ലോക് ഡൗൺ അനുഭവങ്ങൾ പുസ്തകമാക്കാനൊരുങ്ങി സോനു സൂദ്

ലോക്ഡൗൺ കാരണം ദുരിതമനുഭവിച്ചവരെ ഏറ്റവുമധികം സഹായിച്ച സിനിമാതാരം ആരെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ, സോനു സൂദ്. കോവിഡ് 19 മൂലം പൊടുന്നനെയാണ് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. അക്കാലത്ത് അന്യനാടുകളിൽ ജോലിക്കും പഠനത്തിനുമായി താമസിച്ചിരുന്ന ലക്ഷോപലക്ഷം പേരാണ് ഭക്ഷണം പോലും ലഭിക്കാതെ കുടുങ്ങിപ്പോയത്. ശമ്പളം കിട്ടാതെയും സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചുപോകാനുള്ള പണമില്ലാതെയും കുടുങ്ങിപ്പോയവർക്ക് എല്ലാ സഹായങ്ങളും എത്തിക്കുകയായിരുന്നു സോനു സൂദ്. ഈ അനുഭവങ്ങളാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പുസ്തകരൂപത്തിൽ പുറത്തിറക്കുന്നത്.

അന്തർ സംസ്ഥാന തൊഴിലാളികൾക്കൊപ്പം സോനു സൂദ് വിമാനത്താവളത്തിൽ
 

സോഷ്യൽമീഡിയ ഫോറങ്ങളിലൂടെ കുടിയേറ്റ തൊഴിലാളികളേയും കുടങ്ങിപ്പോയവരേയും കണ്ടുപിടിച്ച് അവരെ പ്രത്യേക ബസ്സുകളിലും വിമാനങ്ങളിലും കയറ്റി അയക്കാനും സോനു നേതൃത്വം നൽകി. അവസാന കുടിയേറ്റക്കാരനും നാടെത്തിയെന്നുറപ്പു വരുത്തിയിട്ടേ താൻ പ്രവർത്തനങ്ങൾ നിർത്തുകയുള്ളൂവെന്നും ഇദ്ദേഹം പ്രഖ്യാപിച്ചു. 

ലോക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികൾക്ക് വീടുകളിലേക്ക് മടങ്ങാൻ നടൻ ബസ് ഏർപ്പാടാക്കിയിരുന്നു. മുംബൈയിലെ ഇരുനൂറോളം ഇഡ്ഡലി വില്പനക്കാരെ അവരുടെ ജന്മദേശമായ തമിഴ്നാട്ടിലേക്ക് അയച്ചു. കർണാടകയിൽ നിന്നുള്ള 350 പേരെ അവരുടെ വീടുകളിലേക്ക് എത്തിച്ചു. ലോക്ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ നടന്‍റെ നേതൃത്വത്തിൽ അവരുടെ സ്വദേശമായ ഭുവനേശ്വറിലേക്കെത്തിച്ചിരുന്നു. 
 

നിരവധി പാവപ്പെട്ടവർക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്കായി ആറ് നിലയുള്ള സ്വന്തം ഹോട്ടൽ വിട്ടു കൊടുത്തുകൊണ്ടും ഇദ്ദേഹം മാതൃകയായി. 

കുടിയേറ്റ തൊഴിലാളികളേയും മറ്റും സഹായിക്കാൻ ദൈവം എനിക്ക് ഒരു അവസരം ഒരുക്കിത്തരുകയായിരുന്നു എന്നാണ് സോനു സൂദ് ഇതേക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് മാസവും എന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. ഓരോ ദിവസവും 16 മുതൽ 18 മണിക്കൂർ വരെ  ഞാൻ അന്തർ സംസ്ഥാന തൊഴിലാളികളുടെ ദുരിതങ്ങൾ കേൾക്കുമായിരുന്നു. മുംബൈയിലായിരുന്നപ്പോഴും യു.പി, ഝാർഖണ്ഡ്, അസം, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും മറ്റ് അനേകം ഗ്രാമങ്ങളിലും എനിക്ക് സുഹൃത്തുക്കളുണ്ടായി. അഗാധമായ ബന്ധങ്ങളുണ്ടായി. എന്നെ ആഴത്തിൽ സ്വാധീനിച്ച അനുഭവങ്ങൾ പുസ്തകരൂപത്തിലാക്കണമെന്ന് തോന്നി. - സോനു സൂദ് പറഞ്ഞു.

Tags:    
News Summary - Sonu Sood to write book on experience of helping migrant workers-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT