാൾ പറഞ്ഞത് എന്താണെന്ന് ആർക്കും വ്യക്തമായി മനസ്സിലായില്ല, കാരണം അയാളുടെ ശബ്ദം വളരെ നേർത്തതായിരുന്നു.
ബസ് വളവിൽനിന്ന് അപ്രത്യക്ഷമായി; ഗ്രിഗോറെസ്ക്യു റോഡ് മുറിച്ചുകടക്കാനായി തിരിഞ്ഞു, വളഞ്ഞുപുളഞ്ഞ ആ വഴിയിലൂടെ താഴേക്ക് അപ്രത്യക്ഷനായി. പർവതങ്ങളുടെ നിശ്ശബ്ദമായ ക്രമം, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന, കൊഴിഞ്ഞുവീണ ഇലകൾ നിറഞ്ഞ മൈതാനം; ചുട്ടുപൊള്ളുന്ന ഭൂമിക്കു കീഴെയുള്ളതിനെയെല്ലാം നിഗൂഢ രഹസ്യമാക്കി മറച്ചുവെച്ചുകൊണ്ട് അവിടെയവശേഷിച്ചതാ ഭൂപ്രദേശം മാത്രം...
മൊഴിമാറ്റം: ഡോ. ലേഖ എം
====================
(കടപ്പാട്: ‘ദ ഗാർഡിയൻ’.
ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. ലേഖ)
ലാസ്ലോ ക്രാസ്നഹോർകൈ
1954ൽ ഹംഗറിയിലെ ഗ്യൂലയിൽ ജനിച്ചു. ആറ് നോവലുകളുടെ രചയിതാവായ അദ്ദേഹത്തിന് നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംവിധായകൻ ബേല ടാറിനൊപ്പം ചേർന്ന് ക്രാസ്നഹോർകൈ തന്റെ ആദ്യ നോവലായ ‘സാറ്റാൻടാൻഗോ’ (1985) എന്ന കൃതിയെ ഏഴര മണിക്കൂർ ദൈർഘ്യമുള്ള കറുപ്പും വെളുപ്പുമുള്ള ചലച്ചിത്രമായി (1994) മാറ്റിയെടുത്തു. 1989ൽ ആദ്യമായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അവാർഡ് നേടിയ നോവലായ ‘ദ മെലങ്കളി ഓഫ് റെസിസ്റ്റൻസ്’ 2000ൽ ചലച്ചിത്രമാക്കി. 2025ൽ നൊബേൽ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.