ശരീരം എന്ന ഉരകല്ല്

രണ്ട് മൃതശരീരങ്ങള്‍ 'സ്മാരക ശിലകള'ില്‍ കൊത്തിവെച്ചിട്ടുണ്ട്. നോവല്‍ വായിച്ച് എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ രണ്ട് മരണങ്ങള്‍, അഥവാ രണ്ട് ചേതനയറ്റ ശരീരങ്ങള്‍ ഇന്നും വിടാതെ പിന്തുടരുന്നു. എറമുള്ളാന്റെ മരണമാണ് ആദ്യത്തേത്. അതിനെക്കുറിച്ച് ഇങ്ങിനെ വായിക്കാം-

നൊച്ചില്‍ക്കാടുകള്‍ക്കിടയില്‍ പഴയ ഏതോ ഒരു ഖബറിന്റെ പുറത്ത് ആ മയ്യത്ത് കിടക്കുന്നു. മരിച്ചിട്ട് ഒന്നോ രണ്ടോ ദിവസങ്ങളായി. വീര്‍ത്തു നീരു പൊട്ടാന്‍ തുടങ്ങിയിരിക്കുന്നു.

മറ്റൊരു മരണം നായിക പൂക്കുഞ്ഞുബീയുടേതാണ്- നോവലിന്റെ അവസാന താളില്‍ നോവലിസ്റ്റ് ആ രംഗം ഇങ്ങിനെ കോറിയിട്ടിരിക്കുന്നു-

ഗോസായിക്കുന്നിന്റെ താഴ്‌വരയില്‍, കടപ്പുറത്തെ വിജനതയില്‍, ഒരു സ്വര്‍ണ മല്‍സ്യം പോലെ പൂക്കുഞ്ഞുബീ അടിഞ്ഞു കിടക്കുന്നു. നനഞ്ഞ പൂഴിയില്‍ നുരയ്ക്കുന്ന തിരമാലകള്‍ തണുത്ത ശരീരത്തെ ഇടക്കിടെ നനച്ചു കൊണ്ടിരുന്നു.

മനുഷ്യശരീരം ഉരകല്ലായി ഉപയോഗിക്കാത്ത ഒരു എഴുത്തുകാരനും (കാരിയും) ഉണ്ടായിരിക്കില്ല. മനുഷ്യ മനസ്സിലേക്ക് പ്രവേശിക്കാനും അവിടെ നിന്ന് പുറത്തുകടക്കാനും ഭൂമിയില്‍ നരജീവിതം ആരംഭിച്ച ഒന്നാം നാള്‍ മുതല്‍ ഇന്നുവരേയും ശരീരമല്ലാതെ മറ്റൊരു മാധ്യമവും കണ്ടെത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുമില്ല, അല്ലെങ്കില്‍ അത്തരമൊന്നുണ്ട് എന്നതിന് തെളിവുകള്‍ ഹാജരാക്കുന്നത് അസാധ്യമായി തുടരുകയുമാണ്.

പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സാഹിത്യലോകത്തില്‍ രണ്ടു തരം ശരീരങ്ങളെ, ജീവനുള്ളതിനേയും  ഇല്ലാത്തതിനേയും,  അദ്ദേഹം ഉരകല്ലുകളായി ഉപയോഗിക്കുന്നു. തീര്‍ച്ചയായും ശരീരത്തിന്റെ ആഘോഷം (പ്രത്യേകിച്ചും പുരുഷ ശരീരത്തിന്റെ ആഘോഷം) അദ്ദേഹത്തിന്റെ പ്രധാന പ്രമേയമാണ്, ആവര്‍ത്തിക്കുന്നതുമാണ്. 

ആ പ്രമേയത്തെ പരിചരിക്കുമ്പോഴെല്ലാം ചോരയും ചൂടുമുള്ള മനുഷ്യശരീരത്തിന് സമാന്തരമായി എല്ലാം കെട്ടടങ്ങിയ തണുത്ത് വിറങ്ങലിച്ച ശരീരങ്ങളേയും  നാം കാണുന്നു. സൂക്ഷ്മമായി നോക്കുമ്പോള്‍ അത് ഒരു ഡോക്ടര്‍ ശരീരത്തെ പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നതു പോലെയാണെന്ന് തോന്നാം. എഴുത്തുകാരന്റെ തൊഴില്‍ അനുഭവം ആവിഷ്‌കരിക്കപ്പെടുന്നതല്ലേ ഇതെന്ന് എളുപ്പത്തില്‍ നിഗമനത്തില്‍ എത്തിച്ചേരാനും സാധിക്കും. അതില്‍ കാര്യമുണ്ട് താനും. പുനത്തില്‍ രോഗി, രോഗം, ചികില്‍സ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഫിക്ഷനും നോണ്‍ ഫിക്ഷനും എഴുതിയിട്ടുള്ള ഒരാള്‍ കൂടിയാണെന്നതിനാല്‍ പ്രത്യേകിച്ചും. വൈദ്യശാസ്ത്രത്തിലെ ശരീരം എങ്ങിനെ സാഹിത്യത്തിലെ മനുഷ്യ ശരീരങ്ങളായി പരിണമിച്ചിരിക്കുന്നു എന്നതിന് പുനത്തില്‍ സാഹിത്യത്തോളം മറ്റൊരുദാഹരണം മലയാളത്തില്‍ കണ്ടെത്താന്‍ ഇടയില്ല.

13-ാം വയസ്സില്‍, അതായത് 1953ല്‍ ആദ്യ കഥ എഴുതിയ പുനത്തില്‍ 70തുകളുടെ തുടക്കത്തില്‍ എഴുതിയ കഥകളില്‍ പലതിലും ശരീരത്തെ മനുഷ്യജീവിത വായനാ ഉപകരണമാക്കുന്നുണ്ട്. തീര്‍ച്ചയായും അലിഗഡിലെ വൈദ്യശാസ്ത്ര പഠനം തന്നെയായിരിക്കാം ഇത്തരമൊരു എഴുത്ത് മുറ (മുറി) യിലേക്ക് അദ്ദേഹത്തെ നയിച്ചത്. പില്‍ക്കാലത്ത് എഴുതിയ മരുന്ന് എന്ന നോവലില്‍ ഈ എഴുത്ത് രീതി അങ്ങേയറ്റം സുതാര്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. 

'എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഞാന്‍', 'ശൂന്യാകാശത്തില്‍ ഒരു മൃതദേഹം'  എന്നിങ്ങനെയുള്ള 70തുകളുടെ തുടക്കത്തില്‍ അദ്ദേഹം എഴുതിയ കഥകള്‍ ഒരു നിലയില്‍ നോക്കിയാല്‍ പുനത്തില്‍ സാഹിത്യത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ്. ഈ രണ്ടുകഥകളും ചേതനയുള്ള ശരീരങ്ങളെ മൃതമാക്കാന്‍ ശ്രമിച്ച രണ്ടു പുരുഷന്‍മാരുടെ ജീവിതമാണ് പറയുന്നത്.

ആദ്യ കഥ ഭാര്യ മരിച്ച ഭര്‍ത്താവ് തന്നെ മൃതമാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചാണ്. ആ കഥ തുടങ്ങുന്നത് എന്റെ ഭാര്യയുടെ മൃതശരീരം, രണ്ടു കൊല്ലം ഞങ്ങള്‍ ഒരുമിച്ചു കിടന്നുറങ്ങിയ ഒരു കട്ടിലില്‍ അന്ത്യകര്‍മങ്ങളും കാത്തു കിടക്കുകയാണ്, എന്ന് പറഞ്ഞു കൊണ്ടാണ്. ശരീരത്തിന്റെ ആഘോഷം നടന്ന കട്ടില്‍ മരിച്ചു കിടക്കാന്‍ കൂടിയുള്ള ഉപകരണമായി മാറിയിരിക്കുന്നു. ഇത്തരമൊരാഖ്യാനത്തില്‍ ആരംഭിക്കുന്ന കഥ അവസാനിക്കുന്നത്, ഭാര്യയുടെ മൃതദേഹം കുഴിയില്‍ വെക്കുന്നതിന് തൊട്ടു മുമ്പ് ആരും കാണാതെ ആ കുഴിയില്‍ ഇറങ്ങിക്കിടക്കുന്ന ഭര്‍ത്താവിനെ ചിത്രീകരിച്ചു കൊണ്ടാണ്. ആ അവസാന ചിത്രീകരണം ഇങ്ങിനെയാണ്-

പെട്ടി താഴ്ന്നു താഴ്ന്നു വരികയായിരുന്നു. നഗ്‌നമായ മരപ്പലക എന്റെ ദേഹത്തു മുട്ടാനായി, എന്നെ ഞെരിക്കാനായി, എന്നെ കൊല്ലാനായി വരികയായിരുന്നു. പെട്ടിയും, അയാളുണ്ടെന്നറിഞ്ഞോ അറിയാതെയോ അയാളേയും അവരെല്ലാം മണ്ണിട്ടുമൂടി

ഭാര്യയുമൊന്നിച്ചുറങ്ങിയ കട്ടിലിന്റെ ദൃശ്യത്തില്‍ നിന്നാരംഭിച്ച് മണ്ണിട്ട് മൂടുന്നതു വരെയുള്ള ആഖ്യാനത്തില്‍ മനുഷ്യജീവിതത്തിന്റെ നിരവധി മുഹൂര്‍ത്തങ്ങളെ ഈ കൊച്ചുകഥ അടയാളപ്പെടുത്തുന്നു. മൃതദേഹത്തില്‍ നിന്ന് തുടങ്ങി സ്വയം മൃതനാകാന്‍ തീരുമാനിച്ച ഒരാളില്‍ കഥ അവസാനിക്കുകയാണ്. 

  'ശൂന്യാകാശത്തില്‍ ഒരു മൃതദേഹം' മരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഡോ. രാമനാഥനെക്കുറിച്ചാണ്. പല വഴികള്‍ തേടിയിട്ടും മരിക്കുന്നതില്‍ പരാജയപ്പെട്ട് ഒടുവില്‍ അയാള്‍ ഉറക്കഗുളികകളില്‍ അഭയം തേടുന്നു. വീടിനടുത്തുള്ള പാര്‍ക്കിലെ ബെഞ്ചില്‍ രാമനാഥന്‍  മരിച്ചു കിടന്നു. മരണം പിടിമുറക്കിത്തുടങ്ങിയപ്പോള്‍ ശൂന്യാകാശത്തില്‍ ഒരു കറുത്ത പൊട്ടു പോലെ സ്വന്തം മൃതദേഹം അച്ചുതണ്ടില്ലാതെ തിരിയുന്നത് രാമനാഥന്‍ കാണുന്നുണ്ട്.

ഒടുവില്‍ കരഞ്ഞലച്ചാര്‍ത്തുന്ന പ്രിയപ്പെട്ടവരേയും സന്ദര്‍ശകരേയും കാത്ത് രാമനാഥന്റെ മൃതദേഹം പാര്‍ക്കിലെ ബെഞ്ചില്‍ ഏറെ നേരം കിടന്നു. പക്ഷെ ആരും വന്നില്ല. വൃദ്ധയായ മാതാവെങ്കിലും വരുമെന്ന് കരുതി. അതുമുണ്ടായില്ല. പകല്‍ മുഴുവന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ മൃതദേഹം കിടന്നു. രാത്രി വന്നു. ആളുകള്‍ പാര്‍ക്കു വിട്ട് പോയി. ഇരുട്ടില്‍, രാത്രിയില്‍ രാമനാഥന്റെ ജഡം തനിച്ചായി. 

രാത്രി മുഴുവന്‍ അയാളുടെ ജഡം ആരും കാണാതെ കണ്ണീര്‍ വാര്‍ത്തു. പുലരാന്‍ അധിക നേരമില്ല. അപ്പോഴാണ് സ്വന്തം ശരീരം അളിയാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അയാള്‍ മനസ്സിലാക്കുന്നത്. കണ്ണിലും വായിലും ഈച്ചകള്‍ മുട്ടിയിടാന്‍ തുടങ്ങിയിരിക്കുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ജഡം തനിക്കുള്ള കുഴി സ്വയം തയ്യാറാക്കി. പുലരുന്നതിനു മുമ്പായി, ആരും കാണുന്നതിനു മുമ്പായി, സ്വയം കുഴിച്ച്മൂടണം എന്ന് ജഡം തീര്‍ച്ചപ്പെടുത്തുന്നു. 

ജീവിതത്തെക്കുറിച്ച് പറയാന്‍ മരണം പോലെ ഉപയുക്തമായ മറ്റൊരു കാര്യമില്ലെന്ന ദര്‍ശനം ഈ കഥകളില്‍ മാത്രമല്ല, പുനത്തില്‍ സാഹിത്യത്തില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിത ആഘോഷങ്ങളെ, ശരീര ആഘോഷങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ചേതനയറ്റ മനുഷ്യശരീരം പോലെ മറ്റൊരു ഉപകരണവുമില്ലെന്ന ദര്‍ശനവും ഇതോടൊപ്പം പുനത്തില്‍ എടുത്തുപയോഗിക്കുന്നുണ്ട്. വലിയ തോതില്‍ മനുഷ്യജീവിത ദുരന്തങ്ങളെയാണ് ഈ എഴുത്തുകാരന്‍ പിന്തുടരുന്നത്. 

സ്വകാര്യസംഭാഷണങ്ങളിലോ, അഭിമുഖങ്ങളിലോ, പ്രസംഗങ്ങളിലോ, പൂര്‍ണ്ണമായും സാഹിത്യം എന്ന് വിളിക്കാന്‍ കഴിയാത്ത കുറിപ്പുകളിലോ കുഞ്ഞബ്ദുല്ല പറഞ്ഞിട്ടുള്ള പല കാര്യങ്ങളും മാധ്യമങ്ങളില്‍ പലപ്പോഴും തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ നിന്ന് നേര്‍ വിപരീതമായ മതരഹിതമായ ആത്മീയതയുടെ കമ്പളം അദ്ദേഹത്തിന്റെ സാഹിത്യത്തില്‍ വീണു കിടപ്പുണ്ട്. മദ്യപാനത്തെക്കുറിച്ചും രതിയെക്കുറിച്ചും പറഞ്ഞ് ശരീര സുഖത്തിന്റെ ഉസ്താദ് എന്ന് സമൂഹത്തെക്കൊണ്ട് വിളിപ്പിച്ചു ഈ എഴുത്തുകാരന്‍. അത് അദ്ദേഹത്തിന്റെ സാഹിത്യ സിദ്ധാന്തം തന്നെയെന്ന് വിശ്വസിച്ചവര്‍ പുനത്തില്‍ സാഹിത്യം വായിക്കാത്തവരാണെന്ന് പറയേണ്ടി വരും. ആ നിലയില്‍ കേരളത്തിലെ 'മാധ്യമ മീഡിയോക്രസിക്ക്' (മീഡിയാക്രസിക്ക്) ഇരയാകാന്‍ നിന്നു കൊടുത്ത എഴുത്തുകാരന്‍ കൂടിയാണ് പുനത്തില്‍. എന്നാല്‍ ശരീരത്തെ, ഭൗതിക ജീവിതത്തെ പുനത്തില്‍ സാഹിത്യത്തില്‍ അവതരിപ്പിച്ചതിന്റെ രഹസ്യം എഴുപതുകളില്‍ അദ്ദേഹം എഴുതിയ കഥകളില്‍ ആരംഭിക്കുകയും പില്‍ക്കാലത്ത് തുടരുകയുമാണുണ്ടായത്. ആ പരിസരത്താണ് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിന്റെ രഹസ്യം കുഴിച്ചിട്ടിരിക്കുന്നത്.

ജിന്നുകളുടെ ഒരു ദിവസം മനുഷ്യന്റെ ഒരു വര്‍ഷമാണെന്ന് പറയുന്ന ഒരു സന്ദര്‍ഭമുണ്ട് സ്മാരകശിലകളില്‍. ഇപ്പോള്‍ ആ വരികള്‍ വായിക്കുമ്പോള്‍ സാഹിത്യത്തിലെ സാഹിത്യകാരന്റെ എഴുത്ത് ജീവിതവും, അതിന് പുറത്ത് നാം കാണുകയോ കേള്‍ക്കുകയോ കാര്യങ്ങളും തമ്മില്‍ അടുപ്പമുള്ളതിലേറെ അകലമാണുള്ളതെന്ന് മനസ്സിലാക്കാവുന്നതാണ്. ആ നിലയില്‍ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത ജിന്നാണ് എഴുത്തുകാരന്‍. ജിന്നിന് മനസ്സിലാക്കാന്‍ കഴിയാത്ത മനുഷ്യനും.

Tags:    
News Summary - Special Story on Punathil Kunjabdulla-Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.