ഇനിയുമുറങ്ങാത്ത ഭോപ്പാൽ

കാ​ല​ത്തി​ന്റെ ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു​പോ​കു​ന്ന ചി​ല​ ഘ​ട്ട​ങ്ങ​ളു​ണ്ട്, ചി​ല ദേ​ശ​ങ്ങ​ളു​ണ്ട്. ഭോ​പ്പാ​ൽ അ​ത്ത​ര​മൊ​ന്നാ​ണ്. ശ്വാ​സം​കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ച്ച അ​മ്മ​മാ​രു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും സ​ങ്ക​ട​വും, ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ദുഃ​ഖ​വും നി​റ​ഞ്ഞ ന​ഗ​രം. അ​ത് എ​ക്കാ​ല​ത്തേ​ക്കു​മാ​യി കൊ​ത്തി​വെ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട് യൂ​നിയ​ന്‍ കാ​ര്‍ബൈ​ഡ് ക​മ്പ​നി​യു​ടെ മു​ന്നി​ൽ

മരണത്തിന്റെ ഇരുട്ടുനിറഞ്ഞൊരു രാത്രിയായിരുന്നു അത്. ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ തണുത്തുറഞ്ഞ മൃതദേഹം വെള്ളയുടുപ്പിട്ട കുഞ്ഞുപാവകളെ പോലെ തോന്നിച്ച രാത്രി. കളിക്കോപ്പുകൾ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് അമ്മയുടെ ചാരത്തുറങ്ങിയ ആ മക്കളാരും പിന്നീട് വെളിച്ചത്തിലേക്ക് കണ്ണ് തുറന്നില്ല. വെള്ളപ്പുതപ്പിൽ മൂടിയിട്ട കുഞ്ഞുശരീരങ്ങൾ ആശുപത്രി വരാന്തയിൽ നിരന്നു. ചേതനയറ്റ ശരീരങ്ങളുമായി ഭോപാൽ നഗരത്തിൽ വാഹനങ്ങൾ നിറഞ്ഞു. പകൽപോലും ഇരുണ്ടുപോയ ദിവസങ്ങൾ.

ചുറ്റുമുയര്‍ന്നു കേട്ടത് തേങ്ങലുകളും അലര്‍ച്ചകളും മാത്രമായിരുന്നു. ലോകംകണ്ട ഏറ്റവും വലിയ മനുഷ്യദുരന്തത്തിന് ഭോപാല്‍ സാക്ഷിയായിട്ട് 2025 ഡിസംബര്‍ മൂന്നിന് 41 വർഷം പിന്നിടുമ്പോഴും ആ ദുരന്തബാധിതര്‍ക്ക് സമ്പൂര്‍ണ നീതിയുറപ്പിക്കാന്‍ നമ്മുടെ ഭരണകൂടങ്ങൾക്കോ നീതിന്യായ വ്യവസ്ഥകൾക്കോ ഇപ്പോഴുമായിട്ടില്ല. നീതിക്കുവേണ്ടി പോരാടുമ്പോഴും അവര്‍ക്ക് മുന്നില്‍ നിരാശ മാത്രമാണ് ഇന്നും ബാക്കി. ഇന്നും ദുരന്തത്തിന്റെ ബാക്കിപത്രവും പേറി ജീവിക്കുന്ന 1,50,000ത്തോളം ആളുകളാണ് ഫാക്ടറിയുടെ പരിസരപ്രദേശത്ത് മാത്രം ജീവിക്കുന്നത്. ദുരന്ത ജീവിതത്തെയും നഷ്ടപരിഹാര ചതിയെക്കുറിച്ചും ആ ഇരകൾ സംസാരിക്കുന്നു.

‘ഈ ചതി പൊറുക്കില്ല ഞങ്ങൾ’

‘ഓർക്കുമ്പോൾ ഇന്നും ഹൃദയം പിടക്കും, മനസ്സ് വല്ലാതെ മരവിച്ചുപോകും, ചുറ്റുമുയര്‍ന്നു കേട്ടത് തേങ്ങലുകളും അലര്‍ച്ചകളും ഇന്നും ചില രാത്രികളിലെ ഉറക്കം കെടുത്താറുണ്ട്. ഈ പരിസത്തെ എല്ലാ മനുഷ്യരും ആ ദുരന്തത്തിന്റെ ഒാർമയിൽതന്നെയാണ് ഇന്നും ജീവിക്കുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളെക്കൊണ്ട് ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞത് എങ്ങനെ മറക്കും! തിരിച്ചറിഞ്ഞ മൃതദേഹങ്ങളുമായി സെമിത്തേരിയിലേക്കും പള്ളിപ്പറമ്പിലേക്കും ശ്മശാനത്തിലേക്കും പോവുന്നവരെക്കൊണ്ട് തെരുവുകള്‍ നിറഞ്ഞ കാഴ്ച ഹൃദയഭേദകമായിരുന്നു.’ കണ്ണീരിൽ കലങ്ങിയ കണ്ണുകൾ ഷക്കീല ബീഗം സാരിത്തുമ്പുകൊണ്ട് മറച്ചു.

ദുരന്തവും ശേഷമുള്ള ജീവിതവും പറയാൻ അവർക്ക് തീരെ താൽപര്യമില്ലായിരുന്നു. പറഞ്ഞിട്ട് എന്ത് കാര്യമെന്നാണ് ബീഗം ചോദിച്ചത്. വാക്കുകൾ മുറിഞ്ഞു. സങ്കടം അടക്കാനാവാതെ വിതുമ്പിക്കൊണ്ട് അവർ പറഞ്ഞു. ‘ഇവിടെ വരുന്ന എല്ലാവരോടും ഞങ്ങൾ ഇത് പറയും. പക്ഷേ, ഇന്നേ വരെ ആരും ഞങ്ങളെ നോക്കിയിട്ടില്ല. അന്നും ഇന്നും ഈ കുടിലിൽ തന്നെയാണ് താമസം. ഒന്ന് നിവർന്നു നിൽക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ സാധിക്കില്ല. സർക്കാറിൽനിന്ന് ഒരു സഹായവുമില്ല. അവരുടെ വയറുനിറക്കാനാണ് അവർ ശ്രമിക്കുന്നത്. അഞ്ചു കിലോ അരി കിട്ടുമായിരുന്നു, ഇപ്പോൾ അതുമില്ല. വോട്ടിന്റെ സമയത്ത് വരും. ഒപ്പംനിന്ന് ഫോട്ടോ എടുക്കാൻ നിർബന്ധിക്കും.

തൊട്ടടുത്ത വീട്ടിലാണ് മഹാലക്ഷ്മി. ശസ്ത്രക്രിയ കഴിഞ്ഞ കൊച്ചുമകൾ അടുത്തുണ്ടായിരുന്നു. മരുന്നുകളാണ് മോളുടെ ജീവൻ നിലനിർത്തുന്നത്. വീട് നിറയെ രോഗികളാണ്. ചുറ്റിനും ടെസ്റ്റുകൾ നടത്തിയ പേപ്പറുകളും. തുടര്‍ച്ചയായ ശ്വാസകോശ സംബന്ധമായ അസുഖക്കാര്‍, അപകടകരമാംവിധം ഉയരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം, കരള്‍രോഗികള്‍, പുതുതായി ജനിക്കുന്നവര്‍ക്കുപോലും ജനിതക പരിമിതികള്‍. അങ്ങനെ ഒരു ദുരന്തം ഒരു ജനതയെ അപ്പാടെ തകര്‍ത്തെറിഞ്ഞു കളഞ്ഞിരിക്കുന്നുവെന്ന് ജനിക ദേവി പറയുന്നു.

വലിയരീതിയില്‍ ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങളാണ് ഇപ്പോഴുമിവിടെ ജനിക്കുന്നത്. ചിലര്‍ക്ക് ശാരീരിക ഭാഗങ്ങളുടെ വളര്‍ച്ചയില്ലായ്മ, മറ്റ് ചിലര്‍ക്ക് മാനസിക വളര്‍ച്ചയില്ലായ്മ, അതുമല്ലാത്തവര്‍ ജനിച്ചുവീഴുന്നത് മുതല്‍ മാറാത്ത അലര്‍ജി ബാധിതര്‍. സർക്കാറിൽനിന്ന് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ല. ഇപ്പോഴും ഓരോ അസുഖമാണ്. കൃത്യമായി മരുന്നുകൾപോലും ലഭിക്കുന്നില്ല. ഞങ്ങൾ മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഇന്നും. കുറച്ചെങ്കിലും നഷ്ടപരിഹാരം ലഭിക്കണം. എത്ര നാളായി ഈ ദുരന്തമുണ്ടായിട്ട്. അന്നുമുതൽ ഞങ്ങൾ സങ്കടത്തിലാണ്. ദുരന്തകാലത്ത് അതിജീവിച്ച പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രത്തിലെ കുഞ്ഞുങ്ങളെയടക്കം വിഷവാതകം ബാധിച്ചിരുന്നു. കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള പരിമിതികളുമായാണ് ജനിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ മരണപ്പെടുന്ന കണക്കും ഏറെ.

