ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അടിത്തറ അവിടെയുള്ള പാഠശാലകളാണ്. പ്രാചീന കാലം മുതൽ തന്നെ വിദ്യഭ്യാസത്തിന്റെ അനിവാര്യത മനുഷ്യൻ തിരിച്ചറിയുകയും പല വിധത്തിൽ അതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിപ്രാചീനകാലം മുതൽക്കുതന്നെ ഒരു കേന്ദ്രീകൃത സ്ഥലത്ത് കുട്ടികളെ സംഘങ്ങളാക്കി വിദ്യ അഭ്യസിപ്പിക്കുന്ന രീതി നിലനിന്നിരുന്നു. പ്രാചീന ഭാരതത്തിലും ചൈനയിലും അറബ് മേഖലകളിലും ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ പല രീതിയിൽ നിലനിന്നു. ഗുരുകുല സമ്പ്രാദായത്തിൽ നിന്ന് തുടങ്ങി, സർവകലാശാലകളിലേക്ക് വ്യാപിച്ച ചരിത്രം ഓരോ രാജ്യത്തിനും പറയുവാനുണ്ട്.
അറബ് മേഖലയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജക്കും പറയാനുണ്ട് അറിവിന്റെ കേദാരങ്ങളിലേക്ക് വെളിച്ചം പകർന്ന ഒരു സ്കൂളിന്റെ ചരിത്രം. അതിന്റെ പേരാണ് അൽ ഇസ്ലാഹ് സ്കൂൾ. കാലഘട്ടങ്ങളിലൂടെ പരിഷ്കരിച്ച് വന്ന വിദ്യഭ്യാസ സമ്പ്രാദായമാണ് ഈ വിദ്യാലയത്തിലൂടെ ആധുനിക പരിവേഷം കൈവരിക്കുന്നത്. പരിഷ്കരണ വിദ്യാലയം എന്നർത്ഥം വരുന്ന അൽ ഇസ്ലാഹ് സ്കൂൾ 1935ൽ സ്ഥാപിച്ചത് ശൈഖ് മുഹമ്മദ് ബിൻ അലി അൽ മഹ്മൂദ് ആണ്. 1948 വരെ അതിന്റെ പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. ഗൾഫ് മേഖലയിലെമ്പാടുമുള്ള വിദ്യാർഥികളെ സ്വാഗതം ചെയ്തുകൊണ്ട് ഷാർജയിൽ ആരംഭിച്ച ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അൽ ഇസ്ലാഹ് സ്കൂൾ.
മതത്തിനപ്പുറം ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, സാഹിത്യം, ഇംഗ്ലീഷ് തുടങ്ങിയവ പഠിപ്പിക്കുന്നതിനും സ്കൂളിന്റെ പാഠ്യപദ്ധതി വിപുലീകരിക്കുന്നതിനുമായി മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരെ കൊണ്ടുവന്നു. ഷാർജയുടെ സാംസ്കാരിക വളർച്ചയുടെ നവീന കാലഘട്ടത്തിന് അടിത്തറ പാകുന്നതിൽ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഈ സ്കൂളിലെ പൂർവ്വ വിദ്യാഥിയാണ്. കലാ-കായിക രംഗത്തും പഠന രംഗത്തും മികവ് പുലർത്തിയ വിദ്യാർഥിയായിരുന്നു ശൈഖ് സുൽത്താൻ. വിദ്യഭ്യാസ കാലഘട്ടത്തിലെ നാടകാഭിനയം പിന്നീട് നാടക രചനയിലേക്കും സുൽത്താനെ കൊണ്ടെത്തിച്ചിട്ടുണ്ട്.
പഠന കാലത്ത് സുൽത്താൻ ഉപയോഗിച്ചിരുന്ന യൂണിഫോം അൽ ഇസ്ലാഹ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സുൽത്താൻ അൽ ഖാസിമി കുറഞ്ഞത് 82 പുസ്തകങ്ങളെങ്കിലും രചിച്ചിട്ടുണ്ട്, അതിൽ ചരിത്രം, സാഹിത്യം, നാടകം എന്നിവ ഉൾപ്പെടുന്നു. 2020ൽ, അൽ ഖാസിമി എഴുതിയ ‘ഖോർഫക്കാൻസ് റെസിസ്റ്റൻസ് എഗെയിൻസ്റ്റ് ദ പോർച്ചുഗീസ് ഇൻവേഷൻ ഓഫ് സെപ്തംബർ 1507’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഖോർഫുക്കാൻ എന്ന ചരിത്ര സിനിമ പുറത്തിറങ്ങി.
പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് അധിനിവേശത്തിനെതിരായ ഖോർഫക്കാൻ നഗരത്തിന്റെ ചെറുത്തുനിൽപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. വിദ്യഭ്യാസ രംഗത്ത് അൽ ഇസ്ലാഹ് സ്കൂൾ ചെലുത്തിയ സ്വാധീനം ചെറുതല്ല. നിരവധി പ്രതിഭകളാണ് ഇവിടെ നിന്ന് ഉദയം ചെയ്തത്. 1971 ഡിസംബറിൽ, എമിറേറ്റ്സിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായി സുൽത്താൻ നിയമിതനായി. ഷാർജ കോർണീഷിന് സമീപത്തുള്ള പരമ്പരാഗത ഗ്രാമത്തിനോട് ചേർന്നാണ് അൽ ഇസ്ലാഹ് സ്കൂൾ മ്യൂസിയം പ്രവർത്തിക്കുന്നത്. അക്കാലത്ത് ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങൾ, മേശ, ബോർഡ് തുടങ്ങിയവയെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യവും സ്കൂളിൽ ഉണ്ടായിരുന്നു. വിശാലമായ കളിസ്ഥലം, വായനശാല, വിദേശീയരായ അധ്യാപകർ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്കൂൾ, 1950ൽ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഇതിന്റെ വേരുകളിൽ നിന്നാണ് ഷാർജ സർവകലാശാല ഉൾപ്പെടെയുള്ള വിദ്യഭ്യാസ കേന്ദ്രങ്ങൾ ഉയർന്നു വന്നത്. മര ബെഞ്ചുകളും, സൂര്യരശ്മികളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സ്ഥാപിച്ച കുടകളും ഇന്നും മ്യൂസിയത്തിൽ പരിപാലിക്കപ്പെടുന്നു.
ബ്ലാക് ബോർഡുകൾ, ചോക്ക്, വിദ്യാർഥികളുടെ ചിത്രങ്ങൾ, ഈ സ്കൂൾ നിർമ്മിക്കുന്നതിനും അതിൽ പഠിപ്പിക്കുന്നതിനും സംഭാവന നൽകിയ ഏറ്റവും പ്രധാനപ്പെട്ട പണ്ഡിതരുടെ ചിത്രങ്ങൾ എന്നിവയും സംരക്ഷിച്ചിട്ടുണ്ട്. മ്യൂസിയത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മുറിയും ഉൾപ്പെടുന്നു, അതിൽ പണ്ട് ഈന്തപ്പനയോലകൾ ഉപയോഗിച്ച് നിർമ്മിച്ച നിരവധി വിശുദ്ധ ഖുർആൻ ലിഖിതങ്ങൾ അടങ്ങിയിരിക്കുന്നു. പ്രിൻസിപ്പലിന്റെ അടയാള വസ്ത്രവും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.