കോഴിക്കോട്: മലയാളത്തിലെ എഴുത്തുകാരെല്ലാം മുഖ്യധാരാ പാര്‍ട്ടികളുടെ രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്ന തെരഞ്ഞെടുപ്പാണ് നടന്നതെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. അളകാപുരിയില്‍ കാലിക്കറ്റ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സിന്‍െറ കേസരി ബാലകൃഷ്ണപിള്ള സ്മാരക പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
വധൂവരന്മാര്‍ മണിയറയില്‍പോലും ആദ്യം രാഷ്ട്രീയം സംസാരിക്കുന്ന ദേശമാണ് കേരളമെന്ന് സാധാരണ പറയാറുണ്ട്. അത്രയും രാഷ്ട്രീയ സ്വാധീനമുള്ള ദേശത്ത് എഴുത്തുകാര്‍ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക, ചരിത്രങ്ങള്‍ തിരുത്താന്‍ പ്രൂഫ് റീഡര്‍മാരെ മലയാളികള്‍ക്ക് ആവശ്യമുണ്ട്. പ്രൂഫ് റീഡര്‍ക്ക് തനിക്ക് ശരിയെന്ന് തോന്നിയത് വെട്ടിത്തിരുത്താം. മുഖ്യമന്ത്രിയായ ഇ.എം.എസിനെ കോടതിയലക്ഷ്യത്തിന് 1000 രൂപ ശിക്ഷിച്ചിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ശിക്ഷിച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയയായിരുന്നു.
എന്നാല്‍, അത്തരമൊരു സംഭവം ഇന്ന് നമുക്ക് ഭാവന ചെയ്യാന്‍ കഴിയില്ല. രാഷ്ട്രീയ നേതാക്കളെ കോടതി ശിക്ഷിച്ചാല്‍തന്നെ അവര്‍ ജയിലിലെ മുന്‍വാതിലിലൂടെ കയറി പിന്‍വാതിലിലൂടെ പുറത്തുപോവും. നേതാക്കള്‍ ശിക്ഷിക്കപ്പെട്ടാല്‍ ജയിലില്‍ കിടക്കില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടിക്കൃഷ്ണമാരാരെപ്പോലുള്ള സാഹിത്യവിമര്‍ശകര്‍ എഴുത്തുകാരോട് പറഞ്ഞത് ജീവിതത്തിന്‍െറ അഗാധസമുദ്രത്തില്‍ മുങ്ങിത്തപ്പി പുതിയമുത്തുകള്‍ തപ്പിയെടുക്കാനാണ്.
എന്നാല്‍, ഇന്ന് പത്രപ്രവര്‍ത്തകര്‍ എഴുത്തുകാരന്‍െറ ജോലി ചെയ്യുകയാണ്. അതുകണ്ട് എഴുത്തുകാരന്‍ ഇവിടെ വഴിമുട്ടി നല്‍ക്കുകയാണ്. വര്‍ത്തമാനകാലത്ത് വിഷയം അന്വേഷിച്ച് എഴുത്തുകാരന് ജീവിതസമുദ്രത്തില്‍ നീന്തേണ്ടതില്ല. എഴുത്തുകാരന്‍ ഇനി ചെയ്യേണ്ടത് പത്രവാര്‍ത്തകള്‍ പുന$സൃഷ്ടിക്കുകയാണ്.
ടി.വിയും സിനിമയും അടക്കമുള്ള ദൃശ്യമാധ്യമത്തെ നമുക്ക് കൈയിലെടുക്കാനോ ആലിംഗനം ചെയ്യാനോ ചുബിക്കാനോ കഴിയില്ല. പത്രത്തെ നെഞ്ചോട് ചേര്‍ത്തുപിടിക്കാം.
പത്രം വായിച്ച് കഥയെഴുതുന്ന കാലമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘മലയാള അച്ചടിമാധ്യമം: ഭൂതവും വര്‍ത്തമാനവും’ എന്ന ഗ്രന്ഥം എഴുതിയ പത്രപ്രവര്‍ത്തകന്‍ എം. ജയരാജ് പുരസ്കാരം ഏറ്റുവാങ്ങി. പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
വി.ആര്‍. സുധീഷ്, എന്‍.പി. രാജേന്ദ്രന്‍, എ. സജീവന്‍, ചെലവൂര്‍ വേണു, ചിത്രകലാ കേന്ദ്രം ഡയറക്ടര്‍ പി.കെ. അശോകന്‍, എം. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. ബിനീഷ് പള്ളിപ്പുറത്ത് വരച്ച കാരിക്കേച്ചറും മുകുന്ദന് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.