ഷാങ്ഷായ്: വിമാനത്താവളത്തിലെ സ്കാനറിന് തിരിച്ചറിയാൻ കഴിയാതായതോടെ യുവതിയുടെ മേക്കപ്പ് തുടപ്പിച്ചതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷാങ്ഷായ് എയർപോർട്ടിലാണ് സംഭവമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പാസ്പോർട്ടിലെ ഫോട്ടോക്ക് സമാന രൂപമാകുന്നതു വരെ മേക്കപ്പ് തുടച്ചുകളയാൻ വിമാനത്താവളത്തിലെ ജീവനക്കാരി നിർദേശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്തതതെന്നും പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുകയാണെന്നും അവർ പറയുന്നു.
വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണം നിറഞ്ഞു. ചിലർ സ്വാഭാവിക നടപടിക്രമമെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറ്റുചിലർ യുവതിയെ കളിയാക്കി രംഗത്തെത്തി. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത് കടുത്ത നടപടിയായി പോയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിഡിയോ എടുത്തയാൾ അവരെ അപമാനിക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും വിമർശകർ പറയുന്നു.
അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോർട്ടുണ്ട്. ബ്രസീലിയൻ മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപോയിരുന്നു. കോസ്മെറ്റിക് സർജറിക്കു പിന്നാലെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്. എന്നാൽ ഇടക്കിടെ രൂപമാറ്റം വരുത്തുന്നതിനാൽ ഇത്തരമൊരു സാഹചര്യം താൻ മുൻകൂട്ടി കണ്ടിരുന്നുവെന്നാണ് ജനൈന പ്രതികരിച്ചത്. സംഭവത്തിനു പിന്നാലെ പാസ്പോർട്ടിലെ ഫോട്ടോ അവർ അപ്ഡേറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.