ദോഹ: മലയാളിവായനയുടെ നടപ്പു ശീലങ്ങളെ പിടിച്ചുലച്ച ആടുജീവിതം അറബിയിലേക്ക് മൊഴിമാറ്റിയത് ഖത്തര്‍ മലയാളി. മലപ്പുറം ജില്ലയിലെ ആദൃശ്ശേരി സ്വദേശിയായ സുഹൈല്‍ വാഫിയാണ് അറബ് നാട് തന്നെ പശ്ചാത്തലമായ ആടുജീവിതത്തിന്‍െറ അറബി പരിഭാഷ നിര്‍വഹിച്ചത്. അറബിയിലേയും മലയാളത്തിലേയും സാഹിത്യ കൃതികള്‍ വായിച്ചു മാത്രം ശീലമുള്ള സുഹൈല്‍ 2011 ജൂണ്‍ മൂന്നിനാണ് ആടുജീവിതം വായിച്ചുതീര്‍ത്തത്. അന്നുമുതല്‍ മനസിലുള്ള ആഗ്രഹമായിരുന്നു അത് അറബി ഭാഷയിലേക്ക് മൊഴിമാറ്റണമെന്നത്. കഴിഞ്ഞ ഡിസംബറോടെ അത് പൂര്‍ത്തീകരിച്ചു. ആടുജീവിതത്തിന്‍െറ കഥാകാരന്‍ ബെന്യാമിനുമായി ഇക്കാര്യം ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നിരന്തരം ചര്‍ച്ച ചെയ്ത ശേഷമാണ് പരിഭാഷ നിര്‍വഹിച്ചത്. ഏറ്റവുമൊടുവില്‍ കഥാകൃത്തുമായി കോഴിക്കോട്ട് വെച്ച് നേരിട്ട് കൂടിക്കാഴ്ചയും നടത്തി.
ആടുദിനങ്ങള്‍ എന്നര്‍ഥം വരുന്ന അയ്യാമുല്‍ മായിസ് എന്ന പേരില്‍ കൃതി അടുത്ത മാര്‍ച്ചോടെ പുറത്തിറങ്ങും. കുവൈത്തിലെ അഫാഖ് ബുക്സ്റ്റോര്‍ ആണ് അറബികൃതിയുടെ പ്രസാധകര്‍. ആടുജീവിതം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള അവകാശം പെന്‍ഗ്വിന്‍ ബുക്സിനാണ്. ബെന്യാമിന്‍െറ പൂര്‍ണ്ണപിന്തുണയും പ്രോല്‍സാഹനവുമാണ് മൊഴിമാറ്റം എളുപ്പമാക്കിയതെന്ന് സുഹൈല്‍ പറഞ്ഞു.
വളാഞ്ചേരി മര്‍ക്കസില്‍ നിന്ന് വാഫി ബിരുദം നേടിയ സുഹൈല്‍ പഠനത്തിന്‍െറ ഭാഗമായി അറബി സാഹിത്യകൃതികള്‍ വായിച്ച ശീലമാണ് മൊഴിമാറ്റത്തിന് ധൈര്യം നല്‍കിയത്. ഏതാണ്ട് ഒരു വര്‍ഷമാണ് പരിഭാഷ നിര്‍വഹിക്കാനെടുത്തത്. പ്രാദേശിക ഭാഷാഭേദങ്ങള്‍ അറബിയിലേക്ക് നേരിട്ട് മാറ്റാന്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ സഹായകമായത് ജോസഫ് കോഴിപ്പള്ളി നിര്‍വഹിച്ച ഇംഗ്ളീഷ് പരിഭാഷയാണ്. ലോക ഭാഷ എന്ന നിലയില്‍ ഇംഗ്ളീഷിലെ പ്രയോഗങ്ങളാണ് കൂടുതല്‍ സഹായമേകിയത്.
ആടുജീവിതത്തിന്‍െറ മൊഴിമാറ്റം പുറത്തുവരുമ്പോള്‍ അറബ് വായനക്കാരുടെ പ്രതികരണം എന്തായിരിക്കുമെന്ന ആകാംക്ഷയുണ്ട്. എന്നാല്‍, അത് പൂര്‍ണ്ണമായി നെഗറ്റീവ് ആവില്ളെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ളീഷ് പരിഭാഷ ഇറങ്ങിയ ശേഷം പ്രമുഖ അറബ് പത്രങ്ങളില്‍ വന്ന അവലോകനങ്ങളെല്ലാം പോസിറ്റീവായിരുന്നു.
ആടുജീവിതത്തെ ഉദാഹരിച്ച് അറബ് ജീവിതത്തെ അടച്ചാക്ഷേപിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ളെന്ന് സുഹൈല്‍ പറയുന്നു. ഏത് സമൂഹത്തിലുമുണ്ടാകുന്നത് പോലുള്ള പുഴുക്കുത്തുകള്‍ മാത്രമാണ് ആടുജീവിതത്തിന്‍െറ അറേബ്യന്‍ പശ്ചാത്തലം. മഹത്തായ കൃതിയും മികച്ച വായനാനുഭവവുമാണ് ആടുജീവിതമെന്നതിനാലാണ് അത് മൊഴിമാറ്റണമെന്ന ആഗ്രഹമുണ്ടായത്.
അത് വിജയകരമായി പൂര്‍ത്തിയാക്കാനായതില്‍ ഏറെ സംതൃപ്തിയുണ്ട്. വളഞ്ചാരി മര്‍കസിന്‍െറ പ്രിന്‍സിപ്പലും വാഫി കോളജുകളുടെ കോ ഓഡിനേറ്ററുമായ അബ്ദുല്‍ ഹകീം ഫൈസിയാണ് സുഹൈലിന്‍െറ പിതാവ്. അദ്ദേഹത്തിനും പഠിച്ചുവളര്‍ന്ന വളാഞ്ചേരി മര്‍കസിനുമാണ് തന്‍െറ ആദ്യ സാഹിത്യപരിശ്രമം സമര്‍പ്പിക്കുന്നതെന്ന് സുഹൈല്‍ പറഞ്ഞു.
മലയാളത്തില്‍ നിന്നും അറബിയില്‍ നിന്ന് തിരിച്ചുമായി ഇനിയും മൊഴിമാറ്റങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് സുഹൈല്‍. ഒരു വര്‍ഷമായി ഖത്തറിലുള്ള അദ്ദേഹം സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.