നരകയാതനകളിലൂടെ

കുടുംബം മുഴുവന്‍ മരിച്ചവരുണ്ട്. അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയും നഷ്ടമായവരുണ്ട്. എത്രയോ കുട്ടികള്‍ അനാഥരായിപ്പോയി. ബാക്കിയായവര്‍ക്കാകട്ടെ ജോലി ചെയ്യാനുമാവുന്നില്ല. കുറച്ച് ജോലി ചെയ്യുമ്പോഴേക്കും ക്ഷീണിച്ച് തളർന്നുപോകും. ദുരന്തബാധിതരായ കുടുംബങ്ങളില്‍നിന്ന് വിവാഹം കഴിക്കാന്‍ ഇവിടെയുള്ള ആണ്‍കുട്ടികള്‍തന്നെ തയാറാകുന്നില്ല. കുട്ടികളുടെ ബാല്യം മുഴുവനും ആശുപത്രികളില്‍ ഹോമിച്ചവരാണ് ഏറെയും. മനോരോഗികള്‍ കൂടിക്കൂടി വന്നു. കുടുംബനാഥരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഏറെയുണ്ട്. അവരൊക്കെ ജീവിതം തള്ളിനീക്കുന്നത് നരകയാതനകളിലൂടെയാണ്. വിധവകള്‍ ഏറെയുള്ളതുകൊണ്ട് വിധവാകോളനി എന്ന പേരുള്ള ഒരു കോളനിപോലും ഇവിടെയുണ്ടെന്നതാണ് യാഥാർഥ്യം.

തലമുറകളെ തകർത്ത ദുരന്തം

‘വിഷവായു ശ്വസിച്ചുകഴിഞ്ഞാല്‍ ആദ്യം ചുമയ്ക്കും. പിന്നീട് ഛര്‍ദിക്കും. ഒടുവില്‍ ശ്വാസംമുട്ടലോടെ എല്ലാം അവസാനിക്കും. അങ്ങനെയാണ് ഞങ്ങളുടെ മക്കളും ബന്ധുക്കളുമെല്ലാം പിടഞ്ഞുമരിച്ചത്.’ ദുരന്തത്തിന്റെ ഇരയായ ആദിത്യ പറയുന്നു. ‘ആദ്യഘട്ടത്തില്‍ ഭോപാലിലെ മരണങ്ങളേറെയും ഇങ്ങനെയായിരുന്നു. ഒരു ജനതയെ ഒന്നാകെ തൂത്തെറിഞ്ഞു. മുന്നിൽ കാണുന്ന കമ്പനി ഇന്നും ഭയമാണ്. ഇപ്പോഴും അതിന് ഉള്ളിൽനിന്ന് തീ പടരുന്നുണ്ട്. പുക ഉയരുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും, എന്നാണ് ഇതിൽ ഇന്നൊരു പൂർണമോചനമെന്ന് അറിയില്ല. കഴിഞ്ഞ 40 വർഷത്തിനിടെ ഒരു മാറ്റവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന പ്രതീക്ഷയുമില്ല. വരും തലമുറകളെ കൂടെ ഇല്ലാതാക്കുന്ന ഒരു മഹാദുരന്തമായിരുന്നു അത്. ജനിതക പരിമിതികളുള്ള കുഞ്ഞുങ്ങളാണ് ഇപ്പോഴുമിവിടെ ജനിച്ചുവീഴുന്നത്. ജനനം മുതൽ മരണം വരെ മരുന്നുകൾ കഴിച്ച് ജീവിക്കേണ്ടിവരുന്ന ഹതഭാഗ്യരാണ് ഞങ്ങൾ എല്ലാവരും’ -ആദിത്യ കൂട്ടിച്ചേർക്കുന്നു.

1969 മുതൽ

ചിലര്‍ക്ക് ശരീരഭാഗങ്ങളുടെ വളര്‍ച്ചയില്ലായ്മ, മറ്റ് ചിലര്‍ക്ക് മാനസിക വളര്‍ച്ചയില്ലായ്മ, അതുമല്ലാത്തവര്‍ ജനിച്ചുവീഴുന്നത് മുതല്‍ മാറാത്ത അലര്‍ജിബാധിതര്‍. അങ്ങനെ നീളുന്നു ഇവിടത്തെ രോഗത്തിന്റെ ലിസ്റ്റ്. ലഖ്നോവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച് നടത്തിയ പഠനം കണ്ടെത്തിയത് 1969ന് യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറി ഭോപാലില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു മുതല്‍ വിഷവാതകം ഭൂമിക്കടിയിലൂടെ അവിടെയുള്ള ജനങ്ങളുടെ കുടിവെള്ളത്തിലേക്ക് എത്തിയിരുന്നു എന്നാണ്. അതൊരു ഭയാനക കണ്ടെത്തലായിരുന്നു. പുറംലോകം അത്ര ചര്‍ച്ചചെയ്യാത്ത നിരവധി വസ്തുതകളാണ് ദുരന്തമേഖലയില്‍ ഇപ്പോഴും സംഭവിക്കുന്നത്. തിരിച്ചുവരാനാവാത്തവിധം പരിസ്ഥിതിനാശത്തിലേക്ക് മേഖല മാറിക്കഴിഞ്ഞു. ഭൂഗര്‍ഭ ജലത്തെപ്പോലും ബാധിച്ചു. ഒരു ഗ്ലാസ് വെള്ളംപോലും ധൈര്യത്തോടെ കുടിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്നിവിടെ. സാധാരണക്കാരായ ആളുകളുടെ വീടും പരിസരവും പരിഹരിക്കാനാവാത്ത രീതിയില്‍ മലിനമാക്കപ്പെട്ടു. ഇതിന്റെ ഭാഗമായി പലരീതിയില്‍ ഇപ്പോഴും ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

ശ്മശാനഭൂമിയായി യൂനിയന്‍ കാര്‍ബൈഡ്

ഭോപാൽ നഗരത്തോട് ചേർന്നുള്ള യൂനിയന്‍ കാര്‍ബൈഡ് കമ്പനിയിൽ ഇന്നുമുണ്ട് ഫാക്ടറിയിലെ മാലിന്യം. പുറത്തുനിന്ന് അധികമാർക്കും പ്രവേശനമില്ല. ഏക്കറുകൾ പരന്നുകിടക്കുന്ന കമ്പനിയിൽ ഏറെ പണിപ്പെട്ടാണ് കയറിയത്. ഫാക്ടറിയും പരിസരവും പൂർണമായും കാടുപിടിച്ചിരിക്കുന്നു. യന്ത്രങ്ങളും മറ്റുവസ്തുക്കളും ഇപ്പോഴും പൂർണമായും എടുത്തുമാറ്റിയിട്ടില്ല. കെമിക്കൽ ഉൾപ്പെടെ ഉണ്ടെന്നാണ് പറയുന്നത്. ഇടക്ക് തീപിടിക്കുമ്പോൾ അഗ്നിശമന സേന തീ അണച്ച് മടങ്ങിപ്പോകും. തീപിടിക്കുമ്പോൾ ഉയരുന്ന പുകപോലും ആരോഗ്യത്തെ നശിപ്പിക്കും. അത്രയേറെ ഗുരുതരമായ പുകയാണ് ഉയരുന്നത്. യൂനിയന്‍ കാര്‍ബൈഡ് കമ്പനി ഇന്ന് അമേരിക്കന്‍ കോര്‍പറേറ്റ് കമ്പനിയായ ഡവ് കെമിക്കല്‍സിന്റെ ഉടമസ്ഥതയിലാണ്.

ദുരന്തരാത്രി

1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയോടെയാണ് ഭോപാലിലെ യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് വിഷവാതകം ചോര്‍ന്നുതുടങ്ങിയത്. 8.5 ലക്ഷം പേരായിരുന്നു അന്ന് ഭോപാലിലെ താമസക്കാര്‍. മീഥൈല്‍ ഐസോസയനേറ്റ് അന്തരീക്ഷത്തില്‍ വ്യാപിച്ചു തുടങ്ങിയ സമയത്ത് ഭോപാല്‍ നിവാസികള്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. നിരവധി സാധാരണ മനുഷ്യർ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് ഫാക്ടറി നിന്നിരുന്നത്, ഇതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. എന്തെങ്കിലും അപകടം ഉണ്ടായാല്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സൈറണ്‍ ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, സൈറണ്‍പോലും മുഴങ്ങിയില്ല. ഇത് ദുരൂഹത വർധിപ്പിച്ചു.

ഭോപാല്‍ നിവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യഘട്ടത്തില്‍ ചുമയും ശ്വാസതടസ്സവും കണ്ണുനീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടു. ഡിസംബര്‍ മൂന്നിന് പുലര്‍ച്ചയോടെ വിഷവാതകം ശ്വസിച്ച് അവശരായ നാട്ടുകാര്‍ ആശുപത്രികളിലേക്ക് പാഞ്ഞെത്തിത്തുടങ്ങി. ഔദ്യോഗിക രേഖകള്‍ പ്രകാരം ഇതുവരെ 5479 പേരാണ് ഭോപാല്‍ വിഷവാതക ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ദുരന്തത്തില്‍ 8000 മുതല്‍ 10,000 പേര്‍ വരെ കൊല്ലപ്പെട്ടുവെന്നാണ് ഭോപാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നീതി ഉറപ്പാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ പറയുന്നത്. 5,58,125 പേര്‍ക്ക് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന് 2006ല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നുണ്ട്. ഇതില്‍ 3900 പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ സ്ഥിരമായ അംഗപരിമിതിയോ ഉണ്ടായി. ഫാക്ടറിക്ക് തൊട്ടടുത്തുള്ള ഗ്രാമങ്ങളിലും ചേരികളിലും താമസിച്ചിരുന്നവരാണ് മരിച്ചവരിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നവരിലും അധികവും.

നഷ്ടപരിഹാരം മുക്കിയതാര്?

1989ലെ സുപ്രീംകോടതി വിധി അനുസരിച്ച് മരിച്ചവരായി രേഖപ്പെടുത്തിയ മൂവായിരം പേരടക്കം പരിക്കേറ്റ 1,20,000 പേര്‍ക്ക് 470 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് യൂനിയന്‍ കാര്‍ബൈഡ് തയാറായത്. യൂനിയന്‍ കാര്‍ബൈഡുമായി കേന്ദ്ര സര്‍ക്കാറുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ദുരിതബാധിതര്‍ക്ക് ഒരു പങ്കുമില്ലായിരുന്നു. 470 മില്യൺ ഡോളര്‍ നഷ്ടപരിഹാരത്തിന്റെ നല്ലൊരു ഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടത്തട്ടുകാരും വീതിച്ചെടുക്കുകയായിരുന്നു എന്നാണ് ആരോപണം. അര്‍ഹതപ്പെട്ട പലര്‍ക്കും കിട്ടിയില്ല. ദുരിതത്തിനിരയായവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപിച്ച ആറ് ആശുപത്രികളിലും ഫലപ്രദമായ ചികിത്സ ഉണ്ടായില്ല. നഷ്ടപരിഹാരത്തിനായി ഇവർ മുട്ടാത്ത വാതിലുകളില്ല, കാണാത്ത അധികാരികളും.

ഓരോ വർഷവും ദുരന്തദിനത്തിൽ ഇരകൾ ഒത്തുകൂടും. നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ഒത്തുകൂടൽ. സഹായം നേടിയെടുക്കുന്നത് മറ്റൊന്നിനുമല്ല. വീടുകളിൽ ഇപ്പോഴുമുണ്ട് ദുരന്ത ചിത്രങ്ങളിൽ കണ്ടതുപോലത്തെ കുറെ മനുഷ്യർ. ഒരാളുടെ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കാത്ത കുറെയധികം ജീവനുകൾ. അവരെക്കൂടി മരണത്തിലേക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ആരുടെയും മുന്നിൽ കൈ നീട്ടാതെ മക്കളെ നോക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമേ ഈ മനുഷ്യർക്കുള്ളൂ.

Tags:    
News Summary - bhopal disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT