ആ വിയോഗം എന്നെ ദരിദ്രനാക്കി -എം.ടി

കോഴിക്കോട്: ‘ഞാന്‍ എന്നും അദ്ദേഹത്തെ അനന്തൂ... എന്നേ വിളിച്ചിട്ടുള്ളൂ. സ്നേഹത്തോടെ എന്നെ അദ്ദേഹം വാസൂ... എന്ന് വിളിച്ചു’ -മരണം വന്നു വിളിച്ചിറക്കിക്കൊണ്ടുപോയ ആത്മമിത്രമായ യു.ആര്‍. അനന്തമൂര്‍ത്തിയെക്കുറിച്ച് മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരന്‍ എം.ടി പറയുകയായിരുന്നു. ജ്ഞാനപീഠത്തിന്‍െറ ഒൗന്നത്യത്തിലും ലാളിത്യത്തിന്‍െറ മുഖമുദ്രയായിരുന്ന, അവസാനം വരെ നിലപാടുകളില്‍ കടുകിടവിടാതെ ഉറച്ചുനിന്ന അനന്തമൂര്‍ത്തിയുമായി ജീവിതത്തില്‍ പങ്കുവെച്ച നിമിഷങ്ങളെക്കുറിച്ചാണ് എം.ടിക്ക് പറയാനുണ്ടായിരുന്നത്.
മാതൃഭൂമിയുടെ ആഭിമുഖ്യത്തില്‍ കെ.പി. കേശവമേനോന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് എം.ടി തന്‍െറ ചിരകാല സുഹൃത്തിനെ കുറിച്ച ഓര്‍മകളില്‍ നിറഞ്ഞത്. 
‘പുകവലിക്കുന്ന എന്‍െറ ശീലത്തെ അദ്ദേഹം ശാസിച്ചിട്ടുണ്ട്. നിന്നെക്കാള്‍ ഒരു വയസ്സിന് മുതിര്‍ന്ന എനിക്കതിന് അവകാശമുണ്ട്...’ -അതായിരുന്നു അനന്തമൂര്‍ത്തിക്ക് തന്നോടുണ്ടായിരുന്ന സ്വാതന്ത്ര്യമെന്ന് എം.ടി അനുസ്മരിച്ചു.
മികച്ച ഭരണാധികാരിയും അധ്യാപകനും ചിന്തകനും നിരൂപകനും ആയിരുന്ന അനന്തമൂര്‍ത്തി മലയാളിയെക്കാള്‍ മലയാളത്തെ സ്നേഹിച്ച എഴുത്തുകാരനായിരുന്നെന്നും മലയാളത്തെ രണ്ടാം ഭാഷയായി തരംതാഴ്ത്തുന്നതിന് എതിരായിരുന്നെന്നും എം.ടി പറഞ്ഞു. അനന്തമൂര്‍ത്തിയുടെ വിയോഗം തന്നെ മാനസികമായി ദരിദ്രനാക്കിയെന്നും എം.ടി പറഞ്ഞു.
ഒഴുക്കിനെതിരായി നീന്തിയ വലിയ മനുഷ്യനായിരുന്നു അനന്തമൂര്‍ത്തി എന്ന് അധ്യക്ഷത വഹിച്ച എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരിച്ചു. 
കൃഷി മന്ത്രി കെ.പി. മോഹനന്‍, കെ.പി. രാമനുണ്ണി, കെ.പി. സുധീര, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പി.വി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.