തൃശൂർ: ഒരക്ഷരം പോലും തെറ്റില്ലാതെ എഴുതാൻ അറിയാത്തവരാണ് ഇന്നത്തെ കവികളെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. പുത്തേഴൻ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘ലോകത്ത് ആദ്യമായുണ്ടായ സാഹിത്യരൂപമാണ് കവിത. ഏറ്റവും ദയനീയാവസ്ഥയിൽ ഇന്ന് എത്തിനിൽക്കുന്നതും കവിത തന്നെ. എല്ലാവരും ഇന്ന് കവികളാണ്. ഒരക്ഷരംപോലും തെറ്റില്ലാതെ എഴുതാൻ അറിയാത്ത കവികളാണ് എല്ലാവരും. തനി വങ്കത്തരമാണ് കവിതയെന്ന പേരിൽ വാചകങ്ങൾ മൂന്നായി പകുത്തിവെക്കുന്നത് ’’-പത്മനാഭൻ പറഞ്ഞു.
വായനാശീലമില്ലാത്ത ചെറുപ്പക്കാരാണ് ഇന്നുള്ളത്. നമ്മെ നാമാക്കിയവരെ കുറിച്ച് ആരും ഓർക്കുന്നില്ല. മനുഷ്യർ നന്ദികെട്ടവർഗമായി മാറി. പുഷ്പത്തിെൻറ ഭംഗിയെക്കുറിച്ച് എല്ലാവരും വാഴ്ത്തുമെങ്കിലും പുഷ്പത്തെ പുഷ്പമാക്കിയ വേരിനെക്കുറിച്ച് ആരും ഓർക്കാത്തതു പോലെയാണ് മനുഷ്യർ നന്ദികെട്ടവരായി മാറുന്നതെന്നും പത്മനാഭൻ പറഞ്ഞു. ട്രസ്റ്റ് പ്രസിഡൻറ് ഡോ. പുത്തേഴത്ത് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
നോവലിസ്റ്റ് സേതു മുഖ്യപ്രഭാഷണം നിർവഹിച്ചു. പുരസ്കാരസമർപ്പണ സമ്മേളനം മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുത്തേഴത്ത് വിജയനാരായണ മേനോൻ സ്വാഗതവും അഡ്വ. ശ്രീകുമാർ പുത്തേഴത്ത് നന്ദിയും പറഞ്ഞു. രമ മേനോൻ കവിത ആലപിച്ചു.
പൊതുപ്രവർത്തകരുടെ നട്ടെല്ല് റബറായി –സേതു തൃശൂർ: നാട്ടിലെ പൊതുപ്രവർത്തകരുടെ നട്ടെല്ല് റബറിനേക്കാൾ വളയാൻ എളുപ്പമുള്ളതായെന്ന് നോവലിസ്റ്റ് സേതു. പുത്തേഴൻ പുരസ്കാരം സമർപ്പണച്ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായസ്ഥിരത ഇല്ലാത്ത കാലഘട്ടമാണിത്; പ്രത്യേകിച്ച് രാഷ്ട്രീയക്കാർക്കിടയിൽ -സേതു അഭിപ്രായപ്പെട്ടു. രാവിലെ ഒരു അഭിപ്രായം പറയും ഉച്ചക്ക് മറ്റൊന്ന് പറയും. രാത്രിയാകുമ്പോൾ രാവിലെ പറഞ്ഞ അഭിപ്രായത്തിലേക്ക് തിരിച്ചെത്തും -അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.