???????? ??????????

‘...താതോപാനിയിലെ ഇമിഗ്രേഷന്‍ ഓഫിസിന് മുന്നില്‍ കാത്തുനില്‍ക്കുമ്പോള്‍, തൊട്ടടുത്തുള്ള സ്ത്രീയെ ശ്രദ്ധിക്കാനിടവന്നു. അറുപത് കഴിഞ്ഞെങ്കിലും ബലിഷ്ഠമായ പ്രകൃതം. പാസ്പോര്‍ട്ടിലെ വിവിധ മുദ്രകള്‍ അവര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ വിളംബരങ്ങളാണ്... തനിച്ചുള്ള അവരുടെ യാത്രാദ്വേഗങ്ങള്‍ എനിക്ക് പെട്ടെന്ന് മനസ്സിലാവുന്നുണ്ടായിരുന്നു. ഭര്‍ത്താവിന്‍െറ, അഞ്ചില്‍  മൂന്ന് ആണ്‍മക്കളുടെ വിയോഗവും അതിജീവിച്ചു കഴിഞ്ഞാണ് അവര്‍ യാത്രകള്‍ക്ക് ഒരുമ്പെട്ടത് എന്നു ധരിച്ച് കഴിഞ്ഞപ്പോള്‍ വിശേഷിച്ചും. എന്തു ശക്തമായ പ്രേരണയോടെയായിരിക്കണം ശ്രീദേവി അന്തര്‍ജനം കൈലാസ പരിക്രമണത്തിന് പുറപ്പെട്ടിരിക്കുകയെന്ന് സ്ഫുടമാവുകയായിരുന്നു...’
പദ്മനാള പാര്‍ശ്വത്തിലേക്ക് ആഷാ മേനോന്‍
(ഹിമാലയം കാഴ്ച ദര്‍ശനം: എഡിറ്റര്‍ കെ.ബി. പ്രസന്നകുമാര്‍-2005)

ആസ്ട്രേലിയ ഒഴികെ മനുഷ്യവാസമുള്ള ഭൂഖണ്ഡങ്ങളിലൊക്കെയും ശ്രീദേവി അന്തര്‍ജനം സഞ്ചരിച്ചു. കൂട്ടിന് ഉറ്റവരാരും ഉണ്ടായിരുന്നില്ല.  അവരുടെ ഹിമാലയ യാത്രകളിലൊന്നിലാണ് എഴുത്തുകാരന്‍ ആഷാ മേനോന്‍ കണ്ടുമുട്ടിയത്. തന്‍െറ കൈവെള്ളയിലെ രേഖകള്‍ നോക്കി മനസ്സ് വായിച്ച സഹയാത്രികയെ യാത്രയെഴുത്തില്‍ പലയിടത്തും അദ്ദേഹം ഓര്‍മിക്കുന്നുണ്ട്. ഇരിങ്ങാലക്കുട പുത്തന്‍ചിറയില്‍ ജനിച്ച് ഇപ്പോള്‍ കാസര്‍കോട്  ജില്ലയിലെ പുല്ലൂരില്‍ ശ്രീദേവി ടീച്ചര്‍ എന്ന് നാട്ടുകാര്‍ ആദരിക്കുന്ന അന്തര്‍ജനത്തിന് ജീവിതം തന്നെ ഒരുതരത്തില്‍ ദേശാടനമാണ്. അനുഭവിച്ച അരുതുകള്‍ക്കും ഏകാന്തതക്കും എതിരായ പോരാട്ടമാണ് അവര്‍ക്ക് യാത്രകള്‍.

‘മാളക്കടുത്ത് പുത്തന്‍ചിറയിലാ എന്‍െറ നാട്. വളരെ ചെറുപ്പത്തില്‍, പത്താംക്ലാസിലേക്ക് ജയിച്ചപ്പോ കല്യാണം കഴിപ്പിച്ചു. പയ്യന്നൂര്‍ പിലാത്തറക്ക് വടക്ക് മാതമംഗലം കൈതപ്രത്താണ് ഭര്‍ത്താവിന്‍െറ നാട്. പത്താംക്ലാസ് പാസായിട്ടേ ഞാന്‍ മലബാറിലേക്ക് വരൂന്ന് പറഞ്ഞിട്ടവിടെ പിടിച്ചുനിന്നു. ഇരിങ്ങാലക്കുട കുഴിക്കാട്ടുശേരി സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലാണ് ഞാന്‍ പഠിച്ചത്. ഫാദര്‍ ജോസഫ് വിതയത്തിലായിരുന്നു മാനേജര്‍. നല്ലൊരു മനുഷ്യന്‍. ജാതിയോ മതമോ ഒന്നും അദ്ദേഹത്തെ ബാധിച്ചില്ല. അദ്ദേഹത്തിന്‍െറ താല്‍പര്യം കൊണ്ടാണ് എനിക്ക് പഠിക്കാന്‍ കഴിഞ്ഞത്. അന്ന് നമ്പൂതിരി സമുദായത്തിനിടയില്‍ വിദ്യാഭ്യാസം വളരെ മോശായിരുന്നു. പുറത്ത് പോകാന്‍ പാടില്ല. മാനേജരുടെ നിര്‍ബന്ധം കാരണം എനിക്ക് സ്കൂളില്‍ പോകാന്‍ കഴിഞ്ഞു. അവരെന്നെ പഠിപ്പിച്ചു. പഠിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമായിരുന്നു. കുടുംബത്തില്‍ ഇക്കാര്യത്തില്‍ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല. അവര്‍ക്കിഷ്ടായിരുന്നില്ല. എന്നാലും ഞാന്‍ പഠിക്കാന്‍ പോയി. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മയൊക്കെയുള്ള കാലമാണ്.

1960ലാണ് ഞാന്‍ എസ്.എസ്.എല്‍.സി എഴുതുന്നത്. 1959ലായിരുന്നു വിവാഹം. കടുംദാരിദ്ര്യമായിരുന്നു വീട്ടില്‍. അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ചെറുപ്പത്തിലേ മരിച്ചു. ഞങ്ങളുടെ നാട്ടിലൊക്കെ നമ്പൂരിമാര്‍ക്കിടയില്‍ ബഹു ഭാര്യത്വമായിരുന്നു. ഒരാള് അഞ്ച് സ്ത്രീകളെയൊക്കെ വേളികഴിക്കും. എന്‍െറ അച്ഛന്‍ അഞ്ച് വേളികഴിച്ചു. ദാരിദ്ര്യമായാലും അതിന് തടസ്സമൊന്നുമുണ്ടായില്ല. അന്യദിക്കില്‍ നിന്ന് സ്ത്രീകളെ വേളികഴിച്ച് കൊണ്ട്വരും. ഞാനൊക്കെ ഇവിടെ വന്നപോലെ. വാരവും പാട്ടവുമൊക്കെയുള്ള കാലമായിരുന്നു. കുടിയാന്മാര്‍ എന്തെങ്കിലുമൊക്കെ കൊണ്ടുവന്ന് തരും. അതുകൊണ്ട്  പട്ടിണി കിടക്കേണ്ടിവന്നില്ല. നാലാമത്തെ വേളിയിലെ മോളാണ് ഞാന്‍. ഞങ്ങളുടെ കുടുംബത്തില്‍ അഞ്ച് അമ്മമാരിലായി നാല്‍പത് കുട്ടികളുണ്ടായിരുന്നു.  ആണ്‍കുട്ടികളൊക്കെ സ്കൂളില്‍ പോയിട്ടുണ്ടെങ്കിലും പെണ്ണുങ്ങളില്‍ ഞാനേ പോയിട്ടുള്ളൂ. പത്ത് പന്ത്രണ്ട് പെണ്ണുങ്ങളുണ്ട്. അവരൊന്നും പഠിച്ചിട്ടില്ല.  

ശ്രീദേവി അന്തര്‍ജനം ആംസ്റ്റര്‍ഡാമില്‍
 


അന്നത്തെക്കാലത്ത് സ്കൂളില്‍ പോക്ക് നിഷിദ്ധമാണ് . ആണ്‍കുട്ടികള്‍ക്കും വേദം പഠിക്കാനേ അവകാശമുള്ളൂ. ക്രിസ്ത്യന്‍ സ്കൂളായതു കൊണ്ട് അമേരിക്കയില്‍ നിന്നൊക്കെ കുട്ടികള്‍ക്ക് സംഭാവനകള്‍ വരും. അതില്‍ നല്ല ഡ്രസൊക്കെ വന്നാല് എനിക്കും കിട്ടും. രാവിലെ സ്കൂളില്‍ പോകുമ്പോള്‍ ഇല്ലത്ത് ഭക്ഷണമൊന്നും ഉണ്ടാവില്ല. സ്കൂളില്‍ കഞ്ഞി വെക്കുമ്പോള്‍ ഞാന്‍ ഇല്ലത്തെ കുട്ടിയായതു കൊണ്ട് ചോറ് ഊറ്റിത്തരും. പാലും ഉപ്പുമാവും തരിയും കിട്ടും. ഹൈസ്കൂളില്‍ പഠിക്കുമ്പോഴും എനിക്കൊരു പങ്ക് അവിടെ വെക്കും. എസ്.എസ്.എല്‍.സി കഴിഞ്ഞിട്ടാ ഞാന്‍  മലബാറിലേക്ക് വരുന്നത്. പാട്ടെഴുതുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മൂത്തമ്മയുടെ മകനാണ് എന്നെ വേളി കഴിച്ചത്. താഴത്തെ പെരിങ്ങോട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഓള്‍ഡ് സ്കീം ഹിന്ദി വിദ്വാന്‍ പരീക്ഷ പാസായിരുന്നു. മാതമംഗലത്ത്  എത്തിയ ഉടനെ ഞാന്‍ ഹിന്ദി ടീച്ചറായി ജോലിക്ക് ചേര്‍ന്നു. വീട്ടിനടുത്ത് ഒരു നമ്പൂതിരിയുടെ തന്നെ സ്കൂളായിരുന്നു.

എതിര്‍പ്പുണ്ടായെങ്കിലും ഞാന്‍ വാശിയോടെ ജോലിക്ക് പോയി. ജീവിക്കണ്ടേ.? ഭര്‍ത്താവിന് പൂജാകര്‍മങ്ങളൊക്കെയായിരുന്നു ജീവിത മാര്‍ഗം.  സ്ഥിര വരുമാനമുള്ള ജോലിയൊന്നുമുണ്ടായിരുന്നില്ല. 55 രൂപയായിരുന്നു അന്ന് എനിക്ക് ശമ്പളം. ഒരുവര്‍ഷം അവിടെ പഠിപ്പിച്ചു. ഇത് ശരിയാവൂല്ലാന്ന് എനിക്ക് തോന്നി. 1961ല്‍ കണ്ണൂര്‍ വിമന്‍സ് ട്രെയിനിങ് സ്കൂളില്‍  ടി.ടി.സിക്ക് ചേര്‍ന്നു. പഠിത്തം കഴിഞ്ഞയുടനെ, 1964ല്‍ കുറ്റൂര്‍ സ്കൂളില്‍ ടീച്ചറായി പി.എസ്.സി  വഴി ജോലി കിട്ടി. പിന്നെ പരപ്പ, പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി 34 കൊല്ലം ജോലി ചെയ്തു. കാഞ്ഞങ്ങാട് കോട്ടച്ചേരി ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ നാലുവര്‍ഷം ഹെഡ്മിസ്ട്രസായിരുന്നു. 1998ല്‍ റിട്ടയര്‍ ചെയ്തു. ഭര്‍ത്താവ് 1987ല്‍ മരിച്ചു. തലച്ചോറില്‍ കാന്‍സറായിരുന്നു. അഞ്ച് മക്കളുണ്ടായിരുന്നു. രണ്ടുപേര്‍ പ്രസവത്തിനു മുമ്പേ മരിച്ചു. ഒരാള്‍ പ്രസവത്തിന് ശേഷവും. രണ്ട് മക്കള്‍ ഉദ്യോഗസ്ഥന്മാരായി നാട് വിട്ടു. മൂത്തയാള്‍ ചെന്നൈയില്‍ കോളജ് പ്രിന്‍സിപ്പലാണ്.  രണ്ടാമത്തെ മകന്‍ കാനഡയില്‍ എന്‍ജിനീയറും. മൂത്ത മകനും ഞാനും 18 വയസ്സിന്‍െറ വ്യത്യാസമേയുള്ളൂ.’

ജീവിതം ഇങ്ങനെ ചുരുക്കിപ്പറയുമ്പോഴും ശ്രീദേവി അന്തര്‍ജനത്തിന്‍െറ ഉള്ളില്‍ തിരയടങ്ങാതെ വലിയൊരു കടല്‍ ഇരമ്പുന്നുണ്ട്. ‘ഞങ്ങള്‍ക്കന്ന് കളര്‍ തുണികളൊന്നും തൊട്ടുകൂടാ. ബ്ളൗസ്  ഇട്ടുകൂടാ. സ്കൂളില്‍ പോകുമ്പോള്‍ പാവാടയും ബ്ളൗസും ഇടുമെങ്കിലും തിരിച്ചുവന്ന് അതേ പോലെ ഇല്ലത്ത് കയറാന്‍ പറ്റൂല. വഴിക്കുന്നേ ഊരി കൈയില്‍ പിടിച്ചോളുക. അതൊക്കെ മാറ്റി കുളിച്ചിട്ടേ അകത്ത് കടത്തുകയുള്ളൂ. സിനിമയിലൊക്കെ കണ്ടിട്ടില്ലേ.  നമ്പൂതിരി പെണ്ണുങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യമില്ല.  ഭയങ്കര നിബന്ധനകളാണ്. അത് ചെയ്യാന്‍ പാടില്ല, ഇത് പറഞ്ഞൂടാ, ഇങ്ങനെ നിന്നൂട, അങ്ങനെയായിക്കൂടാ.... ഭര്‍ത്താവിന്‍െറ നാട്ടിലെത്തിയപ്പോള്‍ അത് ഒരുപടി കൂടുതലായി. ഈ അരുതുകളില്‍ നിന്നാണ് എന്‍െറ യാത്രകള്‍ക്കുള്ള പ്രേരണ തലയിലേക്ക് കയറുന്നത്. അരുതുകള്‍ കേട്ടുകേട്ട് മടുത്തിട്ടാണ് ഞാന്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. സ്വാതന്ത്ര്യബോധവും എങ്ങനെ മനുഷ്യര്‍ ജീവിക്കുന്നു എന്നറിയാനുള്ള വ്യഗ്രതയും പുറത്തിറങ്ങണമെന്ന ആഗ്രഹത്തെ കൂടുതല്‍ വളര്‍ത്തി.

ഭര്‍ത്താവ് മരിച്ചിട്ട് 30 വര്‍ഷത്തോളമായി. ഇപ്പോള്‍ തനിച്ചാണ് ജീവിതം. എനിക്ക് വലിയ തിരക്കുകളൊന്നുമില്ല. മക്കളൊക്കെ വലുതായി, അവരാരും അടുത്തില്ല. റിട്ടയര്‍ ചെയ്തപ്പോള്‍ എന്‍െറ കൈയില്‍ കാശായല്ലേ. പെന്‍ഷനുണ്ട്. ആര്‍ക്കും കൊടുക്കാനില്ല. ആ കാശ് തവണകളായിട്ടാ കിട്ടുന്നത്. അത് കൈയില്‍ കിട്ടുമ്പോ ഞാന്‍ ഇഷ്്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും. മക്കളും എത്ര വേണമെങ്കിലും സഹായിക്കും. യാത്ര എവിടേക്കാണെങ്കിലും ഞാന്‍ ഒഴിവാക്കാറില്ല. ദൂരയാത്രക്ക് ടൂറിസം ഏജന്‍സികളെ ആശ്രയിക്കും.

ഇന്ത്യ മുഴുവന്‍ മൂന്നുനാല് പ്രാവശ്യം കറങ്ങി. ഹിമാലയത്തില്‍ ആറ് പ്രാവശ്യം പോയി. 2005ലാണ്  കൈലാസം കയറിയത്. കേരളത്തില്‍ നിന്ന് കൈലാസയാത്രക്ക് പോകുന്ന ആദ്യത്തെ പെണ്ണാണ് ഞാന്‍. ആഷാമേനോന്‍ എന്ന് വിളിക്കുന്ന നിരൂപകന്‍ ശ്രീകുമാര്‍, മാടമ്പ് കുഞ്ഞുകുട്ടേട്ടന്‍, ഫോട്ടോഗ്രാഫര്‍ ജയചന്ദ്രന്‍.. ഇവരൊക്കെ യാത്രയില്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. മാനസസരസ്സില്‍ അന്ന് മൈനസ് 20 ഡിഗ്രിയായിരുന്നു തണുപ്പ്. ഞാനതില്‍ ഇറങ്ങിക്കുളിച്ചു. മഞ്ഞുകട്ടകള്‍ക്കിടയിലൂടെ നടന്നുപോയി മുങ്ങി. ഏറ്റവും കോപിഷ്ഠയായ ബ്രഹ്മപുത്രാ നദി ചങ്ങാടത്തില്‍ കടന്നു. പഞ്ചതരണി ഗംഗയിലെ കുത്തൊഴുക്കിലൂടെ നടന്ന് മറുകരയിലേക്ക് കടന്നു. പഞ്ചാബ് യാത്രക്കിടയില്‍ ഝലം നദിയില്‍ ഒഴുക്കില്‍ വീണു. സുരക്ഷാ ഭടന്മാരാണ് മുളയും കയറും കൊണ്ടുവന്ന് താല്‍ക്കാലിക നടപ്പാലമുണ്ടാക്കി കരയിലെത്തിച്ചത്.

ബുദ്ധ വിഹാരങ്ങളില്‍നിന്ന് പ്രസാദമായി കിട്ടിയ ജീരകച്ചോറിന്‍െറ രുചി ഇപ്പോഴും നാവിലുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് ഹെലികോപ്ടറില്‍ എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ വട്ടമിട്ടു. ഹെലികോപ്ടറില്‍ പൈലറ്റും ഞാനും മാത്രം. അതിന് സര്‍ട്ടിഫിക്കറ്റൊക്കെ കിട്ടി. സ്വിറ്റ്സര്‍ലന്‍ഡില്‍ പോയപ്പോള്‍ ആല്‍പ്സ് പര്‍വതത്തിന് മുകളിലും കയറി. റോപ് വേ പോലത്തെ തീവണ്ടിയിലാണ് പര്‍വതത്തിന് മുകളിലെത്തിയത്. താഴെ വലിയ ഗര്‍ത്തമാണ്. അസമില്‍ പുഴുക്കളെ വറുത്തു തിന്നുന്നവരെ കണ്ടു.

2003ന്‍െറ ഒടുവിലായിരുന്നു യൂറോപ്പിലേക്കുള്ള യാത്ര.  അവിടെ 53 ദിവസം ഉണ്ടായിരുന്നു. അമേരിക്കയില്‍ 18 ദിവസം സഞ്ചരിച്ചു. ഒബാമയുടെ വീട് കണ്ടു. അകത്തൊന്നും കയറാനേ പറ്റിയില്ല. ഭാര്യയെ ജനാലയിലൂടെ കണ്ടു. മെല്ലിച്ച് നീണ്ട സ്ത്രീ. നയാഗ്ര വെള്ളച്ചാട്ടത്തിന്‍െറ അടിയിലൂടെ സഞ്ചരിച്ചു. മുമ്പ് മകന്‍െറ കൂടെ ഗള്‍ഫ് രാജ്യങ്ങളിലൊക്കെ പോയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അവിടെ ഞാന്‍ 13 ദിവസം താമസിച്ചിട്ടുണ്ട്. ഭൂമിയിലെ സ്വര്‍ഗമാണത്. ദിശകളും നിറങ്ങളും നോക്കിയാണ് അവരുടെ ജീവിത രീതി. ഞങ്ങള്‍ താമസിച്ച ഹോട്ടല്‍ മുറികള്‍ക്ക്  നമ്പറുണ്ടായിരുന്നില്ല. പകരം നിറങ്ങളാണ്. അവിടത്തെ ജീവിത രീതി നമുക്കൊന്നും പറ്റില്ല കേട്ടോ. പഴങ്ങളും ജ്യൂസും മാത്രം കഴിച്ചാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്. ഇറ്റലിയില്‍ പോയപ്പോള്‍ സോണിയ ഗാന്ധിയുടെ വളപ്പില്‍ക്കൂടെപ്പോയി. അവര്‍ക്ക് മുന്തിരിത്തോട്ടമുണ്ട്, മുന്നൂറേകർ. വീടും കണ്ടു. നമ്മുടെ ഓടിട്ട വീട് പോലെ കൊച്ചുവീട്.

ജര്‍മനി കരകൗശല വസ്തുക്കളുടെ നാടാണ്. ചെരിപ്പും ബാഗുമൊക്കെ നമ്മള്‍ പറയുന്നതുപോലെ നിമിഷ നേരം കൊണ്ട് ഉണ്ടാക്കിത്തരും. അതൊക്കെ കാണാന്‍ എന്താ രസം. വത്തിക്കാന്‍ സിറ്റിയില്‍ പോയപ്പോള്‍ എനിക്ക് പോപ്പിനെ കാണണമെന്ന് വലിയ മോഹമുണ്ടായി. മതാധ്യക്ഷനല്ലേ. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെത്തി വലിയ മണിയടിച്ചു. അന്ന് പോപ്പിന്‍െറ പിറന്നാളായിരുന്നു. പത്ത് സ്കാനറുകള്‍ കടന്നുപോകണം പള്ളിയില്‍ കയറാന്‍. അദ്ദേഹം വയ്യാതെ ഇരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അദ്ദേഹം എന്നെയും. എന്‍െറ കഴുത്തിലുണ്ടായിരുന്ന മാലയൂരി അദ്ദേഹത്തിന്‍െറ കൈയില്‍ കൊടുത്തു. അദ്ദേഹം അത് വെഞ്ചരിച്ച് എന്‍െറ കഴുത്തില്‍ തന്നെ ഇട്ട് തന്നു. പാപ്പ ഞങ്ങള്‍ക്ക് മുന്തിരിങ്ങയൊക്കെ തന്നു. എനിക്ക് വലിയ സന്തോഷമായി.

ജീവിതത്തിലെ അനുഭവങ്ങളൊക്കെയും മോശമാണ്. എഴുപത് വയസ്സായില്ലേ. നാഥനില്ലായ്ക എന്നെ അലട്ടുന്നുണ്ട്.  ഇങ്ങനെ കറങ്ങിയിട്ട് എന്ത് ഗുണം കിട്ടാനുണ്ടെന്ന് ചോദിക്കാറുണ്ട് ചിലരൊക്കെ. അസ്വാസ്ഥ്യങ്ങളില്‍ നിന്നൊക്കെ ഞാന്‍ രക്ഷപ്പെടും. വേറൊന്ന്, എനിക്കുവേണ്ടി ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന സമാധാനം. വല്ലാത്ത അനുഭവമാണത്. ഒരുപാട് ആളുകളെ കാണാനും അവരുമായി ഇടപഴകാനും കഴിഞ്ഞു. ഇനിയിപ്പോ ബ്രൂണെക്ക് പോകുന്നുണ്ട്. കാനഡയിലുള്ള മകന് അങ്ങോട്ട് മാറ്റമാണ്. അപ്പോള്‍ പറ്റിയാല്‍ ആസ്ട്രേലിയയും ഒന്ന് കാണണമെന്നുണ്ട്.’

ഈ യാത്രാനുഭവങ്ങളൊക്കെ എഴുതി വെച്ചുകൂടെ എന്ന് ചിലരൊക്കെ ചോദിക്ക്ണ്ണ്ട്. ‘അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ എഴുതാനെന്തിരിക്ക്ണു’...

Tags:    
News Summary - sridevi antharjanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT